Image

യാത്രയാകുമ്പോൾ ( കഥ: തങ്കച്ചൻ പതിയാമൂല )

Published on 28 May, 2023
യാത്രയാകുമ്പോൾ ( കഥ: തങ്കച്ചൻ പതിയാമൂല )


"അമ്മ കരയുന്നില്ലേ."
എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിന്റെ കവാടത്തിനരികിൽ നിന്ന് ചിരിച്ചുകൊണ്ട് മകൾ ചോദിച്ചു.

"ഞാനെന്തിന് കരയണം. നീ ഏറെ സന്തോഷത്തോടെയല്ലേ കാനഡയ്ക്കു  പോകുന്നത്. എന്നും നിന്നെ വീഡിയോ കോളിലൂടെ കാണുവാനും സാധിക്കുമല്ലോ."
ഞാൻ നിസ്സംഗതയോടെ  പറഞ്ഞു.

"ആദ്യമായി ഞാൻ പഠിക്കുവാനായി അടുത്തുള്ള ബാംഗ്ലൂർക്ക് പോയപ്പോൾ
അമ്മ എന്ത് കരച്ചിൽ ആയിരുന്നു. അതുകൊണ്ട് ചോദിച്ചതാ."
അവൾ വീണ്ടും ചിരിക്കുകയാണ്.

ശരിയാണ്. അന്ന് മോളെ ഹോസ്റ്റലിൽ ആക്കി തിരിച്ചു പോന്നപ്പോൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എന്നിൽ നിന്നും വേർപ്പെടുന്നതുപോലെ തോന്നി. ട്രെയിനിൽ തിരികെ പോരുമ്പോഴും ഞാൻ വിങ്ങി കരഞ്ഞുകൊണ്ടിരുന്നു.

ഞാൻ പ്രവാസിയായിരുന്ന കാലം എനിക്ക് ഓർമ്മ വന്നു. ട്രെയിനിൽ ബോംബെയ്ക്ക് പോയി അവിടെ നിന്നാണ് ഫ്ലൈറ്റിന് ഗൾഫിനു പോയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ എന്റെ അമ്മ യാത്രയിലുടനീളം കണ്ണീർ വാർത്തിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ എനിക്കും കരച്ചിൽ അടക്കാൻ ആയില്ല.

ഒരിക്കൽ അമ്മ എഴുതി ഏത് ട്രെയിനും പ്ലാറ്റ്ഫോമിൽ നിന്നും പോയി കഴിയുമ്പോൾ എന്നിൽ സങ്കടം നിറയുമെന്ന്.

അന്ന് യാത്ര പിരിഞ്ഞാൽ ആഴ്ചയിൽ ഒരിക്കൽ വരുന്ന കത്തുകൾ മാത്രമായിരുന്നു വിവരങ്ങൾ അറിയാനുള്ള ഏകമാർഗ്ഗം. പിന്നീട് നാട്ടിലെ ഏക ടെലിഫോൺ ബൂത്തിൽ കാത്തുനിന്നുള്ള വിളികൾ.

ഇന്ന് മകൾ  എല്ലാദിവസവും വീഡിയോ കോൾ ചെയ്തു സംസാരിക്കുമ്പോൾ അകലങ്ങൾ ഇല്ലാതായതുപോലെ തോന്നും. പണ്ട് എന്റെ മാതാപിതാക്കൾ വർഷങ്ങൾ എന്നെ കാണാതെ എത്രമാത്രം മാനസിക പ്രയാസം അനുഭവിച്ചിട്ടുണ്ടാവും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

"അമ്മ എന്താണ് ആലോചിക്കുന്നത്. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ. ഞാൻ വെറുതെ പറഞ്ഞതാണമ്മേ. കരയണ്ട കേട്ടോ. അവിടെ ചെന്നാലുടനെ വീണ്ടും കാണാമല്ലോ."
അവൾ കൈവീശി യാത്രയായി.

എങ്കിലും  ഉയർന്നുപൊങ്ങിയ വിമാനത്തിന്റെ ഇരമ്പൽ എന്നിൽ ദുഃഖ തരംഗങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു.

ദിവസേനയുള്ള 'കണ്ടുവിളി' കൾക്കുമപ്പുറം മകളുടെ സാമീപ്യത്തിനായി ഞാനിന്ന് കാത്തിരിക്കുന്നു. മനസ്സിൽ കിനിയുന്ന നീറ്റലോടെ…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക