HOTCAKEUSA

പൂന കാലങ്ങളിലെ പ്രണയ സാഫല്യങ്ങൾ (ജെ.എസ്. അടൂർ)

Published on 24 May, 2023
പൂന കാലങ്ങളിലെ പ്രണയ സാഫല്യങ്ങൾ (ജെ.എസ്. അടൂർ)

ആദ്യ പ്രണയം പോലെയാണ് ആദ്യ ജോലി..
1987 ൽ പൂനയിൽ ബോധിയെന്ന യൂണിവേഴ്സിറ്റി ചർച്ചവേദിയും പിന്നീട്  സ്കൂളിൽ പോകാൻ സാഹചര്യമില്ലാതെ ബാലവേല ചെയ്തിരുന്നു കുട്ടികൾക്ക് വേണ്ടി ബോധ്ഗ്രാം കമ്യൂനിട്ടി സ്കൂളുകൾ യെർവാദായിലും ഖഡ്ക്കിക്കു അടുത്തുള്ള ചേരി പ്രദേശത്തു തുടങ്ങിയത് പൂർണ്ണമായും വോളിന്ററി മിഷൻ ആയിരുന്നു. എങ്ങും നിന്നു ഒരു പൈസ പോലും ഇല്ലാതെ അതാതു കമ്മ്യുണിറ്റിയിൽ ഉള്ള അമ്മമാരെ പരിശീലിപ്പിച്ചു അവർ അവിടെയുള്ള സ്കൂളിൽ പോകാത്തകുട്ടികളെ പഠിപ്പിക്കുന്ന രീതിയായിരുന്നു. ദിവസവും മൂന്നു മണിക്കൂർ. ഓരോ അമ്മമാരും ഒരു ദിവസം ഒരു മണിക്കൂർ.
 അത് പോലെ സ്ത്രീകളുടെ ഇടയിൽ അവരുടെ അവകാശങ്ങളെകുറിച്ചുള്ള ബോധവൽക്കരണം. സാമ്പത്തിക ഉന്നമനത്തിന് സേവിഗ് ആൻഡ് ക്രെഡിറ്റ്‌. സക്കുൾ കുട്ടികൾക്ക് പരിസ്ഥിതി, ഹെരിറ്റെജ്, സിവിക് സെൻസ് എന്നതിൽ അവബോധനം. ബീനയായിരുന്ന അതൊക്കെ കോർഡിനെറ്റ് ചെയ്തത് . അഞ്ചു പൈസ വാങ്ങാതെയുള്ള പൂന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സാമൂഹിക ഇടപെടൽ.
ഇപ്പോൾ തിരുനൽ യൂണിവേഴ്സിറ്റിയിയിൽ പ്രൊഫസർ ആയ ഡോ. സെൽവ കുമാർ, കൊച്ചിയിലെ ഹെറിറ്റേജ് സെന്റർ ഡയരക്ടർ ഡോ രാജൻ, പത്ര പ്രവർത്തകൻ ആയിരുന്ന വിജയൻ  എല്ലാം ഞങ്ങളുട ടീമിൽ അംഗങ്ങൾ ആയിരുന്നു. വിശ്രന്ത വാഡിയിൽ ഞങ്ങൾ ( ബീനയും ഞാനും ) വാങ്ങിയ ഫ്ലാറ്റിൽ ആയിരുന്നു ഓഫീസ്. ബീനയും ഞാനും പൂന യെർവാദ ചേരിക്ക് അടുത്തുള്ള ഒരു ഒറ്റമുറി ഫ്ലാറ്റിലാണ് ജീവിതം ആരഭിച്ചത്..


ബിന ബോധിഗ്രാം പ്രവർത്തനവുമായി പോകുമ്പോൾ കൊച്ചു വീനീതു സ്‌കൂട്ടിയുടെ മുന്നിൽ കാണും. പലപ്പോഴും ഞാൻ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ ജാഥകളിൽ വിനീത് എന്റെ തോളിൽകാണും . അത് കൊണ്ടു തന്നെ വിനീതിനു സ്ത്രീ ശക്തികരണം, മനുഷ്യാവകാശങ്ങൾ, സെക്കുലർ മൂല്യങ്ങൾ എല്ലാം രണ്ടു വയസ്സ് തൊട്ടും കണ്ടും അറിയാം
 ഒരു തരത്തിൽ ഞങ്ങളുടെ ബോധിഗ്രാം ആക്ടിവിസ്റ്റ് പ്രണയകാലത്തെ കുട്ടിയായത് കൊണ്ടാണ് അവന്റെ ഉള്ളിൽ സാമൂഹിക -രാഷ്ട്രീയ ബോധ്യങ്ങളും പ്രതിബദ്ധതയും ഉള്ളത്
.പക്ഷെ അന്നും ഇന്നും ഞങ്ങൾക്കു ബോധിഗ്രാം ഒരു ജോലിയെ അല്ല. അത് ഒരു സാമൂഹിക കാഴ്ച്ചപാടിന്റെ സോഷ്യൽ മിഷനാണ് . പ്രണയകാലത്തു സ്നേഹത്തോടെ കണ്ടെത്തിയ ഒരു ജീവിത വീക്ഷണമാണ്. ഉള്ള കഴിവും പണവും എല്ലാം പങ്കുവച്ചു പ്രയാസമുള്ളവർകോടൊപ്പം കരുതി പ്രവർത്തിക്കുക എന്നതാണ് ഞങ്ങൾ രണ്ടു പേരും ജീവിതത്തിൽ അനുവർത്തിച്ചത്. ബീന ഹെറിറ്റേജ് വാക്ക് നടത്തിയതും പൂർണ്ണമായും വോളിന്റിയർ ആയാണ്.
പക്ഷെ കല്യാണം കഴിഞ്ഞതോടുകൂടി ആരെങ്കിലും ഒരാൾ ജോലി ചെയ്യണം. അങ്ങനെയാണ് ഞാൻ എന്റെ രണ്ടാമത്തെ പ്രണയം കണ്ടെത്തിയത്.
ജസ്റ്റിസ് പി എൻ ഭഗവതി, ഇളഭട്ട്, വിജയ് ടെൻഡുലക്കർ, ഇപ്പോൾ കൊണ്ഗ്രെസ്സ് നേതാവായ മധുസുദൻ മിസ്ട്രി, വിവേക് പണ്ഡിറ്റ് എല്ലാം കൂടി തുടങ്ങിയ നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡീസ് തുടങ്ങാൻ അവർ തെരെഞ്ഞർടുത്തത് 27 വയസ്സുള്ള എന്നെയാണ്. റിട്ടയർ ഐ എ എസ്‌ കാർ ഉൾപ്പെടെ എന്നെക്കാൾ വിദ്യാഭ്യാസവും പ്രായവും നേതൃത്വപരിചയമുള്ള 270 അപേക്ഷകരിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ എന്നെയാണ് തിരെഞ്ഞെടുത്തത്.
തിരിഞ്ഞു നോക്കുമ്പോൾ ഒരു പക്ഷെ ബോധിഗ്രാമും നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ സാമൂഹിക ഭാഷ വിജ്ഞാനിയത്തെകുറിച്ചുള്ള ഗവേഷണവും EPW പോലെയുള്ള ഗവേഷണ ജേണലിൽ ഏതാണ്ട് 23 വയസ്സ് മുതൽ പ്രസിദ്ധീകരിച്ച പഠനങ്ങളും ഇന്ത്യൻ എക്സ്പ്രെസ്സ്, ടൈസ് ഓഫ് ഇന്ത്യ എന്നിവടങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും എല്ലാമാണ് എനിക്ക് ഒരു വലിയ സംഘടന തുടങ്ങാനുള്ള ഉത്തരവാദിത്തം തന്നത്.
നാലു ലക്ഷം രൂപയുംഒരു ഓഫിസ് അസിസ്റ്റന്റ് ഉൾപ്പെടെ മൂന്നു പേരുമായി തുടങ്ങിയ നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റേഡിസ് പത്തു കൊല്ലം കഴിഞ്ഞു സി ഇ ഓ സ്ഥാനം ഒഴിയുമ്പോൾ ലോക പ്രശസ്ത സ്ഥപനമായി.2002 ൽ വിടുമ്പോൾ ഏതാണ്ട് 80 വളരെ കഴിവും കമ്മിറ്റ്മെന്റും ഉള്ളവർ ഉണ്ടായിരുന്നു. എട്ടു കോടി രൂപം റിസേർവ് ഫണ്ട്. പൂനയിൽ സ്വന്തം ബിൽഡിങ്. ഏതാണ്ട് പതിനായിരം ആളുകളെ ഇന്ത്യയിലും ലോകത്തു നാൽപ്പത് രാജ്യങ്ങളിൽ അഡ്വക്കസി ട്രെയിനിങ്. അത്പോലെ വിവരാവകാശ നിയമതിന്റെ ആദ്യ നിയമ ഡ്രാഫ്റ്റ്‌ ആദ്യ നാഷണൽ കോൺഫെറെൻസ് 1995 ൽ പൂനയിൽ എൻ സി എസാണ് സംഘടിപ്പിച്ചത്. കേരളത്തിൽ തിരുവനന്തപുരം കനകകുന്നിൽ വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള സെമിനാർ നടത്തിയത് എൻ സി എ എസ്‌ ആയിരുന്നു. അന്ന് അതിന് പിന്തുണ എകിയത് ശാസ്ത്ര സാഹിത്യ പരിഷത്ത് ആയിരുന്നു.
പക്ഷെ എൻ സി എ എസ്‌ ഒരുപാട് കാര്യങ്ങൾ ചെയ്തു എങ്കിലും ഏറ്റവും വലിയ കാര്യം സാമൂഹിക കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള ഏതാണ്ട് നൂറു യുവനേതാക്കക്കളെ അവിടുത്തെ 12 ബാച്ചിൽ 18 മാസത്തെ ഇന്റേൺഷിപ് ലേണിങ് പ്രോഗ്രാമിലൂടെ നർച്ചർ ചെയ്തു എന്നതാണ്. അവരിൽ പത്തിൽ അധികം പേർ ഇന്ന് യൂണിവേഴ്സിറ്റി പ്രൊഫസർമാർ, ചിലർ പത്ര പ്രവർത്തകർ, ചിലർ രാഷ്ട്രീയ നേതാക്കൾ, ചിലർ സിവിൽ സെർവന്റ്സ്, ചിലർ ബാങ്ക് ഓഫിസർമാർ, ചിലർ ആഗോള സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ, ചിലർ ഐ റ്റി കമ്പനികൾ തുടങ്ങി. പക്ഷെ ഈ നൂറു പേരും ഇന്ന് അവർ ആയിരിക്കുന്നയിടത്തു ചേഞ്ചു മേക്കേഴ്സാണ്. അവരിൽ പത്തു പേരിൽ അധികം പരസ്പര പ്രണയത്തിൽ വിവാഹം കഴിച്ചു.
ഇന്നലെ എൻ സി എസ്‌ ഇന്റൻസിൽ മുപ്പത്തി അഞ്ചു പേർ പൂനയിൽ എൻ സി എസ്സിൽ ഒത്തു ചേർന്നു. ഒരു 27 വയസ്സ്കാരന്റെ സ്വപ്നം ആയിരുന്നു ഇരുപത് കൊല്ലം കഴിയുമ്പോൾ ഇന്ത്യയിലും വിദേശത്തും സാമൂഹിക മൂല്യങ്ങളും പ്രതിബദ്ധതയുള്ള നൂറു നേതൃത്വ ശേഷിയുള്ളവരെ നർച്ചർ ചെയ്യുക എന്നത്. അതിന് വേണ്ടി 20x7 എന്ന രീതിയിൽ ഞാൻ ഇരുപത് വർഷം പ്രവർത്തിച്ചു. ഏതാണ്ട് പത്തു നാഷണൽ, ഇന്റർനാഷണൽ, ഗ്രാസറൂട്ട് സംഘടനകൾക്ക് തുടക്കം കുറിച്ചു ഇപ്പോൾ ഞാൻ അവയുടെ ഒന്നും നേതൃത്വത്തിൽ ഇല്ല. ബോധിഗ്രാം ഒഴിച്ച്..
പക്ഷെ എൻ സി എ എസിലൂടെ ഞാൻ മാത്രം അല്ല വളർന്നത് . എന്നോടൊപ്പം ഏതാണ്ട് നൂറു നേതൃത്വ ശേഷി ഉള്ളവർ  വളർന്നു. അവർ ഈ രാജ്യത്തും ലോകത്തും മാറ്റങ്ങളുണ്ടാക്കുന്നു. ഇന്നലെ അവർ ഓരോരുത്തരും അവരുടെ ജീവിത കഥ പറയുമ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞു ഒഴുകി.
ഞാൻ അവിടെയുണ്ടായിരുന്നപോൾ നിർമിച്ച ഓഫീസിന്റെ കോൺഫെറെൻസ് റൂമിൽ ഒത്തു ചേർന്നപ്പോൾ എടുത്തു ഫോട്ടോയാണ് ഇവിടെ ഉള്ളത്.
കഴിഞ്ഞ മുപ്പതു കൊല്ലത്തെ പ്രവർത്തനം കൊണ്ടു എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഏതാണ്ട് മൂന്നുറു നേതാക്കളെ നർച്ചർ ചെയ്തു എന്നതാണ്. ഇന്ത്യയിലും ലോകത്തും.ഇപ്പോൾ കേരളത്തിലും
എന്റെ ആദ്യ ഇന്റെൻ മൂന്നു വയസ്സ്കാരൻ വിനീത് ആണ്. ഇന്നായാൾ എന്നെക്കാൾ വളരെ അറിവും പ്രാപ്തിയുമുള്ളയാൾ. നേതൃത്വം ശേഷിയുള്ളയാൾ.
ജീവിതം യാത്രയാണ്. ആ യാത്രയിൽ ചില മനുഷ്യരുടെ ഉള്ളിൽ തോടുക. ചിലരെ കൈ പിടിച്ചുയർത്തുക. എപ്പോഴും സാമൂഹികമായും സാമ്പത്തികമായും അരികുവൽക്കരിക്കപെട്ടവരോട് ഒപ്പം നിൽക്കുക.. മനുഷ്യനായി ഭൂമിയിൽ തൊട്ട് സമൂഹത്തിൽ തൊട്ട് ജീവിക്കുക എന്നോതൊക്കെ ആയിരുന്ന ജീവിത ലക്ഷ്യം. ഇതു വരെ അങ്ങനെയായിരുന്നു. ഇനിയും അങ്ങനെ തന്നെ.
ബാക്കി ജോലികളും കരിയറും പദവികളും ഒന്നും അന്നും ഇന്നും എനിക്ക് വിഷയം അല്ല. അന്നും ഇന്നും ആവശ്യം കഴിഞ്ഞുള്ള പൈസ ഞങ്ങൾ മുകളിൽപറഞ്ഞ ജീവിത മിഷനാണ്.
എൻ സി എസ്‌ ൽ എന്റെ ശമ്പളംമാസം 6000 രൂപയായിരുന്നു  പിന്നെ അത് പന്ത്രണ്ടും പതിനഞ്ചും ലക്ഷം ആയപ്പോഴും ഞങ്ങൾ പഴയത് പോലെയാണ് ജീവിക്കുന്നത്. പൈസ ഇതുവരെ ഞങ്ങളെ രണ്ടു പേരെയും തൊട്ടിട്ടില്ല. പൈസ ഉണ്ടാക്കാൻ മാത്രം അല്ല ജീവിതം എന്നാണ് മക്കൾ കണ്ടു വളർന്നത്. അവർക്കു ഞങ്ങൾ ജീവിത മൂല്യങ്ങളും അവസരങ്ങളും നൽകി. അവർ അവരുടെ പാത തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കി. അതിൽ കൂടുതൽ അവരുടെ ജീവിതത്തെ കുറിച്ചോ കരിയറിനെകുറിച്ചോ ഒരു ആവലാതിയും ഇല്ല. പക്ഷെ അവർ എവിടെയായാലും ചേഞ്ച് മേക്കേഴ്സായി പ്രകാരം പരത്തും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക