Image

ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍-ഭാഗം 3: സുരാഗ് രാമചന്ദ്രന്‍)

Published on 30 May, 2023
ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍-ഭാഗം 3: സുരാഗ് രാമചന്ദ്രന്‍)

അന്ന് വിവേക്, പതിവിനു വിപരീതമായി കൂടുതൽ മൗനിയായി സോഫിയയ്ക്ക് തോന്നി. അതിനാൽ, അവൾ അവന്റെ നിശബ്ദത ഭഞ്ജിക്കുവാൻ തീരുമാനിച്ചു.
"എന്ത് പറ്റി, വിക്കി? എല്ലാം ഓക്കെ അല്ലേ?"
വിവേക് പെട്ടെന്ന് തന്റെ ചിന്തകളിൽ നിന്നും ഉണർന്നു. 
"നമ്മുടെ എംഡി എന്നോടൊരു പോസ്റ്ററും ലോഗോയും ഡിസൈൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നമ്മുൾ  അടുത്തതായി രംഗത്തിറക്കാൻ ഉദ്ദേശിക്കുന്ന സോഫ്റ്റ് വേറിന്റെ മാർക്കറ്റിംങ്ങിനു വേണ്ടിയാണിത്. ഞാൻ അതിനെകുറിച്ചോർക്കുകയായിരുന്നു."
"ഓ, നന്നായല്ലോ. വിക്കിക്കറിയാമോ, വിക്കിയെ പോലെ കലാത്മകമായി ജോലി ചെയ്യുന്നവരോട് എനിക്ക് വലിയ അസൂയയാണ്. എനിക്കൊരു ലൈൻ പോലും നേരെചൊവ്വേ വരയ്ക്കാൻ അറിയില്ല. എന്റെ ജോലിയാകട്ടെ പരമ ബോറാണ്".
"ഒരു ജോലി എന്നും ചെയ്‌താൽ, ഏറ്റവും ആകർഷണീയമായ ജോലിയും ബോറായി തോന്നും."
തന്റെ ക്യൂബിക്കിളിൽ തിരിച്ചെത്തിയപ്പോൾ, വിവേക് സോഫിയയെ കുറിച്ചോർത്തു. സുഹൃത്ത് എന്നാണ് പറഞ്ഞതെങ്കിലും സോഫിയ, വിവേകിന്റെ ഒരു പരിചയക്കാരി മാത്രമാണ്. സോഫിയ എന്നല്ല, ഓഫീസിൽ വിവേകിന് യാതൊരു സുഹൃത്തുക്കളും ഇല്ലായിരുന്നു. എല്ലാവരും പരിചയക്കാർ മാത്രം. മുൻ കമ്പനിയിലും സോഫിയയും വിവേകും ഒരുമിച്ചായിരുന്നു ജോലി ചെയ്തത്. തനിക്കൊരു ഗ്രാഫിക് ഡിസൈനറുടെ ആവശ്യമുണ്ടെന്ന് വിവേകിന്റെ ഇപ്പോഴത്തെ മാനേജർ സോഫിയയോട് പറഞ്ഞപ്പോൾ, സോഫിയ വിവേകിനെ റെഫർ ചെയ്‌തു ഈ കമ്പനിയിലേക്കു കൊണ്ടു വരികയായിരുന്നു. തന്റെ കഴിവുകളിൽ ആരാധനയും അസൂയയും ഉണ്ടെന്ന് അവൾ പറഞ്ഞപ്പോൾ, പരിചയക്കാരി എന്ന നിലയിൽ നിന്നും സോഫിയയുടെ സ്ഥാനം ഉയർത്തണമെന്ന് വിവേകിന് തോന്നി.
വിവേക് തന്റെ ജോലി തുടങ്ങി. താമസിയാതെ തന്നെ വിവേകിന്റെ ക്യൂബിക്കിളിനു ചുറ്റും ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. കരിയറിന്റെ തുടക്കത്തിൽ ആളുകൾ ചുറ്റും താൻ ചെയ്യുന്ന ജോലി നോക്കിക്കൊണ്ടു നില്കുന്നത് വിവേകിന് ഒരു ശല്യമായിരുന്നു. ഒരു കോൺഫറൻസ് ഹാൾ ഒക്കെ ബുക്ക് ചെയ്ത് അവിടെ പോയി ഇരുന്ന്, പൂർണമായ ഏകാന്തതയോടെയായിരുന്നു അന്നൊക്കെ ജോലി ചെയ്തിരുന്നത്. ഇന്ന് തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ പോയി ഇരുന്നാലും വിവേകിന് ജോലി ചെയ്യാൻ സാധിക്കും. ഏതാണ്ട് തീർന്നപ്പോൾ വിവേക് തല പൊക്കി തന്റെ ചുറ്റുമുള്ളവരെ ഒന്നു നോക്കി. കൂട്ടത്തിൽ, വിവേക് പ്രതീക്ഷിക്കാത്ത ഒരാളും ഉണ്ടായിരുന്നു!
വിവേകിന്റെ മാനേജർ ഒരു സോഫ്റ്റ് വേർ ഡെവലപ്മെൻറ് മാനേജറാണ്. വിവേക് ഒഴികെ ടീമിൽ ഉള്ളവരെല്ലാം സോഫ്റ്റ് വേർ എഞ്ചിനിയർമാരായിരുന്നു. മുൻപൊരിക്കലും അദ്ദേഹം ക്യൂബിക്കിളിൻറെ അടുത്ത് വന്നു നിന്ന് വിവേകിന്റെ കലാപ്രവർത്തനം നോക്കി നിൽകുകയൊന്നും ചെയ്തിട്ടില്ല. വളരെ പ്രാധാനപ്പെട്ട ഒരു പ്രൊജക്റ്റ് ആണെന്നാണ് എംഡിയുടെ ഇമെയിലിൽ ഉണ്ടായിരുന്ന വിവരം. അതാവും, വിവേകിന്റെ മാനേജരും നേരിട്ട് കാണാൻ വന്നത്. അവിടെ ഉള്ള മറ്റെല്ലാവരുടെയും മുഖത്ത് വിവേകിന്റെ പോസ്റ്ററും, ലോഗോയും കണ്ട്, അത് ഉണ്ടാക്കിയ വിവേകിനോടുള്ള ആരാധന പ്രകടമായിരുന്നു.
ആൾകൂട്ടത്തിൽ അപ്രതീക്ഷിതമായി തന്റെ മാനേജരെ കണ്ടപ്പോൾ, വിവേക് എഴുന്നേറ്റു നിന്നു.
"കഴിഞ്ഞോ, വിവേക്?"
"ഉവ്വ്, പോസ്റ്ററും, ലോഗോയും റെഡി ആയി"
"രണ്ടും കൊള്ളാം. പക്ഷേ, ഫ്രാങ്കായി പറയുകയാണെങ്കിൽ..."
വിവേകിന്റെ മാനേജർ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെയുള്ളവരുടെ മുഖഭാവം ആരാധന വിട്ട് ഒരു വിമർശക ഭാവത്തിൽ എത്തി കഴിഞ്ഞിരുന്നു. വിവേകിന് "ഫ്രാങ്കൻമാരോട്" വലിയ താല്പര്യമില്ല. കാരണം, അവർക്ക് ഫ്രാങ്ക് ആയി പറയാം. അവരോട് ആരെങ്കിലും ഫ്രാങ്ക് ആയി പറഞ്ഞാൽ അവർക്ക് അത് ഇഷ്ടപ്പെടില്ല. വിവേകിന്റെ മാനേജരും ആ ഗണത്തിൽ പെടുന്ന വ്യക്തിയായിരുന്നു. എങ്കിലും ജോലി സംബന്ധിച്ചുള്ള വിമർശനമായതിനാൽ കേൾക്കാൻ വിവേക് ബാധ്യസ്ഥനായിരുന്നു.
മാനേജരും, അവിടെ കൂടിയിരിക്കുന്ന എല്ലാവരും, പല പല നിർദേശങ്ങൾ വിവേകിന് കൊടുക്കാൻ തുടങ്ങി. വിവേക്, എല്ലാം തന്റെ നോട്ട്ബുക്കിൽ കുറിച്ചെടുത്തു. നിർദേശങ്ങൾ പലതും അവരുടെ ഒരു അഭിപ്രായം മാത്രമായിരുന്നു. അത്ര മികച്ച നിർദേശമായി കാര്യമായി ഒന്നും തന്നെ ഇല്ലായിരുന്നു.ജോലി തീർക്കാൻ എംഡി രണ്ട് ദിവസത്തെ സാവകാശം കൊടുത്തിട്ടുണ്ട്. അതിനാൽ എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഉടനെ വീണ്ടും ജോലിയിലേക്ക് കടക്കാതെ, വീട്ടിൽ പോകാം എന്നു തീരുമാനിച്ചു. വേണ്ടി വന്നാൽ വീട്ടിൽ നിന്നു ജോലി തുടരാം എന്നും.
കാറിലുള്ള യാത്രയിൽ മുഴുവനും വിവേകിന്റെ മനസ്സിൽ മുഴുവനും സുഖകരമല്ലാത്ത ചിന്തകളായിരുന്നു. ആദ്യമായിട്ടല്ല, ചോദിക്കാതെയുള്ള ഉപദേശങ്ങളും, "ഫ്രാങ്ക്" നിർദേശങ്ങളുമൊക്കെ കിട്ടുന്നത്. എങ്കിലും ഓരോ തവണയും മനസ്സ് മടുക്കും. ഒരേ ഒരാശ്വാസം, വീട്ടിൽ സോണിയുടെയും, മകൾ അഖിലയുടെയും കൂടെ ശേഷമുള്ള ദിവസം സമാധാനമായി കഴിച്ചു കൂട്ടാം എന്നതാണ്.
അന്ന് നടന്ന സംഭവങ്ങൾ വിവേക് ഓർത്തു. ഗ്രാഫിക് ഡിസൈനിംഗ് ജോലിയെ കുറിച്ച് ഓഫീസിലെ മറ്റുള്ളവരുടെ ധാരണയില്ലായ്മ പലപ്പോഴും അലട്ടിയിരുന്നു. ടീമിലെ ചിലർ കരുതുന്നത് ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്‌വെയർ ടൂളുകൾ ഒരു മാജിക് പോലെ ഡിസൈൻ ചെയ്തു തരും എന്നാണ്. വേറൊരു ബുദ്ധിമുട്ട്, തന്റെ ഒരു ആശയം വെച്ച് ഒരു ഡിസൈൻ ഉണ്ടാക്കും. പക്ഷേ, ഡിസൈൻ കാണുന്ന ആളുകളുടെ അഭിപ്രായങ്ങൾ ഏതാണ്ടിങ്ങനെയാണ്:
"ആ ഫോണ്ട് കുറച്ചു കൂടി വലുതാക്കാം. എനിക്ക് വായിക്കാൻ കഴിയുന്നില്ല."
"പോസ്റ്ററിന് ഓറഞ്ച് കളർ ആയിരിക്കും നല്ലത്. കാരണം എനിക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമുള്ള നിറം."
ഒരു ഘട്ടം കഴിഞ്ഞാൽ അവർ പറയുന്നതൊക്കെ ചെയ്തു കൊടുത്ത്‌ സംഭവം ഒഴിവാക്കാനാണ് തോന്നുക.
പക്ഷേ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല എന്ന് വിവേക് ഉറപ്പിച്ചു. ന്യായമായ മാറ്റങ്ങൾ അല്ലാതെ, മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ എല്ലാ നിർദേശങ്ങളും ചെവിക്കൊള്ളേണ്ട ആവശ്യമില്ലെന്നും മാന്യമായി തന്നെ ഈ കാര്യങ്ങൾ മറ്റുള്ളവരോട് പറയാമെന്നും തീരുമാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക