Image

വാലിബനി'ല്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നു

Published on 31 May, 2023
 വാലിബനി'ല്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍  ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നു
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഇദ്ദേഹം പറയുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബന്‍ എത്തുകയെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛന്‍- മകന്‍ റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക