Image

അരിക്കൊമ്പന്‍ കമ്പത്ത് ; വ്യാപാരിയെ വെട്ടിനുറുക്കിയത് ഹണിട്രാപ്പ് ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച

ജോബിന്‍സ് Published on 27 May, 2023
അരിക്കൊമ്പന്‍ കമ്പത്ത് ; വ്യാപാരിയെ വെട്ടിനുറുക്കിയത് ഹണിട്രാപ്പ് ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച

ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെ ഉള്‍വനത്തിലേയ്ക്ക് വിട്ട അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി. ജനങ്ങളില്‍ ഭാതി പരത്തി ടൗണിലൂടെ ഓടിയ ആന വാഹനങ്ങള്‍ തകര്‍ക്കുകയും ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ആനയെ മയക്കുവെടി വെയ്ക്കാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്. 
************************
അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് അയച്ചത് വനംവകുപ്പിന്റെ ആശയമായിരുന്നില്ലെന്നു വനം മന്ത്രി എ കെ ശശീന്ദ്രന്‍. അതിരു കവിഞ്ഞ ആന സ്‌നേഹികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത് ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മാറ്റിയ കാട്ടാന അരിക്കൊമ്പന്‍ തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
***************************
കോഴിക്കോട്ടെ ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഹണിട്രാപ്പായിരുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്. തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ ഹണിട്രാപ്പില്‍ കുടുക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.പ്രതികളായ പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി, സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് എന്നിവര്‍ ഒത്തൊരുമിച്ച് തന്ത്രം മെനയുകയായിരുന്നു. സിദ്ദീഖിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്താനാണ് സംഘം ആദ്യം ഉദേശിച്ചത്.ഇത് സിദ്ദിഖ് പ്രതിരോധിച്ചതോടെയാണ് കൊലപാതകം നടത്തിയത്. 
********************************************
ആലപ്പുഴ വണ്ടാനത്ത് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വെയര്‍ഹൗസിലാണ്, പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് പടരുന്നതിന് മുന്‍പ് തീ നിയന്ത്രണ വിധേയമാക്കി. 
****************************************
സംസ്ഥാനത്ത് ബസില്‍ പീഡനശ്രമം. കെഎസ്ആര്‍ടിസി ബസിലാണ് വീണ്ടും യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് ഇയാള്‍ പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു.
******************************************
താമരശ്ശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം. കട്ടിപ്പാറയിലാണ് സംഭവം. ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.35 വയസ്സാണ് ഇയാള്‍ക്കുള്ളത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്തതിനാല്‍ റിജേഷിനെ പോത്ത് ആക്രമിച്ചത് പിതാവ് അറിഞ്ഞില്ല.ഇയാളുടെ തലയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റത്.
********************************
ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടന്‍ നീക്കം ചെയ്യാന്‍ ന്യൂസ് പോര്‍ട്ടലായ മറുനാടന്‍ മലയാളിക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ചാനല്‍ നിര്‍ത്തിവയ്ക്കാന്‍ ഗൂഗിളിനും യൂട്യൂബിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടന്‍ മലയാളിക്ക് ഹൈക്കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ മറുനാടന്‍ മലയാളിക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിര്‍ദ്ദേശം പാലിക്കാന്‍ മറുനാടന്‍ മലയാളി തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
**********************************
പ്രതിയെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോള്‍ പൊലിസുദ്യോഗസ്ഥര്‍ ഒപ്പം പാടില്ലെന്ന പ്രോട്ടോകോളില്‍ മാറ്റം വരുത്തണമെന്ന് പൊലിസ് ഓഫീസേഴ്‌സ് അസോഡിയേഷന്‍ പ്രമേയം. ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് വീഴ്ചയായി മാത്രമാണ് ചിത്രീകരിച്ചത്. ഇതിന് പിന്നാലെ കൈവിലങ്ങില്ലേ, തോക്കില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ വന്നുവെന്നു. എന്നാല്‍ പ്രതിക്ക് കൈവിലങ്ങിട്ടതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടുവെന്നും വിലങ്ങണിയുന്നതിനുള്ള സുപ്രീം കോടതി വിധിയില്‍ വ്യക്തവരുത്തമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാസമ്മേളന പ്രമേയം.
*********************************
മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ മൊഴി നല്‍കി. മേലുദ്യോഗസ്ഥര്‍ക്കും പങ്ക് നല്‍കിയിരുന്നു എന്നാണു മൊഴിയെങ്കിലും ആര്‍ക്കാണു നല്‍കിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും. 
************************

MAIN NEWS - KERALA - INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക