Image

ഫോമയുടെ കേരളാ കൺവൻഷൻ അടുക്കുന്നു; കർമ്മനിരതരായി വനിതാ ഫോറം 

മീട്ടു റഹ്മത്ത് കലാം  Published on 27 May, 2023
ഫോമയുടെ കേരളാ കൺവൻഷൻ അടുക്കുന്നു; കർമ്മനിരതരായി വനിതാ ഫോറം 

ഏഴ് എന്ന സംഖ്യയ്ക്ക് നിറവ് എന്നൊരർത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. ഏഴ് നിറങ്ങൾ ചേർന്ന് രൂപപ്പെടുന്ന മഴവില്ലിന്റെ മനോഹാരിത അനുപമമാണ്. സപ്തസ്വരങ്ങളിൽ നിന്നാണ് അനർഗ്ഗളമായ സംഗീതം ഒഴുകുന്നത്. ഒരേ മനസ്സുള്ള ഏഴ് വനിതകൾ കൈകോർക്കുമ്പോഴും കാരുണ്യത്തിന്റെയും കരുതലിന്റെയും പുതുമഴയാണ് പെയ്തിറങ്ങുന്നത്. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ വനിതാ ഫോറത്തിലെ സ്ത്രീരത്നങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെയർപേഴ്സൺ സുജ ഔസോ,സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറർ സുനിത പിള്ള,വൈസ് ചെയർ മേഴ്സി സാമുവൽ,കോഓർഡിനേറ്റർ അമ്പിളി സജിമോൻ, ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിൻ,ജോയിന്റ് ട്രഷറർ ടീന ആശിഷ് എന്നിവരടങ്ങുന്ന ടീമിന്റെ പ്രവർത്തനങ്ങൾക്ക് ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്. സ്ത്രീകൾക്കായുള്ള സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് എന്നിങ്ങനെ നന്മയിൽ പൊതിഞ്ഞ ഒരുപിടി കർമ്മപദ്ധതികളുമായാണ് ഫോമാ വനിതാ ഫോറത്തിന്റെ പ്രയാണം. ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കുന്ന ഫോമാ കൺവൻഷന്റെ ഒരുക്കങ്ങൾക്കായി നേരത്തേ തന്നെ നാട്ടിൽ എത്തിച്ചേർന്ന വനിതാ ഫോറം ചെയർപേഴ്സൺ സുജ ഔസോ, തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നു...

നഴ്സിംഗ് വിദ്യാർത്ഥികളെ കൂടാതെ മറ്റു പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഇത്തവണ ഫോമാ വനിതാ ഫോറത്തിന്റെ സ്‌കോളർഷിപ്പ് ലഭിക്കുന്നുണ്ടല്ലോ?

പണം നൽകി സഹായിച്ചാൽ,അതിന്റെ ഗുണം ആ നേരത്തേക്ക് മാത്രമായിരിക്കും. ഒരാളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സഹായം നൽകിയാൽ, അതിലൂടെ ഒരു ജോലി നേടി ആ കുടുംബം രക്ഷപ്പെടും.ഇതാണ് ഞങ്ങളുടെ വിശ്വാസപ്രമാണം.
 വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്ക്  50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള മറ്റു  പ്രൊഫണല്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷ ലഭിച്ചതോടെ, അവരെയും പരിഗണിച്ചു. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടവരാണ് അധികവും. പഠിക്കാൻ മിടുക്കികൾ ആയിട്ടും,സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ അവർക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന് തോന്നി. അങ്ങനെയാണ് പദ്ധതി വിപുലീകരിച്ചത്.  ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം 3.30 ന് നടക്കുന്ന  കേരള കൺവൻഷന്റെ  ഉദ്ഘാടന ചടങ്ങിന് ശേഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ആയിരിക്കും സ്‌കോളർഷിപ്പ് വിതരണം ആരംഭിക്കുന്നത്. 17 പേർക്കാണ് ആദ്യ ദിവസം സ്‌കോളർഷിപ്പ് നൽകുക. ജൂൺ 4 ന് മറ്റു കുട്ടികൾക്കുള്ള ചെക്ക് വിതരണം ചെയ്യുന്നതിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടക്കം കുറിക്കും.ആദ്യ ഘട്ടത്തിൽ 33 വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. 
കർണാടക അടക്കം വിവിധ സംസ്ഥാനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്. അവരോടൊക്കെ അന്നേദിവസം എത്തിച്ചേരണമെന്ന് ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. 10 കുട്ടികൾക്ക് അടുത്ത ഘട്ടത്തിൽ സ്‌കോളർഷിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗാന്ധിഭവനിൽ കഴിയുന്ന എട്ട് വിദ്യാർത്ഥികൾക്കും 16000 രൂപ വീതം ധനസഹായം നൽകും.

സ്പോൺസർമാരെ കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നോ?

സദുദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചാൽ ദൈവം നമ്മോടു കൂടി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അമേരിക്കയിൽ ഇത്തരം സഹായങ്ങൾ ചെയ്യാൻ മനസ്സുള്ള നിരവധിപേരുണ്ട്. അർഹമായ കരങ്ങളിൽ അത് എത്തിച്ചേരുമോ എന്ന ആശങ്ക കൊണ്ടാണ് ചിലർ വിട്ടുനിൽക്കുന്നത്. നമ്മൾ ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് പറയുമ്പോൾ തന്നെ വലിയൊരു സ്വീകാര്യതയാണ് ആളുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. കുടുംബത്തിൽ നിന്ന് എന്റെ സഹോദരൻ അടക്കം പലരും സ്‌പോൺസർ ചെയ്യാൻ തയ്യാറായി.

സൗജന്യ ക്യാൻസർ സ്ക്രീനിംഗ് എന്ന ആശയത്തിന് പിന്നിൽ?

 35 വയസുകഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവും വർദ്ധിച്ചുവരികയാണ്. സ്ക്രീനിംഗ് നടത്തി രോഗം  മുൻകൂട്ടി അറിയുന്ന രീതി, അമേരിക്കയിൽ വളരെ മുൻപേ ഉണ്ട്. കേരളത്തിലും അങ്ങനൊരു അവബോധം ആരംഭിച്ചിട്ടുണ്ടെങ്കിലും, സാധാരണക്കാരിലേക്ക് അത് എത്തപ്പെട്ടിട്ടില്ല.
നേരത്തെ ചികിത്സിച്ചാൽ ഭേദമാകുന്ന ഇത്തരം രോഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ശ്രദ്ധിക്കാതെ വിടുകയും അസുഖം മൂർച്ഛിച്ച് മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ബോധവൽക്കരണം പ്രധാനമാണ്. കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാൻ മലയാളി സ്ത്രീകൾ പൊതുവേ വിമുഖത കാണിക്കാറുണ്ട്. അത് മാറണം. സ്ത്രീകളുടെ ആരോഗ്യം ഒരു കുടുംബത്തിന്റെ അടിത്തറയാണ്.ഇടുക്കി അട്ടപ്പാടിയിലെ ഏറ്റവും സാധാരണക്കാരായ സ്ത്രീകളിൽ ക്യാൻസർ സ്ക്രീനിംഗ് നടത്താനാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗനിർണ്ണയം മുൻകൂട്ടി സാധ്യമാകുന്നതിലൂടെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ, അതിനപ്പുറം ഒരു സന്തോഷം ലഭിക്കാനില്ല.
ട്രഷറർ സുനിത പിള്ളയാണ് ഈ ഉദ്യമത്തിനായി ഏറ്റവും കൂടുതൽ പരിശ്രമിച്ചത്. കാർക്കിനോസ് ഹെൽത്ത് കെയറിന്റെ മേധാവി ഹണി ദേവസ്യയുമായി, അമേരിക്കയിലിരുന്ന് നിരന്തരം ആശയവിനിമയം നടത്തിയാണ് ഇത് സാധ്യമായത്.
ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏത് ആശയങ്ങൾക്കും,പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്,ജനറൽ സെക്രട്ടറി ഓജസ് ജോൺ,ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നത് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം കൂടിയാണ്.പരിപാടികൾക്ക്  ചുക്കാൻ പിടിക്കുന്ന കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് ഒലിയാംകുന്നേലിന്റെ പിന്തുണയും വലുതാണ്.

 ഉടുമ്പൻചോല നിയോജക മണ്ഡലം എം.എൽ.എ  എം എം മണി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബിനു കെ ടി,ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി,ഫോമാ ഹൗസിംഗ് പ്രോജക്ട് ചെയർ ജോസഫ് ഔസോ,  ഇരട്ടയാർ സെന്റ് ജോസഫ് പള്ളി വികാരി മോൺസ്.റവ. ഫാ.ജോസ് കരിവേലിക്കൽ, കാർകിനോസ് ഹെൽത്ത് കെയർ ആൻഡ് അൽഫോൻസ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ മുരളി തുടങ്ങിയവർ മേയ് 31 ന് നടക്കുന്ന  ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ  പങ്കെടുക്കുന്നുണ്ട്.

പ്രതീക്ഷകൾ?

വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സൺ എന്നുള്ള സ്ഥാനം ഏറ്റെടുക്കുമ്പോൾ നിരാലംബരായ സ്ത്രീകൾക്ക് എന്നെക്കൊണ്ടാകുന്നത് ചെയ്യണം എന്ന ഒറ്റ ഉദ്ദേശമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഫോമായുടെ ഹൗസിങ് പ്രോജക്ട് ചെയർ കൂടിയായ  ഭർത്താവ് ജോസഫ് ഓസോയും കട്ട സപ്പോർട്ടാണ്.
 ഞങ്ങളുടെ ടീമിന് രണ്ടുവർഷമാണ് ഉള്ളത്. ആ സമയം അത്രയും ഇതുപോലുള്ള നിരവധി പ്രവർത്തനങ്ങൾ നടത്താൻ സാധിക്കണമെന്നാണ് പ്രാർത്ഥന. ചാരിറ്റിയിൽ താല്പര്യമുള്ളവരാണ് ഞങ്ങൾ എല്ലാവരും. ഇതൊരു വലിയ അവസരമായാണ് കണക്കാക്കുന്നത്. പരമാവധി ആളുകളെ സഹായിക്കാൻ ശ്രമിക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി ഫോമായുടെ വനിതാ ഫോറം ജാഗരൂകമായി മുന്നോട്ടുപോകും.

#Fomaa_keralaconvention

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക