HOTCAKEUSA

ഒറ്റയടിപ്പാത (കഥ: ബീന ബിനിൽ, തൃശൂർ)

Published on 24 May, 2023
ഒറ്റയടിപ്പാത (കഥ: ബീന ബിനിൽ, തൃശൂർ)

ദിവസങ്ങളോളം ഫ്ലാറ്റിന്റെ ഭിത്തികൾക്കും, മേൽക്കൂരയ്ക്കും ഉള്ളിൽ ജീവിച്ചു വീർപ്പുമുട്ടി തുടങ്ങുമ്പോൾ അവൾ വണ്ടിയുമെടുത്ത് പ്രകൃതിയിലെ , പച്ചപ്പും, കിളികളും , പൂമ്പാറ്റുകളും , അരുവികളും ഉള്ള സ്ഥലം തേടി പോവുക പതിവായിരുന്നു . അന്നും ജീവിതത്തിന്റെ ഇടയിലെ തനിയാവർത്തനം പോലെ പുതിയ ഒരു ഇടം തേടി യാത്രയായി , അഗ്രഹാരങ്ങൾ നിറഞ്ഞ ആളുകൾ ഉള്ള ഗ്രാമഭംഗി ഉണർത്തുന്ന ഒരിടം മാത്രമല്ല കയ്യിൽ അധികം ഉള്ള പണം കൊണ്ടു കൊടുക്കാനായി വരുന്ന ആരാധനാലയത്തിന് സമീപമുള്ള ആ  ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് , ഇറങ്ങി ആ നിരത്തിലേക്ക് കയറി നടക്കാൻ തുടങ്ങി. എത്ര ആൾത്തിരക്കിനിടയിൽ നടന്നാലും അവൾക്ക് ഓരോ പുറംലോക കാഴ്ചകളും , യാത്രകളും കനത്ത ഏകാന്തതയുടെ വിത്തുകൾ തന്നെയാണ് സമ്മാനമായി കൊടുക്കാറുള്ളത് . ഏതോ ശോകമുഖമായ പരവതാനി ആയിട്ടാണല്ലോ ഈ പാതകളെല്ലാം എന്ന് കരുതി നടന്നു നീങ്ങിയ വഴികളിൽ ഉണ്ടാവുന്ന  ശബ്ദങ്ങൾ പെട്ടെന്ന് അവളെ ഉണർത്തി  ,ഓഹോ ഞാനൊരു സ്വപ്നാടനം ആണല്ലോ നടത്തിയത് അല്ലേ?

മുന്നിൽ നിൽക്കുന്ന ആളുടെ പുഞ്ചിരിയിൽ അവൾ ഉണർന്നു .

 "മാഡം , പ്ലീസ് എന്തെങ്കിലുമൊന്ന് വാങ്ങു " അമ്പല പരിസരത്തിന്റെ ഇരുഭാഗത്തും ഉള്ള വിൽപ്പനക്കാരിൽ ഒരാൾ ആവശ്യപ്പെട്ടു . അന്നേരം അവൾ കയ്യിലെ ചണത്തിന്റെ സഞ്ചിയിൽ  നിരോധിക്കാനായി തീരുമാനിച്ചിരിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകൾ ഒന്ന് തപ്പി നോക്കി അതെടുത്ത് എന്തെങ്കിലും വാങ്ങാൻ അവൾ ആഗ്രഹിച്ചു .

നിരനിരയായി നിരത്തി വച്ചിരിക്കുന്ന ടീഷർട്ടുകൾ തൊട്ടു നോക്കിയ അവളോടായി കടയുടമ പറഞ്ഞു , ഇഷ്ടമായാൽ രണ്ടെണ്ണം എടുത്തോളൂ വില കുറച്ചു തരാം  ,ഇത് കേട്ട നിമിഷം അവൾ ആലോചിച്ചു  ,ഓ ഞാനൊന്ന് നോക്കിയതേയുള്ളൂ അപ്പോഴേക്കും അയാൾ പറയുന്നത് കേട്ടില്ലേ  ,മാത്രമല്ല ഞാൻ ആർക്കാണ് വാങ്ങുക ? പെട്ടെന്ന് ചിന്തയെ തടഞ്ഞുകൊണ്ട് വീണ്ടും അയാൾ പറഞ്ഞു ഇതിന് രണ്ടെണ്ണം 2000 രൂപ എടുക്കട്ടെ മാഡത്തിന്റെ ഇഷ്ടമുള്ള കളർ ഏതാ , ഭർത്താവിന്റെ നിറം ? അളവ് എന്നിവ പറഞ്ഞാൽ എടുത്തു തരാം , മാഡം , പ്ലീസ് ഒന്നും ആലോചിക്കാതെ  ഞാനൊരു വിധവയാണല്ലോ എന്നുപോലും പുറത്തു കാട്ടാതെ അവൾ പറഞ്ഞു .

നീലയും ബൗണും ആണ് എന്റെ ഇഷ്ടം നിറം. നല്ല ഉയരത്തിൽ വെളുത്ത സുന്ദരനാണ് എന്റെ ഭർത്താവ് എന്നവൾ പറഞ്ഞതും അയാൾ അത്തരം നിറങ്ങളിലുള്ള മൂന്നാല് ടീഷർട്ട് എടുത്തു കൊടുത്തു. തുറന്ന് അതിന്റെ ചില വിശേഷണങ്ങളും പറഞ്ഞു തുടങ്ങിയപ്പോൾ അവൾ പറഞ്ഞു ഇത് രണ്ടെണ്ണം  ഇങ്ങ് തന്നോളൂ അത് കേട്ട വില്പനക്കാരൻ സന്തോഷം കൊണ്ട് ഇപ്രകാരം പറഞ്ഞു .

"നിങ്ങൾ എത്ര പക്വ മതിയായ ഒരു ഭാര്യയാണ് അതു തന്നെയാണ് സാറിന്റെ ഭാഗ്യവും ,  അല്ലേ മാഡം  ?അതു കേട്ടതും അമർത്തി മൂളി എന്നിട്ട് അവൾ മരണതിയ്യതി നിശ്ചയിച്ചു വച്ചിരിക്കുന്ന 2000 രൂപയെടുത്ത് അയാൾക്ക് കൊടുത്തു .നന്ദി സന്തോഷം മാഡം  . അയാൾ സന്തോഷത്താൽ കൈകൂപ്പി.

ഷർട്ട് പാക്ക് ചെയ്ത് കയ്യിൽ കൊടുത്തപ്പോൾ അയാൾ ചോദിച്ചു , സാറിന് എന്താ ജോലി  ? അദ്ദേഹം  മാഷാണ് എന്ന് ഒറ്റവാക്കിൽ മറുപടി കൊടുത്ത് എത്രയും പെട്ടെന്ന് അവൾ അവിടുന്ന് മുന്നോട്ടു നടക്കാൻ തുനിയവേ  വീണ്ടും സംസാരിക്കാനും ഭർത്താവിന്റെ സവിശേഷതകൾ കേൾക്കാനുള്ള ചോദ്യങ്ങളുമായി അയാൾ വായ അനക്കുന്നത് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി  സംസാരപ്രിയനാണെന്ന് ഓഹോ  എന്തൊരു  മനുഷ്യൻ  ,ശ്ശോ ആവശ്യമില്ലാതെ സംസാരിക്കാൻ വരുന്നു .

അന്നേരം അവളോർത്തു ഭൂമിയിൽ ഇപ്പോൾ ഇല്ലാത്ത എന്റെ ഭർത്താവ് പറയാറുള്ളത്                   "നിന്റെ അലിവുള്ള മനസ്സ് വെച്ച് അറിയാത്തവരോട് ലോഹ്യം പറയുകയോ സ്നേഹ ഭാവത്തോടെ സംസാരിക്കുകയും ചെയ്ത്  അപകടം സ്വയം ഉണ്ടാക്കി വയ്ക്കരുത് എന്ന് " എന്ത് വന്നാലും നീ തന്നെയാണ് അല്ലെങ്കിൽ സ്ത്രീ തന്നെയാണ് അപമാനം ഏറ്റുവാങ്ങേണ്ടി വരിക അതാണ് കേരളത്തിലെ ചിന്താഗതികൾ .

അവിടെ നിന്നും മുന്നോട്ടു പോകവേ നിറയെ കുപ്പിവളകളും മരം കൊണ്ട് ഉണ്ടാക്കിയ വളകളും കണ്ട് അവൾ അവിടെ അൽപ നേരം  ഒന്ന് നിന്നു  .അന്നേരം അടുത്ത കടയിലെ വില്പനക്കാരൻ ഓടിവന്നു കയ്യിലുള്ള പത്രക്കടലാസിലെ  ചിത്രം നോക്കി , അവളെയും നോക്കി എന്നിട്ട് ചോദിച്ചു നിങ്ങൾ ഒരു എഴുത്തുകാരി ആണല്ലേ  ?ഈ ചിത്രം നിങ്ങളുടേതല്ലേ ? കൽക്കട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന സാഹിത്യ സദസ്സിൽ പങ്കെടുത്ത ഫോട്ടോ ഞാൻ സൂക്ഷിച്ചിട്ടുണ്ട് മാഡം , അത് മാത്രമല്ല ചർച്ചയിൽ എത്ര ലളിത സുന്ദരമായ ലിപികളിലാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചത് എത്ര മനോഹരമായിരുന്നു  അക്ഷരങ്ങളെ ചേർത്ത് വെച്ചുള്ള അവതരണ ശൈലി , ഇത് കേട്ടതും അവൾ ആദ്യം പറയാൻ ആഗ്രഹിച്ചത് ആൾ മാറി പോയതാവും എന്നാണ്  ,പക്ഷേ അയാളുടെ മുഖപ്രസന്നത  കണ്ടപ്പോൾ അവൾക്ക് നുണ പറയാൻ ആയില്ല .

ഇരു കൈകളും കൂപ്പി കൊണ്ട് ആ വില്പനക്കാരൻ പറഞ്ഞു , " ഞാൻ വളരെയധികം ബഹുമാനിക്കുന്നു , ആരാധിക്കുന്നു , സന്തോഷിക്കുന്നു മാഡത്തിനെ കണ്ട് പരിചയപ്പെട്ടതിൽ . അവൾ മന്ദഹാസം പൂണ്ട് നിന്ന്  എന്നാൽ ശരി എന്ന് പറഞ്ഞതും കുറെ മരത്തിന്റെ  വളകൾ പൊതിഞ്ഞ് ഇത് എന്റെ സമ്മാനമായി ഇരിക്കട്ടെ  ,എന്നു പറഞ്ഞ് ആ വില്പനക്കാരൻ  അവളുടെ കയ്യിൽ കൊടുത്തു. പൈസ വാങ്ങാൻ മടിച്ചുനിന്ന അയാളുടെ കയ്യിൽ അവളുടെ കൈവശം ഉണ്ടായിരുന്ന അവസാനത്തെ രണ്ടായിരത്തിന്റെ നോട്ട് എടുത്തു കൊടുത്തു  .ശേഷം സന്തോഷത്തോടെ ഒറ്റയടിപ്പാതയിലൂടെ അവൾ നടന്നു നീങ്ങി . 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക