Image

ദീപാവലി ദേശീയ ഒഴിവ് ദിവസമാക്കാനുള്ള  ബിൽ യുഎസ് ഹൗസിൽ അവതരിപ്പിച്ചു 

Published on 27 May, 2023
ദീപാവലി ദേശീയ ഒഴിവ് ദിവസമാക്കാനുള്ള  ബിൽ യുഎസ് ഹൗസിൽ അവതരിപ്പിച്ചു 

 

യുഎസിൽ ദീപാവലി ദേശീയ ഒഴിവ് ദിവസമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ കോൺഗ്രസിലെ ചൈനീസ് അംഗമായ റെപ്. ഗ്രേസ് മെങ് (ഡെമോക്രാറ്റ്) അവതരിപ്പിച്ചു. "ഈ ദിവസത്തിന്റെ പ്രാധാന്യം എല്ലാ അമേരിക്കൻ പൗരന്മാരും മനസിലാക്കണം," മെങ് പറഞ്ഞു. "അമേരിക്കൻ നാനാത്വത്തിന്റെ പൂർണ ആഘോഷമാണിത്.

"ലോകമൊട്ടാകെ ബില്യൺ കണക്കിന് ആളുകൾക്കു ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണിത്. അമേരിക്കയുടെ കരുത്ത് ഉത്ഭവിക്കുന്നത് ഈ രാജ്യത്തെ വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ്." 

ഏതെങ്കിലും മതത്തിന്റെ മാത്രമായ ആഘോഷമല്ല ദീപാവലി എന്നു വ്യക്തമാക്കി  ബില്ലിൽ പറയുന്നു:  "ദീപങ്ങളുടെ ഉത്സവം എന്നു വിളിക്കപ്പെടുന്ന ദീപാവലി ലക്ഷക്കണക്കിന് അമേരിക്കൻ പൗരന്മാർ ആഘോഷിക്കുന്നു. അവരിൽ മതവിശ്വാസികളും അല്ലാത്തവരുമുണ്ട്." 

യുഎസ് ഹൗസിൽ 14 അംഗങ്ങൾ ബിൽ കൊണ്ടുവരുന്നതിനെ പിന്തുണച്ചു. 13 ഡെമോക്രാറ്റുകളും ഒരു റിപ്പബ്ലിക്കനും. ഇല്ഹാൻ ഒമർ, പ്രമീള ജയപാൽ എന്നിവർ അതിൽ ഉൾപ്പെടുന്നു. 

കോൺഗ്രസ് അംഗീകരിച്ചാൽ ദീപാവലി യുഎസിലെ 12ആം ഫെഡറൽ ഒഴിവു ദിവസമാവും. ക്രിസ്തുമസ് കഴിഞ്ഞാൽ ഏക മതപരമായ അവധിയും. 

മെയ് 15 നു അവതരിപ്പിച്ച ബിൽ ഹൗസ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോയി. കമ്മിറ്റി അംഗീകരിച്ചാൽ ഹൗസ് വോട്ടിനിടും. പിന്നെ സെനറ്റ് അംഗീകാരം കൂടി കഴിഞ്ഞാൽ പ്രസിഡന്റ് ഒപ്പു വയ്ക്കുന്നതോടെ നിയമമാവും.  

ദീപാവലി അമേരിക്കൻ അവധി ദിവസം കൂടിയാണെന്നു നമ്മൾ തെളിയിക്കുന്നു -- ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ പറഞ്ഞു. "ദീപാവലി ആഘോഷിക്കുന്ന നാലു മില്യണിലേറെ അമേരിക്കക്കാരുടെ ശബ്ദം ഗവൺമെന്റ് കേൾക്കുന്നുണ്ട്."  

മെങ്ങിനോടൊപ്പം രാജ്‌കുമാർ നടത്തിയ ശ്രമങ്ങളുടെ ഫലമായി ന്യൂ യോർക്ക് ദീപാവലിക്കു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിപുലമായ ഏഷ്യൻ സാന്നിധ്യമുള്ള ന്യൂ യോർക്കിലെ ഒരു സീറ്റിൽ നിന്നാണ് മെങ് ജയിച്ചു കയറിയത്. 
 
നാഷനൽ കൗൺസിൽ ഓഫ് ഏഷ്യൻ പാസിഫിക് അമേരിക്കൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രെഗ് ഓർട്ടൻ ബില്ലിനെ സ്വാഗതം ചെയ്തു. ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ ആഘോഷമാണിതെന്നു അദ്ദേഹം പറഞ്ഞു. 

സിക്ക് കൊയാലിഷൻ നേതാവ് സിം ജെ. അട്ടാരിവാല ബില്ലിനെ അനുകൂലിച്ചു. സമൂഹങ്ങളുടെ കൂടിച്ചേരലിനു സഹായിക്കുന്ന നിയമനിർമാണങ്ങളാണ് ഇതൊക്കെയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

US Rep brings bill to make Diwali a federal holiday 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക