Image

ഒരു ലക്ഷത്തിൻ്റെ ഫോൺ സമം 21 ലക്ഷം ലിറ്റർ ജലം (ദുർഗ മനോജ്)

Published on 30 May, 2023
ഒരു ലക്ഷത്തിൻ്റെ ഫോൺ സമം 21 ലക്ഷം ലിറ്റർ ജലം (ദുർഗ മനോജ്)

അധികാര ദുർവിനിയോഗത്തിൻ്റെ പുത്തൻ മധ്യപ്രദേശ് മാതൃക 


വേനൽ കടുത്താൽ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാൻ സർക്കാർ വക ജല സംഭരണികളെ ആശ്രയിക്കേണ്ടി വരുന്ന ജനങ്ങളെ മണ്ടന്മാരാക്കി മധ്യപ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് ബിശ്വാസും സുഹൃത്തുക്കളും അവധിക്കാലം ആഘോഷിക്കാനാണ് ഖേർകട്ട അണക്കെട്ടിൻ്റെ ജലസംഭരണിയായ പാറൽക്കോട്ട് റിസർവോയർ പ്രദേശത്ത് എത്തിയത്.

ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സെൽഫി എടുത്ത് ആഘോഷിക്കുന്നതിനിടയിലാണ് ആ ഫോൺ റിസർവോയറിലേക്കു വീണത്. നാട്ടുകാർ ഫോണിനായി തിരഞ്ഞെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് ഇന്ദ്രാവതി പ്രോജക്ട് സൂപ്രണ്ട് എഞ്ചിനീയർ ആർ.കെ. ധിവാറിനെ രാജേഷ് സമീപിച്ചത്. അങ്ങനെ വേനൽക്കാലത്തു ജലസേചനത്തിനായി സംഭരിച്ചിരുന്ന വെള്ളം ഉപയോഗശൂന്യം എന്നു പറഞ്ഞ്  ഫോൺ കണ്ടെടുക്കാൻ വേണ്ടി ഒഴുക്കിക്കളയാൻ ധിവാൻ വാക്കാൽ അനുമതി നൽകി. ഇത് എല്ലാ ചട്ടങ്ങളും മറികടന്നായിരുന്നു. തുടർന്ന് മൂന്നു ദിവസം തുടർച്ചയായി റിസർവോയറിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ആയിരത്തഞ്ഞൂറ് ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു അത്. ഇരുപത്തൊന്നു ലക്ഷം ലിറ്റർ ജലമാണ് അങ്ങനെ ഒഴുക്കിക്കളഞ്ഞത്.

ഏതായാലും പരാതിയെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി പമ്പിങ് തടഞ്ഞു. ധിവാർ സസ്പെൻഷനിലുമായി. ഇതിനിടയിൽ വെള്ളത്തിൽ വീണ ഫോൺ തിരിച്ചുകിട്ടി. പക്ഷേ മൂന്നു ദിവസം വെള്ളത്തിൽ കിടന്ന ഫോൺ ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു. അഞ്ചടി ജലം വറ്റിക്കാനാണ് അനുമതി നൽകിയതെന്നും പക്ഷേ, അതിലേറെ ജലം വറ്റിച്ചെന്നുമാണ് റിപ്പോർട്ട്.

ഈ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരേയും സർക്കാരുകൾ സസ്പെൻഡ് ചെയ്തിരുന്നു. ഛത്തീസ്ഗഡ് ഉദ്യോഗസ്ഥനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കാത്തതിനാൽ ഇപ്പോൾ ധിവാറിൻ്റെ ശമ്പളത്തിൽ നിന്നും വെള്ളത്തിൻ്റെ പണം ഈടാക്കാനാണ് മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ശമ്പളത്തിൽ നിന്നും തുക ഈടാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ധിവാറിന് കാരണം കാണിക്കൽ നോട്ടീസും നൽകിക്കഴിഞ്ഞു.

സർക്കാർ ഉദ്യോഗം നമ്മുടെ നാട്ടിൽ അധികാരം കൈയാളാനുള്ള വഴിയായിക്കാണുന്നവർ അനേകമാണ്. അവർ നടത്തുന്ന ദുർവിനിയോഗങ്ങളിൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക