Image

ഡോ.ജോർജ്ജ് പടനിലം തന്റെ ജീവിതസായാഹ്നം കേരളത്തിലേക്ക് പറിച്ചുനട്ടപ്പോൾ

Published on 23 May, 2023
ഡോ.ജോർജ്ജ് പടനിലം തന്റെ ജീവിതസായാഹ്നം കേരളത്തിലേക്ക് പറിച്ചുനട്ടപ്പോൾ

പാർശ്വവത്ക്കരിക്കപ്പെട്ടവരെയും അകറ്റിനിർത്തിയവരെയും ചേർത്തുനിർത്തുന്ന തലത്തിലേക്കുള്ള പരിവർത്തനമാണ് സാമൂഹിക അഭിവൃദ്ധിയായി കണക്കാക്കുന്നത്. അത്തരത്തിൽ നമ്മുടെ സമൂഹം മാറുകയാണ്, അല്ലെങ്കിൽ നന്മ നിറഞ്ഞ ഹൃദയങ്ങൾ അങ്ങനൊരു മാറ്റം സാധ്യമാക്കുകയാണ്.


 മൂന്നരപതിറ്റാണ്ടോളം,  അമേരിക്കയിലെ ഒഹയോയിലെ തിരക്കേറിയ സർജനായിരുന്ന ഡോ.ജോർജ്ജ് പടനിലം തന്റെ ജീവിതസായാഹ്നം കേരളത്തിലേക്ക് പറിച്ചുനട്ടത് ഇളയമകൻ ജിമ്മിക്കുവേണ്ടിയാണ്. ഡോക്ടറായ മൂത്തമകനേക്കാൾ  സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും യഥാർത്ഥ പാഠങ്ങളും, ചാർട്ടേർഡ് അക്കൗണ്ടന്റായ രണ്ടാമത്തെ മകനേക്കാൾ ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളും സ്വായത്തമാക്കാൻ തനിക്ക് സാധിച്ചത് ഇളയവനായ  ജിമ്മിയിലൂടെയാണെന്ന് ആ പിതാവ് അഭിമാനത്തോടെ പറയും. ഭിന്നശേഷിക്കാരനായ ജിമ്മിയിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ട് എന്ന കാര്യത്തിൽ ജിമ്മിയുടെ മാതാവ് പൊന്നമ്മയും ഉറച്ചുവിശ്വസിക്കുന്നു.  അവനെപ്പോലുള്ള അനേകർക്ക് സാന്ത്വനവും ജീവിതവും നൽകുക എന്ന നിയോഗത്തോടെയാണ് മാതാപിതാക്കൾക്കൊപ്പം ജിമ്മിയും കേരളം സന്ദർശിച്ചതും നാട് അവനേറെ പ്രിയങ്കരമായി തീർന്നതും. 

അക്രമാസക്തനാകാതിരിക്കാൻ മരുന്നുകൾ കൊടുത്ത്  മയക്കിക്കിടത്താൻ ഉപദേശം ലഭിച്ച അവസ്ഥയിൽനിന്ന് ജന്മനാട് തന്റെ മകന്റെ മാനസികനിലയിൽ വരുത്തിയ പ്രതീക്ഷാവഹമായ മാറ്റങ്ങൾ, ഡോക്ടർ പടനിലത്തിനും അത്ഭുതമായിരുന്നു. 12000 സ്‌ക്വയർ ഫീറ്റുള്ള തന്റെ ബംഗ്ളാവും 1.5 ഏക്കർ സ്ഥലവും സമ്പാദ്യവും ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വിട്ടുനൽകാൻ, അദ്ദേഹത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കഴിഞ്ഞ അമ്പതിലേറെ വർഷമായി ഇത്തരം കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ആശാഭവനുമായി കൈകോർത്തതോടെ, ജിമ്പയർ (ജിമ്മി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി ഡിസിപ്ലിനറി ഫിസിക്കൽ ആൻഡ് ഇന്റലക്ച്വൽ റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ്) എന്ന സ്വപ്നസ്ഥാപനം സാധ്യമായി. മാർ തോമസ് തറയിലും  മന്ത്രി വി. എൻ. വാസവനും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്ന കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ,  വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ തന്നെ സമയബന്ധിതമായി രോഗനിർണയം നടത്തുക എന്നത്  നിർണായകമാണ്. കുരുന്നുകളുടെ സമഗ്രമായ വികസനം ലക്ഷ്യംവച്ചുകൊണ്ട് കാര്യക്ഷമത കൈവരിക്കാൻ അവരെ സഹായിക്കുകയും ഭിന്നശേഷിക്കാരുടെ അനുപാതം കുറച്ചുകൊണ്ടുവരിക എന്നതുമാണ് ജിമ്പയറിന്റെ ലക്ഷ്യം. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്പെഷ്യൽ എജ്യുക്കേഷൻ എന്നിങ്ങനെ അത്യാധുനികമായ പരിചരണരീതികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

റവ. ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ മേൽനോട്ടത്തിൽ  പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്  IISAC-ന്റെ വൈസ് ചെയർമാൻ പ്രൊഫ. ഡോ. സണ്ണി ലൂക്കാണ്  ആവശ്യമായ  സാങ്കേതിക പിന്തുണയും വിദഗ്ദ്ധ നിർദ്ദേശങ്ങളും  നൽകുന്നത്. ജെനറ്റിക്സിലും ജീനോമിക്സിലും പതിറ്റാണ്ടുകളായി ഗവേഷണം നടത്തിയതിലൂടെ അദ്ദേഹം ആർജ്ജിച്ച അനുഭവപരിജ്ഞാനം, ജിമ്പയറിന് വലിയ മുതൽക്കൂട്ടായിരിക്കും. നിലവിൽ ലഭ്യമാക്കാവുന്നതിൽ ഏറ്റവും മികച്ച കളിക്കളങ്ങളാണ് കുട്ടികളുടെ മാനസികോല്ലാസവും ശാരീരികാരോഗ്യവും കണക്കിലെടുത്ത്  ജിമ്പയർ അങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സഹായ സഹകരണത്തോടെ ജനനാന്തരം, കാലതാമസം കൂടാതെ ചികിത്സ ആരംഭിക്കാനുള്ള സംവിധാനവും ജിമ്പയർ ഉറപ്പാക്കുന്നു.
ആധുനിക സജ്ജീകരണങ്ങളോടെ അനുഭവസമ്പന്നരായ തെറാപ്പിസ്റ്റുകൾ ക്രിയാത്മകമായ ചികിത്സാരീതികളിൽക്കൂടി ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള ഈ ശ്രമത്തിൽ  അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണ്.

'ഗിവിങ് ബാക്ക് ടു ദി കമ്മ്യൂണിറ്റി ' എന്നൊന്നുണ്ട്. ഏത് രാജ്യത്ത് പോയി തങ്ങളുടെ കർമ്മമണ്ഡലങ്ങളിൽ പേരെടുത്താലും, ജന്മനാടിനായി എന്തെങ്കിലും ചെയ്യുക എന്ന ധാർമ്മികമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. അമേരിക്കയിലെ പ്രവാസിസമൂഹം ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. പിറന്ന മണ്ണിനോടുള്ള കടമ നിർവഹിക്കുന്നതിനുള്ള മാതൃകയായി തീരുകയാണ് ഡോ.ജോർജ്ജ് പടനിലവും പ്രൊഫ.ഡോ. സണ്ണി ലൂക്കും. വിശ്രമജീവിതം സാർത്ഥകമാക്കി തീർക്കുന്നതിന് കേരളത്തിൽ ധാരാളം അവസരങ്ങളുണ്ടെന്നും അവർ ഓർമ്മപ്പെടുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക