Image

മുരളി നാഗപ്പുഴ; ഗ്രാമീണ ദൃശ്യങ്ങളിലൂടെ ചിത്രകലയുടെ സിംഹാസനത്തിലേക്ക് കടന്നിരുന്ന ചിത്രകാരന്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 25 May, 2023
 മുരളി നാഗപ്പുഴ; ഗ്രാമീണ ദൃശ്യങ്ങളിലൂടെ ചിത്രകലയുടെ സിംഹാസനത്തിലേക്ക് കടന്നിരുന്ന ചിത്രകാരന്‍ (ദുര്‍ഗ മനോജ് )

നാട്ടുവഴികളുടെ ഗ്രാമീണ ദൃശ്യങ്ങള്‍ അതിന്റെ പച്ചപ്പോടുകൂടി പകര്‍ത്തിക്കൊണ്ടാണ് മുരളി നാഗപ്പുഴ, മലയാളികളുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ചിത്രകലാസ്വാദകരുടെ പ്രിയങ്കരനായ ചിത്രകാരനായി മാറുന്നത്. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍ ലോകമറിയുന്ന ചിത്രകാരനായതു ഒരു സുപ്രഭാതത്തില്‍ ഭാഗ്യകടാക്ഷം കൊണ്ടു സംഭവിച്ചതല്ല, മറിച്ച് ശില്പിയായ അച്ഛന്റെ പാതയില്‍ ഉരുകിയ ലോഹക്കൂട്ട്, കരുവിലേക്കൊഴുകുമ്പോള്‍ എന്ന പോലെ, ജീവിതത്തിന്റെ മൂശയില്‍ ഉരുകി ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ രൂപപ്പെട്ടതാണ്. ഒരു വെങ്കല ശില്പിയുടെ ആലയില്‍ കൊളുത്തിയ തീ, വീടിന്റെ മുകള്‍ത്തട്ടോളം ഉയര്‍ന്നിട്ടും അയാളുടെ വീടിനെ നക്കിത്തോര്‍ത്താതെ അടങ്ങുന്നത് ശില്പ സൃഷ്ടി ഒരു കലയാണ് എന്നതിനാലാകും എന്നു സ്വന്തം ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രകാരന്‍ പറയുന്നത്. കലയുടെ അഗ്‌നി, സ്വയം ശുദ്ധീകരിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഉരുകിത്തിളച്ച ലോഹക്കൂട്ട് കരുവിലേക്കൊഴുകുന്ന അത്രയും ഉള്ളുരുക്കത്തോടെയാണ് മുരളി നാഗപ്പുഴ എന്ന ചിത്രകാരന്‍ രൂപപ്പെട്ടത്. പഠിച്ചത്, തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും ബി എസ് സി ബോട്ടണി. അത് ഒന്നാം ക്ലാസില്‍ പാസ്സായി. പ്രീഡിഗ്രിക്കാലം മുതല്‍ സയന്‍സ് ബാച്ച് കുട്ടികളുടെ പ്രിയപ്പെട്ട റെക്കാര്‍ഡ് ബുക്ക് വരപ്പുകാരന്‍ എന്നതിനപ്പുറം ബിരുദം നേടുംവരെയും ചിത്രരചനയാണ് ഭാവിയില്‍ തന്നെ നയിക്കേണ്ടത് എന്നൊരു ചിന്ത ആ യുവാവില്‍ രൂപം കൊണ്ടിരുന്നില്ല. എന്നാല്‍ വ്യക്തമായും എന്തെന്നറിയാത്ത ഒരു ചോദന മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു. 

കൃഷ്ണന്‍ എന്ന വെങ്കല ശില്പിയുടേയും ഭാര്യ കാര്‍ത്യായനിയുടേയും ഒമ്പതു മക്കളില്‍ ഒരാളായി മുരളി വളര്‍ന്നു. നാഗപ്പുഴ ഗവണ്‍മെന്റ് എല്‍. പി സ്‌ക്കൂളില്‍ തൊട്ടടുത്ത് ഇരുന്നിരുന്ന മാത്യുവാണ് ചിത്രകലയില്‍ മുരളി ആദ്യം അത്ഭുതത്തോടെ നോക്കിനിന്ന പ്രതിഭ. ഉച്ചക്കു കിട്ടുന്ന ഗോതമ്പ് ഉപ്പുമാവിനു വേണ്ടി മാത്രം സ്‌ക്കൂളില്‍ വന്നിരുന്ന മാത്യുവിന്റെ സ്ലേറ്റില്‍ പകര്‍ത്തിയെഴുത്തുകള്‍ക്കു പകരം നിറഞ്ഞിരുന്ന കല്യാണ വീടുകളുടേയും സദ്യയുടേയും ചിത്രങ്ങള്‍ പില്‍ക്കാലത്ത് കുട്ടികള്‍ക്കു വേണ്ടി ദേശാഭിമാനിയുടെ, തത്തമ്മ എന്ന ബാല വാരികയില്‍ എഴുതുമ്പോഴും വരയ്ക്കുമ്പോഴും മുരളി നാഗപ്പുഴയെ സ്വാധീനിച്ചിരിക്കണം. ബിരുദശേഷമാണ്, നാടുവിടുക എന്ന ചിന്ത അക്കാലത്തെ ഒരു നാട്ടുനടപ്പു പോലെ അയാളില്‍ ദൃഢമാകുന്നത്. അങ്ങനെ, അച്ഛന്‍ നല്‍കിയ മുന്നൂറു രൂപയുമായി മദിരാശിയിലേക്കു തൊഴില്‍ തേടി യാത്ര. അക്കാലത്ത് റെയില്‍വേ കൂടുതല്‍ ജനകീയമായിരുന്നു എന്നു പറയണം, കാരണം ടിക്കറ്റില്ലാത്ത യാത്രക്കാരെ തേടിപ്പിടിക്കുന്ന ടി ടി ആര്‍ എന്ന വിഭാഗക്കാര്‍ വളരെക്കുറവായിരുന്നു അന്ന്. കള്ളവണ്ടി കയറി മദിരാശിയിലെത്തിയ അനേകര്‍ക്കൊപ്പം മുരളിയും ആ മഹാനഗരത്തിന്റെ ഒരു പൊത്തില്‍ ചെന്നിടഞ്ഞു. അവിടെ സമാനഹൃദയരായ പലര്‍ക്കൊപ്പം ജീവിതം മുന്നോട്ട്. പല വേഷങ്ങള്‍ കെട്ടിയാടണം ഒരു ജീവിതം തീര്‍ക്കാന്‍ എന്നത് മുരളി നാഗപ്പുഴ എന്ന ചിത്രകാരന്റെ ജീവിതത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ സത്യമായി. കെട്ടിടനിര്‍മാണ സൈറ്റില്‍ മണ്ണു ചുമന്നും, ലാട വൈദ്യനായും, സുവിശേഷം പറയുമ്പോള്‍ ഹല്ലേലുയ പറഞ്ഞും കുറേ നാളുകള്‍ കടന്നു പോയി. ഇതിനിടയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മെഡിക്കല്‍ റെപ്പ് ആയി ജോലി കിട്ടി. അങ്ങനെ മദിരാശിയോടു സലാം പറഞ്ഞ് പുതിയ ജോലിസ്ഥലമായ കണ്ണൂരേക്ക്. പക്ഷേ, മദിരാശിയിലെ ചോള മണ്ഡലത്തിലെ സന്ദര്‍ശനം വഴി ലഭിച്ച ചില ചിത്രക്കാഴ്ചകള്‍, കലയുടെ വളക്കൂറുള്ള മനസ്സില്‍ ചിത്രകലയുടെ വിത്തു വിതച്ചിരുന്നു.


സ്വസ്ഥമായൊരു ജോലി കിട്ടിയതോടെ ആദ്യം പൊടി തട്ടിയെടുത്തത് ചിത്രകലാ മോഹം തന്നെ. ചോളമണ്ഡലത്തില്‍ക്കണ്ട കാഴ്ചകളാണ് ആദ്യം ചിത്രങ്ങളായത്. ഒരു ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയെപ്പോലെ പാശ്ചാത്യ ചിത്രകലയുടെ സ്വാധീനമുള്ള കുറേയേറെ ചിത്രങ്ങള്‍ പിറന്നു വീണു. ചോളമണ്ഡലക്കാഴ്ചകളുടെ സ്വാധീനത്തില്‍ നിലകൊണ്ടിരുന്ന ആ കാലത്താണ് സി. പി. എം നു വേണ്ടി പോസ്റ്ററുകളും ബാനറുകളും ഡിസൈന്‍ ചെയ്യുന്നതും, അന്നത്തെ എസ്എഫ്‌ഐ നേതാവായ ജെയിംസ് മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം കോളേജില്‍ പോസ്റ്ററുകളുടെ ഒരു എക്‌സിബിഷന്‍ നടത്തുന്നതും. തുടര്‍ന്നാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് ദേശാഭിമാനിയില്‍ കുട്ടികളുടെ മാസികയായ തത്തമ്മയുടെ ചുമതല ഏറ്റെടുക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി എഴുതുകയും വരയ്ക്കുകയും ചെയ്യുമ്പോഴും അബ്‌സ്ട്രാക്റ്റ് പെയിന്റിങ്ങ് ലഹരിയായി കൂടെ നിന്നു.
കാര്യങ്ങള്‍ക്കു മാറ്റമുണ്ടായത് പെട്ടെന്നാണ്. ഒരിക്കല്‍ നിക്കരാഗ്വയില്‍ പോയി മടങ്ങി വന്ന ജെയിംസ് മാത്യു, തനിക്കു സമ്മാനമായിക്കിട്ടിയ കുറേ പെയിന്റിങ്ങുകള്‍ ചിത്രകാരനു നല്‍കി. അതിലെ ഒരു ചിത്രമാണ് ഇന്നു നാമറിയുന്ന മുരളി നാഗപ്പുഴയാക്കി മാറ്റിയത് എന്നു പറയാം. ചിത്രകലയുടെ സാങ്കേതികതകള്‍ പഠിച്ചവര്‍ വരച്ചതായിരുന്നില്ല ആ ചിത്രങ്ങള്‍. സാധാരണക്കാരായ ഗ്രാമീണര്‍ വരച്ച തനിനാടന്‍ കാഴ്ചകളായിരുന്നു അതില്‍. അതിലെ ഇലകളും മരങ്ങളും മുരളിയിലെ ചിത്രകാരനെ പ്രചോദിപ്പിച്ചു. അതു വഴിത്തിരിവായി. ഈ സമയത്ത് തിരുനെല്ലിയിലേക്ക് സുഹൃത്ത് ഹരികൃഷ്ണനൊപ്പം ഒരു യാത്ര പോയി. ആ യാത്രയില്‍ക്കണ്ട വയനാടന്‍ കാഴ്ചകള്‍ എന്തുകൊണ്ട് നിക്കരാഗ്വന്‍ മാതൃകയില്‍ പകര്‍ത്തിക്കൂട എന്നായി ചിന്ത. അത് അബ്‌സ്ട്രാറ്റുകളില്‍ നിന്നും വഴിമാറി ഒരു പുത്തന്‍ ചിത്രാനുഭവത്തിലേക്കു കാഴ്ചക്കാരെ നയിക്കുന്ന ഒന്നായി മാറി.
പറയുന്ന പോലെ എളുപ്പമായിരുന്നില്ല ആ വര. പക്ഷേ, ഒരുനാള്‍ വരകള്‍ക്കു കീഴടങ്ങാതെ വയ്യെന്നായി. വരകള്‍ വഴങ്ങി, നിറങ്ങളും.  

 

അവിടം മുതല്‍ ഇന്നത്തെ, നാഗപ്പുഴ ചിത്രങ്ങളുടെ പിറവിയായി. ആ തിരുനെല്ലിക്കാഴ്ചകളുടെ ചിത്രപരമ്പരയുടെ എക്‌സിബിഷന്‍ ടി. പത്മനാഭന്‍ ഉത്ഘാടനം ചെയ്തു. ആ വേദിയില്‍ സന്നിഹിതനായിരുന്ന എം. എന്‍ വിജയന്‍ ആ പ്രദര്‍ശനോത്ഘാടനവേളയെ കൂടുതല്‍ ധന്യമാക്കി. തിരുനെല്ലി പരമ്പര വരയ്ക്കുന്നതിനിടയില്‍ കലയും പ്രകൃതിയും, തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ സാധിക്കുന്ന ഒരു സംഭവം നടന്നു. ആ പരമ്പരയിലെ ഒരു ചിത്രത്തില്‍ ഒരു ബുള്‍ബുള്‍ പക്ഷിയെ വരയ്ക്കണം. എന്നാല്‍ ആ പക്ഷിയുടെ ചിത്രം ചിത്രകാരന്റെ കൈയിലില്ല താനും. ഈ സമയം ഒരു ബുള്‍ബുള്‍ പക്ഷി അവിടെ ആ വീട്ടിലേക്കു കടന്നു വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അത് അവിടൊരു ചെടിച്ചട്ടിയില്‍ കൂടുംകൂട്ടി മുട്ടകളുമിട്ടു. മുട്ടയ്ക്ക് അടയിരിക്കുന്നതും മുട്ട വിരിയുന്നതും കുഞ്ഞുങ്ങള്‍ക്കു കുഞ്ഞിച്ചിറകു മുളയ്ക്കുന്നതുമെല്ലാം ചിത്രകാരന്റെ കണ്‍മുന്നില്‍ സംഭവിച്ചു. ഇതിനിടയില്‍ ഒരു ദിവസം കുഞ്ഞുങ്ങളെ അടുത്തു കാണാന്‍ കൂടു കൂട്ടിയ ചില്ലയുടെ ഇലകള്‍ ഒന്നു വെട്ടിയൊതുക്കിയത് അബദ്ധമായി. കിളി പരിഭ്രമിച്ച് പറക്കാറായ മക്കളേയും കൂട്ടി അവിടെ നിന്നും പറന്നു പോയി. കുറച്ചു ദിവസത്തിനു ശേഷം മക്കളുമൊത്ത് അമ്മക്കിളി ഒരിക്കല്‍ക്കൂടി വന്ന് ചിത്രകാരനെ കണ്ടശേഷം പിന്നീട് ആ വഴി അവ ചെന്നിട്ടില്ല. മനുഷ്യരെയല്ല, മനുഷ്യരിലെ കലയെ പ്രകൃതി അംഗീകരിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം.


തിരുനെല്ലി പരമ്പരയ്ക്കു ശേഷം, തന്റെ വഴി ചിത്രരചനയുടേതു തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു.
തുടര്‍ന്ന് നാട്ടുവഴിയുടെ, മണ്ണിന്റെ, പുല്ലിന്റെ, പൂവിന്റെ, ചിത്രങ്ങള്‍ ധാരാളം ആ ബ്രഷില്‍ നിന്നും വിടര്‍ന്നുയര്‍ന്നു. അവ കണ്ടു നില്‍ക്കുന്ന ഏതൊരാളിലും ഉള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടി ഉണര്‍ന്നെണീറ്റു. കൗതുകമേറെയുള്ള കുട്ടിയുടെ കണ്ണുകളോടെ മാത്രമേ ആ ചിത്രങ്ങളെ കണ്ടു തീര്‍ക്കാനാകൂ. ഓരോ ചിത്രവും പലതരം ഇലകള്‍ കൊണ്ട്, മരങ്ങള്‍ കൊണ്ട്, പൂവുകളും പുല്ലും കൊണ്ട് കഥ പറയുന്നു.
ബഷീര്‍ ചിത്രങ്ങളില്‍, ചാരുകസേരയിലെ ബഷീറിനൊപ്പം പാത്തുമ്മയുടെ ആടും, ബാല്യകാല സഖിയിലെ നായികാനായകന്മാരും, നമ്മളോടു സംവദിക്കുന്നത് കൃത്യമല്ലേ?
അതിലേറെ ഭംഗിയായി എങ്ങനെയാണ് എഴുത്തിന്റെ സുല്‍ത്താനെ വരയ്‌ക്കേണ്ടത്?


ഇന്നീ കലാകാരന്റെ ചിത്രങ്ങള്‍ ഏഴു കടലും താണ്ടി സഞ്ചരിക്കുന്നത് ഒരു അക്കാദമിക പരിവേഷവും ഇല്ലാതെയാണ്. എല്ലാ ജോലികളില്‍ നിന്നും ഇറങ്ങി നിന്ന് മുഴുവന്‍ സമയ ചിത്രകാരനാകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തിലാണീ ചിത്രകാരന്‍. നമുക്ക് അക്കാദമിഷ്യന്മാരും, മാധ്യമ പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരുമായ എഴുത്തുകാരുണ്ട്. റിട്ടയര്‍ ചെയ്ത് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം എഴുത്തിനെ പുണര്‍ന്നവരുമുണ്ട്, എന്നാല്‍ ഞാനൊരു മുഴുവന്‍ സമയ എഴുത്തുകാരനാണെന്നു പറയുന്ന എത്ര എഴുത്തുകാരുണ്ട്? കൃത്യമായ പെന്‍ഷന്‍/ ശമ്പളത്തിന്റെ പതുപതുപ്പില്‍ സുഖം പറ്റിയിരുന്ന് എഴുതുന്ന പോലെ ആയാസരഹിതമല്ല ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ നെഞ്ചിലേറ്റി അക്ഷരത്തീയില്‍ ജീവിതമുരുക്കുന്നത്. അതു തന്നെയാണ് ചിത്രകാരന്മാരുടെ കാര്യത്തിലും. അത്രത്തോളമെത്താന്‍ കെല്പുള്ളവര്‍ എത്ര പേരുണ്ട്? എത്ര പേര്‍ക്കതിനു ധൈര്യമുണ്ട് എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് മുരളി നാഗപ്പുഴ ഉത്തരം നല്‍കുന്നു സ്വന്തം ജീവിതം കൊണ്ട്. അദ്ദേഹം നിത്യവും കുളിച്ച് വൃത്തിയായി തന്റെ സ്റ്റുഡിയോയില്‍ കയറുന്നു. വൈകുന്നേരം വരെ ചിത്രരചനയില്‍ ഏര്‍പ്പെടുന്നു. വലിയ കാന്‍വാസുകളിലെ ചിത്രങ്ങള്‍ പതിനഞ്ച് ഇരുപതു ദിവസം കൊണ്ടു പൂര്‍ത്തിയാക്കുന്നു, അവ വിവിധ എക്‌സിബിഷനുകളിലും, രാജ്യന്തര ലേല ഏജെന്‍സികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കു നല്‍കുന്നു. അവ വില്‍ക്കപ്പെടുന്നു. ഇതൊരു ചിത്രകാരന്റെ വളര്‍ച്ചയുടെ കഥയാണ്. 

കണ്ണൂരുകാരിയായ ഭാര്യ രാധികയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തില്‍ ഒരു കാലത്തു കലാകാരന്മാര്‍ക്കു വിധിച്ച നീണ്ട താടി, മുടി, ജുബ്ബാവേഷവിധാനങ്ങളോ, ലഹരിയുടെ ഭ്രാന്തോ ഇല്ലാതെ ഒരു സാധാരണക്കാരനായി മുരളി നാഗപ്പുഴ എന്ന ഇന്നു ചിത്രകലാലോകം ഉറ്റുനോക്കുന്ന ചിത്രകാരന്‍ ജീവിക്കുന്നു, നാട്യപ്രധാനമായ ലോകത്ത് നാട്യങ്ങളേതുമില്ലാതെ.

 മുരളി നാഗപ്പുഴ; ഗ്രാമീണ ദൃശ്യങ്ങളിലൂടെ ചിത്രകലയുടെ സിംഹാസനത്തിലേക്ക് കടന്നിരുന്ന ചിത്രകാരന്‍ (ദുര്‍ഗ മനോജ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക