മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരവും പ്രശംസനീയവുമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് അറിയിച്ചു.
അതിരൂപതയിലെ എല്ലാ ഇടവകകള്‍ക്കും ഓരോ വീല്‍ചെയറുകള്‍ നല്‍കുക വഴി കരുതലും കൈത്താങ്ങുമാകുന്ന ജീവകാരുണ്യ പദ്ധതിയാണ് മെല്‍ബണ്‍ ഇടവക നടപ്പിലാക്കുന്നത് എന്നും പിതാവ് അറിയിച്ചു.
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീല്‍ചെയര്‍ നല്‍കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതല്‍' - ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിശേരി കീനായി ക്‌നാനായ മലങ്കര കത്തോലിക്ക ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ മലങ്കര ഫൊറോന വികാരി റവ.ഫാ. റെനി കട്ടേലിനും കല്ലിശേരി വിസിറ്റേഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി ടോമിനും ഒരു വീല്‍ചെയര്‍ നല്‍കികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വികാരി ഫാ.അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നല്‍കി. പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനറും കെസിവൈഎല്‍ മുന്‍ അതിരൂപത പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കല്‍, ഇടവകയുടെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു.
ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീല്‍ചെയര്‍ കല്ലിശേരി ഇടവകയ്ക്ക് നല്‍കിയതിലുള്ള നന്ദിയറിയിക്കുകയും പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികള്‍ക്കും പ്രാര്‍ഥനാശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും മലങ്കര ഫൊറോനാ വികാരിയും കല്ലിശേരി ഇടവക വികാരിയുമായ ഫാ. റെനി കട്ടേല്‍ അറിയിച്ചു.
സംഘാടന മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഗംഭീരമാക്കി തീര്‍ക്കുന്ന, മെല്‍ബണ്‍ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് റ്റോം കരികുളം അറിയിച്ചു.
യുവജനങ്ങള്‍ക്കും വിശിഷ്യ വളര്‍ന്നു വരുന്ന പുതിയ കനാനായ തലമുറയ്ക്കും ലോകമെമ്പാടുമുള്ള ക്‌നാനായ കൂട്ടായ്മകള്‍ക്കും ഏറെ പ്രചോദനം നല്‍കുന്ന ഒരു ജീവകാരുണ്യ പദ്ധതിക്കാണ് മെല്‍ബണ്‍ ഇടവക നേതൃത്വം നല്‍കുന്നതെന്ന് കെസിവൈഎല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിന്‍ പാറയില്‍ അറിയിച്ചു.
കോട്ടയം അതിരൂപതയിലെ ഓരോ ഇടവകയിലെയും അത്യാവശ്യക്കാര്‍ ആയിട്ടുള്ള ഒരാള്‍ക്കെങ്കിലും ഒരു വീല്‍ചെയര്‍ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ് ഈ ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.