Image

മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും (സരോജ വര്‍ഗീസ്)

Published on 01 June, 2023
മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും (സരോജ വര്‍ഗീസ്)

എല്ലാ മലയാളികളേയും പോലെ എനിക്കും മാധവിക്കുട്ടിയുടെ കഥകളോട് പ്രിയമാണു്. ഒന്നിനും അതിര്‍വരമ്പുകള്‍ വയ്ക്കാതെ അവര്‍ എഴുതി. അത് പ്രേമമായാലും, കാമമായാലും, രതിയായാലും മറ്റേത് വികാരമായാലും. സ്വന്തം ആശയങ്ങള്‍ ധൈര്യപൂര്‍വ്വം ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. സ്ര്തീയുടെ ലൈംഗിത്തത്വത്തെക്കുറിച്ച് മറയില്ലാതെ അവര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അത്‌വരെ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത ആണെഴുത്തുക്കാര്‍ അമ്പരന്നു.സമൂഹത്തിന്റെ നിശിതമായ നിയമങ്ങളുടെ വേലികെട്ടുകളില്‍ വീര്‍പ്പ്മുട്ടിയിരുന്ന സ്ര്തീകള്‍ മാധവിക്കുട്ടിയില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് എഴുതാന്‍ തുടങ്ങി.അതിനു ഫെമിനിസത്തിന്റെ ഛായ വന്നു. ഫെമിനിസം എന്നാല്‍ പുരുഷനോടൊപ്പം സ്ര്തീ എത്തുകയെന്നല്ല സ്ര്തീയുടെ സ്വാതന്ത്ര്യം  അംഗീകരിക്കപ്പെടുകയാ  ണെന്നതിരിച്ചറിവ്  ഇല്ലാതെ ഫെമിനിസം എന്ന പ്രസ്ഥാനം അപ്രിയമായ മാനങ്ങള്‍ കൈവരിച്ചപ്പോള്‍ മാധവിക്കുട്ടി   ചോദിച്ചു.ആര്‍ക്കാണു സ്വാതന്ത്ര്യം വേണ്ടതെന്നു. ഈ ചോദ്യം പക്ഷെ വൈകിയാണു അവര്‍ ചോദിച്ചത്? അപ്പോള്‍ അവര്‍ പര്‍ദ്ദക്കുള്ളില്‍ സുരക്ഷിതയാണെന്ന വിശ്വാസത്തില്‍ ആയിരുന്നു.

പ്രക്രുതി ചില പരിമിതികള്‍ക്കുള്ളില്‍ തളച്ചിട്ടില്ലായിരുന്നെങ്കില്‍ സ്ര്തീയും പുരുഷനെപോലെ അവളുടെ മനസ്സ് തുറന്ന് എഴുതുമായിരുന്നു,. പ്രത്യേകിച്ച് വിഷയം പ്രണയവും രതിയുമാകുമ്പോള്‍. എന്നാല്‍ മാധവിക്കുട്ടി അവയെല്ലാം വളരെ സുതാര്യതയോടെ എഴുതി. വായനക്കാര്‍ അമ്പരക്കുകയും, പഴി പറയുകയും, ആശങ്കപ്പെടുകയും ചെയ്തപ്പോള്‍ അതെല്ലാം ഫാന്റസിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറി. സമൂഹവും വായനക്കാരും പ്രശസ്തമായ നാലപ്പാട്ട്  കുടുമ്പത്തിലെ പ്രസസ്തയായ ഒരു കവയിത്രിയുടെ മകള്‍ എന്ന ആനുകൂല്യം നല്‍കി അവരെ എന്നും സ്വീകരിച്ചു. ജാതി ചിന്തകളില്‍ മുഴുവാനായും മുങ്ങിപോയിരിക്കുന്ന ഒരു സമുദായത്തില്‍ സവര്‍ണ്ണയായ ഒരു സ്ര്തീ പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അവഗണിക്കയോ പുച്ഛിക്കയോ ഇല്ല.  തന്നെയുമല്ല അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യും. ആരംഭത്തില്‍ ഒരു തരം ശത്രുതാമനോഭാവത്തോടെയും അശ്ലീലം പരത്തുന്ന എഴുത്തുക്കാരിയെന്നും കരുതിയിരുന്നവര്‍ തന്നെ അവരെ ആദരിക്കാനും അവരുടെ രചനകളിലെ മേന്മ മനസ്സിലാക്കുകയും ചെയ്തു. ഇംഗ്ലീഷിലും വളരെ അനായസമായി എഴുതിയിരുന്ന ഇവരെ നോബല്‍ സമ്മാനത്തിനു പോലും ശുപാര്‍ശ ചെയ്യുകയുണ്ടായി.  ധീരതയോടെ സ്വന്തം മനസ്സിലേയും മറ്റു സ്ര്തീകള്‍ ചിന്തിക്കാവുന്ന കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞതില്‍ മേല്‍ജാതിയുടെയും, തറവാട്ട് മഹിമയുടെയും പിന്തുണയുണ്ടായിരുന്നുവെന്നത് തള്ളികളയാനാകില്ല.
വാസ്തവത്തില്‍ നീര്‍മാതളത്തിന്റെ സൗര്യഭവു, ഭംഗിയും ഇണങ്ങുന്ന ഒരു തനി മലയാളി പെണ്ണും അതെ സമയം അസ്വസ്ഥമായ ഒരു മനസ്സിന്റെ വിങ്ങിപ്പൊട്ടലുകള്‍ ഉള്‍കൊള്ളുന്ന ഒരു സ്ര്തീയും മാധവിക്കുട്ടിയെന്ന എഴുത്തുകാരിയില്‍ ഉണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ എഴുതി ഃ അബദ്ധങ്ങളുടെ മഹാറാണിയാണു് ഞാന്‍. എന്നെ വിവാഹജീവിതം ദുഃഖിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ലക്ഷണമൊത്ത ഒരൊറ്റക്കവിത എഴുതുമായിരുന്നില്ല.ഒരൊറ്റ ചെറുകഥാ  രചിക്കുമായിരുന്നില്ല. ..'

ഇസ്‌ഡോര ഢങ്കന്‍ എന്ന എഴുത്തുകാരിയുടെ ' മൈ ലൈഫ'' എന്ന പുസ്തകത്തില്‍ അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള നഗ്നമായ വിവരണങ്ങള്‍ ഉണ്ടായിരുന്നു. മാധവികുട്ടിയുടെ 'മൈ സ്‌റ്റോറി'' പുറത്ത് വന്നപ്പോള്‍ പ്രസ്തുത പുസ്തകത്തെ കടത്തി വെട്ടും വിധംവെട്ടിതുറന്ന് മാധവിക്കുട്ടി എഴുതിയെന്ന് പലരും അഭിപ്രായപ്പെട്ടു. ചിലര്‍ വിമര്‍ശിച്ചു, ചിലര്‍ അഭിനന്ദിച്ചു, ചിലര്‍ പരിഹസിച്ചു. ഒരു എഴുത്തുകാരന്റേയോ, എഴുത്തുകാരിയുടേയോ  വ്യത്യ്‌സ്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുക സാധാരണമാണു.'എന്റെ കഥ'' എന്ന പുസ്തകം മാധവികുട്ടിയെഴുതുമ്പോള്‍സത്യ്‌സന്ധമായി അത് എഴുതാനുള്ള കഴിവും ധൈര്യവും തരണമെന്ന് അവര്‍ ശ്രീക്രുഷ്ണനോട് പ്രാര്‍ത്ഥിച്ചിരുന്നു എന്ന് ആ പുസ്തകത്തില്‍ പറയുന്നുണ്ട്.അവര്‍ എല്ലാം തുറന്നെഴുതിയെന്ന് പാവം വായനക്കാര്‍  വിശ്വസിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പറഞ്ഞു അതിലെഴുതിയതെല്ലാം ഫാന്റസി ആയിരുന്നുവെന്നു.അവരുടെ ജീവിതവുമായി കഥക്ക് ബന്ധമില്ലെന്നു. എപ്പോഴും അഭിപ്രായങ്ങള്‍ മാറ്റികൊണ്ടിരിക്കുന്നത് ചില വ്യകതികളുടെ സ്വഭാവവിശേഷമാണു്. അവരോട് സമൂഹത്തിനു ആദരവ് കുറവാണെങ്കിലും മാധവികുട്ടിയെ മലയാളി എന്നും സ്‌നേഹിച്ചു.
ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുമ്പോഴും മാധവിക്കുട്ടിയുടെ ദ്വന്ദ വ്യക്തിത്വം പ്രകടമായി കാണവുന്നതാണു്. എന്റെ കഥ പരിഭാഷ ചെയ്യുമ്പോള്‍ അത് പദാനുപദ  പരിഭാഷയായിരിക്കയിക്കയില്ലെന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും പലയിടത്തും കൂട്ടിചേര്‍ക്കുകയും പലയിടത്തും വ്യതസ്ഥമായി പ്രതിപാദിക്കയും ചെയ്തിട്ടുണ്ട്.ശീര്‍ഷകങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടുണ്ട്. എന്റെ കഥയില്‍ വിവരിക്കാതിരുന്ന കാര്യങ്ങള്‍ വളരെ വിസ്തരിച്ച് ഇംഗ്ലീഷ് പരിഭാഷയിലുണ്ട്. ഒരു പക്ഷെ മലയാളത്തില്‍ എഴുതുമ്പോള്‍ ഒരു സ്ര്തീയെന്ന പരിമിതി അവരെ നിയന്ത്രിച്ചിരുന്നോ എന്നറിയില്ല. അത് ഒരു പക്ഷെ നമ്മുടെ ഭാഷയുടേയും വിവരിക്കുന്ന കാര്യങ്ങളുടെ രഹസ്യ സ്വഭാവവും ആകാം.

ഒരു യാഥാസ്ഥിക  നായര്‍ തറവാട്ടില്‍ ജനിച്ചെങ്കിലും അവര്‍ ഭര്‍ത്താവുമൊത്ത്‌ബോമ്പെ (ഇന്നത്തെ മുമ്പായി), ദെല്‍ഹി, കല്‍ക്കട്ട എന്നീ സ്ഥലങ്ങളില്‍ താമസിച്ചത്‌കൊണ്ട് അവരിലുണ്ടായിരുന്ന സ്വന്തന്ത്ര ചിന്തകളും, സ്ര്തീകള്‍ക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തെപറ്റിയുള്ള അമര്‍ഷങ്ങളും എഴുതണമെന്ന ഒരു ധൈര്യം ആ പ്രവാസ ജീവിതം അവര്‍ക്ക് നല്‍കിയിട്ടുണ്ടാകും. തന്നെയുമല്ല കേരളത്തിലെ സ്ര്തീകളില്‍ നിന്നും വിഭിന്നമായി തന്റേടവും താന്‍പോരിമയുമുള്ള അന്യ നാട്ടിലെ സ്ര്തീകളുടെ ജീവിതരീതികളും അവര്‍ മനസ്സില്ലാക്കിയിട്ടുണ്ടാകും.ബോമ്പെയില്‍ വച്ച് അയല്‍പക്കാരന്‍ വളരെ ഭവ്യതയോടെ അവരുടെ സാരി കൊണ്ട് മുഖം മറച്ച് അവരുടെ കാല്‍കീഴില്‍ ഇരിക്കുന്നത് വിവരിച്ചതിനു ശേഷം പിന്നീട് അയാളോടൊത്ത് വളരെ  ഒട്ടി നിന്നപ്പോള്‍ ' എന്നെ എന്തു വേണമെങ്കിലും'' ചെയ്‌തോളു എന്നു പറയുന്നതും ഓരോ സ്ര്തീകളുടേയും മനസ്സില്‍ തോന്നിയേക്കാവുന്ന ചപല വികാരങ്ങളുടെ ഒരു ആവിഷ്‌ക്കാരമാകാം. പക്ഷെ ആ അവസരം ഉപയോഗിക്കാതെ ' നിങ്ങള്‍ ഒരു അമ്പലമാണു അതു ഞാന്‍ അശുദ്ധമാക്കില്ലെന്ന് പറഞ്ഞ് അയാള്‍ ഒഴിയുന്നു.സ്ര്തീക്ക് അങ്ങനെ ഒരു മോഹമുണ്ടായല്‍ പോലും പുരുഷന്‍ അവരെ കളങ്കപ്പെടുത്തരുത് എന്ന ആശയത്തെ പ്രസ്തുത വിവരണത്തിലൂടെ.അവര്‍ ബലപ്പെടുത്തിയതാകാം അത് കൊണ്ടായിരിക്കാം എന്റെ കഥ  (ആത്മകഥയെന്ന പേരില്‍ പുറത്തിറക്കിയിട്ടും) അതില്‍ പലയിടത്തും ഭാവനപരമായ  വിവരണങ്ങള്‍ ഉണ്ടെന്ന് അവര്‍ പില്‍ക്കാലത്ത് പ്രസ്താവിച്ചത്.

നുണ പറഞ്ഞും, അഭിനയിച്ചു, ചതിച്ചും, വെറുത്തും സമൂഹത്തിന്റെ കപട സദാചാരമെന്ന പുതപ്പിനുള്ളില്‍ എനിക്കും ഒളിച്ചിരുന്ന്‌സുരക്ഷയുടെ ചൂട് ആസ്വദിക്കാമായിരുന്നു. സത്യസന്ധമായി ഒരു ആത്മകഥയെഴുതുകയെന്നു പറയുന്നത് വസ്ര്തമഴിക്കുന്നതിനു തുല്യമാണെന്ന് അവര്‍ എഴുതുന്നു. എന്നാല്‍ ഈ പറഞ്ഞതൊക്കെ കാറ്റില്‍ പറത്തികൊണ്ട് അത്മകഥയില്‍ തുറന്നെഴുതിയ കാര്യങ്ങള്‍ വെറും കഥയെന്ന് വളരെ ലാഘവമായി പറയാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.്. പിന്നീടൊരിക്കല്‍ എഴുതിയതെല്ലാം സത്യമാണെന്നും പറയുകയുണ്ടായി. ഒരു പക്ഷെ വിലക്കപ്പെട്ട മോഹങ്ങള്‍ മനസ്സില്‍ ഉണരുന്നത് തെറ്റല്ലെന്നും എന്നാല്‍ അതിനു പുറകെ പോകരുതെന്നും ഇതിലൂടെ അവര്‍ സൂചിപ്പിക്കയണോ എന്നറിയില്ല.എന്തായാലും വ്യക്തിത്വത്തിനു ഒരു സ്ഥിരതയില്ലെന്നു വായനക്കാര്‍ക്ക് തോന്നാന്‍ വളരെ  ഉദാഹരണങ്ങള്‍ അവരുടെ രചനകളിലുണ്ട്.

മാധവിക്കുട്ടി ഒരു ക്രുഷ്ണ ഭക്തയായിരുന്നു. ക്രുഷ്ണനോട് പ്രാര്‍ഥിച്ചിരുന്നു. പിന്നീട് മതം മാറി. മതം മാറ്റം പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും അത് മുമ്പെ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.   അങ്ങനെയെങ്കില്‍ അവര്‍ ക്രുഷ്ണനേയും ഒപ്പം പൂജിച്ചിരുന്നു.ഒരു പൈങ്കിളി പ്രേമത്തിന്റെ  സാക്ഷാല്‍ക്കരത്തിനു വേണ്ടി മതം മാറുകയും അത് പരാജയപ്പെട്ടപ്പോള്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് തന്നെ വരണമെന്ന്  ആഗ്രഹിക്കുകയും ചെയ്തതായി പത്ര വാര്‍ത്തകളില്‍ വന്നിരുന്നു. പ്രശസ്ത പ്രവര്‍ത്തക ലീല മേനോന്‍ ഇതെക്കുറിച്ചെഴുതി യിരുന്നു. കേരളം വിട്ട് അവര്‍ മക്കളോടൊപ്പം പൂനയില്‍ താമസിക്കുമ്പോള്‍ മുണ്ടും വേഷ്ടിയും ധരിച്ച്  പര്‍ദ്ദ ഊരികളഞ്ഞത്രെ. എന്നാല്‍ മക്കള്‍ അത്തരം ഒരു മാറ്റത്തിനു അനുകൂലമായിരുന്നില്ല. ഒരു പക്ഷെ മുസ്ലീം തീവ്രവാദികള്‍ അതേചൊല്ലി എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ ഭയക്കുകയും മാധവിക്കുട്ടി വീണ്ടും പര്‍ദ്ദയില്‍ മൂടിയിരിക്കുകയും ചെയ്തു. 

സമയാസമയങ്ങളില്‍ അവര്‍ക്ക് തോന്നുന്നത് വിളിച്ച് പറയുകയെന്ന ഒരു ശീലം അവരില്‍ വളരെ പ്രകടമാണു്. ഒരു പക്ഷെ കേരളത്തിലെ സ്ര്തീകളില്‍ ബഹിര്‍ഗമിക്കാതെ പുകയുന്ന വികാരങ്ങളെ നോക്കി അവര്‍ അത് തന്റെ രചനകളിലൂടെ കൊണ്ട് വന്നതായിരിക്കും. സ്വന്തം അനുഭവമെന്ന പേരും നല്‍കി അവ പുറത്ത് വരുമ്പോള്‍ കപടസദാചാരത്തിന്റെ കാവല്‍ക്കര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നത് കണ്ട് രസിക്കാനുള്ള ഒരു കുസ്രുതിയും അവര്‍ക്കുണ്ടായിരുന്നിരിക്കണം.  ചെറുപ്പം മുതല്‍ ക്രുഷ്ണഭക്തയായിരുന്ന മാധവിക്കുട്ടിയില്‍ ശ്രീക്രുഷനും രാധയും വ്രുന്ദാവനവുമൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. രാധ-ക്രുഷ്ണന്മാരുടെ പ്രേമവിനോദങ്ങളും, പ്രണയപിണക്കങ്ങളും സ്വന്തം ജീവിതത്തില്‍ സ്വപനം കണ്ടിരുന്ന അവര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം കണ്ട് അമ്പരന്നത് സ്വാഭാവികമാണു്. ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്ന് അവര്‍ എഴുതുന്നത് അത്‌കൊണ്ടാണു്.അനശ്വര പ്രേമവും, ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ എന്ന സങ്കല്‍പ്പവും താലോലിച്ച ഒരു പെണ്‍ക്കുട്ടിക്ക് അവളുടെ ശരീരം മാത്രം ഉപയോഗിക്കപ്പെടുന്ന അനുഭവം ഉണ്ടാകുമ്പോള്‍ മനസ്സില്‍ നിരാശയുണ്ടായിയെന്ന് അവരുടെ രചനകളില്‍ കാണം. വാസ്തവത്തില്‍ അത്തരം അനുഭവങ്ങള്‍ അവരുടെ പ്രേമ സങ്കല്‍പ്പങ്ങളെ മുറിവേല്‍പ്പീച്ചിട്ടുണ്ടാകും. അത് കൊണ്ടായിരിക്കും സ്ര്തീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ രതിയുടെ വര്‍ണ്ണന കൂടിപോയത്. സ്ര്തീ ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ അവള്‍ക്ക് സാന്ത്വനവും, ലാളനയുമാണിഷ്ടം എന്ന പറയാന്‍ വേണ്ടി അവര്‍ക്ക് സത്യങ്ങള്‍ പറയേണ്ടി വന്നു. അതിനെ യാഥാസ്ഥിക ലോകം നെറ്റി ചുളിച്ച് കൊണ്ട് വായിച്ചു,. ഭര്‍ത്താവിന്റെ ബലാത്സംഗ വേളകളില്‍ അവര്‍ക്കൂണ്ടാകുന്ന അനുഭവത്തെക്കുറിച്ച് അവര്‍ എഴുതുന്നു. ശരീരം ഒരു ശവകൂന പോലെ കിടക്കുമ്പോള്‍ മനസ്സൊരു നായാട്ട് പട്ടിയെ പോലെ ജാഗ്രതയോടെ കുതിച്ച് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. സ്ര്തീയുടെ വികാരങ്ങള്‍ മനസ്സിലാക്കത്ത പുരുഷന്മാരുടെ പ്രതിനിധിയായി അവരുടെ ഭര്‍ത്താവിനെ  കാണം. എന്നാല്‍ എത്ര സ്ര്തീകള്‍ അവരുടെ മനസ്സ് തുറക്കുന്നു. ഈ ലോകം കാപട്യം നിറഞ്ഞതാണു്. ചങ്ങമ്പുഴ പാടിയപോലെ മാധവിക്കുട്ടിയും കപട ലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹ്രുദയത്തിന്റെ ഉടമയായിരിക്കണം. സ്‌നേഹം നിഷേധിക്കപ്പെട്ട ഒരു സ്ര്തീയുടെ വിലാപങ്ങളാണു വാസ്തവത്തില്‍ മാധവിക്കുട്ടിയുടെ ലൈംഗിക വര്‍ണനകളില്‍ അവയില്‍ അശ്ലീലമില്ല.  അവരുടെ കാഴ്ച്പ്പടുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുള്ള വര്‍ണനകള്‍ ആവശ്യം വരുമ്പോള്‍ തുറന്നെഴുതേണ്ടി വരുന്നു. അതിനു ചിലപ്പോള്‍ ചൂടും, ലഹരിയുമുണ്ടാകുന്നു. കപട വേഷക്കാര്‍ അത് തിരിച്ചറിയുമ്പോള്‍ സ്വന്തം ചെളി അവരുടെ മേല്‍ എറിഞ്ഞ് ആരും കാണതെ കൈ കഴുകി നില്‍ക്കുന്നു.  മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ച് അവര്‍ അതീവ കാമദാഹമുള്ള സ്ര്തീയാണെന്നൊക്കെ എഴുതിയവരുണ്ട്. അതൊന്നും ഈ അനുഗ്ര്ഹീത എഴുത്തുകാരിയെ ബാധിച്ചില്ല.

ശ്രീമതി രതിദേവിയുടെ ലേഖനത്തിന്റെ ശീര്‍ഷകം പോലെ മാധവിക്കുട്ടിക്ക് ഒരു ദ്വന്ദ വ്യക്തിത്വം ഉണ്ടായിരുന്നതായി അവരുടെ രചനകള്‍ വെളിപ്പെടുത്തുന്ന പോലെ അവരുടെ പ്രേമ സങ്കല്‍പ്പങ്ങളില്‍ ഒരു ഉഷ്ണമേഖലയുണ്ടായിരുന്നോ എന്ന് തീര്‍ത്ത് പറയാന്‍ വിഷമമാണു്. അവര്‍ സാധാരണ സ്ര്തീകളെപോലെ വികാരവതിയും, പ്രേമിക്കപ്പെടാന്‍ ദാഹിക്കുന്ന മനസ്സിന്റെ ഉടമയുമായിരിക്കും. അതേസമയം അവര്‍ വിവേകമതിയുമായിരുന്നു.  തന്റെ ഉഷ്ണമേഖല തേടി വരുന്നവര്‍ സ്വയം അവരുടെ ഉഷ്ണമേഖലിയിലെ താപനില മനസ്സിലാക്കട്ടെ എന്ന് മാധവിക്കുട്ടി ചിന്തിക്കുകയും അതിനായി അവര്‍ അവരുടെ മനസ്സിന്റെ കുട മടക്കി പിടിച്ച് നിന്ന് മറ്റുള്ളവരെകൊണ്ട് വെയില്‍ കൊള്ളിക്കുകയും ചെയ്തുവെന്നാണ് ഈ ലേഖിക മനസ്സിലാക്കുന്നത്.

Madhavikutty_Article

Join WhatsApp News
Chinchu thomas 2023-06-01 03:30:24
സ്ത്രീകൾക്കാണ് മാധവിക്കുട്ടിയെ നല്ലപോലെ മനസ്സിലാവുക. She wanted to be loved unconditionally. She lived in her dreams too. Thanks for this wonderful article saroja aunty
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക