Image

വെള്ളത്താമര (ഭാഗം:5 - മിനി വിശ്വനാഥന്‍)

Published on 30 May, 2023
വെള്ളത്താമര (ഭാഗം:5 - മിനി വിശ്വനാഥന്‍)

പിറന്നാളുകാരി നേഴ്സിന്റെ പാതിയടഞ്ഞ ഫിലിപ്പീൻ കണ്ണുകളിൽ സന്തോഷത്തിന്റെ നീർമണികൾ തിളങ്ങുന്നത് നോക്കിയിരിക്കെ എന്റെ അനസ്തേഷ്യയോടുള്ള പേടി മുഴുവൻ ആവിയായിപ്പോയി. ചുണ്ടുകൾ വരണ്ടതിനാൽ ശബ്ദം പുറത്ത് വരുന്നില്ലെങ്കിലും ഞാനും പിറന്നാളാശംസിച്ചു. 

അവളെ നോക്കിയിരിക്കുമ്പോൾ  ശ്രീക്കുട്ടിക്ക് ഫിലിപ്പീനി കണ്ണുകളാണെന്ന് അടുത്ത വീട്ടിലെ ഡാർലി കളിയാക്കുന്നത് ഞാനോർത്തു. പെട്ടെന്നാണ് എനിക്ക് മക്കളെ ഓർമ്മ വന്നത്. ശ്രീക്കുട്ടി പരീക്ഷ നന്നായെഴുതിയിട്ടാവുമോ എന്നൊരാധിയിൽ വീണ്ടും മനസ് സങ്കടവഴിയിലേക്ക് മാറി.

ഓപ്പറേഷൻ തീയേറ്ററിൽ  ഡ്യൂട്ടി മാറുന്ന സമയമായിരുന്നതു കൊണ്ട് അവിടമാകം കലപിലയായിരുന്നു. നിർദ്ദേശങ്ങളും രോഗികളെയും അവർക്ക് കൊടുത്ത മരുന്നുകളും പരിചയപ്പെടുത്തുന്നതിനിടയിൽ അപ്രതീക്ഷിതമായി ഓവർ ടൈം ഡ്യൂട്ടി എടുക്കേണ്ടി വന്നതിനാൽ വീട്ടിൽ വിളിച്ച് വിവരമറിയുക്കുന്നവരും ഉണ്ടായിരുന്നു. "അപ്പ പറയുന്നതൊക്കെ അനുസരിക്കണേ മോളേ , ഹോം വർക്ക് ചെയ്യണേ , ഫ്രിഡ്ജിൽ ചിക്കൻ കറിയുണ്ട് " എന്നൊക്കെ ഒരു നേഴ്സ് മോളോട് പറയുന്നത് കേട്ടപ്പോൾ എന്റെ ഡേ കെയറിലെ മക്കൾ ഇതുപോലെ അമ്മയെ കാത്തിരിക്കുന്നതും നിരാശരാവുന്നതും ഓർമ്മ വന്നു. വീട്ടിലെ ഫ്രിഡ്ജിൽ സാമ്പാറും ദോശമാവും ഉണ്ടെന്ന് എനിക്കും പൂജയെ വിളിച്ച് പറയണമെന്ന് തോന്നി. 

അപ്പഴേക്കും ഞാനറിയാതെ തന്നെ എന്റെ കട്ടിൽ ഓപ്പറേഷൻടേബിൾ ആയി മാറിയിരുന്നു. ബീപ് ശബ്ദങ്ങളും മോണിറ്ററുകളും ഞാനൊന്ന് നല്ലവണ്ണം നോക്കി. വേദന അറിയാതിരിക്കാൻ ചെറിയ ഒരു ഇൻജക്ട് ചെയ്യുന്നുണ്ടേ , റിലാക്സ് ചെയ്ത് കിടന്നോളൂ എന്നൊരു പതിഞ്ഞ സ്വരത്തോടൊപ്പം വെയിനിലേക്ക് ഒരു ഇൻജക്ഷൻ ആഴ്ന്നിറങ്ങി. "എനിക്ക് ഹിസ്റ്റക്ടമിയാണേ, ഹെർണിയ അല്ലാ" എന്ന് ഞാൻ തിരക്കിനിടയിലും അവരെ ഓർമ്മിപ്പിച്ചത് എന്തിനായിരുന്നെന്ന് എനിക്ക് അറിയില്ല. 

ഓർമ്മകൾ മങ്ങുന്നതിന് മുമ്പ് എന്റെ ഗർഭപാത്രത്തിനോട് സ്നേഹവാൽസല്യങ്ങളോടെ വിട പറയണമെന്ന് തോന്നി. ജീവിതത്തിലെ വേദനകളുടെ ഒരു ഘട്ടം അവസാനിക്കുന്നതിന്റെ നന്ദി പറഞ്ഞേ പറ്റൂ.

ഞാൻ ഉറക്കത്തിന്റെ മായാലോകത്തിലേക്ക് സാവധാനം താണു. ശബ്ദങ്ങളോ വേവലാതിക ളോ പരിഭ്രമങ്ങളോ ഇല്ലാത്ത മനോഹരലോകമായിരുന്നു അത്. വലിയ വെള്ളത്താമരകൾ വിടർന്നു നിൽക്കുന്ന നിശബ്ദമായ ഒരു തടാകത്തിലൂടെ പ്രിയപ്പെട്ട ആരോ എന്നെ തുഴഞ്ഞ് കൊണ്ട് സ്വർഗ്ഗത്തിന്റെ മറുകര നോക്കി നീങ്ങി. അവിടെ അച്ഛമ്മയും ഗുരുവായൂരെ വല്യച്ഛനും ദച്ചൂട്ടി മുത്താച്ചിയും വേവലാതിയോടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

 പെട്ടെന്ന് എനിക്കുചുറ്റും തണുപ്പ് നിറഞ്ഞു , അതോടൊപ്പം ഊദിന്റെ ഗന്ധവും.
ഇപ്പോൾ ഞാൻ കരാമയിലെ വീട്ടിലെ പച്ച സോഫയിൽ കിടക്കുകയാണ്. ഉമ്മീ എന്നു മന്ത്രിച്ചു കൊണ്ട് പിച്ചളഗ്ലാസിൽ നിന്നുള്ള പിടി വിടാതെ അവൻ മസാഫി മലകളെക്കുറിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി. മായികമായ ആ ഗന്ധത്തിലും അനുഭവത്തിലും മുങ്ങിത്താണ ഞാനൊരു പഞ്ഞിത്തുണ്ടു പോലെ പറന്നു തുടങ്ങി. എന്നെയും കാത്ത് പ്രാർത്ഥനയോടെ ഇരിക്കുന്ന വിശ്വേട്ടനെയും മക്കളെയും കമലമ്മയെയും ആന്റിയെയും അതിനിടയിൽ എനിക്ക് കാണാനായി...

താമരപ്പൂവിന്റെയും ഊദിന്റെയും മിശ്ര ഗന്ധങ്ങളിൽ നിന്ന് ഞാൻ പതുക്കെ ശബ്ദങ്ങളുടെ ലോകത്തേക്ക് സഞ്ചരിച്ച് തുടങ്ങി...

തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക