നീ നടന്നകന്ന വഴിയരികെ,
നീ ശൂന്യമാക്കിയ പാതയോരത്ത്,
ശൂന്യമായി ഞാൻ നിന്നില്ലയെന്ന്,
ഓമനിച്ച സുന്ദര നിമിഷങ്ങളുമായ് ,
നീ പറയാതെ പോയതോർത്ത് ,
ജീവനുരുകി നിന്നില്ലയെന്ന്,
ഞാൻ കള്ളം പറയില്ല പൊന്നേ.
കണ്മറഞ്ഞ എന്റെ ജീവനേ,
അന്നെന്റെ ചേതനയുമറ്റുപോയില്ലേ!
ഉള്ളതുപറയട്ടേ , എന്റെ പ്രകാശമേ-
ഒരത്ഭുതമായ് നീയെന്നിൽ ജ്വലിച്ചനാൾ,
എനിക്ക് സൂര്യന്റെ പ്രഭയും,
ചന്ദ്രന്റെ കുളിർമയുമായിരുന്നു.
നീ പോയനാൾ ഉൾക്കനലിൽ വെന്ത്,
ചാമ്പലായ്, പൊള്ളയായ്, ഒഴിഞ്ഞ പേടകമായ്.
ഇതെന്തൊരു ചഞ്ചലത പൊന്നേ !
സത്യം പറയട്ടേ എന്റെ താരകമേ,
മലർ മധുപനെ കാത്തിരിക്കും പോലെ,
തിളച്ച ഭൂമി മഴയെ കാംഷിക്കും പോലെ,
അന്ന് ഞാനൊരു സന്യാസിനിയായ്,
നിൻ മുഖം ധ്യാനിച്ചിരുന്നിരുന്നു.
ഒരു സ്വകാര്യം പറയട്ടേ തെന്നലേ,
ഞാനാദ്യമായി കാണുകയല്ല നിന്നെ,
കാലത്തിന്റെയൊഴുക്കിൽ പലവട്ടം കണ്ട സുന്ദര രൂപം !
ഞാൻ നീയായ് പിന്നെയും-
വേർപിരിയാത്ത തുടർജന്മസാഫല്യം.
മണൽത്തരി അന്തരീക്ഷത്തിലൊളിച്ചാൽ അതെത്രനേരം!
തിര കടലിനോടകന്ന് എത്രനേരം!