Image

കൂനമ്പാറക്കവല (അധ്യായം 3: നോവല്‍: തമ്പി ആന്റണി)

Published on 24 May, 2023
കൂനമ്പാറക്കവല (അധ്യായം 3: നോവല്‍: തമ്പി ആന്റണി)

ഹര്‍ത്താല്‍ ദിവസം

    ഹര്‍ത്താലായതുകൊണ്ട് കൂനമ്പാറക്കവലയില്‍ വലിയ ആളനക്കമുണ്ടായിരുന്നില്ല. കൂനമ്പാറ സിറ്റിയിലെ ആരവങ്ങളില്‍നിന്നകന്ന്, സുരക്ഷിതമായിരിക്കുന്ന കുട്ടാപ്പി ആന്‍ഡ് സണ്‍സ് എന്ന ഹോട്ടലിലിരുന്നാണ് നാട്ടുകാര്‍ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുള്ളത്. 

    ബസ് സ്റ്റാന്‍ഡിനടുത്തുള്ള, മുഹമ്മദ്കുട്ടിയുടെ മലബാര്‍ ഹോട്ടലില്‍ സ്ഥിരം പറ്റുകാരില്ല. രൊക്കം പണം വേണം. അവിടെക്കയറുന്നത് വന്നുംപോയുമിരിക്കുന്ന യാത്രക്കാരാണ്. അവരെ സുഖിപ്പിക്കേണ്ട ആവശ്യം മുഹമ്മദ്കുട്ടിക്കില്ല. കുട്ടാപ്പി ആന്‍ഡ് സണ്‍സില്‍ ആ നയം നടപ്പാക്കാന്‍ പറ്റില്ല. കടയില്‍ വരുന്നവരിലധികവും കുട്ടാപ്പിയുടെ കൂട്ടുകാരും നാട്ടുകാരുമാണ്. അവരെയൊക്കെ സന്തോഷിപ്പിച്ചില്ലെങ്കില്‍ കച്ചവടം നടക്കില്ല. അവധിദിവസമായാല്‍ ആഘോഷിക്കാന്‍ പതിവുപറ്റുകാരൊക്കെ സ്ഥാപനത്തിലെത്തും. ഹോട്ടലിന്റെ പുറകുവശത്തെ ചാര്‍ത്തില്‍ ചീട്ടുകളിയുമുണ്ട്. കാശുവച്ചുള്ള കീച്ചാണ്. അതിലിത്തിരി റിസ്‌ക്കുണ്ടെന്നു കുട്ടാപ്പിക്കറിയാം. എന്നാലും നാലു കാശു പെട്ടിയില്‍ വീഴണമെങ്കില്‍ കുറച്ചു വീട്ടുവീഴ്ചയും കള്ളത്തരവും ചെയ്യാതെ പറ്റില്ലല്ലോ! ഒക്കെ ഒരു കൊടുക്കല്‍വാങ്ങലാണെന്ന തത്ത്വശാസ്ത്രം, കുട്ടാപ്പിതന്നെ ഇടയ്ക്കിടെ പറയും. പിന്‍വശത്തുള്ള പുഴയരികിലേക്ക് ഒരു ചാര്‍ത്തുണ്ടാക്കിയതുതന്നെ ചീട്ടുകളിക്കാരെ ആകര്‍ഷിക്കാനാണെന്ന് റോഷനച്ചനുപോലുമറിയാം. കൂനമ്പാറപ്പോലീസിനും കാര്യങ്ങളെക്കുറിച്ചറിവുണ്ട്. മറ്റു ശല്യങ്ങളൊന്നുമില്ലാത്തതിനാല്‍ അവര്‍ കണ്ണടയ്ക്കുന്നു! 

    കൂനമ്പാറയില്‍ ആകെയുണ്ടായിരുന്ന ഒരു ആര്‍ട്‌സ് ക്ലബ്ബ് കുത്തുപാളയെടുത്തതുകൊണ്ട്, ഒരുഗതീം പരഗതീമില്ലാതെ അലഞ്ഞുനടക്കുന്ന സംവിധായകന്‍ അപ്പാജിയും നടന്‍ കൈനിക്കര കറിയാച്ചനും ചീട്ടുകളി സംഘത്തിലെ സ്ഥിരം കുറ്റികളാണ്. 

    നേരം പരപരാന്നു വെളുക്കുമ്പോള്‍, സ്ഥലം രാഷ്ട്രീയക്കാരനായി സ്വയം ഞെളിഞ്ഞു നടക്കുന്നവനും 'രാഷ്ട്രം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്നവനുമായ ജോക്കുട്ടനെയുംകൂട്ടി, കരണ്ടു രാജപ്പന്‍ ഒരു ഓട്ടോ പിടിച്ചു വരും. ആറുമണി കഴിഞ്ഞാല്‍ ഹര്‍ത്താലുകാര്‍ സമ്മതിക്കില്ലെന്നു രാജപ്പനറിയാം. കുട്ടാപ്പിയുടെ നിര്‍ദ്ദേശമനുസരിച്ച്, നാടന്‍ പച്ചക്കപ്പയുമായി മുണ്ടക്കയത്തുനിന്നുള്ള വരവാണ്. നല്ല പച്ചമീനും ബീഫുമൊക്കെ തലേദിവസംതന്നെ സംഘടിപ്പിച്ചു കൊടുക്കേണ്ട ചുമതല ജോക്കുട്ടനാണ്. അതൊക്കെച്ചെയ്യാന്‍ അയാള്‍ക്കിഷ്ടമാണ്. പത്താളു വരുന്നിടത്തെല്ലാം ചെല്ലും. ഭാവിയിലെ എം എല്‍ ഏയാണെന്നൊരു ശുഭാപ്തിവിശ്വാസം അയാള്‍ക്കുണ്ട്. അതുകൊണ്ട് നോക്കിയും കണ്ടുമാണു നില്‍ക്കുന്നത്. അങ്ങനെ എല്ലാവരും ആഘോഷത്തിന്റെ മൂഡിലാണ്. അതാണ് കൂനമ്പാറയിലെ യഥാര്‍ത്ഥ ഹര്‍ത്താല്‍ ഡേ! 

    കരണ്ടുരാജപ്പന് ചീട്ടുകളിയില്‍ വലിയ താല്‍പ്പര്യമില്ല. ബിവറേജസില്‍നിന്നു തലേദിവസം സംഘടിപ്പിച്ച ഹണീബീ ബ്രാന്‍ഡിയും വാഴയിലയില്‍ പൊതിഞ്ഞ, ബീഫ് ഉലര്‍ത്തിയതുമായി പുഴക്കരയില്‍ പോയിരിക്കും. കുര്‍ബ്ബാന കഴിയുമ്പോഴേ, അതിന്റെ മണംപിടിച്ച്, പള്ളിയിലെ കൈക്കാരന്‍ കുഞ്ചാക്കോയും കവലയിലെ പത്രമേജന്റും പഞ്ചായത്തു മെമ്പറുമായ കരുണാകര്‍ജീയുമെത്തും. മഴയും വെയിലുമൊന്നുമില്ലെങ്കിലും കറുത്ത കുടകൊണ്ടു മുഖം മറച്ചാണ് പള്ളിമേടയില്‍നിന്നുള്ള കുഞ്ചാക്കോയുടെ വരവ്. അത് റോഷനച്ചന്റെ കണ്ണു വെട്ടിക്കാനുള്ള അടവാണ്. 

    ഹോട്ടലിനകത്തു കൂടുന്നവര്‍ അന്നാണ് കൂടുതലും ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. തോട്ടംതൊഴിലാളികളില്‍ അധികം പേരും കന്തസ്വാമിയുടെ കൂടെക്കൂടി നീലിമയെ തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. അതുകൊണ്ടുതന്നെ, പ്രശസ്തനടി 'സസ്‌നേഹം സുശീലയെ' കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഉറപ്പൊന്നുമില്ല. ആരു വന്നാലും വന്നില്ലെങ്കിലും ഈ വര്‍ഷത്തെ ഇലക്ഷന്, കടുത്ത മത്സരമുണ്ടാകുമെന്ന് ഉറപ്പാണ്. 

    നീലിമാ ഉണ്ണിത്താനാണ്, നാട്ടുകാരുടെയും ഇടവകയിലെ കുഞ്ഞാടുകളുടെയും പരിപൂര്‍ണ്ണപിന്തുണ. 

    ഇതൊക്കെയായിരുന്നു ഹര്‍ത്താല്‍ദിവസത്തെ ചര്‍ച്ചാവിഷയം. 

    ഹര്‍ത്താലാണെങ്കിലും റോഷന്‍ കാടുകേറിയച്ചന്റെ ബുള്ളറ്റിന്റെ ശബ്ദം ഇടയ്ക്കിടെ കേള്‍ക്കാം. അച്ചനു മാത്രം നിരോധനങ്ങളൊന്നും ബാധകമല്ലെന്ന് കൂനമ്പാറക്കാര്‍ക്കറിയാം. അങ്ങനെ പൊതുവേ സമാധാനപരമായാണ് ഹര്‍ത്താല്‍ദിവസങ്ങള്‍ കടന്നുപോകാറുള്ളത്. പക്ഷേ, അന്നു മാത്രം പതിവിനു വിപരീതമായി പലതും സംഭവിച്ചു. എസ് ഐ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ ഒരുവണ്ടി പോലീസുകാര്‍ കുട്ടിക്കാനത്തുനിന്ന് കവലയില്‍ വന്നുനിന്നു. സംഭവമറിഞ്ഞ്, ചീട്ടുകളിസംഘം കളി നിര്‍ത്തി, കുളിക്കാനെന്ന ഭാവത്തില്‍ പുഴയിലേക്കു ചാടി. കരണ്ടുരാജപ്പന് ആകെ അങ്കലാപ്പായി. കുപ്പി പെട്ടെന്നെവിടെയോ ഒളിപ്പിച്ചുവച്ചശേഷം, ഹോട്ടലിന്റെ മുറ്റത്തേക്കു വന്ന്, ഒന്നുമറിയാത്ത മട്ടില്‍ മോട്ടോര്‍ സൈക്കിളില്‍ ചാരിനിന്ന് ഒരു ബീഡി കത്തിച്ചു. കുഞ്ചാക്കോ എന്തോ ഗൗരവമായി സംസാരിക്കുന്നതുപോലെ തൊട്ടടുത്തു നിന്നു. പോലീസ് വാനില്‍നിന്ന് ഒന്നുരണ്ടു പോലീസുകാര്‍ വെളിയിലിറങ്ങി നില്‍ക്കുന്നതുകണ്ട്, കുഞ്ചാക്കോ പറഞ്ഞു: 

    'ഇത് ആ കന്തസ്വാമിയുടെ കിങ്കരന്‍മാരൊറ്റിയതാ. അല്ലെങ്കിലിപ്പോ ഒരുവണ്ടി പോലീസുകാര്‍ വരേണ്ട ഒരു കാര്യവുമില്ലല്ലോ.'

    കരണ്ടുരാജപ്പന്‍ പുകച്ചുരുളുകള്‍ ആകാശത്തേക്കു വിട്ടുകൊണ്ട്, എന്തോ ആലോചിച്ചിട്ടെന്നതുപോലെ പറഞ്ഞു: 

    'എന്നാലും ഒരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ വരുമോ?'

    'പുഴയുള്ളതുകൊണ്ട് മുച്ചീട്ടുകളിക്കാര്‍ ശരിക്കുമങ്ങു മുങ്ങി! ജനമര്‍ദ്ദകനും കൂട്ടരുമാ. ഒന്നു സൂക്ഷിക്കുന്നതു നല്ലതാ.'

    കരുണാകര്‍ജി ഒര്‍മ്മിപ്പിച്ചു. 

    രാജപ്പനു സംശയം മാറിയില്ല: 

    'ഇതതൊന്നുമല്ല. വേറേ എന്തോ കേസുകെട്ടാ.'

    കരണ്ടുരാജപ്പന് ആകാംക്ഷ നിയന്ത്രിക്കാന്‍ പറ്റിയില്ല. പതുക്കെ പോലീസ് വണ്ടിയുടെ അടുത്തേക്കു നടന്നു. രാജപ്പനു പരിചയമില്ലാത്ത ഒരു പോലീസുകാരനും ഹൈറേഞ്ച് ഭാഗത്തില്ല. ആ ധൈര്യത്തിലാണ് അങ്ങോട്ടുചെന്നു ചോദിക്കാന്‍ തീരുമാനിച്ചത്. അടുത്തു ചെന്നപ്പോള്‍ ആളെ മനസ്സിലായി. പീരുമേടു പോലീസ് സ്റ്റേഷനില്‍ പുതുതായി വന്ന സബ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനനാണ്. ആള്, കുനിച്ചുനിര്‍ത്തിയുള്ള ഇടിയ്ക്കു പേരുകേട്ട ജനമര്‍ദ്ദകനാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കല്‍ ഒന്നിച്ചൊന്നു കൂടിയിട്ടുള്ളതാണ്. ഡ്യൂട്ടിയിലാണെങ്കില്‍പ്പോലും ചിലപ്പോള്‍ നല്ല വീശു വീശും. സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വര്‍ക്കൊക്കെ രാജപ്പനാണു ചെയ്യുന്നത്. അങ്ങനെയൊരു പരിചയമുള്ളതുകൊണ്ട് അല്‍പ്പം ഉറക്കെത്തന്നെ ചോദിച്ചു: 

    'ജനാര്‍ദ്ദനന്‍സാറെന്താ പതിവില്ലാതെ ഇവിടെയൊരന്വേഷണം?'

    'അപ്പോള്‍ രാജപ്പനൊന്നുമറിഞ്ഞില്ലേ? കുമളിയില്‍ ഇന്നലെ പുതിയ സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനുവന്ന സിനിമാനടി സസ്‌നേഹം സുശീലയുടെ കാറ് ഏതോ പാര്‍ട്ടിക്കാരു തല്ലിത്തകര്‍ത്തു. സുശീലയ്ക്കു ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇപ്പോള്‍ ഹോസ്പിറ്റലിലാ.'

    ആദ്യം ഞെട്ടിയെങ്കിലും അതു പുറത്തു കാണിക്കാതെ രാജപ്പന്‍ പറഞ്ഞു: 

    'അതിപ്പം എതിര്‍സ്ഥാനാര്‍ത്ഥിയുടെ ആള്‍ക്കാരാരിക്കും. സസ്‌നേഹം സുശീലയ്ക്കിട്ട് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനുമുമ്പേ പണി തുടങ്ങിയോ! എന്നാലും ഇതിത്തിരി കടുംകൈയായിപ്പോയി.'

    'ഇനിയിപ്പം ഒരാഴ്ചത്തേക്കു ഞങ്ങള്‍ക്കു പണിയായി. പല രാഷ്ട്രീയക്കാരെയും സംശയമുണ്ട്. അതാ ഇപ്പോള്‍ അന്വേഷണം തുടങ്ങാമെന്നു തീരുമാനിച്ചത്.'

    'ചെലപ്പോ അതു വല്ല പള്ളിക്കൂടംപിള്ളേരുമായിരിക്കും സാറേ. സിനിമാനടിയെ കാണാന്‍ ഓടിക്കൂടിയപ്പം ഒരു രസം! ഇതിനുമുമ്പും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളതല്ലേ?'

    'എന്തു ചെയ്യാനാ! ഈ സിനിമാക്കാരൊക്കെ രാഷ്ട്രീയം കളിക്കാനിറങ്ങിയാല്‍ ഞങ്ങള്‍ പോലീസുകാര്‍ക്ക് ഇരട്ടിപ്പണിയാ. ഭാഗ്യത്തിനു നിസ്സാരപരിക്കേയുള്ളു. ഗ്ലാസ്സ് പൊട്ടി കൈയില്‍ക്കൊണ്ടു ചെറിയൊരു മുറിവ്.'

    'ഇതിപ്പം സഹതാപതരംഗമുണ്ടാക്കാന്‍ കന്തസ്വാമിയും ഒത്തോണ്ടു കളിച്ചതാണോന്നും സംശയിക്കണം.'

    കരണ്ടുരാജപ്പന്‍, അവസരത്തിനൊത്തു ചെവിയില്‍ പറഞ്ഞു. കരുണാകര്‍ജിയും കൂട്ടരും ആകാംക്ഷയോടെ എല്ലാം കണ്ടുകൊണ്ട് കുട്ടാപ്പി ആന്‍ഡ് സണ്‍സിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. ജനാര്‍ദ്ദനന്‍പിള്ള, രാജപ്പനെയും പോലീസുകാരന്‍ കുഞ്ഞുകൃഷ്ണനെയുംകൂട്ടി കുട്ടാപ്പിയുടെ ഹോട്ടലിലേക്കു നടന്നു. കുട്ടാപ്പിക്കാണെങ്കില്‍, ജനമര്‍ദ്ദകനെ കാണുന്നതുതന്നെ പേടിയാണ്. കാര്യമറിയാതെ അയാള്‍ മര്‍ദ്ദിക്കുന്നതിനെപ്പറ്റി പല കഥകളും കുട്ടാപ്പി കേട്ടിട്ടുണ്ട്. 

    എല്ലാവരും ആദ്യമൊന്നമ്പരന്നെങ്കിലും, അവര്‍ വന്നത് വെറുതേ സൊറപറഞ്ഞിരിക്കാനും ചായ കുടിക്കാനുമായിരുന്നു! 

Join WhatsApp News
Reader 2023-05-24 15:55:33
Becoming very natural and interesting.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക