Image

ആധുനിക സിൻഡ്രലയായി മാറിയ മലീഷ (ദുർഗ മനോജ്)

Published on 28 May, 2023
ആധുനിക സിൻഡ്രലയായി മാറിയ മലീഷ (ദുർഗ മനോജ്)

സിൻഡ്രലയെ സ്നേഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. ഇളയമ്മയുടേയും മക്കളുടേയും ക്രൂരതകൾ സഹിച്ച് കടുത്ത ദുഃഖത്തിൽ നിന്ന് അവളെത്തേടിയെത്തുന്ന രാജകുമാരനെക്കുറിച്ചു സ്വപ്നം കാണാത്ത ആരുണ്ടാകും? അതു പോലെയാണ് ഒരു സുപ്രഭാതത്തിൽ രാജകുമാരിയായി മാറിയ ധാരാവിയിലെ കുഞ്ഞു മാലാഖ മലീഷയുടെ ജീവിതം.
ബാന്ദ്രയിലെ കടലോരത്തെ ആ വലിയ ചേരിയുടെ ഇത്തിരി വട്ടത്തു നിന്ന് ഒരു പതിനാലുകാരി കണ്ട സ്വപ്നത്തിന് മുബൈ പോലുള്ള വലിയ നഗരത്തിൽ എന്തെങ്കിലും വിലയുണ്ടോ എന്നു നമുക്ക് അത്ഭുതം തോന്നാം. ഫോറസ്റ്റ് എസൻഷ്യൻ എന്ന മേക്കപ്പ് ബ്രാൻഡ് അവരുടെ പുതിയ യൂത്ത് കളക്ഷ്ൻ്റെ കാംപെയിൻ്റെ ഭാഗമായി തെരഞ്ഞെടുത്തത് മലീഷയെ ആണ്. മുംബൈയിൽ ചിത്രീകരണത്തിനായി എത്തിയ അമേരിക്കൻ താരം റോബർട്ട് ഹോഫ്മാനെ കണ്ടുമുട്ടിയതാണ് മലീഷയുടെ ജീവിതം മാറ്റിമറിച്ചത്. കടലോരത്തുകളിച്ചു നടക്കുന്ന പെൺകുട്ടി, തൻ്റെ സ്വപ്നം ഒരു മോഡൽ ആവുക എന്നതാണ് എന്നു പറയുന്നിടത്തു കാര്യങ്ങൾ മാറിമറിഞ്ഞു.


സ്വന്തം സ്വപ്നത്തെക്കുറിച്ച് അങ്ങനെ പറയാൻ ധൈര്യം വന്നപ്പോൾ മലീഷയുടെ ജീവിതവും മാറി മറിഞ്ഞു.
റോബർട്ട് ഹോഫ്മാൻ അവളെ സഹായിക്കാനായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി. അവൾക്കു വേണ്ടി ഗോ ഫണ്ട് മി കാംപെയ്ൻ ആരംഭിച്ചു. അതോടെ അവൾക്ക് മോഡലിങ് അവസരങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ 2.3 ലക്ഷം പേർ അവളെ ഫോളോ ചെയ്യുന്നു. ചേരിയിൽ നിന്നുള്ള രാജകുമാരി എന്നവളെ ഇൻസ്റ്റഗ്രാമിൽ വിശേഷിപ്പിക്കുന്നു. ഈ അക്കൗണ്ടിലൂടെ സ്വന്തം വീടും അടുക്കളയും നിത്യജീവിതവുമൊക്കെ മലീഷപങ്കു വെക്കാറുണ്ട്.
മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ഷീറ്റുകൊണ്ടു മറച്ച വീട്ടിൽ അവളും അനിയനും അച്ഛനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് അവൾ ജീവിക്കുന്നത്.
മുംബൈയിലെ സാധാരണ സ്ക്കൂളിൽ പഠിക്കുന്ന അവൾക്ക് ഏറെ ഇഷ്ടം ഇംഗ്ലീഷാണ്. ഫോറസ്റ്റ് എസൻഷ്യലിൻ്റെ മോഡൽ ആയതിലൂടെ ആരും കൊതിക്കുന്ന അവസരമാണ് അവളെത്തേടി എത്തിയിരിക്കുന്നത്.
ചെറിയ ഫോട്ടോഷൂട്ടുകൾക്കൊപ്പം ലിവ് യുവർ ഫെയറി ടെയിൽ എന്ന ഷോർട്ട് ഫിലിമിലും അവൾ അഭിനയിച്ചു കഴിഞ്ഞു. നാളെ ഒരു പുത്തൻ താരോദയമായി ഇവൾ മാറില്ലെന്ന് ആരു കണ്ടു.

#maleesha_Kharva

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക