Image

നേറ്റോ പ്ലസിൽ ഇന്ത്യയെ ഉൾപെടുത്തണമെന്നു  യുഎസ് ഹൗസ് കമ്മിറ്റി ശുപാർശ ചെയ്‌തു

Published on 27 May, 2023
നേറ്റോ പ്ലസിൽ ഇന്ത്യയെ ഉൾപെടുത്തണമെന്നു  യുഎസ് ഹൗസ് കമ്മിറ്റി ശുപാർശ ചെയ്‌തു

ചൈനയുടെ വർധിച്ചു വരുന്ന ഭീഷണി നേരിടാനുള്ള നീക്കങ്ങളിൽ തന്ത്ര പ്രധാന സഖ്യരാഷ്ട്രമായി മാറിയ ഇന്ത്യയെ നേറ്റോ സഖ്യത്തിന്റെ അനുബന്ധമായ നെറ്റൊ+5ൽ ഉൾക്കൊളളിക്കണമെന്നു യുഎസ് കോൺഗ്രസിന്റെ ബദ്ധപ്പെട്ട ഹൗസ് കമ്മിറ്റി ശുപാർശ ചെയ്‌തു. 

തായ്‌വാൻ കടലിടുക്കിൽ സമാധാനവും ഭദ്രതയും ഉറപ്പാക്കാൻ കമ്മിറ്റി സമർപ്പിച്ച  10 നിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമായി പറയുന്നു: "നേറ്റോ പ്ലസ് വികസിപ്പിച്ചു ഇന്ത്യയെ കൂടി ഉൾപ്പെടുത്തി ശക്തമാക്കണം."

യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് കൂടുതൽ ഫലപ്രദമായി സാമ്പത്തിക ഉപരോധം നടപ്പാക്കണം.  

നേറ്റോ പ്ലസ് 5ൽ 31 അംഗങ്ങൾക്കു പുറമെ ഓസ്‌ട്രേലിയ, ന്യൂ സിലൻഡ്, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണുള്ളത്. ഇവയ്‌ക്കെല്ലാം യുഎസുമായി ഉഭയകക്ഷി പ്രതിരോധ സഖ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യക്കില്ല. 'പ്രമുഖ പ്രതിരോധ പങ്കാളി' എന്നൊരു പദവി മാത്രം ഇപ്പോഴുണ്ട്. 

ചൈനയുടെ വളർച്ചയ്ക്കു ബദൽ നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് കമ്മിറ്റി മുന്നോട്ടു വയ്ക്കുന്ന ആദ്യത്തെ നിർദേശങ്ങളാണിവ. 

കമ്മിറ്റിയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഡെമോക്രാറ്റ് രാജ കൃഷ്ണമൂർത്തി പറഞ്ഞു: "ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള മത്സരത്തിൽ വിജയിക്കാനും തായ്‌വാന്റെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളുമായി യുഎസ് ബന്ധങ്ങൾ ശക്തിപ്പെടുത്തണം." 

ഇന്ത്യയെ നേറ്റോ പ്ലസിൽ ഉൾപ്പെടുത്താനുള്ള നിർദേശം വർഷങ്ങൾക്കു മുൻപേ ഉയർന്നതാണ്. പക്ഷെ ഒന്നും നടന്നിട്ടില്ല. ഹൗസിലെ ഡെമോക്രാറ്റിക് അംഗം റോ ഖന്ന ഏറെക്കാലം മുൻപ് അങ്ങിനെയൊരു നിയമനിർമാണത്തിന് നടത്തിയ നീക്കം ഫലിച്ചില്ല. 

ഇപ്പോൾ 2024 പ്രതിരോധ ബജറ്റിൽ ഉൾപ്പെടുത്തി അതു സാധ്യമാക്കാനാണ് ശ്രമം. ഏറ്റവും തടസം നിൽക്കുന്ന വിദേശകാര്യ സമിതി അധ്യക്ഷൻ സെനറ്റർ ബോബ് മെൻഡസിനെ മയപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുള്ളത്. 

ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യ അതിപ്രധാന സഖ്യ രാഷ്ട്രമാണെന്ന ചിന്ത യുഎസിൽ വേരുപിടിച്ചിരിക്കെ ആ വഴിക്കുള്ള നീക്കം ശക്തിപ്പെടും. 2025ൽ തായ്‌വാൻ വിഷയത്തിൽ ചൈനയുമായി ഏറ്റുമുട്ടൽ ഉണ്ടാവുമെന്നു യുഎസ് ജനറൽ മൈക്ക് മിനിഹാൻ അടുത്തിടെ പറഞ്ഞു. ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈന്യത്തെ വിന്യസിക്കുമെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞിട്ടുണ്ട്. 

House panel proposes including India in NATO plus 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക