Image

പാര്‍ലമെന്റ് ഉത്ഘാടനം വിവേചനമോ? (നടപ്പാതയില്‍ ഇന്ന്- 75: ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 27 May, 2023
പാര്‍ലമെന്റ് ഉത്ഘാടനം വിവേചനമോ? (നടപ്പാതയില്‍ ഇന്ന്- 75: ബാബു പാറയ്ക്കല്‍)

"എന്താടോ ഇയാള്‍ ഡെല്‍ഹിക്കൊന്നും പോയില്ലേ?"
"ഞാന്‍ എന്തിനാ പിള്ളേച്ചാ, ഡല്‍ഹിക്കു പോകുന്നത്?'
'അല്ല, നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉത്ഘാടനം ചെയ്യുകയല്ലേ?"
"അതിനു ഞാന്‍ എം പി യോ മന്ത്രിയോ ഒന്നും അല്ലല്ലോ."
"അതൊന്നുമല്ലാത്ത ചില പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്."
"പല പ്രമുഖരെയും ക്ഷണിച്ചു. പക്ഷേ ക്ഷണിക്കേണ്ടവരെ ക്ഷണിച്ചിട്ടില്ല."
"അതാരാടോ അങ്ങനെ?"
"പിള്ളേച്ചാ, നമ്മുടെ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിച്ചിട്ടില്ലല്ലോ."
"അങ്ങനെ ക്ഷണിക്കാന്‍ പറ്റില്ലെന്നുള്ള കാര്യം ഇയാള്‍ക്കറിയില്ലേ? അത് അവരോടു പ്രത്യേകിച്ച് വിരോധം ഒന്നും ഉണ്ടായിട്ടല്ല. അവരെ വിളിച്ചു കൊണ്ടുവന്നിട്ട് ഉത്ഘാടനം പ്രധാനമന്ത്രി തന്നെ ചെയ്താല്‍ അത് പ്രോട്ടോക്കോള്‍ ലംഘനമാകും."
"പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ ലോകസഭയും രാജ്യ സഭയും കൂടെ കൂടുന്നതല്ലേ? അതിന്റെ പരമോന്നത മേധാവി രാഷ്ട്രപതിയല്ലേ? പിന്നെ അവരെ ഒഴിവാക്കി ഉത്ഘാടനം ചെയ്യുന്നത് തെറ്റല്ലേ?"
"ഇയാള്‍ പറയുന്നതില്‍ ഒരു പോയിന്റ് ഉണ്ട്. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രപതി എന്നത് കൂടുതലും ഒരു ആചാരാനുസാരമായ പദവിയാണ്. എന്നാല്‍ പ്രധാനമന്ത്രിയാണ് അധികാരം കയ്യാളുന്നത്. പിന്നെ, നൂറോളം വര്‍ഷം പഴക്കമുള്ള നമ്മുടെ പാര്‍ലമെന്റ് മന്ദിരം നവീന സാങ്കേതിക വിദ്യയില്‍ പുതുതായി നിര്‍മ്മിക്കണമെന്ന ആശയം മുന്നോട്ടു കൊണ്ടുവന്നതും ദ്രുതഗതിയില്‍ അത് നടപ്പിലാക്കുകയും ചെയ്യാന്‍ കാരണഭൂതനായത് പ്രധാനമന്ത്രിയല്ലേ? അപ്പോള്‍ അദ്ദേഹം തന്നെ അതിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെടോ."
"രാഷ്ട്രപതിയെ ഒഴിവാക്കിയതിന്റെ കാരണം ഇതൊന്നുമല്ല പിള്ളേച്ചാ."
"പിന്നെ എന്താടോ?"
"അവര്‍ ഒരു ദളിത് ആദിവാസി സ്ത്രീ ആയതുകൊണ്ടാ." 
"ദളിതരോട് അങ്ങനെ അനിഷ്ടമുള്ള ആളായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ അവരെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുമായിരുന്നോ?"
"അതല്ലേ പ്രതിപക്ഷം പറയുന്നത്? ബിജെപി യുടെ സവര്‍ണ്ണ മേധാവിത്വം മറനീക്കി പുറത്തു വന്നിരിക്കയാണെന്നും അതുകൊണ്ട് പ്രതിപക്ഷം ഒന്നടങ്കം ഇതില്‍ പ്രതിക്ഷേധിച്ചു ചടങ്ങു് ബഹിഷ്‌കരിച്ചിരിക്കുകയാണെന്നും അറിയിച്ചിരിക്കുന്നത്."
"അത് പറയാന്‍ പ്രതിപക്ഷത്തിന് എന്തവകാശമാണെടോ ഉള്ളത്? അവരുടെ മനഃസാക്ഷിയോടു തന്നെ അവര്‍ ചോദിക്കട്ടെ. ഈ ആദിവാസി ദളിത് സ്ത്രീയെ ഇന്ത്യയുടെ രാഷ്ട്രപതിയായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ നഖശിഖാന്തം എതിര്‍ത്തവരാണ് ഈ പ്രതിപക്ഷം. ന്യൂന പക്ഷങ്ങള്‍ക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഇരട്ടത്താപ്പ് കളിക്കുന്നത്. മുന്‍പ്, ഇന്ദിരാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.സി. അലക്സാണ്ടറെ രാഷ്ട്രപതിയായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ കണ്ണുമടച്ച് എതിര്‍ത്തവരാണ് കോണ്‍ഗ്രസ്സുകാര്‍. എന്നിട്ടിപ്പോള്‍ ആദിവാസി സ്‌നേഹവുമായിട്ട് ഇറങ്ങിയിരിക്കയാണവര്‍. നാണമില്ലല്ലോ."
"അത് പിള്ളേച്ചന്‍ പറഞ്ഞത് ശരിയാ. ഇതെല്ലം രാഷ്ട്രീയമല്ലേ? സമയം അനുസരിച്ചു നിറം മാറാന്‍ പഠിച്ചല്ലേ പറ്റൂ. എന്തൊക്കെയായാലും പാര്‍ലമെന്റ് എന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അവിടെ ഭാരതത്തിന്റെ ജനാധിപത്യവും ഭരണഘടനയും കാത്തു സൂക്ഷിക്കപെടുന്നു എന്നുറപ്പു വരുത്തേണ്ടവരാണ് ഓരോ ജനപ്രതിനിധികളും. ആര് ഉത്ഘാടനം ചെയ്യുന്നു എന്നതല്ല അതിന്റെ പവിത്രത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്."
"അവിടെ പോയി 5 വര്‍ഷം വാ പൊളിക്കാതെ ഇരുന്നിട്ട് മടങ്ങുന്നവരും ഈ ചടങ്ങില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിക്ഷേധിച്ച് പ്രസംഗിക്കുന്നതു കാണുമ്പോള്‍ ചിരിക്കാതെ വയ്യടോ. പാര്‍ലമെന്റിന്റെ സംസ്ഥാന പതിപ്പാണല്ലോ നിയമസഭ. അവിടെ കുറെ ജനപ്രതിനിധികള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ആരും മറന്നിട്ടില്ലല്ലോ. സ്വന്തമായി അധികാരം കയ്യാളുമ്പോളും നീതിയുക്തമായി കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഇക്കാര്യത്തില്‍ ഒച്ച വയ്ക്കുന്നതാണ് മനസ്സിലാകാത്തത്."
"എന്ത് നീതിയുക്തമായി ചെയ്തില്ലെന്നാണ് പിള്ളേച്ചന്‍ പറയുന്നത്?"
"എത്രയോ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടാനുള്ളത്! പരീക്ഷയ്ക്ക് ചോദ്യമിട്ടതില്‍ മതനിന്ദ ആരോപിച്ചു മതനേതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ ആ ജോസഫ് മാഷിനെ കൈവിലങ്ങു വച്ചാണ് തെരുവില്‍ കൂടെ നടത്തിയത്. ആ കൈകള്‍ തീവ്രവാദികള്‍ വെട്ടിയെടുത്തപ്പോള്‍ അദേഹത്തെ സംരക്ഷിക്കാന്‍ അവര്‍ക്കായതുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബാലരാമപുരത്തു മദ്രസയില്‍ 17 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടിട്ടും അവിടത്തെ ഒരു ഉസ്താദിനെപ്പോലും കൈവിലങ്ങണിയിക്കാന്‍ പോലീസ് പോയില്ല. കാട്ടില്‍ നിന്നും നാട്ടില്‍ വന്ന കാട്ടുപോത്തു വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്നവനെയും റബ്ബര്‍ വെട്ടിക്കൊണ്ടിരുന്നവനെയുമൊക്കെ കുത്തിക്കൊന്നപ്പോള്‍ അതില്‍ പ്രതിക്ഷേധിച്ച അവരുടെ മതനേതാക്കള്‍ക്കു കാട്ടുപോത്തിന്റെ സ്വഭാവം ആണെന്നാണ് ഉത്തരവാദപ്പെട്ട വനം മന്ത്രി മൊഴിഞ്ഞത്! അതാണ് അവരുടെ നീതിബോധം! എന്നിട്ടിപ്പോള്‍ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുമ്പോള്‍ അത് നീതി നിഷേധം! ഇവിടെ ഒരു പാലമെങ്കിലും ഉത്ഘാടനം ചെയ്യാന്‍ ഗവര്‍ണറെ ഇവര്‍ ക്ഷണിക്കാറുണ്ടോ?"
"അത് പിള്ളേച്ചന്‍ പറഞ്ഞത് ശരിയാണ്. ആരെങ്കിലും ഉത്ഘാടനം ചെയ്യട്ടെ. അവിടെ പോകുന്നവര്‍ സ്പീക്കറുടെ കസേര മറിച്ചിടാനും കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിക്കാനുമൊന്നും തുനിയാതിരുന്നാല്‍ മതി."
"എങ്കില്‍ പിന്നെ കാണാമെടോ."
"അങ്ങനെയാകട്ടെ."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക