Image

ജീവിതത്തിൽ മധുരം നിറയ്ക്കുന്ന പ്രിയപ്പെട്ടവ : റോണിയ

Published on 25 May, 2023
ജീവിതത്തിൽ മധുരം നിറയ്ക്കുന്ന പ്രിയപ്പെട്ടവ : റോണിയ

മിറക്കിൾ ഫ്രൂട്ട് കഴിച്ചിട്ടുണ്ടോ? പേരുപോലെ തന്നെ മധുരത്തിന്റെ ഒരു വലിയ അത്ഭുതം ഉള്ളിലൊളിപ്പിച്ച ഒരു കുഞ്ഞൻ പഴം.ഈ പഴം കഴിച്ചിട്ട് നമ്മൾ എന്തു കഴിച്ചാലും തേൻ പോലെ മധുരിക്കും.പുളിയൻ മാങ്ങയും കയ്പ്പൻ പാവയ്ക്കായുമൊക്കെ ചുമ്മാ കൂളായിട്ട് കഴിക്കാം.. കഴിക്കുമ്പോൾ "ഇതൊക്കെയെന്ത്"  എന്നൊരു എക്സ്പ്രഷൻകൂടി മുഖത്ത് വരുത്താം.

കൂട്ടുകാരോടൊപ്പമിരുന്നു മിറക്കിൾ ഫ്രൂട്ട് കഴിച്ചിട്ട് നല്ല പുളിയുള്ള പച്ച മാങ്ങാ കണക്കില്ലാതെ തിന്ന് വായിലെ തൊലി പോയപ്പോഴാണ് ഈ കുഞ്ഞൻ പഴത്തെപ്പറ്റി ഒരു ത്വാത്വികഅവലോകനം നടത്താൻ എനിക്ക് "തോന്നൽ" ഉണ്ടായത് 

നമ്മുടെയൊക്കെ ജീവിതത്തിലും മിറക്കിൾ ഫ്രൂട്ട് പോലെ ചില മനുഷ്യരും ചില ഇടങ്ങളുമൊക്ക ഇല്ലേ...മനസിന് ഭാരം കൂടുമ്പോൾ, ജീവിതം ചില കയ്പ്പും പുളിയുമുള്ള അനുഭവങ്ങൾ മുമ്പിൽ വെച്ച് തരുമ്പോൾ, കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചില മനുഷ്യരും പോയിരിക്കണമെന്ന് തോന്നുന്ന ചില ഇടങ്ങളും ഉണ്ടാവും.

ചിലപ്പോൾ ദൈവാലയങ്ങളിലെ ഈശ്വര സാന്നിധ്യമാകാം, കടൽത്തീരത്തെ കാറ്റകാം,മലമുകളിലെ കൊടമഞ്ഞാകാം,ഇഷ്ട സ്ഥലത്തേക്കുള്ള യാത്രയാകാം, അടുക്കളയിൽ അമ്മയ്ക്കൊപ്പമിരിക്കുന്നതാകാം, പങ്കാളിയുടെ തലോടലാകാം, കുട്ടികളുടെ കൊഞ്ചലാകാം,സുഹൃത്തു കൾക്കൊപ്പമുള്ള ഒത്തുചേരലാകാം, പ്രിയപ്പെട്ട ആരുടെയൊക്കെയോ  ഓർമ്മകൾ ആകാം, അതിലേറെ പ്രിയപ്പെട്ട  ആരുടെയോ സാന്നിധ്യമാകാം, അങ്ങനെ  ആരും എന്തുമാകാം...

ഇവയ്‌ക്കൊന്നും നമ്മുടെ വേദനകളോ പ്രശ്നങ്ങളോ ഇല്ലാതാക്കാൻ കഴിഞ്ഞെന്നു വരില്ല പക്ഷെ അല്പ നേരത്തേയ്ക്കെങ്കിലും ജീവിതത്തിൽ മധുരം നിറയ്ക്കാൻ ഇവക്ക് സാധിക്കും.. മിറക്കിൾ ഫ്രൂട്ട് പോലെ....

ജീവിതത്തിൽ മധുരം നിറയ്ക്കുന്ന പ്രിയപ്പെട്ടവരും മറവിയിലാണ്ടുപോയ മധുരിക്കുന്ന ഓർമകളും ഒരു നിമിഷം മനസ്സിൽ നിറഞ്ഞു....

മിറക്കിൾ ഫ്രൂട്ടിന്റെ എഫക്ട് അപ്പോഴേക്കും നാവിൽ നിന്ന് പോയിരുന്നു.. ഹോ ഈ മാങ്ങയ്ക്ക് എന്തൊരു പുളിയാ!

Join WhatsApp News
Marya 2023-05-25 16:02:39
Very nice 😇
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക