Image

തരിവളക്കിലുക്കം (കവിത സമാഹാരം: രചന: അനിത സനൽകുമാർ) - തയാറാക്കിയത്: സന്ധ്യ എം

Published on 28 May, 2023
തരിവളക്കിലുക്കം (കവിത സമാഹാരം: രചന: അനിത സനൽകുമാർ) - തയാറാക്കിയത്: സന്ധ്യ എം

ശ്രീമതി അനിത സനൽകുമാറിന്റെ 79 കവിതകൾ അടങ്ങിയ ആദ്യ കവിത സമാഹാരം തുടങ്ങുന്നത് 'ഗുരുദക്ഷിണ ' എന്ന കവിതയിലൂടെയാണ്. 2010 അവർ  ആദ്യ കവിത എഴുതുന്നത് തന്റടുത്ത് ട്യൂഷന് വന്ന ഒരു അഞ്ചാം ക്ലാസ്കാരി അധ്യാപക ദിനത്തിലെയ്ക്ക് ഒരു കവിത എഴുതി തരാമോ എന്ന് ചോദിച്ചിടത്തുനിന്നാണ്.അങ്ങനെ ഗുരുദക്ഷിണ പിറവിയെടുത്തു.

അതുകഴിഞ്ഞ് 2017 മുതലാണ് അനിതാ സനൽകുമാർ തുടർച്ചയായി എഴുതി തുടങ്ങുന്നത്.തുടർച്ചയായി നിർത്താതെ ദിനവും കവിതകൾ എഴുതി 1368 കവിതകൾ ഇന്ന് കഴിഞ്ഞിരിക്കുന്നു. കൂടാതെ ഇടയ്ക്കിടെ എഴുതുന്ന ചെറു കവിതകൾ കൂടി ചേരുമ്പോൾ എണ്ണം 1500 കവിയും.അതൊരു വലിയ നേട്ടം തന്നെയാണ്.എന്നും കവിതകൾ എഴുതാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.  ആ കവിതകളിൽ മഴയുണ്ട് പുഴയുണ്ട് മണ്ണുണ്ട് സ്വപ്നങ്ങൾ ഉണ്ട് നിറഞ്ഞു തൂകിയ മിഴികളും  കിനാക്കളുടെ മൊഴികളുമുണ്ട്.

പ്രകൃതിയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കവയിത്രിയുടെ ഭാവനകളെല്ലാം മനോഹരമാണ്.വാത്സല്യം നിറഞ്ഞതുളുമ്പുന്ന സ്നേഹമയിയായ നന്മയുള്ള മനസ്സിനുടമ.സാമൂഹിക വിഷയങ്ങളിലെല്ലാം തന്റേതായ രീതിയിലെ പ്രതികരണങ്ങളുണ്ടവർക്ക് .ആനുകാലിക സംഭവങ്ങളിൽ നിന്നുടലെടുത്ത തെളിനീർ പോലുള്ള കവിതകൾ ധാരാളമുണ്ട് തരിവിള കിലുക്കത്തിൽ .എല്ലാംകൊണ്ടും  ശ്രീമതി അനിത സനൽകുമാറിന്റെ വരികൾക്ക് പൊന്നിൻ തൂക്കം തന്നെ.

ഈ പുസ്തകത്തിലെ തങ്കക്കതിരോൻ എന്ന കവിതയിൽ 
കാലത്തെ കാത്തിടുന്ന സർവ്വത്തിന്റെയും ഊർജ്ജ സ്രോതസായ സൂര്യനെ എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞു മിന്നും വിധം അണിയിച്ചൊരിക്കിയിരിക്കുന്നു.

ഈ കവയിത്രിയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത് അവരുടെ ആദിത്യ സ്തുതികളാണ്.
നമുക്ക് അൽഭുതംതോന്നും വിധമാണ് അവർ ദിവാകരനെ ദിനവും വർണ്ണിച്ചിടുന്നത്.

സൂര്യനെ സൂര്യകാന്തി വിടാതെ നോക്കുന്ന പോലെ ഈ കവയിത്രിയും സൂര്യനെ വിടാതെ നോക്കുന്നു. സൂര്യൻ എവിടെ ഉണ്ടോ അവിടെ അവരുടെ കണ്ണുകളും ഉണ്ട് .മനസ്സിന്റെ ആഴത്തിൽ തൊട്ട് എഴുതിയിരിക്കുന്ന സൂര്യ വരികൾ . സൂര്യനും കവി യിത്രിയും കടുത്ത പ്രണയത്തിലാണോ എന്ന് നമുക്ക് തോന്നിപ്പോയെക്കാം

മറ്റൊരു കവിതയായ ബാല്യം എന്നിൽ എന്റെ ബാല്യകാലത്തെ തൊട്ടുണത്തി.കുട്ടിക്കാലത്തെ ഒരു അബദ്ധ ചിന്തയായിരുന്നു മനസ്സിൽ ആദ്യം ഉണർന്നുവന്നത്.
വലുതായവർക്കെല്ലാം എന്താ സന്തോഷം പഠിക്കേണ്ട തെറ്റുകുറ്റങ്ങൾക്ക് ശാസനങ്ങൾ കേൾക്കേണ്ട ആഹാ എന്താ രസം .
പക്ഷേ വളർന്നപ്പോൾ ശരിക്കും സന്തോഷത്തിന്റെ തെളിമ കുട്ടിക്കാലത്തണെന്ന് തിരിച്ചറിഞ്ഞു.സ്വയം മറന്നുറങ്ങാൻ ഉള്ള കഴിവാണ് സത്യത്തിൽ വളർന്നപ്പോൾ നഷ്ടപ്പെട്ടു പോയത്.കളികളും ചിരികളും കുസൃതികളുമായി തളർന്ന് രാത്രി സുഖമായി ഉറങ്ങുന്ന ഉറക്കം വല്ലാതെ മിസ്സ് ചെയ്തു.ശരിക്കും ബാല്യം എന്ന ഈ കവിത തിരിഞ്ഞുനോക്കാൻ നേരം കിട്ടാതെ ഓടിക്കൊണ്ടിരിക്കുന്ന നേരത്ത് മറവിയുടെ മായ തലോടി തുടങ്ങിയ പലതും ഓർമ്മപ്പെടുത്തി.

ഒരു അമ്മ മനസ്സിൽ ആഴത്തിൽ മുറിവേറ്റപ്പോൾ ഉതിർന്നുവീണ വരികളാണ് മാപ്പെന്ന കവിതയിലുട നീളം എനിക്ക് അനുഭവവേദ്യമായത്. വല്ലാത്ത വീർപ്പുമുട്ടലൂടെയാണ്.
"കുഞ്ഞേ നിന്നോട് വീണ്ടും
മാപ്പിരക്കുന്നു ഞാനാം സ്‌ത്രി "
എന്ന് വായിച്ചവസാനിപ്പിച്ചത്.

15 വരികളിൽ പെണ്ണ് എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നു. അതെ ആ 15 വരികളിൽ പെൺജീവിതം പരിപൂർണ്ണമായി വരഞ്ഞിരിക്കുന്നു.

കൊല്ലത്ത് ജനിച്ച് തിരുവനന്തപുരത്ത് താമസിച്ചിരുന്ന അനിത സനൽകുമാർ ഇന്ന് വയനാടിന്റെ മനോഹാരിതയിൽ ജീവിക്കുന്നു.

തിരയൊഴിയാത്ത തീരം പോലെ ന്നും  ആ ചിന്താമണ്ഡലത്തിൽ നിന്ന് ചിന്തകൾ കവിതകളായി എഴുതപ്പെട്ടുകൊണ്ടിരിക്കട്ടെ . പുത്തനാശയങ്ങളും അനുഭവങ്ങളും ഉണർവ്വും ഊർജ്ജവും എല്ലാവരിലും എന്നും അവിടുത്തെ വരികൾ ഉണർത്തട്ടെ .

1367 കവിതകൾ ഇടമുറിയാതെ എഴുതിയ ആ കഴിവിന് ഹൃദയം നിറഞ്ഞ ആശംസകൾ

 

Join WhatsApp News
Anitha Sanal Madakkimala 2023-05-28 08:11:02
വളരെ സന്തോഷം സന്ധ്യ ... എന്റെ ആദ്യ കവിതാ സമാഹാരം വായിച്ച് വിശദമായി വിലയിരുത്തിയതിൽ🙏❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക