Image

അമേരിക്കന്‍ അതിര്‍ത്തി സേനയുടെ അലസതയും അനധികൃത കുടിയേറ്റവും (കോര ചെറിയാന്‍)

Published on 27 May, 2023
അമേരിക്കന്‍ അതിര്‍ത്തി സേനയുടെ അലസതയും അനധികൃത കുടിയേറ്റവും (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ.: അമേരിക്കയിലേക്ക് അനധികൃതമായിട്ടുള്ള കുടിയേറ്റം അനുദിനം വര്‍ദ്ധിക്കുന്നതിനെ നിറുത്തല്‍ ചെയ്യുവാനോ കുറയ്ക്കുവാനോ ഉള്ള ഗൗരവകരമായ നടപടികളുടെ അഭാവമോ അവഗണനയോ ഇപ്പോഴുള്ള സാഹചര്യത്തിന് പ്രകടമാണ്. അമേരിക്കന്‍ റ്റി. വി. ചാനല്‍ എന്‍.ബി.സി.യുടെ കഴിഞ്ഞ മാര്‍ച്ച് 13-ലെ പ്രക്ഷേപണാനുസരണം 2022-ല്‍ ഇന്‍ഡ്യയില്‍ നിന്നുമുള്ള 63,927 ജനതയടക്കം 27.6 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വിജ്ഞാപനം അനുസരിച്ച് ഇതേ വര്‍ഷം 15 ലക്ഷത്തില്‍ അധികം അംഗീകൃത കുടിയേറ്റക്കാരും വിവിധ രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡ് അടക്കം വന്നു.
    
അമേരിക്കന്‍-മെക്‌സിക്കോ അതിര്‍ത്തി സേനയെ കബളിപ്പിച്ചു ഇരുട്ടിന്റെ മറവില്‍ മെക്‌സികോ വഴി സൗത്ത് അമേരിക്കയില്‍നിന്നും വിവിധ ദരിദ്ര രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ സുഖാനുഭൂതികള്‍ക്കായി പാലായനം ചെയ്യുന്നവരുടെ ദുരിത ക്ലേശങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു.

ഹോന്‍ഡുറാസ്, കൊളംബിയ, ഇക്വഡോര്‍, ബ്രസീല്‍, ബൊളീവിയ അടക്കമുള്ള പല സൗത്ത് അമേരിക്കന്‍ ദരിദ്ര രാജ്യങ്ങളില്‍നിന്നും ഏകമായും കുടുംബസമേതവും എത്തിയ 60 തില്‍ അധികം അനധികൃത കുടിയേറ്റക്കാരെ പുനരധിവസിപ്പിച്ച സൗത്ത് ടെക്‌സസിലെ മാക്അലനിലെ രക്ഷാകേന്ദ്രത്തില്‍ 8 വയസ്സുള്ള അനാദിത്ത് റ്റാനി അല്‍വാരെസ് എന്ന പേരോടുകൂടിയ ബാലിക കൃത്യമായ വൈദ്യസഹായവും മെഡിസിനും ലഭിയ്ക്കാത്തതിനാല്‍ അതിവേദനയോടെ വിടവാങ്ങി. അമേരിയ്ക്കന്‍ അതിര്‍ത്തികളില്‍ അനതികൃതമായി എത്തിചേരുന്ന വന്‍വിഭാഗം ജനത ദാരിദ്ര്യവും യാത്രാക്ഷീണവും മൂലം രോഗാവസ്ഥയിലാണ്. ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റേയും ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെയും അനാസ്ഥമൂലം സമീപത്തുള്ള ആശുപത്രിയില്‍ അനാദിത്തിനെ എത്തിക്കുന്നതില്‍ വൈകിയതും അമേരിയ്ക്കന്‍ അതിര്‍ത്തിസേനയുടെ കൃത്യവിലോപനവും മൂലമാണ് മരണപ്പെട്ടതെന്ന് അതിര്‍ത്തിസേനാ വക്താവ് സെര്‍ജെന്റ് ലാരി മൂരേ പരസ്യമായി പ്രസ്താവിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബന്ധുക്കളോടൊപ്പം ഹൊന്‍ഡൂറസില്‍നിന്നും അനധികൃതമായി അതിര്‍ത്തിയില്‍ ആഴ്ചകള്‍ നീണ്ട യാത്രക്ലേശത്തോടെ എത്തിചേര്‍ന്ന 4 വയസ്സുകാരി അതിദാരുമായി മരണപ്പെട്ടതായി അമേരിക്കന്‍ റെഫ്യൂജ് റീസെറ്റില്‍മെന്റ് അതികൃതര്‍ അറിയിച്ചു.

കൊറോണ വൈറസിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ പ്രതിരോധത്തിനെതിരായും നിവാരണ മാര്‍ഗ്ഗത്തിനായും അമേരിക്കന്‍ ഗവര്‍മെന്റ് ടൈറ്റില്‍ 42 പ്രഖ്യാപിച്ചു. ടൈറ്റില്‍ 42 നിയമ വകുപ്പിന്റെ മൂലഘടക പ്രാബല്യത്തോടെ അനേകലക്ഷം അനധികൃത കുടിയേറ്റക്കാരെ നിര്‍ബന്ധിതമായി പോലീസ് സഹായത്തോടെ മാതൃരാജ്യങ്ങളിലേയ്ക്കുമടക്കിയയച്ചു. മെയ് 11-ന് ടൈറ്റില്‍-42 വിന്റെ കാലഘട്ടം അവസാനിച്ചതോടനുബന്ധിച്ചുതന്നെ അനധികൃത കുടിയേറ്റവും വര്‍ദ്ധിച്ചു.

കാലിഫോര്‍ണിയ സ്റ്റേറ്റിലെ സാന്‍ഡിയാഗോയില്‍ മെക്‌സിക്കോ വഴി കഴിഞ്ഞ ആഴ്ചയില്‍ നൂറുകണക്കിന് എത്തിച്ചേര്‍ന്ന അനധികൃത അഭയാര്‍ത്ഥികളെ തുറസായ ഇരുമ്പുവേലിക്കെട്ടിനുള്ളില്‍ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അമേരിക്കന്‍ വോളണ്ടിയര്‍ സംഘടനകള്‍ വിവിധതരം ചോക്ലേറ്റ് ബാര്‍സ് അടക്കം ഭക്ഷണ പാനീയങ്ങള്‍ തടങ്കല്‍ വേലിക്കെട്ടിന്റെ ഇരുമ്പു ഗേറ്റ് തുറക്കുമ്പോള്‍ കൊടുക്കുന്നു. അനേക ദിവസത്തെ യാത്രാക്ഷീണവും പട്ടിണിയും മൂലം ശോഷിച്ച ശരീരത്തോടെ ദാനമായി കിട്ടുന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നതായി എ.പി. റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃതമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്നവര്‍ 60 ദിവസത്തിനകം ഇമിഗ്രേഷന്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള ഗവണ്മെന്റ് ഉത്തരവുണ്ട്. ജന്മരാജ്യം ഉപേക്ഷിച്ചശേഷം അമേരിക്കന്‍ സൗഭാഗ്യത്തിലെ ത്തുവാന്‍ വേണ്ടി സത്യവും അസത്യവുമായ കഥകള്‍ ചമച്ചു പൊളിറ്റിക്കല്‍ അസിലം അഥവാ അഭയാര്‍ത്ഥികള്‍ക്കു നല്‍കുന്ന രാഷ്ട്രീയ അഭയം കരസ്ഥമാക്കിയ ശേഷം പെര്‍മനെന്റ് റസിഡന്‍സിക്കുവേണ്ടിയുള്ള ഗ്രീന്‍ കാര്‍ഡ് നേടുന്നതും നിത്യസംഭവമായി മാറി.

1950 ല്‍ ലോക ജനസംഖ്യയായ 250 കോടിയില്‍നിന്നും 2015 ല്‍ എത്തുമ്പോള്‍ 730 കോടിയായി ഉയര്‍ന്നു ഏകദേശം 3 മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ ഇതേ കാലഘട്ടത്തില്‍ ദരിദ്ര രാജ്യമായിരുന്ന ഇന്‍ഡ്യയില്‍ 35.9 കോടിയില്‍നിന്നും 132.3 കോടിയായി വര്‍ദ്ധിച്ചു. സാമ്പത്തികമായും സാംസ്‌കാരികമായും ഉന്നതിയിലുള്ള അമേരിക്കയില്‍ 1950 ല്‍ 15.13 കോടിയില്‍ നിന്നും ഒരു മടങ്ങില്‍ അല്‍പ്പം അധികം വര്‍ദ്ധിച്ച് 2015 ല്‍ വെറും 32.1 കോടി മാത്രം അയിട്ടുള്ളൂ.

അനധികൃത കുടിയേറ്റത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണു മാതൃരാജ്യത്തെ ജനപ്പെരുപ്പം. ചൈന ഒഴികെ ലോക രാഷ്ട്രങ്ങളില്‍ ഒരു രാജ്യത്തും നിര്‍ബന്ധിത ജനന നിയന്ത്രണം ഇല്ല. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ണ്ണായാനുസരണം ഇന്‍ഡ്യയിലെ ജനസംഖ്യ 2023 ജൂലൈ മാസാവസാനത്തോടെ 142.9 കോടിയായി വര്‍ദ്ധിച്ചു ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകും.
        

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക