Image

എന്‍ വി എസ് 01 നാവിക് വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍ഒ(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 29 May, 2023
എന്‍ വി എസ് 01 നാവിക് വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍ഒ(ദുര്‍ഗ മനോജ് )

നാവിഗേഷന്‍ ഉപഗ്രഹമായ എന്‍ വി എസ് 01 ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്നു രാവിലെ 10: 42 നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251. 52 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം എത്തിച്ചത്. ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാം തലമുറ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. ജി.പി എസിനു ബദലായി ഇന്ത്യ അവതരിപ്പിക്കുന്ന നാവിഗേഷന്‍ സംവിധാനമാണ് നാവിക്. ഇതിന്റെ കാര്യശേഷി കൂട്ടുക എന്നതാണ് എന്‍ വി എസ് 01 ഉപഗ്രഹങ്ങളുടെ ദൗത്യം. ജിയോസിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ അഥവാ ജി എസ് എല്‍ വിക്രയോജനിക് സാങ്കതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യന്‍ റേക്കറ്റ് ആണ്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റ് ആണ്. ഇതു വരെ പതിനഞ്ച് തവണ ഉപയോഗിച്ചതില്‍ ഒമ്പത് എണ്ണം വിജയിച്ചു. അതില്‍ നാലെണ്ണം ഭാഗികമായി വിജയിച്ചവയും രണ്ടെണ്ണം പൂര്‍ണമായി പരാജയപ്പെട്ടവയും ആണ്. നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി സഹകരിക്കുന്ന നിസാര്‍ മുതല്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ രണ്ട് ഐ ഡി ആര്‍ എസ് എസ് ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവില്‍ ജി എസ് എല്‍ വി യെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

എന്‍ വി എസ് 01, എന്നത് ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്ന നാവിക് ശൃംഖലയിലേതാണ്. ഇനി അഞ്ച് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കപ്പെട്ടാലേ നാവിക് കൂടുതല്‍ കാര്യക്ഷമമാകൂ. തദ്ദേശീയമായി നിര്‍മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എന്‍ വി എസ് 01. പന്ത്രണ്ടു വര്‍ഷമാണ് ഈ ഉപഗ്രഹങ്ങള്‍ക്കു നിശ്ചയിച്ചിരിക്കുന്ന ആയുസ്.

രണ്ടു ഘട്ടങ്ങളിലെ വേര്‍പെടലും വിജയകരമാണെന്നും ഇതുവരെയുള്ള നടപടിക്രമങ്ങളെല്ലാം കൃത്യമാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക