Image

ഗോഡൗണ്‍ കത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുണ്ടോ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 27 May, 2023
ഗോഡൗണ്‍ കത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുണ്ടോ ? : (കെ.എ ഫ്രാന്‍സിസ്)

എവിടെയൊക്കെയോ ഒരന്വേഷണം നടക്കുമ്പോള്‍ തീപിടുത്തമുണ്ടായാല്‍ അത് തെളിവുകള്‍ ചാമ്പലാക്കാനുള്ള വിദ്യയാണെന്ന് ആര്‍ക്കാണറിയാത്തത് ? കേരള സര്‍ക്കാരിന്റെ മരുന്നുകള്‍ സൂക്ഷിക്കുന്ന ആലപ്പുഴ ജില്ലാ ഗോഡൗണും  ഇന്നലെ അര്‍ദ്ധരാത്രി ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചു ആളിക്കത്തി! ഒന്നര ആഴ്ചക്കകം കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകള്‍ സമാനമായ രീതിയില്‍ കത്തിപ്പോയി എങ്കിലും ആരോഗ്യവകുപ്പിനു ഇതില്‍ യാതൊരു അതിശയവുമില്ല. മൂന്നിടത്തും ബ്ലീച്ചിംഗ് പൗഡര്‍  തന്നെയാണ് വില്ലന്‍. ബ്ലീച്ചിംഗ് പൗഡറില്‍ വെള്ളം വീണാല്‍ പുകഞ്ഞു കത്തും. കൊല്ലത്ത് ഇങ്ങനെ സംഭവിച്ചിട്ടും മറ്റിടങ്ങളില്‍ അത് ഭദ്രമായി വെക്കാന്‍ ആരോഗ്യമന്ത്രി നിഷ്‌കര്‍ഷിച്ചിട്ടില്ല. ഇനിയും ഇങ്ങനെ സര്‍ക്കാറിന്റെ മരുന്നു ഗോഡൗണുകള്‍  ഉണ്ടെങ്കില്‍ അതും തീപിടിക്കാം. ഇനിഅറിയേണ്ടത് കത്തിക്കുന്നത് ഒക്കെ ഒരേ കൂട്ടരാണെന്നാണോ ? 

തമിഴ്‌നാട്ടിനു  പാര : 

അരികൊമ്പന്റെ  പേരില്‍ നമ്മുടെ വനംവകുപ്പും കോടതിയും നിശ്ചയിച്ച വിദഗ്ധ സമിതിയും തലതിരിഞ്ഞ ഓരോ തീരുമാനങ്ങളെടുത്തതിന്റെ പേരില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടും  കഷ്ടപ്പെടുകയാണ്. കമ്പം ടൗണില്‍ വന്‍തോതില്‍ ആള്‍താമസമുള്ള പ്രദേശത്ത് അരികൊമ്പന്‍  ഓട്ടോറിക്ഷകള്‍ തകര്‍ത്തു. ഇരുചക്രവാഹനങ്ങള്‍ക്കു കേടുവരുത്തി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഒടുവില്‍ പുളി മര തോട്ടത്തില്‍ കയറി നിന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടെ ഒരു യൂട്യൂബര്‍ ഡ്രോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തനായ കൊമ്പന്‍ കമ്പത്തെ വാഴത്തോട്ടത്തിലേക്ക് പരിഭ്രമിച്ച ഓടി മാറി നിന്നു. വനംവകുപ്പ് മൂന്നു കുങ്കിയാനകളെ  കൂടി പ്രയോജനപ്പെടുത്തി നാളെ അരികൊമ്പനെ മയക്കുവെടിവെച്ച് ഉള്‍വനത്തിലേക്ക് കയറ്റും. 

മന്ത്രിയുടെ പാര : 

അതേസമയം അരികൊമ്പന്‍ ഇപ്പോള്‍  തമിഴ്‌നാട്ടിലായതുകൊണ്ട് പന്ത് അവരുടെ കോര്‍ട്ടിലാണെന്ന ആശ്വാസത്തിലാണ് നമ്മുടെ ശശി മന്ത്രി. കേരള കോടതി വിധി തമിഴ്‌നാട്ടിനു ബാധകമല്ലെന്ന് മന്ത്രി പറയുന്നു. സുപ്രീംകോടതി ഇടപെട്ടതിനാല്‍ തമിഴ്‌നാടിനും ബാധകം. ഉള്‍വനത്തിലേക്ക്  കയറ്റി വിട്ടാല്‍ ആന ചിലപ്പോള്‍ പൊങ്ങുന്നത് ആനയെ പിടിച്ച ചിന്നക്കനാലില്‍ തന്നെ. അരികൊമ്പന്‍ തിരിച്ചെത്തും. അങ്ങനെ തിരിച്ച് ഒരു പാരയും  പ്രതീക്ഷിക്കാം. 

ഹണിട്രാപ്പ് തന്നെ : 

സിദ്ദീഖിന്റെ വയസ്സുകാലത്ത് നടന്നത് ഹണിട്രാപ്പ് തന്നെ. ഫര്‍സാന ജഗജില്ലിയായിരുന്നു. സിദ്ദീഖിനെ മുന്‍പേ കൊതിപ്പിച്ചു നിര്‍ത്തിയവള്‍ ! ഷിജിനു ഒരു ജോലി കിട്ടിയതും ഫര്‍സാന സിദ്ദിഖിനോട് ശുപാര്‍ശ ചെയ്തിട്ടാണ് പോലും ! കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉള്ള ഹോട്ടലില്‍ വച്ച് സിദ്ദിഖിനെ നഗ്‌നനാക്കി നിര്‍ത്തി മൊബൈലില്‍ ഒരു ഫോട്ടോ എടുക്കാന്‍ ശ്രമമുണ്ടായിയത്രെ ! ഭാര്യയും മുതിര്‍ന്ന മക്കളും  അത് കാണേണ്ടി വരുമല്ലോ എന്നു കരുതി സിദ്ദിഖ് പിടികൊടുക്കാതെ നിന്നു. ഷിജിന്‍ ഒരു കത്തിയൂരി പേടിപ്പിച്ചു. അതിനിടെ ഫര്‍സാന കയ്യില്‍ കരുതിയ ചുറ്റിയെടുത്ത് തലയ്ക്ക് ഒരടി. ഒപ്പം കിച്ചു വയറ്റില്‍ ഒരു യമണ്ടന്‍ ഇടി!  അതുകൊണ്ടും സിദ്ദീഖ് ചത്തില്ല. പിന്നെ മൂന്നു പേരും കൂടി ചെയ്യാവുന്നതൊക്കെ ചെയ്തു മയ്യത്താക്കി. ആദ്യം ഒരു ട്രോളി ബാഗാണ് വാങ്ങിയത്. പിന്നെ ഒന്നു കൂടി വാങ്ങി. ശരീരം മുറിക്കാന്‍ ഒരു കട്ടിങ് മെഷീന്‍ തന്നെ ഷിജിന്‍ എന്ന പേരില്‍ ബില്ലോടെ വാങ്ങി. അതുകൊണ്ടാണ് ശരീരം മുറിച്ചത്. രണ്ട് ട്രോളി ബാഗിലാക്കി അത് കളഞ്ഞു ഇടയ്ക്ക് കാറും ഉപേക്ഷിച്ചു എവിടെയെങ്കിലും രക്ഷപ്പെടാനായിരുന്നു പ്ലാന്‍. 

അടിക്കുറിപ്പ് :പൊതുമരാമത്തിലെ എന്‍ജിനീയര്‍മാര്‍ എത്ര പാവങ്ങള്‍! അഴിമതിക്കാരാണെന്ന് കണ്ടെത്തിയ  216 പേര്‍ക്ക് ഇത്തവണ പ്രമോഷന്‍ നല്‍കിയില്ല! ജോലി പൊതുമരാമത്ത് വകുപ്പില്‍ തന്നെയുണ്ടല്ലോ, എന്തിനാ  അവര്‍ക്കു പ്രമോഷന്‍?

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക