
Nothing is older than yesterday's newspaper എന്നത് ജെർമൻ ഭാഷയിൽനിന്ന് ഇംഗ്ളീഷിലേയ്ക്ക് കുടിയേറിപ്പാർത്തൊരു പഴഞ്ചൊല്ലാണ്. ഒരു ആനുകാലികം അതിൻ്റെ കാലാവധി കഴിഞ്ഞാൽ വളരെ പഴഞ്ചനായി മാറുന്നുവെന്നാണ് ഈ വാക്യംകൊണ്ടു ഉദ്ദേശിക്കുന്നത്.
ഇന്നത്തെ ദിനപത്രത്തിനു നാളെയും, ഈ ആഴ്ച്ചയിലെ വാരികയ്ക്കു അടുത്ത ആഴ്ച്ചയിലും, ഈ മാസം ഇറങ്ങുന്നൊരു മാസികയ്ക്കു അടുത്ത മാസവും വായനക്കാർ കൽപ്പിക്കുന്ന അപ്രസക്തി ഏറ്റവും ജീർണ്ണിച്ചൊരു വസ്തുവിനേക്കാൾ അധികമാണെന്ന്.

അച്ചടിമാധ്യമങ്ങളുടെ ത്വരിത വാർദ്ധക്യം വിളിച്ചോതുന്ന ഈ ആംഗലേയ ഉപവാക്യം രൂപപ്പെടുത്തിയവർ, വിൻസെൻ്റ് പുത്തൂർ എന്നൊരാൾ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടെന്ന യാഥാർത്ഥ്യം അറിഞ്ഞില്ലെന്നുതോന്നുന്നു!
കാരണം, പഴകുംതോറുമാണ് ആനുകാലികങ്ങൾക്ക് പുതുമയേറുന്നതെന്നാണ് വിൻസെൻ്റ് ജീവിച്ചു കാണിക്കുന്നത്. പ്രസിദ്ധീകരണം നിന്നുപോയൊരു ആനുകാലികത്തിൻ്റെ പതിപ്പാണ് കൈവശമുള്ളതെങ്കിൽ സംഗതി ശരിയ്ക്കും പ്രസക്തവുമായെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്നലത്തെ പത്രത്തിനേക്കാൾ പഴകിയതായി മറ്റൊന്നുമില്ലെന്ന സിദ്ധാന്തമൊന്നും 1,114 ആനുകാലികങ്ങൾ കൈവശമുള്ള വിൻസെൻ്റിൻ്റെയടുത്ത് വിലപ്പോകില്ല.
സംശയിക്കേണ്ട, ഒരു ആനുകാലികത്തിൻ്റെ ഒരു കോപ്പിവച്ച് എണ്ണിയ കണക്കാണിത്! ദിനപത്രം, സായാഹ്നപത്രം, വാരിക, ദ്വൈവാരിക, മാസിക, ദ്വൈമാസിക, ത്രൈമാസിക മുതലായവയാണ് വിൻസെൻ്റിൻ്റെ കാനേഷുമാരിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബ്രോഡ്ഷീറ്റ്, ബെർലിനർ, ടേബ്ലോയ്ഡ്, ക്രൗൺ ക്വാർടൊ, ലിറ്റിൽ മെഗസീൻ, ഇൻലൻഡ് മെഗസീൻ മുതലായ ഫോർമാറ്റ് സൈസുകളിൽ.

ഇയർ ബുക്കുകളും, മറ്റു വൈജ്ഞാനിക പതിപ്പുകളുമുൾപ്പെടെ, പുസ്തങ്ങൾ 1600 എണ്ണം വേറെയുമുണ്ട് വിൻസെൻ്റിൻ്റെ 'മൈത്ര'മെന്ന മന്ദിരത്തിൽ. അദ്ദേഹംതന്നെ രചിച്ചതാണ് ഇവയിൽ രണ്ടെണ്ണം.
തൃശ്ശൂരിലെ കണ്ണപുരത്തുള്ള വിൻസെൻ്റിൻ്റെ വസതിയെ അടുക്കും ചിട്ടയുമുള്ളൊരു ഗ്രന്ഥശാലയെന്നു വിളിക്കുന്നതാണ് ഏറെ ഉചിതം! എത്ര മനോഹരമായാണ് എല്ലാം ക്രമീകരിച്ചു വച്ചിരിക്കുന്നത്! സകലമാന ചുവരലമാരകളും, സ്റ്റീൽ കേബിനറ്റുകളും, സ്റ്റോറേജ് റേക്കുകളും, സീലിങ് ബർത്തുകളും അച്ചടിച്ച വസ്‌തുക്കളാൽ ഇടതൂർന്നിരിക്കുന്നു. ഡ്രാവിങ് റൂം, ഡൈനിങ് റൂം, ബെഡ്റൂം മുതലായ പേരുകളൊക്കെ ഇവിടെ എന്നോ കാലഹരണപ്പെട്ടിരിക്കുന്നു. സത്യമായും ഈ വീട്ടിലെ ഓരോ മുറിയുടെയും 'theme' വിജ്ഞാനമാണ്!

ചരിത്ര-സാഹിത്യ-സൈദ്ധാന്തിക വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പലരുടേയും പ്രോജക്റ്റ് റിപ്പോർട്ടിൽ 'അസ്സിസ്റ്റൻ്റ് ഗൈഡ് ഫോർ ഡോക്യുമെൻ്റേഷൻ' എന്ന ഇടത്തിൽ 'വിൻസെൻ്റ് പുത്തൂർ' എന്നു കാണുന്നതിൽ അതിനാൽ അതിശയമില്ല. ഗവേഷണ കാലത്ത്, പ്രബന്ധമെഴുതാനുള്ള വിവരശേഖരണാർത്ഥം അവർ മാസങ്ങളോളം മൈത്രത്തിലെ അമൂല്യമായ 'ഇന്നലത്തെ' ആനുകാലികങ്ങൾ റെഫർ ചെയ്തിട്ടുണ്ട്.
മലയാളത്തിലും ഇംഗ്ളീഷിലുമായി ഇന്ത്യയിൽ കൂടിയപക്ഷം മുന്നൂറ് ആനുകാലികങ്ങളെ അച്ചടിച്ചിറങ്ങുന്നുള്ളൂ, പിന്നെയെങ്ങനെയാണ് വിൻസെൻ്റിൻ്റെ ശേഖരം ആയിരം കവിഞ്ഞതെന്നാണ് ചോദ്യമെങ്കിൽ, ബാക്കിയുള്ളവ ഇപ്പോൾ പ്രചാരത്തിൽ ഇല്ലാത്തവയാണെന്ന് കരുതൂ!

അങ്ങനെയെങ്കിൽ, പ്രസിദ്ധീകരണം നിന്നുപോയ എണ്ണൂറിൽപരം ആനുകാലികങ്ങളുടെ പ്രതികൾ വിൻസെൻ്റിൻ്റെ കയ്യിലുണ്ടായിരിക്കണം. ഉണ്ടല്ലോ! അതിലൊന്ന്, പത്തു വർഷത്തെ പ്രസിദ്ധീകരണത്തിനൊടുവിൽ നിർത്തിവെക്കേണ്ടിവന്ന വിൻസെൻ്റിൻ്റെ പത്രാധിപത്യത്തിൽ തന്നെയുണ്ടായിരുന്ന 'ജനത' എന്ന ദിനപത്രവുമാണ്!
1850-ൽ പ്രസിദ്ധീകരണം നിന്നുപോയ 'രാജ്യസമാചാരം' മുതൽ ഈയിടെ ന്യൂസ്-സ്റ്റാൻഡിൽ നിന്ന് അപ്രത്യക്ഷമായ സംസ്കാരിക മാസിക 'ഓറ' വരെ ഉൾപ്പെടുന്നതാണ് വിൻസെൻ്റിൻ്റെ അക്ഷരക്കലവറ. ഇപ്പോഴും പ്രചാരത്തിലുള്ളവയിൽ അഗ്രജൻ, 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ച 'ദീപിക' ദിനപത്രവും, ഒടുവിലെത്തിയ അതിഥി 2019-നവംബറിൽ അച്ചടി ആരംഭിച്ച 'ഗ്രാമപത്രിക' മാസികയുമാണ്. 1889, നവംബറിൽ ആദ്യലക്കം പുറത്തിറക്കിയ 'വിദ്യാവിനോദിനി'ക്കാണ് വിൻസെൻറിൻറെ ശേഖരത്തിലെ ഒന്നാം നമ്പറുകാരനാവാൻ ഭാഗ്യം തെളിഞ്ഞതെങ്കിൽ, 'ഗ്രാമപത്രിക'തന്നെയാണ് അദ്ദേഹത്തിൻ്റെ അക്ഷരനിധിയിലെ 1,114-ആം നമ്പറുകാരൻ.

ഒരു പ്രസിദ്ധീകരണം തൻ്റെ കയ്യിൽ എന്ന് എത്തിച്ചേരുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ക്രമ നമ്പറിലെ മൂപ്പുമുറ വിൻസെൻ്റ് നിശ്ചയിക്കുന്നത്. ഇക്കാരണത്താലാണ് മലയാളത്തിലെ പ്രഥമ വർത്തമാനപത്രമായി വിലയിരുത്തപ്പെടുന്ന 'രാജ്യസമാചാര'ത്തിനും (1847), ഇന്ത്യയിലെ ആദ്യത്തേതായ 'ബംഗാൾ ഗസറ്റ്' (1780) എന്ന ഇംഗ്ളീഷ് പത്രത്തിനും വിൻസെൻ്റിൻ്റെ പട്ടികയുടെ തുടക്കത്തിൽ ഇടം ലഭിക്കാതെ പോയത്. അവയുടെ പ്രതികൾ മൈത്രത്തിലെത്താൻ അൽപം വൈകിപ്പോയി. യാദൃച്ഛികമെങ്കിലും, തൻ്റെ സമാഹാരത്തിൽ 'വിദ്യാവിനോദിനി' ഒന്നാമനായതിൽ വിൻസെൻ്റിനു ആനന്ദമേയുള്ളു! 1903-ൽ നിന്നുപോകുന്നതുവരെ, സാഹിത്യ, സാംസ്കാരിക, ശാസ്ത്രീയ ലേഖനങ്ങളാൽ മലയാളത്തിലെ ആദ്യകാല മാസികകളുടെ മുൻപന്തിയിൽ പതിനാലു വർഷം ജ്വലിച്ചുനിന്ന മാസികയല്ലേയിത്, ആനുകാലികങ്ങളുടെ കാവലാൾ ചോദിക്കുന്നു! പ്രചാരത്തിൽ എത്തിയ ഒരു ആനുകാലികത്തിന് വിൻസെൻ്റ് അനുവദിക്കുന്ന അനുക്രമ അക്കം അതിൻ്റെ അച്ചടി നിന്നുപോയാലും പഴയതുപോലെ തുടരുന്നു. നമ്പരിട്ട ഒരു ആനുകാലികത്തിൻ്റെ തുടർന്നുവരുന്ന ലക്കങ്ങൾ മറ്റൊരിടത്താണ് സൂക്ഷിക്കുന്നത്.

ആനുകാലികങ്ങൾ ശേഖരിക്കൽ തൻ്റെയൊരു ബൗദ്ധിക വ്യവഹാരമായി സ്വീകരിക്കുന്നതിനു മുന്നെ സാഹിത്യ ലോകത്തുനിന്ന് അപ്രത്യക്ഷമായവയുടെ പ്രതികൾ, വളരെ ബുദ്ധിമുട്ടിയാണ് വിൻസെൻ്റ് നേടിയെടുത്തിട്ടുള്ളത്. പ്രാചീനതകൊണ്ടു അമൂല്യമായിത്തീർന്ന പ്രസിദ്ധീകരണങ്ങളുടെ പ്രതികൾ നൽകാൻ സ്വകാര്യ ലൈബ്രറി ഉടമകൾ വിസമ്മതിച്ചപ്പോൾ, അവയുടെ ഒരു പകർപ്പെങ്കിലും വിൻസെൻ്റ് ശേഖരിച്ചു. കേരള സാഹിത്യ അക്കാദമിയിലെ ഗവേഷണ കേന്ദ്രമായിരുന്നു മറ്റൊരു ഉറവിടം.

എഴുപതു വയസ്സുള്ള വിൻസെൻ്റ് ജനിക്കുന്നതിന് എത്രയോ വർഷങ്ങൾക്കുമുന്നെ പ്രസിദ്ധീകരണം നിലച്ചുപോയ ആനുകാലികങ്ങളാണ് ഒന്നോ രണ്ടോ അക്കം മാത്രമുള്ള സീരിയൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുള്ളവയിൽ ഭൂരിഭാഗവും!
'രാജ്യസമാചാരം' മുതൽ 'ഓറ' വരെയുള്ള 170 വർഷങ്ങളിൽ വിരാമം കുറിച്ച ആനുകാലികങ്ങൾ ഏതൊക്കെയെന്ന് വിൻസെൻ്റിനോടു ചോദിച്ചാൽ, അദ്ദേഹം ജീവിക്കുന്നൊരു ഡാറ്റാബേസ് ആണെന്ന് ശ്രോതാവിനു തോന്നിപ്പോകും!

മലയാളനാടും, മനോരാജ്യവും, മാമാങ്കവും, പൂമ്പാറ്റയും, ലാലുലീലയും മുതൽ സംഹിതയും, സമീക്ഷയും, സരസനും വരെയുള്ളത് നിർജ്ജീവമായെന്ന് പലരും ഓർത്തെന്നിരിക്കാം. നവാബ് രാജേന്ദ്രൻ്റെ മരണത്തോടെ 'നവാബ്' ദിനപത്രവും, ഫാദർ വടക്കനുശേഷം 'തൊഴിലാളി'യും, പി. നാരായണൻ നായരുടെ കാലശേഷം 'ജന്മി'യും പുരാവൃത്തമായെന്ന് അറിയാത്തവരും വിരളം. എന്നാൽ, തൻ്റെ ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരുകൾ വിൻസെൻ്റ് പറഞ്ഞു തുടങ്ങുക, 'സ്വദേശാഭിമാനി', 'രസികരഞ്ജിനി', 'മംഗളോദയം', 'പതാക', 'ലക്ഷ്മിഭായി', 'സുമംഗല', 'മിതവാദി', 'ജയകേരളം', 'അൽ-അമീൻ', 'ദീനബന്ധു'... എന്നിങ്ങനെയാണ്. എല്ലാം നവകേരള ചരിത്രത്തോട് നേരിട്ടടുപ്പമുള്ള ആദ്യകാല ആനുകാലികങ്ങൾ!

വാടിപ്പോയിട്ട് ഒട്ടുകാലം കഴിഞ്ഞെങ്കിലും, തളിർത്തുനിന്ന കാലത്തെ അവയുടെ ശ്യാമളത കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഉള്ളിലെ താളുകളിൽ ഈ പേരുകൾ പിന്നെയും പച്ചപിടിച്ചു നിൽക്കുന്നത്. പത്തമ്പതു പേരുകൾ ഇടതടവില്ലാതെ ഉരുവിട്ട് വിൻസെൻ്റ് ആവേശത്തോടെ മുന്നേറുമ്പോൾ, ശ്രദ്ധയോടെ അതുവരെ കേട്ടിരുന്ന നിങ്ങൾ ഇടപെടും. ഇത്രയും മതിയെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിയ്ക്കും, വിനയപൂർവം! ഇനിയും ബാക്കി കിടക്കുന്ന 750 ഉയിരറ്റ പേരുകൾ കേൾക്കാൻ ക്ഷമയില്ലെന്ന യാഥാർത്ഥ്യത്തെ ഗൗരവം കുറച്ചു കാണിച്ചുകൊണ്ട്, ഇതുവരെ പറഞ്ഞ മാസികകളിൽ ചിലതിൻ്റെ വിശദ വിവരങ്ങൾ നിങ്ങൾ ആരായാനാണ് സാധ്യത!

വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു 'സ്വദേശാഭിമാനി'. പത്രാധിപരായിരുന്ന കെ. രാമകൃഷ്ണ പിള്ള തിരുവിതാംകൂർ ദിവാൻ്റെ ദുർഭരണത്തിനെതിരെ ശക്തമായ ഭാഷയിൽ ലേഖനങ്ങളെഴുതി. "1905-ൽ ആരംഭിച്ച ഈ പത്രം 1910-ൽ തിരുവിതാംകൂർ സർക്കാർ നിരോധിച്ചു. വിദേശ വാർത്തകൾ ലഭിക്കാൻ റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി വ്യവസ്ഥയുണ്ടാക്കിയ ആദ്യത്തെ മലയാള പത്രമാണിത്," വിൻസെൻ്റ് ആവേശംകൊണ്ടു!
മലയാളത്തിൽ മാതൃകാപരമായ ആനുകാലികങ്ങൾ ഉണ്ടാവണമെന്ന ഉദ്ദേശ്യത്തിൽ രാമവർമ അപ്പൻ തമ്പുരാൻ 1902-ൽ ആരംഭിച്ച മാസികയാണ് 'രസികരഞ്ജിനി'. "അപ്പൻ തമ്പുരാൻ വിവക്ഷിച്ചതുപോലെത്തന്നെ സംഭവിച്ചു. ഭാഷാശുദ്ധിയിലും, വിഷയവൈവിധ്യത്തിലും, 'രസികരഞ്ജിനി' മറ്റു പ്രസിദ്ധീകരണങ്ങൾക്ക് മാതൃകയായിത്തീർന്നു," വിൻസെൻ്റ് വ്യക്തമാക്കി.

"പിന്നീട് അദ്ദേഹം 'മംഗളോദയം' മാസിക 1911-ൽ ഏറ്റെടുത്തു, അതിനെയും നല്ലൊരു സാഹിത്യ മാസികയാക്കി ഭേദപ്പെടുത്തി. സാമ്പത്തിക പിരിമുറുക്കങ്ങളാൽ രണ്ടു മാസികകളുടെയും പ്രവർത്തനം താമസിയാതെ നിന്നുപോവുകയും ചെയ്തു," അദ്ദേഹം തുടർന്നു.
ഒരുപാടു വായനക്കാരെ ആകർഷിച്ച മറ്റൊരു പ്രസിദ്ധീകരണമായിരുന്നു 'പതാക'. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനു തൊട്ടുമുന്നെയുള്ള കാലഘട്ടത്തിൽ, സാമൂഹിക നീതിക്കുവേണ്ടി ആത്മാർപ്പണം ചെയ്ത നവോത്ഥാന നായിക പാർവ്വതി നെന്മേനിമംഗലം എന്നവരുടെ പത്രാധിപത്യത്തിൽ 'പതാക' ഉയർന്നു പറന്നു!
"മഹാകവി കുമാരനാശാൻ 1904-ൽ സ്ഥാപിച്ച 'വിവേകോദയം' ദ്വൈമാസികക്കു തിരുവിതാംകൂറിൽ ഉണ്ടായിരുന്ന പ്രശസ്തിക്കു തുല്യമായത്, 'പതാക'ക്കു മധ്യകേരളത്തിൽ ലഭിച്ചിരുന്നു. പക്ഷെ, സ്വാതന്ത്യ്രലബ്ധിക്കുശേഷം അധിക കാലം ഇതു പ്രവർത്തിച്ചില്ല," വിൻസെൻ്റ് വിശദീകരിച്ചു.

വനിതാ മാസികകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു 'ലക്ഷ്മിഭായി'യും (1905), 'സുമംഗല'യും (1916). സ്‌ത്രീ വിമോചനം, ശൈശവ വിവാഹത്തിന്റെ പ്രശ്നങ്ങൾ, ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് മുതലായ വിഷയങ്ങൾ ഈ മാസികകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു.
"സ്വതന്ത്ര സമര സേനാനിയായിരുന്ന മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് സ്ഥാപിച്ച പത്രമായിരുന്നു 'അൽ അമീൻ' (1924)," ഈ പത്രത്തിൻ്റെ പഴയൊരു ലക്കത്തിലൂടെ കണ്ണോടിച്ചുകൊണ്ടു വിൻസെൻ്റ് പറഞ്ഞു. മുസ്‌ലീങ്ങൾക്കിടയിൽ സ്വാതന്ത്യ്രതൃഷ്ണയും, ദേശാഭിമാനവും ജനിപ്പിക്കുന്നതിൽ 'അൽ അമീൻ' കാര്യമായ പങ്കുവഹിച്ചു. എന്നാൽ, രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് 1939-ൽ ഈ പത്രം സർക്കാർ നിരോധിച്ചു.
"സ്വാതന്ത്യ്രസമര പോരാളികൾക്ക് ആവേശം പകർന്ന മറ്റൊരു പ്രസിദ്ധീകരണമായിരുന്നു 'ദീനബന്ധു'. മഹാകവികളായ ജി. ശങ്കര കുറുപ്പിൻ്റെയും, ഉള്ളൂരിൻ്റെയും രചനകളാൽ സമ്പന്നമായിരുന്നു 'ദീനബന്ധു'. 1962-ൽ പ്രസിദ്ധീകരണം നിന്നുപോയി," വിൻസെൻ്റ് ഓർത്തെടുത്തു.
വിൻസെൻ്റിൻ്റെ ആനുകാലിക മേളയിലുള്ള, ഇന്ന് പ്രചാരത്തിലില്ലാത്ത ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങളിൽ മുഖ്യമായവയാണ് സി. രാജഗോപാലാചാരി സ്ഥാപിച്ച 'സ്വരാജ്യാ' (1956), ആർ. കെ. കരഞ്ജിയയുടെ 'ബ്ലിറ്റ്സ്' (1941), ജോർജ്ജ് ഫെർണാണ്ടസിൻ്റെ പത്രാധിപത്യത്തിൽ ഉണ്ടായിരുന്ന 'ദ അതർ സൈഡ്' (1952), ടൈംസ് ഗ്രൂപ്പിൻ്റെ 'ദ ഇലസ്റ്റ്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ' (1901), ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻ്റെ 'ജെൻ്റിൽമേൻ' (1980) മുതലായവ.
സ്വന്തം കുഞ്ഞുങ്ങളേക്കാളേറെ പരിലാളന കൊടുത്ത്, ചിതലരിക്കാതെ, ഈർപ്പമേറ്റ് ജീർണ്ണിക്കാതെ, ഈ ബൃഹദ് ശേഖരം പരിപാലിക്കുന്നത് കേവലം ഒരു വിനോദവൃത്തിയല്ല വിൻസെൻ്റിന്. മറിച്ച്, പ്രിയതരമായൊരു മനഃസ്ഥിതിയാണെന്ന് വിൻസെൻ്റ് ഉള്ളുതുറന്നു പറയുന്നു.
എന്നാൽ, ഇത്രയും അപൂർവ്വമായൊരു സമ്പത്ത് വസതിയിലുണ്ടായിട്ടും വിൻസെൻ്റ് ആനുകാലികങ്ങളുടെ ഒരു പ്രദർശനം പോലും ഇതുവരെ നടത്താതിരുന്നതിൽ പലർക്കും വിസ്‌മയം തോന്നിയേക്കാം.
"വലിയൊരു കൂട്ടർ തൃശ്ശൂരിൽ ഒരു Periodicals Exhibition നടത്തി. വിപുലമായ മീഡിയ ഹൈപ് കൊടുത്തിരുന്നു. അതിലേയ്ക്ക് എൻ്റെ കയ്യിലുണ്ടായിരുന്നതെല്ലാം അവർ കൊണ്ടുപോയി. 1967 മുതൽ '82 വരെ ഞാൻ കഷ്‌ടപ്പെട്ടു സ്വരൂപിച്ച 350-നു മേൽ വരുന്ന ആനുകാലികങ്ങൾ! തൃശ്ശൂരിൽനിന്നു കൊച്ചിയിലേക്കും, അവിടെനിന്ന് തിരുവനന്തപുരത്തേക്കും അവരുടെ ഷോ നീങ്ങി. അവസാനം ആ അമൂല്യ സമ്പാദ്യം എനിക്ക് എന്നന്നേക്കുമായി നഷ്ടമായി," വിൻസെൻ്റിൻ്റെ വാക്കുകളിൽ ഖേദം കവിഞ്ഞൊഴുകി.
"ആരംഭകാലത്തു നേടിയെടുത്ത ദുർലഭമായ മാസികകൾ നഷ്‌ടപ്പെട്ടതിൻ്റെ ദുഃഖം ഇതുവരെ മാറിയിട്ടില്ല... അതിനു ശേഷം സമാഹരിച്ചതാണ് ഇപ്പോഴുള്ള 1,114 എണ്ണം. Now I say no to any exhibition!" വിൻസെൻ്റ് കൂട്ടിച്ചേർത്തു.
തൻ്റെ ശേഖരം നാലാൾ അറിയണമെന്നു കരുതി വിൻസെൻറ് ഒന്നും ചെയ്യുന്നില്ലെങ്കിലും, വഴിതെറ്റിയെത്തുന്ന ചില അംഗീകാരങ്ങൾ വിൻസെൻ്റിനു സംതൃപ്‌തി നൽകുന്നുണ്ട്.
സാഹിത്യ-സമകാലിക വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മുൻനിരയിൽ ഉണ്ടായിരുന്നൊരു വാരികയിൽ, മികച്ച പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന വി.കെ. മാധവൻകുട്ടി 'ഇന്ദിരയുടെ അടിയന്തിരം' എന്ന ശീർഷകത്തിൽ ഒരു പരമ്പര എഴുതിയിരുന്നു. അടിയന്തിരാവസ്ഥയിലെ (1975-77) അതിക്രമങ്ങൾക്കും കുടുംബ വാഴ്ചക്കുമെതിരെ 13 ലക്കങ്ങളിലായി അച്ചടിച്ചുവന്ന ഗൗരവമേറിയ ലേഖനം. കേരളത്തിൽനിന്ന് ഡെൽഹിക്കു താമസം മാറ്റുന്നതിനിടയിൽ ലേഖകനും, സൂക്ഷിപ്പു സംബന്ധിച്ച കാരണത്താൽ പ്രകാശനസ്ഥാപനത്തിനും വാരികയുടെ കോപ്പികൾ നഷ്ടപ്പെട്ടു.
'ഇന്ദിരയുടെ അടിയന്തിരം' പുസ്തക രൂപത്തിൽ പ്രസാധനം ചെയ്യാൻ ഉദ്ദേശിച്ച മാധവൻകുട്ടി ആകെ അങ്കലാപ്പിലായി. പ്രസ്തുത ലേഖനത്തിൻ്റെ കയ്യെഴുത്തുപ്രതിപോലും അദ്ദേഹത്തിൻ്റെ പക്കൽ ഇല്ലായിരുന്നു. ആശയറ്റ കുറെ അന്വേഷണങ്ങൾക്കൊടുവിലാണ് മാധവൻകുട്ടി, 'വിൻസെൻ്റ് പുത്തൂർ' എന്നൊരു പേരുകേട്ടത്! താൻ 'ഇന്നലെ' രചിച്ചൊരു സാധനം ഒരു അപരിചിതൻ്റെ കൈവശം ഇന്നും പ്രസക്തമായി നിലകൊള്ളുന്നതറിഞ്ഞ മാധവൻകുട്ടിയുടെ ആഹ്ളാദം അതിരറ്റതായിരുന്നു!
"പതിമൂന്നു പ്രതികളും എൻ്റെ ശേഖരത്തിനിന്ന് പെറുക്കിയെടുത്ത്, അവയുടെ പകർപ്പുകളെടുത്ത്, ഞാൻ ഡെൽഹിക്ക് അയച്ചുകൊടുത്തു," വിൻസെൻ്റിൻ്റെ മുഖത്ത് പൂർണ്ണചന്ദ്രൻറെ പ്രകാശം!
അളവറ്റ നന്ദി അറിയിച്ചുകൊണ്ട് മാധവൻകുട്ടി തനിക്കെഴുതിയ കത്ത് വിൻസെൻ്റ് ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നു.
"വല്ലപ്പോഴും ഓർക്കാതെയെത്തുന്ന ഇതുപോലെയുള്ള ബഹുമതി മതി എനിക്കു ഏറെ കാലം മുന്നോട്ടു പോകാനുള്ള ഊർജ്ജം ലഭിക്കാൻ!" വിൻസെൻറ് വെളിപ്പെടുത്തി.
കേരളത്തിലെ ഏറ്റവുമധികം ആനുകാലികങ്ങളുടെ സൂക്ഷിപ്പുക്കാരൻ എന്ന പദവിയിൽ തുടരുകയെന്നത് അതിരിക്തമായ ഈ ജീവിതചര്യക്ക് അൽപമെങ്കിലും ഉദ്‌ബോധനം നൽകുന്നില്ലേ?
"ഒന്നാമനാവുക എന്നതല്ല എന്നെ മുന്നോട്ടു നയിക്കുന്നത്. ഇരുപതു വർഷമായി എൻ്റെ കളക്ഷനാണ് കേരളത്തിൽ ഏറ്റവും വലുത്. അഞ്ഞൂറും, അറുനൂറും ആനുകാലികങ്ങളുമായി, മറ്റുള്ളവർ ഏറെ പുറകിലുമാണ്. എന്നിരുന്നാലും, പതിവുപോലെ പുതിയ ആനുകാലികങ്ങൾ തിരക്കി ഞാൻ ഇപ്പോഴും അലയുകയാണ്. പാതവക്കിലെ പെട്ടിക്കടകൾ മുതൽ വലിയ ബുക്സ്റ്റാളുകൾ വരെ കയറിയിറങ്ങുന്നു. എൻ്റെ അക്ഷരനിധി അപ്പ്-റ്റു-ഡേറ്റ് ആക്കി സൂക്ഷിക്കണം എന്നതാണ് ഉദ്‌ബോധനം," എൽതുരുത്ത് കോൾകർഷക സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ വാക്കുകളിൽ നിശ്ചയദാർഢ്യം!
ദിവസേനെയെന്നോണം പുതിയ പ്രസിദ്ധീകരണങ്ങളുടെ പേരുകൾ പറഞ്ഞുകേൾക്കുകയും, പഴയത് പലതും മറഞ്ഞുപോവുകയും ചെയ്യുന്ന ഈ കാലഗതിയിൽ വിൻസെൻ്റിനു വിശ്രമമില്ലത്രെ!