Image

രണ്ടാം ജന്മത്തില്‍ സിവില്‍ സര്‍വീസില്‍; പുത്തന്‍ പ്രതീക്ഷയായി ഷഹാന(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 May, 2023
രണ്ടാം ജന്മത്തില്‍ സിവില്‍ സര്‍വീസില്‍; പുത്തന്‍ പ്രതീക്ഷയായി ഷഹാന(ദുര്‍ഗ മനോജ് )

ഷഹാനയ്ക്ക് സിവില്‍ സര്‍വീസ് എന്ന സ്വപ്നം പെട്ടെന്നുണ്ടായ വെളിപാടല്ല, മറിച്ച് അതൊരു നിരന്തര സ്വപ്നത്തിന്റെ കണ്ണിയാണ്. എന്നാല്‍ ജീവിതത്തിന്റെ യാദൃച്ഛികതയില്‍ത്തട്ടി ആ കണ്ണി ഉടഞ്ഞകന്നപ്പോള്‍ മറ്റുള്ളവര്‍ കരുതി എല്ലാം അവസാനിച്ചെന്ന്, എന്നാല്‍ അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിധി കീഴടങ്ങി. ഇപ്പോള്‍ ജീവിതം വീല്‍ച്ചെയറില്‍ അവസാനിക്കുമെന്നു വിധിയെഴുതിയ പെണ്‍കുട്ടി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നു. വയനാട് കമ്പളക്കാട് സ്വദേശിനിയാണ് ഷഹാന ഷെറിന്‍. സിവില്‍ സര്‍വീസില്‍ 917 മത്തെ റാങ്ക് ഷഹാന നേടിയിരിക്കുന്നു. കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ പരേതനായ തേനുട്ടി കല്ലിങ്കല്‍ ഉസ്മാന്‍ ഹാജിയുടേയും അമനിയുടേയും മകളായ ഷഹാന 2017ല്‍ വീടിന്റെ ടെറസില്‍ നിന്നും വീണു. ആ വീഴ്ചയില്‍ വാരിയെല്ല് പൊട്ടി. അലക്കിയിട്ടതുണി എടുക്കാന്‍ കയറിയതായിരുന്നു ഷഹാന. അവിടെ നിന്നും കാലു വഴുതി വീണതാണ്. ഷഹാനയുടെ ഉപ്പ മരിച്ച് അധികനാള് കഴിയും മുന്‍പായിരുന്നു ഈ അപകടം. അപകടത്തില്‍ പരിക്കേറ്റ ഷഹാന ഒരു മാസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞു. നടക്കാനോ കൈകള്‍ ചലിപ്പിക്കാനോ ആകാതെയുള്ള കിടപ്പ്. എന്നാല്‍ ആ കിടപ്പ് അധികനാള്‍ തുടരില്ല എന്നു നിശ്ചയിച്ചത് ഷഹാനയാണ്.
ആശുപത്രിയില്‍ നിന്നും വെല്ലൂരിലെ റിഹാബിറ്റേഷന്‍ സെന്ററിലേക്ക്, അവിടെ വെച്ചാണ് തന്റെ ജീവിതം അവസാനിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഷഹാന ഉള്‍ക്കൊണ്ടത്. സ്വന്തം സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാന്‍ അവള്‍ നിശ്ചയിച്ചു. അത്ര കാലം പഠിച്ചതൊക്കെയും വീഴ്ചയില്‍ മറവിയിലേക്ക് ആണ്ടു പോയിരുന്നു. ആദ്യപടിയായി ഇരുപത്തിരണ്ടാം വയസ്സില്‍ അക്ഷരങ്ങള്‍ പഠിച്ചെടുത്തു. മെല്ലെ മെല്ലെ ഓരോന്നായി തന്റെ നിയന്ത്രണത്തിലാക്കി. വീല്‍ച്ചെയറില്‍ ഇരുന്നു ട്യൂഷനെടുത്തു, പതിയെ ഐഎഎസ് എന്ന സ്വപ്നം പുറത്തെടുത്തു. അങ്ങനെ പെരിന്തല്‍മണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നു പഠിച്ചു.

ഇപ്പോഴിതാ ഷഹാന സിവില്‍ സര്‍വീസ് എന്ന കടമ്പ പാസായിരിക്കുന്നു. ഇതൊരു പ്രതീക്ഷയുടെ വെളിച്ചം വിതറുന്ന വിജയമാണ്. ഷഹാനയുടെ വിജയം, വിധി കീഴടക്കിയ നിരവധി ജീവിതങ്ങള്‍ക്ക് ഉത്തരമാണ്. തളരാതിരിക്കുകയാണ് പ്രധാനം, ഒപ്പം സ്വന്തം സ്വപ്നങ്ങളെ കെടാതെ സൂക്ഷിക്കുന്നതും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക