Image

 ചന്ദനം മണക്കുന്ന നിമിഷങ്ങൾ (കഥ:  എം ജി വിനയചന്ദ്രൻ)

Published on 29 May, 2023
 ചന്ദനം മണക്കുന്ന നിമിഷങ്ങൾ (കഥ:  എം ജി വിനയചന്ദ്രൻ)

 എൻ്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഒരു ദിവസമാകുകയാണ്, ഇന്ന് .
പ്രമുഖ ദിനപത്രത്തിൽ ജോലിയിൽ പ്രവേശിച്ച അത് മുതലുള്ള മോഹമാണ്, സ്പനമായിരുന്നു അത്.എൻ്റെ മനസ്സിൽ ഇലകൾ കൊഴിയാത്ത നീർമാതള പൂക്കൾ വിരിയിച്ച, എൻ്റെ നഷ്ടപ്പെട്ട നീലാംബരി തിരികെ തന്ന, പ്രിയപ്പെട്ട എഴുത്ത് കാരിയെ, മാനസ്സ ഗുരുവിനെ അടുത്ത് കാണണം സംസാരിക്കണം.
  ഇയ്യിടയായി എഴുത്തിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും സ്വയം ഉൾവലിഞ്ഞതുകൊണ്ടായിരിക്കണം ഞാൻ നടത്തിയ രണ്ട് പരിശ്രമങ്ങളും പരാജയപ്പെട്ടത്.ഇന്നലെ തികച്ചും അപ്രതീക്ഷിതമായി പത്രമാപ്പീസിൽ നിന്നും വിളിച്ചു "നാളെ രാവിലെ എത്തിയാൽ കാണാം സംസാരിക്കാം". കരിഞ്ഞ് തുടങ്ങിയ മോഹമുകുളങ്ങൾക്ക് പുതുനാമ്പ് കിളിർത്തതുപോലെയായി ആസന്ദേശം.കഴിഞ്ഞ രാത്രി ഉറങ്ങാനെ കഴിഞില്ല. വായനക്കാരെ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും കാല്പനികതയുടെ അത്ഭുതലോകത്തേക്ക് ആവാഹിച്ചു കൊണ്ട് പോയ എഴുത്തിൻ്റെ തറവാട്ടമ്മയെ കാണുമ്പോൾ എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം. വെളുപ്പാൻ കാലത്ത് ഏപ്പോഴാണ് ഒന്ന് മയങ്ങിയത്.
 ആഗോപുരവാതിക്കൽ മുട്ടുമ്പോൾ കൈവിറച്ചുവോ? കതക് തുറന്നപ്പോൾ ഈ അറുപത്തി അഞ്ചിലും നവോഢയെപ്പോലെ, പൂർണ്ണേന്ദു മുഖിയായി മുന്നിൽ പ്രിയപ്പെട്ട എഴുത്ത് കാരി.
  " അശ്വതി നായർ " ഞാൻ പരിചയപ്പെടുത്തി.
   " സ്വാഗതം.വന്നിരിക്ക് .
 കുട്ടി നായരായതുകൊണ്ടല്ല ഞാൻ അനുവാദം നൽകിയത്.കുട്ടിയുടെ കഥയക്ക് പുരസ്ക്കാരം ലഭിച്ച വാർത്ത കഴിഞ്ഞൊരു ദിവസം പത്രത്തിൽ കണ്ടു, ഒപ്പം നിൻ്റെ ചിത്രവും. കഥാകാരിയായ സുന്ദരിപ്പെണ്ണ്.അതാ നിൻ്റെ യോഗ്യത ഇവിടെ എനിക്കൊപ്പം ഇരിക്കാൻ. അനുവാദമില്ലാതെ കടന്ന് വരാൻ ഞാൻ ആരെയും അനുവദിക്കില്ല എൻ്റെ വീട്ടിലും മനസ്സിലും." 
 ആ സ്വരത്തിലെ ദൃഢത എന്നെ അല്പം ഭയപ്പെടുത്തി. പറഞ്ഞ് തുടങ്ങാൻ കരുതി വച്ച തൊക്കെ പാഴായി പോകുമോ എന്ന ആശങ്ക.
 " മനപ്പൂർവ്വമല്ല ജാതിപ്പേർ പറഞ്ഞത്. " ഒരു ക്ഷമാപണം പോലെ ഞാൻ പറഞ്ഞൂ.
 " മനസ്സിലായി കുട്ടി. അതൊക്കെ ഒരലങ്കാരം തന്നെയാണിപ്പോഴും. ഇറക്കി വെച്ചാൽ എടുത്തണിയിക്കാൻ ഉണ്ടല്ലോ ചിലർ, എന്തൊ കുറവുണ്ടെന്ന് സ്വയം സമ്മതിക്കുന്നവർ .എൻ്റെ പേരിനൊപ്പം ചേർത്ത് കിട്ടിയ സവർണ്ണസ്വത്വം എനിക്ക് ഭാരമായി തോന്നിയിട്ടുണ്ട് എൻ്റെ തുറന്നെഴുത്തിൻ്റെ സന്ദർഭങ്ങളിൽ.കുല സ്ത്രീയുടെ അപഭ്രംശം എന്ന വിമർശനത്തിനും അത് നിമിത്തമായി. "
 ആഭിജാത്യം എഴുത്തിൽ   ആത്മരതിയുടെ പൂർത്തികരണത്തിന് തടസ്സമായി എന്ന നിർവ്വേദം ഇപ്പോഴും ബാക്കി നിൽക്കുന്നതായി തോന്നി ആ വാക്കുകളിൽ .
" കുട്ടി അത് വിട്ടേയ്ക്കൂ ,ചിലവർത്തമാനങ്ങൾ ഞാൻ തുടങ്ങുന്നത് ഇങ്ങനെയാണ്."
ആ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു ആശ്വാസമായി.
  "ഞാൻ അമ്മ എന്ന് വിളിച്ചാൽ ഇഷ്ടമാകുമോ?'ഒരു നിമിഷം എൻ്റെ കണ്ണുകളിലേക്ക് നോക്കി. "നിന്നെപ്പോലൊരുപെൺകുട്ടി എന്നെ അങ്ങനെ തന്നെയാണ് വിളിക്കേണ്ടത് ". വീണ്ടും ആശ്വാസത്തിൻ്റെ കണികൾ .അഭിമുഖമായി ഇരുന്നപ്പോഴാണ് ഒരു യാഥാർത്ഥ്യം ബോദ്ധ്യമായത്, പെണ്ണായ എന്നെപ്പോലും ഒന്ന് ചേർന്നിരിക്കാൻ മോഹിപ്പിക്കുന്ന മുഖ സൗന്ദര്യം, ഇടയ്ക്കിടെ വിരിയുന്ന ചിരിയിലെ ലാസ്യഭാവം, ആ കണ്ണുകളിലെ മാസ്മരികത ഏത് പുരുഷനേയും മയക്കും.
ശബ്ദത്തിൽ പോലും വശ്യതയുടെ ശീല്, അധികം ഉടയാത്ത അംഗ വടിവ് ,ചന്ദനമണമുള്ള ശരീരം, ഈ പ്രായത്തിലും. അപ്പോൾ യൗവ്വനത്തിൽ! പ്രശസ്തരായ പലരും അടുത്ത് നിന്നും, പരിചിതരായ ചിലർ അകന്ന് നിന്നും കാമുക വേഷം കെട്ടാൻ തുനിഞ്ഞിറങ്ങിയിരുന്നുവെന്ന കഥ അതിശയോക്തി ആവാനിടയില്ല.
 എൻ്റെ ചിന്തക്ക് ഭംഗം വരുത്തി ഞങ്ങൾക്കിടയിലേക്ക് മദ്ധ്യവയസ്ക്കനായ പരിചാരകൻ ചായയുമായി വന്നു.
 "അപ്പുണ്ണി, കുട്ടിക്കുള്ള ചായയിൽ മധുരം നന്നായി ചേർത്തിട്ടുണ്ടല്ലോ? മധുരം കഴിക്കേണ്ട പ്രായമാണ്‌."
എന്നിലെ സ്ത്രൈണ ഭാവങ്ങളെ മുഴുവൻ അംഗീകരിക്കുന്ന മട്ടിൽ അമ്മ എന്നെ നോക്കി ചിരിച്ചൂ ആ വാക്കുകളിലെ മാധുര്യം ഞങ്ങൾക്കിടയിലെ അകലം വീണ്ടും കുറച്ചു 
 " ഇയ്യാൾ രണ്ടു വർഷമായി എനിക്കൊപ്പമുണ്ട്. സാധുവാണ്. വന്ന പെണ്ണുങ്ങൾ എല്ലാം ഇടയ്ക്ക് നിർത്തി പോയി. അസ്സൂയ പിടിച്ച നശൂലങ്ങൾ'' .
 "അസൂയ "മനസ്സിലാകാതെ എൻ്റെ ചോദ്യം
" അതേന്ന്. എന്നെ കാണാൻ ഇവിടെ വരുന്നവരിൽ ഭൂരിഭാഗവും യുവാക്കളും നിന്നെപ്പോലെ സുന്ദരിക്കുട്ടികളു മായിരിക്കും. ഞങ്ങൾ സംസാരിക്കുന്നത് പ്രണയത്തെക്കുറിച്ചും. അത് കേൾക്കുമ്പോൾ പ്രണയത്തിൻ്റെ ഉറവ വറ്റിയ ഇവറ്റകൾക്ക് അസൂയ തോന്നും. കുറ്റമല്ല."
 ഞാൻ അറിയാതെ ചെറുതായി ചിരിച്ചു പോയി. അത് കണ്ട് അമ്മ
 " കുട്ടി വിവാഹിത അല്ലല്ലോ?"
  "അല്ല "
  " കുട്ടിയെ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ " 
   "വൈശാഖൻ " പറയണോ?
 "എൻ്റെ ചോദ്യം ശ്രദ്ധിച്ച് വേണം മറുപടി."
  വൈശാഖന് എന്നെ ഇഷ്ടമാണ്. അത് പ്രണയമാണോ?      ഞാൻ മൗനം പാലിച്ചു
 "നിന്നെ അടിമുടി ആഴത്തിൽ ഹുദയം കൊണ്ട് പ്രണയിക്കുന്ന ഒരാണി നെ വേണം നീ വരിക്കേണ്ടത് "
 " അങ്ങനെ ഒരാണുണ്ടോ "എൻ്റെ ആത്മഗതം.
 "അവൻ്റെ പ്രണയത്തിൽ കലർപ്പ് കല രാത്തിടത്തോളം കാലം ,നീ അവന് വിശ്വസ്തയുമായിരിക്കണം." അത് പറയുമ്പോൾ അമ്മയുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു.
 "ഈ പ്രായത്തിലും പ്രണയത്തേക്കുറിച്ച് പറയുന്ന അമ്മ എന്നെ ആശ്ചര്യപ്പെടുത്തുന്നു." ഞാൻ പറഞ്ഞൂ.
 " പ്രായവും പ്രണയവും തമ്മിൽ ബന്ധമുണ്ടെന്ന് കുട്ടി വിശ്വസിക്കുന്നുണ്ടോ?"' ഉത്തരം മുട്ടിയത് പോലെ ഞാനിരുന്നു.അത് ശ്രദ്ധിച്ച അമ്മ എൻ്റെ കൈ പിടിച്ച് അരുകിലേക്ക് ചേർത്തിരുത്തി. എൻ്റെ മുടിയിഴകളിൽ തഴുകി.                     "പ്രണയമാണ്എൻ്റെ ഊർജ്ജം. ഞാൻ മിഴികൾ തുറക്കുന്നത് പ്രണയത്തിൻ്റെ പുതിയ പ്രഭാതങ്ങളിലേക്കാണ്. നീയും അങ്ങനെയാവണം".
എഴുത്ത് കാരിയിലെ കല്പനകൾ ഉണർന്നൂ. " കാമുകിയാകാനാണ് എനിക്കിഷ്ടം, ഇപ്പോഴും. ശ്രീകൃഷ്ണനാണ് എൻ്റെ കാമുകൻ. അവൻ വിളിച്ചാൽ ഞാൻ പോകും. യമുനയുടെ തീരത്ത് നിലാവിൻ്റ കൽപ്പടവുകളിൽ ഞങ്ങൾ ഇരിക്കും. ആ മുരളി ഗാനത്തിൽ ഞാൻ അലിയും.കുട്ടി കാണുന്നുവോ,
നീല ജലാശയത്തിൽ നിന്ന് പറന്നുയരുന്ന പൊന്മാൻ്റെ ചുണ്ടുകൾക്കിടയിൽ പിടയുന്ന കുഞ്ഞു മത്സ്യം ഞാനാണ്, ആ വേദന ഒരു സുഖമാണ് .അത് എന്നെ കൊണ്ട് പോകുന്നത് പ്രണയത്തിൻ്റെ പാലാഴിയിലേക്കാണ്.പൊന്മാൻ പ്രണയത്തിൻ്റെ ദൂതനാണ് "
 അമ്മയുടെ വാക്കുകളിലലിഞ്ഞ് അറിയാതെ  ആ മാറിലേക്ക് ഞാൻതല ചായ്ച്ചു. ചന്ദനസുഗന്ധമേറ്റ് മയങ്ങി.
 "അച്ചു മോളെ നീ ഇതുവരെ ഉണർന്നില്ലേ " മുറിക്ക് പുറത്ത് കതകിൽ ശക്തിയായി മുട്ടി അമ്മയുടെ ചോദ്യം കേട്ട് അശ്വതി ഞെട്ടി ഉണർന്നു.ഫോണിൽ സമയം നോക്കി. എട്ട് മണി കഴിഞ്ഞു.വൈശാഖൻ മൂന്ന് തവണ വിളിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക