Image

കാഴ്ചകൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 25 May, 2023
കാഴ്ചകൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

ഞാൻ മുന്നിലേയ്ക്ക് നടന്നു. ഇവിടം ഇങ്ങനല്ലാരുന്നു ദേ ഇവിടെ ചെറിയൊരു ഇടവഴിയായിരുന്നു. ഇടവഴിയുടെ അവസാനം ഇടുങ്ങിയ കുറച്ച് കൽപ്പടവുകളായിരുന്നു. അതിനുള്ളിലൂടെ താഴേയ്ക്ക് ചെന്നാൽ താറിടാത്ത ഒരു റോഡാണ്. ആ റോഡിനപ്പുറം കണ്ണെത്താ ദൂരത്തോളം വിസ്തൃതമായ പാടശേഖരങ്ങൾ . ഇപ്പുറത്തൊരു വശത്തായി അധികം ആഴമില്ലാത്ത പായൽ കൊണ്ട് പരവതാനി വിരിച്ചതുപോലൊരു കുളമുണ്ട്. പാടത്തിനും കുളത്തിനുമിടയിൽ റോഡിന്റെ വശത്തുകൂടെ പാടത്തിനരികിലേയ്ക്കൊഴുകിപ്പോകുന്ന ഒരു സുന്ദരിയായ തോട് , കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളത്തിൽ പരൽ മീനുകൾ കളിക്കുന്നത് നോക്കിയാൽ കാണാവുന്നതേയുള്ളു.

വയലിലൊരുഭാഗത്ത് കലപ്പയും കാളയുമായി പതിവു പോലെ വേണു ഉഴുതുമറിക്കുന്നുണ്ട്. വിളവെടുത്ത ഒരു പാടത്തിലാകട്ടെ പുല്ലു തിന്നുന്ന കന്നിനേയും, അതിനോട് കിന്നാരം ചൊല്ലുന്ന കൊറ്റിയേയും കാണാം. നല്ല ഇളം പച്ചപ്പുല്ലുകൾ മണ്ണോടെ പിഴുത് വല്ലം നിറയ്ക്കുന്ന ഒരു കൂട്ടരുമവിടെക്കാണാം. പുതിയ ഞാറു നടുന്ന കുഞ്ഞും കുട്ടികളുമടങ്ങുന്ന ഒരു കൂട്ടരേയും അകലെയായിക്കാണാം. 

താറിടാത്ത റോഡിലൂടെ നാണിയമ്മയും വിമലാമ്മയും റേഷൻ കടയിൽപ്പോയിട്ടായിരിക്കണം , തലയിൽ വട്ടിയിലായി സാധനങ്ങൾ ചുമന്ന് കൊണ്ട് വരുന്നുണ്ട് , അവരുടെ സംസാരം കേട്ടാലോ ?

നാണിയമ്മ : കണാരന്റെ മോള് തിരിച്ചുവന്നോ ?
വിമലാമ്മ : അവള് കോളേജിപ്പോയി പഠിച്ച പെണ്ണല്ലേ, അവക്ക് ജോലി വേണം ന്ന് .
നാണിയമ്മ : അവൻ വേണ്ടെന്ന് പറഞ്ഞാ പിന്നെന്തിനാ ?
വിമലാമ്മ : എന്നു പറഞ്ഞാൽ പഠിത്തമുള്ള പുള്ളാര് ജോലി കിട്ടാനല്ലേ പഠിച്ചത് ?
നാണിയമ്മ : പിന്നെ വീട്ടുകാര്യം ആര് നോക്കും ?
വിമലാമ്മ : അവക്കത് പറ്റില്ലാന്നാ പറയുന്നത് പോലും
നാണിയമ്മ : വളർത്തുദോഷം, അല്ലാതെന്താ ?
വിമലാമ്മ : അങ്ങനെ പറയാതെ നാണിയമ്മേ ....

മതി അല്ലേ , ഇനി ഒന്നും രണ്ടും പറഞ്ഞ് അവർ വഴക്കിടുന്നത് നമുക്ക് കാണണ്ട. നമ്മൾ ടാറിട്ട റോഡിൽ നിന്നല്ലേ ഇങ്ങോട്ട് വന്നത്, അങ്ങോട്ട് തന്നെ പോയാലോ? ആഹാ , രണ്ട് മൂന്ന് പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ച് ദേ വരുന്നൊരു പാവാടക്കാരി . തൊട്ടു പിന്നിലായി ഒരു സൈക്കിളിൽ അംഗരക്ഷകനെപ്പോലെ ഒരു മുറിമീശക്കാരൻ , കൗമാരകുസുമങ്ങളെന്താ പറയുന്നതെന്ന് കേട്ടാലോ ?
"ഒന്നു നിക്ക് പെണ്ണേ "
" ഇനിയെന്നെ ശല്യം ചെയ്താൽ ഞാൻ വീട്ടിൽ പറയും "
" പറഞ്ഞോ, അതിനു മുന്നേ എന്നെ ഇഷ്ടമാണോ , അല്ലയോ എന്നു പറ, കുറേ നാളായി നടക്കുവാ "
" എനിക്ക് പറയാൻ മനസില്ല "
" അപ്പോ ഇഷ്ടമാണ് "
" എന്നു ഞാൻ പറഞ്ഞോ "

ഇനി കേൾക്കാൻ നിൽക്കണ്ട, പോകാം . അതാ പ്രായത്തിന്റേതാണ്. പ്രണയമെന്ന വികാരം അനന്ത വിഹായസിലൂടെ പറന്നു നടക്കുന്നതുപോലെയാണ് , ഊണും ഉറക്കവും നഷ്ടപ്പെടുത്തുന്ന ഒരു തരം വല്ലാത്ത അവസ്ഥ, ചിലപ്പോൾ അത് പൂക്കും, കായ്ക്കും, ചിലപ്പൊ മുരടിച്ചും പോകാം . 
അതെന്തോ ആകട്ടെ, നമുക്ക് മുന്നോട്ട് നടക്കാം.

ദേ, അമ്മാളുഅമ്മ നട്ടുച്ചവെയിലിൽ ചന്തയിൽ പോയിട്ടു വരുന്നുണ്ട് , ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. "അല്ലേ , ഞാനിതെത്ര കണ്ടതാ, ഒരു രണ്ട് മീനും കൂടി ഇട്ടാലവനങ്ങ് കൊറഞ്ഞ് പോകുമോ ? ഒരു രൂപയ്ക്ക് ഒരു വട്ടി ചാള വാങ്ങിയ എന്നോടാ അവന്റെ കളി. ഒള്ള വെയിലു മൊത്തം കൊണ്ടതല്ലാതെ കൊണ്ടുപോയ തേങ്ങ ഒന്നും വിറ്റില്ല. അല്ലേലും കൊടുക്കുന്നതിന് വിലേം കിട്ടില്ല, വാങ്ങുന്നതിന് ഒടുക്കത്തെ വെലയും.
"എന്താ അമ്മായീ , ആരോടാ വർത്താനം ? പിന്നാലെ സൈക്കിളിലെത്തിയ രാജൻ ചോദിച്ചു. "ആരാടാ നെന്റ അമ്മായി ?നെനക്കെന്റെ മോളെ കെട്ടിച്ചു തരാന്ന് പറഞ്ഞോ ഞാൻ ?" രാജൻ ഒരിളിഭ്യച്ചിരി ചിരിച്ചു. " ആ നീ വീട്ടിലോട്ടൊന്ന് വരണേ, കയറ് പൊട്ടി, തൊട്ടി കിണറ്റിൽ വീണ് കിടക്കുവാ " , വൈകിട്ട് വരാമെന്ന് പറഞ്ഞ് അവനും കടന്നുപോയി ....

അവിടെന്താ ഒരു ബഹളം ? ആഹാ ,  ദേ ആമിനാത്ത ചക്ക കുത്തിയിടാൻ ഒരു തോട്ടിയുമായി പ്ലാവിന്റെ ചുവട്ടിലുണ്ട്. ഏതോ റോക്കറ്റ് വിക്ഷേപണം കാണുന്നത് പോലെ കുറച്ച് കുട്ടികൾ മുകളിലേയ്ക്ക് നോക്കി നിൽപ്പുണ്ട്. തോട്ടയുടെ അറ്റത്ത് കത്തി കെട്ടി ഇരുത്തം വന്ന അഭ്യാസിയെപ്പോലെ ആമിനാത്ത ആഞ്ഞു വലിക്കുന്നു. എല്ലാ കണ്ണുകളും ചക്കയിലേയ്ക്ക് .... ഏതോ ആത്മബന്ധമുള്ളതു പോലെ ചക്കയുടെ കൈ വരിയിൽ തൂങ്ങി കത്തി മുകളിലും, തോട്ട കൈയിലും.  പഴുത്ത വരിക്ക ചക്ക ഇപ്പൊ തിന്നു കളയാമെന്ന് വിചാരിച്ച കുട്ടികൾ പവനായി ശവമായി എന്നു പറഞ്ഞതുപോലെ ആകെ നിരാശരായി. കൂട്ടത്തിൽ പൊക്കക്കൂടുതലുള്ള സുനി പറഞ്ഞു , "അമ്പതു പൈസ തന്നാൽ ഞാൻ കയറാം ", ആമിനാത്ത മൂക്കത്ത് വിരൽ വച്ചു. " അമ്പത് പൈസയോ ? പത്തു പൈസ തരാം." അമ്പത് പൈസ തന്നെ വേണമെന്ന് സുനിയും ... ഒടുവിൽ ഇരുപത് പൈസയ്ക്ക് കയറാമെന്ന് പ്രായത്തിൽ മൂത്തവനെങ്കിലും കുള്ളനായ ബിജു പറഞ്ഞു. 
സുനി മനസില്ലാമനസ്സോടെ പ്ലാവിലേക്ക് കയറി. "എന്റെ കുരുമുളക് വള്ളി, ചവിട്ടിക്കളയല്ലേ " ആമിനാത്ത മുകളിലേയ്ക്ക് നോക്കിപ്പറഞ്ഞു, "ആമിനാത്താ, ങ്ങള് മിണ്ടാതിരി , ഇതിലപ്പടി പച്ചുറമ്പാണ്. "അയ്യോ, എറുമ്പ് കടിക്കുന്നേ, " എന്നും പറഞ്ഞ് ദേ അവൻ നിരങ്ങിയിറങ്ങുന്നു " , ഇനി ഇവിടെ നിന്നാൽ ശരിയാകില്ല , മുമ്പിലോട്ട് നടക്കാം.

ആഹാ മിനിക്കുട്ടി മീൻ കണ്ടിക്കുന്നതേയുള്ളല്ലോ , മുന്നിലായി വാലും പൊക്കിപ്പിടിച്ച് ചക്കിപ്പൂച്ചയുമുണ്ട്. ആട്ടിൻകുട്ടികൾ കരയുന്ന ശബ്ദം കേൾക്കാം , അമ്മക്കോഴി ചിക്കിച്ചികഞ്ഞ് കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും കാണാം.

നടന്നു നടന്നു വൈകുന്നേരമായല്ലോ , പ്രഭാകരന്റെ ചായക്കടയിലെ ബഞ്ചിൽ പതിവു പോലെ നാലഞ്ചു പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. കണ്ണാടി അലമാരയിൽ ഗുണ്ടും , പഴം പൊരിയനും, സുഖിയനും , കേക്കുമൊക്കെ തങ്ങളുടെ ഊഴം കാത്തു കിടക്കുന്നു , വെട്ടിത്തിളക്കുന്ന ചായയുടെ ഗന്ധമാണ് അവിടൊക്കെ. 

ദൂരെ അമ്പലത്തിൽ റെക്കാഡ് പാട്ടിട്ടല്ലോ? സന്ധ്യയാകണു . ദീപാരാധന തുടങ്ങാറായെന്ന് തോന്നുന്നു. നാല് വശവും വിളക്ക് കത്തിക്കണുണ്ട്. ചുറ്റമ്പലമാകെ 
ദീപപ്രഭയിൽ മുങ്ങിക്കുളിക്കുമ്പോൾ മനസിനും ശരീരത്തിനും പുത്തനുണർവ്വ് പോലെ .

അയ്യോ മറന്നു, ഇന്ന് മഞ്ചുവിന്റെ സ്വീകരണമല്ലേ, നാളെയാണല്ലോ കല്യാണം . ഒന്നു പോയി വരാം. ആഹാ വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു. സ്വന്തക്കാരും ബന്ധുക്കളുമൊക്കെ വന്നും പോയുമിരിക്കുന്നു. സ്വീകരണത്തിന് സ്ക്വാഷ്, അലുവ , കേക്ക്, ബിസ്ക്കറ്റ് , പഴം മതിയല്ലോ ? പ്രായം ചെന്ന കാരണവന്മാർ പഴയ കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിവരിക്കുന്നു , കൊടുത്ത കാശ് തിരിച്ച് ആൾക്കാർ തരുന്നുണ്ടോ എന്ന വേവലാതിയിലാണ് അമ്മ, അച്ഛൻ ആരോടൊക്കെയോ സംസാരിക്കുന്നു , മഞ്ചുവിന്റെ അടുത്തും കുറേ പെണ്ണുങ്ങൾ അളവെടുക്കുന്നതു പോലെ നിൽക്കുന്നുണ്ട് , എന്തു കുറവുണ്ട് എന്നതാകും നോട്ടം, കുട്ടികളും മറ്റും ആകെ ബഹളം ... എന്താ ല്ലേ ? നടക്കട്ടെ ..

രാത്രിയായി ഇനി തിരികെ പോന്നാലോ, അതാ ഒരു കരച്ചിലും സംസാരവുമൊക്കെ കണാരന്റെ വീട്ടിൽ നിന്നും ഉയർന്നു കേൾക്കുന്നല്ലോ ?
"മോളെ , എന്താ ഇപ്പൊ പ്രശ്നം ?"
" ഞാനൊരു വ്യക്തിയാണ്, എനിക്കുമുണ്ട് ഇഷ്ടങ്ങളും അഭിപ്രായങ്ങളുമൊക്കെ "
" ഈ പെണ്ണിതെന്തു ഭാവിച്ചാ ?  നാട്ടുകാരെന്തു പറയും "
"അമ്മ മിണ്ടരുത്, നാട്ടുകാർ, നാട്ടുകാർ അവരാണോ തീരുമാനിക്കുന്നത് "
" മോളെ , തലയിലെടുത്തു വച്ചോ നിങ്ങൾ " 
"അച്ഛാ ,എന്റെ ശവം കാണണോ 
നിങ്ങൾക്ക് "

ആ ബഹളത്തിനിടയിൽ നിന്നും ഞാനിറങ്ങി നടന്നു. പ്രശ്നങ്ങളില്ലാത്ത ജീവിതങ്ങളില്ല അല്ലേ? മറ്റുള്ളവരുടെ വിഷമങ്ങൾ കാണുമ്പോഴാണ് നമുക്ക് കിട്ടിയ സന്തോഷത്തിന്റെ വില മനസിലാകുന്നത് " , അറിയാതെന്റെ കണ്ണുകൾ നിറഞ്ഞു , ചെറിയൊരു തേങ്ങലുള്ളിൽ നിന്നുണർന്നുവോ ?

പെണ്ണേ, എന്താ എന്തു പറ്റി ? സ്വപ്നം വല്ലതും കണ്ടോ ? ഞാൻ പെട്ടെന്ന് ചാടിയെണീറ്റു ..... അത് സ്വപ്നമായിരുന്നോ ?
" രാത്രിയായാൽ സ്വൈര്യമായിട്ട് കിടന്നുറങ്ങുകയുമില്ല, മറ്റുള്ളവരെ ഉറക്കുകയുമില്ല " അദ്ദേഹം പിറുപിറുക്കുന്നുണ്ടായിരുന്നു ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക