"എൻ്റെ അച്ഛനുമമ്മയും പറഞ്ഞത് മാത്രമേ ഞാൻ അനുസരിച്ചിട്ടുള്ളു സർ."
ഹരി കൗൺസിലറോട് അങ്ങനെ പറഞ്ഞപ്പോൾ ശോഭ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.
"നിങ്ങളുടെ അച്ഛനുമമ്മയും പറഞ്ഞിട്ടാണോ എന്നെ തല്ലി വീടിൻ്റെ പുറത്താക്കി വാതിലടച്ചത്. ഞാൻ എത്ര നേരം വാതിലിൽ കൊട്ടിയെന്ന് നിങ്ങൾക്കറിയാമോ?"
അവളുടെ ശബ്ദം ഉയർന്നു കൊണ്ടേയിരുന്നു. അപ്പോൾ കൗൺസിലർ ഇടപെട്ടു.
"നിങ്ങൾക്ക് ശാന്തമായി ഇരിക്കാമെങ്കിൽ ഇവിടെ ഇരിക്കുക. ഇല്ലെങ്കിൽ പുറത്ത് പോയി ഇരിക്കുക. അയാൾ സംസാരിക്കട്ടെ." ശോഭ വിതുമ്പി കൊണ്ട് പുറത്തേക്ക് പോയി.
"നിങ്ങൾ പറയൂ മിസ്റ്റർ ഹരി"
"സർ അവളിപ്പോ കിടന്ന് കരഞ്ഞു കാണിക്കുന്നത് പോലെയൊന്ന് കരയാൻ പോലും എനിക്ക് കഴിയില്ല. ആൺകുട്ടികൾ കരയില്ല എന്ന് അമ്മ ചെറുപ്പം മുതലേ പറഞ്ഞു തന്നിട്ടുണ്ട്. എന്നെ അമ്മയോടൊപ്പം അടുക്കളയിൽ കണ്ടാൽ അച്ഛൻ അപ്പോ അമ്മയെ ശകാരിക്കും. അവൻ ആൺകുട്ടിയാണ് അടുക്കളയിലല്ല കോലായിലാണ് അവൻ്റെ സ്ഥാനം എന്ന് പറഞ്ഞു കേട്ടാണ് ഞാൻ വളർന്നത്. ശോഭ പറയുന്നത് അവൾക്ക് പനി വന്നപ്പോൾ പോലും ഞാൻ ഒറ്റക്ക് ചായ ഉണ്ടാക്കി കുടിച്ചില്ല എന്നാണ്. പക്ഷേ സർ അടുക്കള എന്ന് ഓർക്കുമ്പോൾ തന്നെ അച്ഛൻ്റെ തല്ലാണ് ഓർമ വരിക. എനിക്കന്ന് ഒരു പത്ത് വയസ്സായി കാണും. അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നിടത്തിരുന്ന് ഞാൻ പഠിക്കുകയായിരുന്നു. അച്ഛൻ ഹരികുട്ടാ എന്നും വിളിച്ചു കൊണ്ടാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാൻ അടുക്കളയിൽ നിന്നോടി അച്ഛൻ്റെയടുത്തെത്തിയപ്പോൾ അച്ഛൻ അവിടെ മച്ചിൽ നിന്ന് ചൂരൽ എടുക്കുകയാണ്. നിന്നോട് എത്ര പ്രാവശ്യം പറയണം അടുക്കളയിൽ കേറരുത് എന്ന്. അത് പെണ്ണുങ്ങളുടെ സ്ഥലമാണ്. അതും പറഞ്ഞു കൊണ്ട് തുടയിൽ അഞ്ചാറു വീക്ക്. പിന്നെ അടുക്കളയിലേക്ക് എൻ്റെ നോട്ടം പോലും പോയിട്ടില്ല. അടുക്കള പെണ്ണുങ്ങളുടെയല്ലേ. അവിടെ ആണുങ്ങൾക്ക് എന്ത് കാര്യം. അച്ഛൻ പറഞ്ഞത് ശരിയല്ലേ. പക്ഷേ ശോഭക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഞങ്ങൾ തമ്മിൽ ഇത്രയൊക്കെയേ പ്രശ്നങ്ങൾ ഉള്ളൂ സാറേ!"
"അവരിപ്പോൾ പറഞ്ഞ പോലെ നിങ്ങൾ അവരെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടോ? ഡൈവോഴ്സ് പെറ്റിഷനിൽ അവരത് പറഞ്ഞിട്ടില്ല. അത് രേഖപ്പെടുത്തിയാൽ നിങ്ങൾ ക്രിമിനൽ കുറ്റത്തിന് അകത്താ. അറിയാമോ?"
"സാറേ അവൾ ചെയ്തത് എന്താണെന്ന് ആരുമെന്താ അന്വേഷിക്കാത്തത്? ഒന്നുമില്ലാതെ ഞാൻ എന്തിനാ അങ്ങനെ ചെയ്യുന്നത്. അവൾ ഒരു ദിവസം വൈകുന്നേരം അഞ്ചു മണിക്ക് കൂട്ടുകാരിയുടെ കല്യാണം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി പോയതാ. ഏഴ് മണിക്കുള്ളിൽ എന്തായാലും വരും എന്നും പറഞ്ഞാ പോയത്. അവൾ കേറി വരുന്നത് എപ്പോളാന്ന് സാറിന് അറിയോ. രാത്രി പത്ത് മണിക്ക്. പത്ത് മണിക്കാണോ പെണ്ണുങ്ങൾ വീട്ടിൽ കേറി വരുന്നത്? സഹിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലെ സാറേ?"
കൗൺസിലർ അറിയാതെ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു.
"വൈകി വന്നതിനാണോ നിങ്ങൾ അവരെ തല്ലി പുറത്താക്കി വാതിലടച്ചത്?"
"അല്ല സാറേ. വൈകി വന്നതോ വന്നു. അവൾ എന്നോട് ഒരു സോറി പോലും പറയാതെ അകത്തേക്ക് കേറി വന്ന് പറയാ. കുറച്ച് വൈകി പോയി. എല്ലാവരും കഴിച്ച് തുടങ്ങിയപ്പോൾ ഒമ്പത് മണിയായെന്ന്. ഞാൻ വിളിച്ച് പറഞ്ഞില്ലേ എന്ന്. എന്നോട് ഏഴ് മണിക്ക് വരാം എന്ന് പറഞ്ഞു പോയിട്ട്. അവൾ എന്നോട് പറഞ്ഞ വാക്കിന് എന്തെങ്കിലും വിലയുണ്ടോ? എനിക്കെന്തെങ്കിലും വിലയുണ്ടോ? അത് അവൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് ഞാൻ ഒരു ചെറിയ ശിക്ഷ കൊടുത്തത്. ഇതിപ്പോ പെണ്ണുങ്ങൾ വഴി തെറ്റി നടക്കുമ്പോൾ വീട്ടിലെ ആണുങ്ങൾ വേണ്ടേ അവരെ നേർ വഴിക്ക് കൊണ്ട് വരേണ്ടത്. എൻ്റെ ചേച്ചി മാളു പണ്ടിത് പോലെ ട്യൂഷന് പോയി തിരിച്ച് വരാൻ അരമണിക്കൂർ വൈകിയതിന് അച്ഛൻ അവളെ ചൂരലെടുത്ത് അടിച്ചു. അന്നത്തെ ദിവസം കഴിക്കാനും ഒന്നും കൊടുത്തില്ല. പിന്നെ അവൾ അത് ആവർത്തിച്ചിട്ടില്ല. അച്ഛനന്ന് മാളൂനോട് ചെയ്തതൊന്നും ഞാൻ ശോഭയോട് ചെയ്തിട്ടില്ലല്ലോ. ഞാൻ സ്ത്രീകൾക്ക് കുറച്ച് ഫ്രീഡം ഒക്കെ കൊടുക്കുന്ന ആളാണ്. അന്നച്ഛൻ പറഞ്ഞതാ നേരം ഇരുട്ടിയാൽ പെൺ കുട്ടികൾ പുറത്തിറങ്ങരുതെന്ന്. നമ്മൾ ആണുങ്ങൾ പുറത്ത് പോണ പോലെയല്ലല്ലോ. പെണ്ണുങ്ങളെ അസമയത്ത് കണ്ടാൽ ആൾകാർ എന്തൊക്കെയാ ചെയ്യാ. നമ്മൾ പത്രം ഒക്കെ വായിക്കണതല്ലേ. സാറിൻ്റെ ഭാര്യ ഇത് പോലെ ചെയ്താൽ സർ എന്ത് ചെയ്യും?"
"അത് നമുക്ക് പിന്നെ ചർച്ച ചെയ്യാം. നിങ്ങളുടെ ഡൈവോഴ്സ് കേസിന് കൗൺസിലിംഗിനു വേണ്ടിയാണല്ലോ നിങ്ങൾ ഇവിടെ വന്നത്. നിങ്ങൾ എന്ത് കൊണ്ടാണ് അതിൽ ഒപ്പിടാത്തത്?"
"സാറിതെന്താ ചോദിക്കുന്നത്? സാർ ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കാനല്ലേ ഇവിടെ വിളിച്ച് വരുത്തിയെ. അല്ലാതെ പിരിക്കാനല്ലല്ലോ. അല്ലേലും കല്യാണം കഴിഞ്ഞു ഒരു വർഷം കഴിയുമ്പോഴേക്കും അവൾ എന്നെ ഉപേക്ഷിച്ച് പോയാൽ ആൾക്കാരുടെ മുന്നിൽ ഞാനാരായി സാറേ? എനിക്ക് കുറച്ച് അഭിമാനമൊക്കെയുണ്ട്."
"മിസ്റ്റർ ഹരി നിങ്ങൾ കുറച്ച് നേരം പുറത്തിരിക്കൂ. ഭാര്യയോട് അകത്തേക്ക് വരാൻ പറയൂ."
ശോഭ കയറി വരുമ്പോൾ ഡോക്ടർ ചായ കുടിക്കുകയായിരുന്നു. അവളോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു, "നിങൾ എങ്ങനെയാണ് ഒരു വർഷം അയാൾക്കൊപ്പം ജീവിച്ചത്? ഞാനിത് ചോദിക്കാൻ പാടില്ലാത്തതാണ്. അയാളുടെ വീരസ്യം പറച്ചിൽ ഒക്കെ കേട്ടപ്പോൾ ചോദിച്ച് പോയതാണ്. നിങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതിൽ അയാൾക്ക് തെല്ലു കുറ്റബോധം ഇല്ല താനും അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. അയാളുടെ മനസ്സിന് ശരീരത്തിൻ്റെ വളർച്ചയില്ല. ലോകം മാറിയതൊന്നും അയാളറിഞ്ഞിട്ടില്ല. പൊട്ടകിണറ്റിലെ തവള!"
"സർ അപ്പോ എനിക്ക് ഡൈവോഴ്സ് കിട്ടില്ലേ?"
"നിങ്ങളെ ഉപദ്രവിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിങ്ങളുടെ വക്കീലിനോട് തുറന്ന് സംസാരിക്കുക. ബാക്കി വക്കീൽ നോക്കിക്കൊള്ളും. കേസ് സ്ട്രോങ് ആവാൻ അത് ഗുണം ചെയ്യും. ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാൻ ഒരു കോടതിയും നിങ്ങളോട് പറയില്ല."
അവിടെ നിന്നിറങ്ങുമ്പോൾ ശോഭയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞു. ഒരു പാട് കാലത്തിനു ശേഷം പ്രതീക്ഷയുടെ പുഞ്ചിരി.