Image

വേനൽമഴയെന്റെ ഭ്രാന്ത് (ഉമ)

Published on 01 June, 2023
വേനൽമഴയെന്റെ ഭ്രാന്ത് (ഉമ)

വേനൽ മഴയിൽ നനഞ്ഞപ്പോൾ നിന്നെ
കുളിരായി വാരിപ്പുതച്ചു ഞാൻ മഴകാത്ത-
വേഴാമ്പലിൻ ദാഹമായ് നിന്നിലലിഞ്ഞു
കാതോരം ചൊല്ലി നീയെന്റെ ആദ്യപ്രണയം

നോമ്പുനോറ്റിരുന്നു ഞാൻ ജന്മാന്തരങ്ങൾ
മേഘമൽഹാറായി നീ പെയ്തിറങ്ങാൻ
മയിൽപേടയായി ഞാൻ, വർഷമേഘമായി-
നീ മണ്ണിൻ മണമായി എന്നിലെത്താനായി

പിന്നെയും എത്രയോ മഴപെയ്തു പോയി
കരളിലെ കുളിരായി വേനൽ മഴയായി
ഹിമമഴയായ് പെയ്തു നീയെന്നിൽനിറയെ
ഞാനറിഞ്ഞു നീമാത്രമാണെന്റെ ഭ്രാന്ത്

ഇടവപ്പാതിയിൽ പേമാരി പെയ്തിട്ടും
സഖിയായി വന്നെന്റെ മിഴിപൊത്തിയിട്ടും
കാതോരം സംഗീതമായ് മൊഴിഞ്ഞിട്ടും
മനസ്സിലെ കുളിരായി മാറിയ വേനൽമഴ

തുലാവർഷമേഘങ്ങൾ കളിപറഞ്ഞിട്ടും
കവിളിൽ മണിമുത്തായ് തൊട്ടുനിന്നിട്ടും
ഇലത്തുമ്പിലീണം പകർന്നു തന്നിട്ടും
കുളിരായ് പൊതിഞ്ഞതോ വേനൽമഴ

ധനുമാസരാവിന്റെ പൂമഞ്ചലേറി
മോഹങ്ങൾ മഞ്ഞായ് പൊഴിഞ്ഞു
മകരനിലാവിൽ തുഷാരം പൊതിഞ്ഞു
എന്നിട്ടും ഭ്രാന്തായി മാറിയാ വേനൽമഴ

വേനലിൽ പൂത്ത കിനാവുകൾക്കെല്ലാം
വാകപ്പൂവിൻ ചുവപ്പാണെന്നതും ഭ്രാന്ത്
വേനലിൽ പെയ്തൊരാ മഴമാത്രമെൻ
പ്രാണന്റെ കുളിരായി മാറിയതും ഭ്രാന്ത്

നീയല്ലാതെയില്ലിനി ഒരു ഭ്രാന്തുമെന്നിൽ
മണ്ണിൽ വീണുടഞ്ഞു നീ ചിന്നിച്ചിതറാതെ
മനച്ചിപ്പിയിൽ മുത്തായി നീന്നെയൊളിപ്പിച്ചു
നീയെന്ന ഭ്രാന്തിൽ ഞാനെല്ലാം മറന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക