Image

ഫോമാ കേരള കൺവൻഷന് മുന്നോടിയായി  രണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ്

മീട്ടു റഹ്മത്ത് കലാം Published on 24 May, 2023
ഫോമാ കേരള കൺവൻഷന് മുന്നോടിയായി  രണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ്

അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന് ഇനി പത്ത് ദിവസമേ ഉള്ളൂ. ഒരുക്കങ്ങൾക്ക് മേൽനോട്ടം നൽകാൻ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്,  ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം  തുടങ്ങിയവർ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഡോ. ജേക്കബ് തോമസിന്റെ സാരഥ്യത്തിലെ കൺവൻഷൻ മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തമാകും എന്നറിയണമെന്ന ആഗ്രഹവും പേറി, നാട്ടിലേക്ക് എത്താൻ സാധിക്കാത്ത ഫോമായുടെ അഭ്യുദയകാംഷികളായ വായനക്കാർക്ക് അതാത് സമയത്ത് കൃത്യമായ വിവരങ്ങൾ അറിയിക്കുക എന്ന ദൗത്യം ഇ-മലയാളി ടീം ഏറ്റെടുക്കുകയാണ്.

ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന്‍ നടക്കുന്ന കൺവൻഷന്റെ വിശദാംശങ്ങൾ ഫോമാ പ്രസിഡന്റ് നേരിട്ട് പങ്കുവയ്ക്കുന്നു എന്നതാണ് പ്രധാന സവിശേഷത.

കൺവൻഷൻ ഒരുക്കങ്ങൾ എവിടെവരെയായി?

കേരള കണ്‍വന്‍ഷന്‍ ചെയര്‍ തോമസ് ഒലിയാംകുന്നേൽ, കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്റർ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് എന്നിവർ ഫോമായുടെ എക്സിക്യൂട്ടീവ് ടീമുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഒരുക്കങ്ങൾ സുഗമമായി മുന്നേറുന്നു. എവിടെയും ഒരു കൺഫ്യൂഷൻ ഇല്ല. വിമന്‍സ് ഫോറം ഭാരവാഹികള്‍ ഉള്‍പ്പെടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നിരവധി കുടുംബങ്ങള്‍ നാട്ടിലെത്തിയിട്ടുണ്ട്. കൺവൻഷൻ വിജയിപ്പിക്കാൻ കൈമെയ് മറന്ന് പ്രയത്നിക്കുന്ന ഏവരുടെയും സഹായസഹകരണങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കൺവൻഷന് അനുബന്ധമായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകളെക്കുറിച്ച്?
 
രണ്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. മെയ് 30 നു ഫോമായും കോഴഞ്ചേരിയിലെ എംജിഎം മുത്തൂറ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് അന്തരിച്ച എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ സ്മരണാര്‍ർത്ഥം  ഒരു മെഡിക്കൽ ക്യാമ്പ്  നടത്തും

മെയ് 31 നു ഫോമാ വിമൻസ് ഫോറം മുൻകൈ എടുത്ത് സ്ത്രീകൾക്കായൊരു സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ്    ഇടുക്കി ജില്ലയിൽ   സംഘടിപ്പിക്കും.

മുത്തൂറ്റുമായി ചേർന്നുള്ള മെഡിക്കൽ ക്യാമ്പിനെക്കുറിച്ച്?

ഈ മാസം 30 ന് പത്തനംതിട്ട ജില്ലയിലെ റാന്നി ഇടമുറിയിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് പൊതുജനങ്ങള്‍ക്കായി പരിശോധനകള്‍ നടക്കുക.

ഈ സ്ഥലം തിരഞ്ഞെടുക്കാൻ പ്രത്യേകിച്ചൊരു കാരണം?

പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരാണ് ഈ സ്ഥലം നിര്‍ദേശിച്ചത്. നാടിന് ഉചിതമായത് തിരഞ്ഞെടുക്കുമെന്ന് ബോധ്യമുള്ള ഒരാളുടെ നിർദ്ദേശം എന്ന നിലയിൽ ആ നിർദ്ദേശം സ്വീകരിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്ന പ്രമുഖരെക്കുറിച്ച് തീരുമാനമായോ?

മെഡിക്കല്‍ ക്യാമ്പില്‍ കളക്ടറോടൊപ്പം ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ രാജു എബ്രഹാം, തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പൗരപ്രമുഖരും പങ്കെടുക്കും.

 ഇടുക്കിയിൽ  നടത്തുന്ന സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാമോ?

ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള, വൈസ് ചെയർ മേഴ്സി സാമുവൽ, നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ടിന ആശിഷ് എന്നിവർ കൂടിയാലോചിച്ചാണ് ഇങ്ങനൊരു  ആശയം മുന്നോട്ടുവച്ചത്. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഈ ടീമിലുണ്ട്. നാട്ടിൽ 35 വയസുകഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവും വർദ്ധിച്ചുവരുന്നതും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമായ പ്രശ്നം അവരാണ് ചൂണ്ടിക്കാണിച്ചത്.

ഓറൽ, ബ്രെസ്റ്റ്, സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് നടത്തിയാൽ രോഗനിർണ്ണയം മുൻകൂട്ടി സാധ്യമാകും. നേരത്തെ ചികിത്സിച്ചാൽ ഭേദമാകുന്ന ഇത്തരം രോഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ശ്രദ്ധിക്കാതെ വിടുകയും അസുഖം മൂർച്ഛിച്ച് മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ബോധവൽക്കരണവും പ്രധാനമാണ്. വിമൻസ് ഫോറത്തിന്റെ ഈ ആശയത്തിന് എന്റെയും , ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരുടെയും പൂർണ പിന്തുണയുണ്ട്. ഫോമാ ഹെല്പിങ് ഹാൻഡ്‌സിൽ നിന്നുള്ള 2 ലക്ഷം രൂപയുടെ ചെക്ക് ഇതിനായി കൈമാറി.

മേയ് 31ന്  ഉടുമ്പൻചോല നിയോജക മണ്ഡലം എം.എൽ.എ  എം എം മണി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബിനു കെ ടി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ഫോമാ ഹൗസിംഗ് പ്രോജക്ട് ചെയർ ജോസഫ് ഔസോ,  ഇരട്ടയാർ സെന്റ് ജോസഫ് പള്ളി വികാരി   റവ. ഫാ.ജോസ് കരിവേലിക്കൽ, കാർകിനോസ് ഹെൽത്ത് കെയർ ആൻഡ് അൽഫോൻസ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ മുരളി തുടങ്ങിയവർ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ  പങ്കെടുക്കും.

മുൻകാലങ്ങളിൽ നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക