Image

ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍-ഭാഗം: 2: സുരാഗ് രാമചന്ദ്രന്‍)

Published on 24 May, 2023
ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍-ഭാഗം: 2: സുരാഗ് രാമചന്ദ്രന്‍)

ആ സമയത്ത് സഹപാഠികളും അയൽക്കാരുമായ ആ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞു സ്കൂൾ മൈതാനത്തിരുന്നു വർത്തമാനം പറയുകയായിരുന്നു. അവരുടെ വീട്ടിലേക്ക് നടന്നു പോകേണ്ട ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ വീട്ടിൽ പോകേണ്ട തിടുക്കമൊന്നും അവർക്ക് ഇല്ലായിരുന്നു. അവരിൽ ആൺകുട്ടികളായ ലിജേഷും, വിജേഷും ഇരട്ട സഹോദരന്മാരാണ്. പെൺകുട്ടി, വിവേകിന്റെയും സോണിയുടെയും മകളായ അഖില.
"ഇത്തവണ ഏതായാലും നാടകം കളിക്കണം എന്നാണ് സാർ പറയുന്നത്", ലിജേഷിൻറെ സംഭാഷണത്തിൽ സന്തോഷവും സങ്കോചവും ഒരുമിച്ചുണ്ടായിരുന്നു.
“അത് വേണം. ’ബെസ്ററ് ആക്ടർ’ ആയ ലിജേഷിന്റെ പ്രകടനം കണ്ടിട്ട് കുറേ നാളായല്ലോ.”
കോവിഡ് കാരണം മുൻ കൊല്ലങ്ങളിൽ മുടങ്ങി പോയ സ്കൂൾ നാടകവും മറ്റും തിരിച്ചു വരുന്ന ഉത്സാഹത്തിലായിരുന്നു അഖില ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“പക്ഷേ നാടകത്തിന് ഞാൻ മാത്രമല്ലേ ഉണ്ടാകൂ. എന്റെ സഹോദരന്  ക്രിക്കറ്റ് വിട്ടൊരു കളി ഇല്ലല്ലോ.”
ലിജേഷിന്റെ ആരോപണത്തിന് വിജേഷ് മറുപടി വല്ലതും പറയും എന്ന് കരുതി അഖില കുറച്ചു നേരം കാത്തിരുന്നു. വിജേഷിൻറെ മൗനം കണ്ട് അവൾ തന്നെ പറഞ്ഞു:
"എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇരട്ടകളായിട്ടും നിങ്ങളുടെ താല്പര്യങ്ങൾ എത്ര വ്യത്യസ്ഥമാണെന്ന്. ലിജേഷിന്‌ കലാ പരിപാടികളിലാണ് താല്പര്യമെങ്കിൽ വിജേഷിന്‌ സ്പോർട്സിൽ."
"നീയും നമ്മളോട് മറ്റുള്ളവർ പറയും പോലെ സംസാരിക്കുകയാണോ?   ഇരട്ടകൾ എന്ന രീതിയിൽ കാണുന്നത് കൊണ്ടല്ലേ, ഇങ്ങനെ തോന്നുന്നത്. സഹോദരന്മാർ എന്ന രീതിയിൽ കാണൂ. അപ്പോൾ വ്യത്യസ്ത താല്പര്യങ്ങൾ ഉള്ള രണ്ട് വ്യക്തികളായി കണക്കാക്കാം."
"ശരിയാണ്, വിജേഷ്. പക്ഷേ ഒരേ ക്ലാസ്സിൽ പഠിക്കുന്ന, ഒരേ സാഹചര്യത്തിൽ ജീവിക്കുന്ന നിങ്ങളിൽ ഒരേ താല്പര്യങ്ങൾ ഉണ്ടാകുമെന്ന് ആളുകൾ കരുതില്ലേ?"
"അങ്ങനെയാണെങ്കിൽ നമ്മുടെ കൂടെ ഒരേ ക്ലാസ്സിൽ എത്രയും കാലം പഠിച്ച, സമാന ജീവിത ചുറ്റുപാടുകളുള്ള, നമ്മുടെ അയൽക്കാരിയായ നിനക്ക് നമ്മുടെ അതെ താല്പര്യങ്ങൾ ഉണ്ടാകണമല്ലോ", വിജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉണ്ടല്ലോ. ഞാൻ കലാ രംഗത്തും, കായിക രംഗത്തും മികവ് തെളിയിച്ചില്ലേ?" അഖില ആ ചിരിയിൽ പങ്കു ചേർന്ന് കൊണ്ട് മറുപടി നൽകി.
"എങ്കിലും, അഖിലയ്‌ക്ക്‌ കലാ രംഗത്തേക്കാണ് കൂടുതൽ ചായ്‌വ്", വിജേഷ് തന്റെ നിരീക്ഷണം പുറത്തെടുത്തു.
"അങ്ങനെയൊന്നുമില്ല. എനിക്ക് രണ്ടും താല്പര്യമുള്ള മേഖലകൾ തന്നെയാണ്. അല്ല, ലിജേഷെന്താ ആലോചിക്കുന്നത്?"
"നാടകത്തിന്റെ സംവിധാനം ഉൾപ്പടെ എല്ലാ പരിപാടികളും നമ്മൾ തന്നെ ചെയ്യണം എന്നാണ് സാറ് പറയുന്നത്. അതിനെ കുറിച്ചോർക്കുകയായിരുന്നു".
“അതിനെന്താ, ലിജേഷേ? സംവിധാനത്തിലും ഒരു കൈ നോക്ക്.”
"ശരിയാകില്ല, അഖില. നിനക്കറിയാമല്ലോ. എനിക്ക് അഭിനയം മാത്രമേ പറ്റൂ".
"ഇതാണ്, ഇവന്റെ കുഴപ്പം. സ്റ്റേജിൽ പെർഫോം ചെയ്യാൻ മാത്രമേ ഇവന് കഴിയൂ. നാടകം എന്ന് പറഞ്ഞാൽ എന്തൊക്കെ പരിപാടിയുണ്ട്. അഭിനയം അതിൽ ഒന്ന് മാത്രം. ഇവന് അതിലേ താല്പര്യം ഉള്ളൂ. കാരണം കൈയ്യടി അതിനല്ലേ കിട്ടുക."
"പിന്നെ...! അഖിലയ്ക്കറിയാമല്ലോ, കഴിഞ്ഞ ഞായറാഴ്ച കൂടി ഇവനെ സ്റ്റേഡിയത്തിൽ സ്കൂട്ടറിൽ  മാച്ചിന് കൊണ്ട് വിടുക  മാത്രമല്ല, മുഴുവൻ സമയം കളി കാണുകയും, എല്ലാ വിധ സഹായങ്ങളും ഇവനും ടീമിനും വേണ്ടി  ചെയ്യുകയും ചെയ്ത എന്നെ പറ്റിയാണ് കൈയ്യടി വാങ്ങാനേ എനിക്ക് താല്പര്യമുള്ളൂ എന്ന് ഇവൻ പറയുന്നത്. അന്ന് കൈയ്യടി കിട്ടിയത് മുഴുവനും ഇവനാണ്. ഞാൻ കാരണം."
"ഞാൻ നാടകത്തിന്റെ കാര്യമാണ് ഇപ്പോൾ പറഞ്ഞത് നിന്റെ നാടകങ്ങളുടെ റിഹേർസലിന് മുഴുവൻ ഞാൻ വരാറുണ്ടല്ലോ. നിന്നെക്കാൾ ആ ഡയലോഗുകൾ എനിക്ക് മനഃപാഠമാണ്."
"നാടകത്തിൽ സംവിധാനം ചെയ്യാൻ നല്ല നേതൃത്ത പാടവം വേണം. അതെനിക്കില്ല. മാച്ച് വിന്നർ ആയി പല തവണ "മാൻ ഓഫ് ദി മാച്ച്" ആയിട്ടും നീയല്ലല്ലോ ടീം ക്യാപ്റ്റൻ? അത് പോലെയാണിത്".
"എന്നോട് ക്യാപ്റ്റൻ ആകാൻ കോച്ച് പറഞ്ഞാൽ ഞാൻ ആകും."
"എന്നാൽ എനിക്കത് പറ്റില്ല. ഒന്നാം ക്ലാസ്സ് മുതൽ അഖിലയാണല്ലോ ക്ലാസ് ലീഡർ? അവൾക്ക് പ്രത്യേക കഴിവ്‌ ഉണ്ട്. എനിക്കില്ല. അത്ര മാത്രം".
ഇത്രയും പറഞ്ഞു കൊണ്ട് ലിജേഷ് പെട്ടെന്ന് തന്നെ മറ്റുള്ള രണ്ട് പേരേയും വിട്ട്, വീട്ടിലേക്ക് നടന്നു. അവനെ തടയാൻ അഖില എഴുന്നേറ്റെങ്കിലും, വിജേഷ് അവളുടെ കൈ തണ്ടയിൽ പിടിച്ചാൽ അവൾ അവനെ നോക്കി. വിജേഷ് അവൾക്ക് കണ്ണ് കൊണ്ട്, "വേണ്ട" എന്ന് സൂചന നൽകി. അതിനിടയിൽ ലിജേഷ് തിരിഞ്ഞു നോക്കാതെ നടന്ന് കുറച്ചു ദൂരം പിന്നിട്ടിരുന്നു.  
"അവൻ വീട്ടിലേക്കല്ലെ പോകുന്നത്. ഞാൻ അവിടെ വെച്ച് പറഞ്ഞു തീർത്തോളാം. ആര് നാടകം സംവിധാനം ചെയ്യുമെന്നാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്".
"ഞാൻ ചെയ്യാം", അഖില പെട്ടെന്ന് മറുപടി പറഞ്ഞു.
" അതേയോ? നല്ല കാര്യം. പക്ഷേ, അഖിലയക്ക് എഴുത്തും, ചിത്രരചനയുമൊക്കെയല്ലെ താല്പര്യമുള്ള മേഖലകൾ? അഭിനയം, നാടക സംവിധാനം - ഇതൊക്കെ ചെയ്തതായി ഞാൻ ഓർക്കുന്നില്ല".
"ശരിയാണ്. ഞാൻ നാടക സംവിധാനം ഇതു വരെ ചെയ്തിട്ടില്ല. ഇത് വരെ നാടകത്തിൽ അഭിനയിച്ചിട്ടുമില്ല. പക്ഷെ, വിജേഷ് തന്നെ കുറച്ചു മുൻപേ പറഞ്ഞല്ലോ. നാടകം എന്നാൽ അഭിനയം മാത്രമല്ല എന്ന്. സ്ക്രിപ്റ്റ് എഴുതണം. കലാ സംവിധാനം ചെയ്യണം. - ഇതൊക്കെ എനിക്കാകുമെന്ന് തോന്നുന്നു. മാത്രമല്ല, ഒരു ചരിത്ര സംഭവം ഇപ്പോൾ മനസ്സിൽ വന്നു. അതാണ് തീം. ലൈബ്രറിയിൽ പോയി കുറച്ചു റിസർച്ച് ചെയ്യണം. കുറച്ചു ഇന്റർനെറ്റും നോക്കണം. സാറിനെ അറിയിക്കണം."

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക