Image

കഠിന വേദനയുടെ പിടിയിൽ: സെലിൻ ഡയോൺ ആഗോള സംഗീത  പരിപാടികൾ മൊത്തം റദ്ദാക്കി

Published on 27 May, 2023
കഠിന വേദനയുടെ പിടിയിൽ: സെലിൻ ഡയോൺ ആഗോള സംഗീത  പരിപാടികൾ മൊത്തം റദ്ദാക്കി

അനുഗൃഹീത ഗായിക സെലിൻ ഡയോൺ ഓഗസ്റ്റിൽ വീണ്ടും ആരംഭിക്കാനിരുന്ന ആഗോള സംഗീത പരിപാടികൾ മൊത്തം റദ്ദാക്കി. കഠിനമായ വേദനയുണ്ടാക്കുന്ന സ്റ്റിഫ് പേഴ്സൺ സിൻഡ്രോം (എസ് പി എസ്) എന്ന രോഗം മൂലമാണ് 55 വയസുള്ള ഗായിക ഈ തീരുമാനം എടുത്തതെന്നു അവരോടു അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതിലൊരാളെ ഉദ്ധരിച്ചു സി എൻ എൻ റിപ്പോർട്ട് ചെയ്തത് ഡയോണിന്റെ മറ്റൊരു പരിപാടി ഇനി ഉണ്ടാവാൻ തന്നെ സാധ്യതയില്ല എന്നാണ്.  

ഞരമ്പുകളെ ബാധിക്കുന്ന എസ് പി എസ് മൂലം കൂടെക്കൂടെ അതികഠിനമായ പേശിവേദന അനുഭവിക്കുന്ന കനേഡിയൻ ഗായിക കഴിഞ്ഞ വര്ഷം 42 സംഗീത മേളകൾ അടങ്ങുന്ന പരിപാടി റദ്ദാക്കിയിരുന്നു. വരുന്ന ഓഗസ്റ്റിൽ യൂറോപ്പിൽ നടത്താൻ ഉദ്ദേശിച്ച പരിപാടികളോടെ തിരിച്ചു വരവ് ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷ. 

ഡയോൺ ഡോക്ടർമാർ നിർദേശിച്ച വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞു. "അവർ കഠിനമായ വേദനയിലാണ്."

ഗായികയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിൽ പറഞ്ഞു: "ഒരിക്കൽ കൂടി നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതിൽ എനിക്കു ഖേദമുണ്ട്. എല്ലാ ദിവസവും എന്റെ കരുത്തു വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കയാണ്. പക്ഷെ യാത്രകൾ അസാധ്യമാണ്.

"ഇങ്ങിനെ പരിപാടികൾ റദ്ദാക്കുന്നത് നന്നല്ലെന്നു എനിക്കറിയാം. എന്റെ ഹൃദയം തകരുകയാണ്. പക്ഷെ വേദിയിൽ തിരിച്ചു കയറാനുള്ള ആരോഗ്യം വീണ്ടെടുക്കും വരെ അത് ഒഴിവാക്കുന്നതാണ് നല്ലതെന്നു ഞാൻ തിരിച്ചറിയുന്നു. 

"ഞാൻ കീഴടങ്ങുകയല്ല. നിങ്ങളെ വീണ്ടും കാണാൻ എനിക്ക് ധൃതിയാകുന്നു." 

കഴിഞ്ഞ ഡിസംബറിലാണ് ഡയോണിന്റെ രോഗം തിരിച്ചറിഞ്ഞത്. "ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ പാടാൻ ഈ രോഗം എന്നെ അനുവദിക്കില്ല," അവർ അന്നു ട്വീറ്റ് ചെയ്തു. 

അപൂർവ രോഗം ഞരമ്പുകളെ ബാധിക്കുകയും തലച്ചോറിനെയും നട്ടെല്ലിനേയും ദുർബലമാക്കുകയും ചെയ്യുമെന്നാണ് വിദഗ്‌ധർ പറയുന്നത്. "ഈ വേദനകൾ എന്റെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്നു എന്നതാണ് നിർഭാഗ്യം," ഗായിക പറഞ്ഞു.  "നടക്കാൻ തന്നെ ബുദ്ധിമുട്ടുണ്ട്." 

Crippled by SPS, Celin Dion cancels all programs 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക