HOTCAKEUSA

ലോക കേരള സഭ എന്തിന്? (നടപ്പാതയിൽ ഇന്ന്- 74: ബാബു പാറയ്ക്കൽ)

Published on 24 May, 2023
ലോക കേരള സഭ എന്തിന്? (നടപ്പാതയിൽ ഇന്ന്- 74: ബാബു പാറയ്ക്കൽ)

"എടോ, ഇയാൾ രജിസ്റ്റർ ചെയ്തോ?"
"എന്തിനു രജിസ്റ്റർ ചെയ്‌തോന്നാ പിള്ളേച്ചൻ ചോദിക്കുന്നത്?"
"എടോ, ലോക കേരള സഭ അതിന്റെ അമേരിക്കൻ മേഖലാ കൺവെൻഷൻ നിങ്ങളുടെ ന്യൂയോർക്കിൽ വച്ചല്ലേ നടത്തുന്നത്. അതിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന് തീരുകയാണെന്നല്ലേ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു ചോദിച്ചതാ."
"ഓ, ഇല്ല പിള്ളേച്ചാ ഞാൻ അതിനു പോകുന്നില്ല."
"സമൂഹത്തിൽ നിലയും വിലയുമുള്ള പ്രവാസി മലയാളികൾക്കെ അതിൽ സ്ഥാനമുള്ളൂ. ഇയാൾ അതിൽ പെടുകയില്ലേ?"
"ഏയ്, നമ്മളൊക്കെ സാധാരണക്കാരല്ലേ? അവരൊക്കെ ഒരു എലൈറ്റ് ക്ലാസ് ആളുകളല്ലേ?"
“എടോ, രജിസ്റ്റർ ചെയ്‌തു പോയാൽ വെറുതെയാവില്ല. പല പ്രമുഖരെയും പരിചയപ്പെടാം. സർവ്വോപരി മുഖ്യന്റെ കൂടെ നിന്നൊരു ഫോട്ടോയും എടുക്കാം."
"അങ്ങനെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ ഒരു കാര്യമാണോ?"
"ആണോന്നോ? അത് കൊള്ളാം. എടോ, ഇന്നാട്ടിൽ ജീവിച്ചിട്ട് ഞങ്ങൾ മുഖ്യമന്ത്രിയെ കാണുന്നത് ടീവിയിൽ കൂടി മാത്രമാണ്. നാട്ടിൽ കൂടെങ്ങാനും വരുന്നുണ്ടെന്നു കേട്ട് റോഡിൽ ഇറങ്ങി നിന്നാൽ 42 വണ്ടികളുടെ അകമ്പടിയോടെ പറന്നു പോകുന്ന മുഖ്യന്റെ വണ്ടിയുടെ ഫോട്ടോ പോലും എടുക്കാൻ പറ്റില്ല. അത്രയ്ക്ക് സ്പീഡാ! ഇതാകുമ്പോൾ വേണമെങ്കിൽ ഒരു സെൽഫി തന്നെ ആകാം."
"അതെന്തിനാ പിള്ളേച്ചാ, അത്ര ബുദ്ധിമുട്ടി മുഖ്യന്റെ കൂടെ ഒരു പടമെടുക്കുന്നത്?"
"പിന്നെ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവരൊക്കെ പണവും മുടക്കി ഇത്ര ബുദ്ധിമുട്ടി ഇതിനു പോകുന്നതെന്തിനാന്നാ ഇയാൾ കരുതുന്നത്? എത്രയും പെട്ടെന്ന് മുഖ്യരുടെയൊക്കെ കൂടെയുള്ള ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടു വേണം എത്ര ‘ലൈക്’ കിട്ടിയെന്നു നോക്കാൻ. മറ്റുള്ളവനെക്കാൾ ഒരു പത്തു ലൈക്കെങ്കിലും കൂടുതൽ കിട്ടിയാൽ അതൊരു ഗമയല്ലേടോ?"
"എന്നിട്ടു വേണം വല്ല ഏടാകൂടത്തിലും ചാടിയവനോ ചാടിയവളോ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ട് നാളെ നമ്മുടെ മുഖ്യന്റെ പേരിൽ മറ്റൊരു സ്വപ്നാടന കുംഭകോണമുണ്ടാകാൻ! അതിനു മുഖ്യൻ നിന്നു കൊടുക്കുമോ?"
"എന്ത് തന്നെയായാലും നിങ്ങൾ അമേരിക്കൻ മലയാളികൾക്ക് അറിഞ്ഞു കൂടാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി പറയട്ടെ."
"അതെന്താണ് പിള്ളേച്ചാ."
"ഈ സമ്മേളനത്തിനൊരു ഡ്രസ്സ് കോഡ് ഉണ്ടാകണം. നിങ്ങൾ അമേരിക്കൻ മലയാളികൾക്കൊരു സ്വഭാവമുണ്ട്. ഏതു ചടങ്ങിനായാലും ഒരു കറുത്ത സ്യൂട്ടങ്ങെടുത്തണിയും. പ്രത്യേകം ഓർത്തോണം കറുത്ത സ്യൂട്ടോ കോട്ടോ കുടയോ വടിയോ ഒന്നും എടുത്തിട്ട് അദ്ദേഹത്തിന്റെ മുൻപിൽ പോയി നിൽക്കരുത്. പണി കിട്ടും. കഴിവതും ചുവന്നതായാൽ അത്രയും നല്ലത്. ഇതിനായി ഒരെണ്ണം തയ്പ്പിച്ചാലും നഷ്ടമില്ലല്ലോ. കോവിഡ് ഇപ്പോഴും മുഴുവനായി മാറിയിട്ടില്ലെങ്കിലും കറുത്ത മാസ്‌ക് വയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യരുത്! പിന്നെ, മൈക്രോഫോൺ. ചൊവ്വേ നേരെ വർത്തമാനം പറയുമ്പോൾ കേൾക്കുന്നതായിരിക്കണം. ഇടയ്ക്കു കേടായാലും പണി കിട്ടും. മൈക്രോഫോണിന്റെ ബാറ്ററിയൊക്കെ നേരത്തെ മാറ്റിയിട്ടോണം. അതു പോലെ പ്രസംഗിക്കുമ്പോൾ കുടിക്കാനായി അൽപ്പം വെള്ളം അടുത്ത് വച്ചേക്കണം. അല്ലെങ്കിൽ സ്റ്റേജിലിരിക്കുന്ന ഇഷ്ടമില്ലാത്ത ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ നിന്നും വാങ്ങി കുടിക്കേണ്ട ഗതികേടുണ്ടാകും."
"'പ്രവാസി മലയാളികളുടെ പ്രതിനിധികൾ, കേരളത്തിലെ ജനപ്രതിനിധികൾക്കൊപ്പം ചേർന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ഒത്തുകൂടുന്ന വേദിയാണ് ലോക കേരളം സഭ' എന്നാണ് ഔദ്യോഗികമായി ഇതിന്റെ സംഘാടകർ പറഞ്ഞിട്ടുള്ളത്. അത് നല്ല കാര്യമല്ലേ? ഇനിയിപ്പോൾ നമുക്കൊക്കെ ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാൻ ഒരു സംഘടനയുണ്ടല്ലോ! ഇപ്പോഴാണൊരു ആശ്വാസമുണ്ടായത്!"

"എടോ, 2018 ൽ ഇത് രൂപീകരിച്ചപ്പോൾ ഇതിന്റെ പ്രതിനിധികളെ ഏതു മാനദണ്ഡത്തിലാണ് എടുത്തിട്ടുള്ളത്? എന്നിട്ടോ, കേരളത്തിൽ തന്നെ മൂന്നു സമ്മേളനങ്ങൾ ഇവർ നടത്തി. കോടിക്കണക്കിനു പണം ചെലവഴിച്ചു നടത്തിയ ഈ സമ്മേളനങ്ങളിൽ എന്തൊക്കെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്തത്? അതിൽ എന്തൊക്കെ പരിഹരിച്ചു? ഇനിയെന്തൊക്കെയാണ് പരിഹരിക്കാൻ ബാക്കിയുള്ളത്? ആരാണതൊക്കെ പരിഹരിക്കാൻ ഉത്തരവാദികൾ? ഇതിന്റെയൊക്കെ ഉത്തരം ആരുടെയടുത്താണുള്ളത്? വെറുതെ കുറെപ്പേർക്ക് സർക്കാർ ചെലവിൽ പുട്ടടിക്കാനായി കൂടുന്ന സമ്മേളങ്ങളായി അധഃപതിച്ചാൽ പിന്നെ ഇതുകൊണ്ടൊക്കെ എന്ത് ഗുണം?"

"അങ്ങനെ പറയാൻ പറ്റില്ല പിള്ളേച്ചാ. പല പ്രശ്‌നങ്ങളും ഇവർ പരിഹരിച്ചതായും പരിഹരിച്ചുകൊണ്ടിരിക്കുന്നതുമായിട്ടാണല്ലോ അവകാശപ്പെടുന്നത്."
"അക്കാര്യം സുതാര്യമാണെങ്കിൽ അതൊന്നു പ്രസിദ്ധീകരിക്കട്ടെ. അതിനവർ തയ്യാറല്ലല്ലോ."
"പറയുന്നതുപോലെ പ്രവർത്തിക്കുന്ന സർക്കാരല്ലേ നമുക്കുള്ളത്. അപ്പോൾ പിന്നെ സംശയിക്കേണ്ട കാര്യമില്ലല്ലോ."
"എടോ, 2018 ൽ മഹാ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായം അഭ്യർഥിച്ചുകൊണ്ട് ഇതേ മുഖ്യമന്ത്രി അവിടെ സമ്മേളങ്ങളിൽ പങ്കെടുത്തു. നിങ്ങൾ തരുന്ന ഓരോ പൈസയും അർഹതപ്പെട്ടവർക്കു നൽകും എന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി അന്ന് കിട്ടിയ തുകയിൽ എത്രയൊക്കെ ആർക്കൊക്കെ നൽകി എന്നുള്ള കാര്യം എന്തേ പറയുന്നില്ല? അന്ന് പരസ്യമായി ലക്ഷങ്ങൾ നൽകുന്നതായി ചില പ്രമുഖ മലയാളി പുംഗവന്മാർ സ്റ്റേജിൽ വന്നുറക്കെ പ്രഖ്യാപിച്ചു. ആ പണമൊക്കെ കിട്ടിയോ? എങ്കിൽ അതെന്തു ചെയ്‌തു? ആർക്കു കൊടുത്തു? ഇതുവരെ കിട്ടിയില്ലെങ്കിൽ അതു വാങ്ങി നൽകാൻ ആരാണുത്തരവാദികൾ? തുക കൊടുക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ട് കൊടുക്കാത്തവരുടെ പേരുകൾ ഇവർ പരസ്യമാക്കട്ടെ. ഇത് വല്ലതും നടക്കുമോടോ?"
"അതൊക്കെ കഴിഞ്ഞ കാര്യമല്ലേ പിള്ളേച്ചാ. ഈ സർക്കാരിനെപ്പറ്റി അഴിമതി ആരോപണങ്ങൾ മാത്രം പറയുന്ന ചിലരുണ്ട്. ഈ ലോക കേരള സഭയും ആ അഴിമതിയുടെ ഭാഗമാണെന്നവർ പറയും. അതിന്റെ കൂടെ കൂടാൻ ഞാനില്ല പിള്ളേച്ചാ. നല്ല കാര്യങ്ങളെന്തേ ആരും പറയാത്തത്?"
"എടോ, ഞാൻ ജീവിക്കുന്നത് വിഡ്ഢികളുടെ പറുദീസയിലല്ല. ലക്ഷങ്ങൾ മുടക്കിയാലും കുറെ ഫോട്ടോ എടുത്തു ഫേസ്ബുക്കിലിട്ട് നിർവൃതിയടയുന്ന കുറെ പ്രാഞ്ചിയേട്ടന്മാർ പ്രവാസികളുടെ ഇടയിലുണ്ട്. അവരുള്ളടത്തോളം ഇങ്ങനെയുള്ളവർക്കു കൃഷിയിറക്കാൻ നല്ല മണ്ണ് തേടി വേറെങ്ങും പോകേണ്ട. അവർ കൊയ്യട്ടെ."
“ശരി. അങ്ങനെയാകട്ടെ പിള്ളേച്ചാ. ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് അഭിവാദ്യങ്ങൾ!"

Nadappathayil_Innu-74
_________________

Padma Kumar 2023-05-24 11:12:13
Kerala Fraud Sabha?....hehehe
Sudhir Panikkaveetil 2023-05-25 14:23:13
പൊതുജനം പ്രതിഷേധിക്കുന്നത് കണ്ടു ഒരു വിദ്വാൻ പറഞ്ഞു " പട്ടി കുരച്ചാൽ പടി തുറക്കുമോ" . എത്ര ശരി.എന്തെഴുതിയാലും ഒരു കാര്യവുമില്ല. ശ്രീ പാറക്കലിന്റെ സമയോചിതമായ പ്രതികരണങ്ങൾ നല്ലത് തന്നെ.
Abdulpunnayurkulam 2023-05-25 10:34:08
Interesting way express things around us.
Babu Parackel 2023-05-26 12:25:56
ലേഖനം വായിച്ചവർക്കും പ്രതികരിച്ചവർക്കും എല്ലാം നന്ദി രേഖപ്പെടുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക