ഫോമായുടെ കേരള കൺവൻഷന്റെ മണിനാദം മുഴങ്ങുകയാണ്. അമേരിക്കൻ മലയാളികൾ ഏറെ കാത്തിരുന്ന ആ സുദിനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുക്കുന്നു എന്ന അപൂർവതയാണ് ഇത്തവണത്തെ കൺവൻഷന് കൂടുതൽ മിഴിവേകുന്നത്. ജൂൺ 3,4 തീയതികളിൽ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്റർ കൺവൻഷന് വേദിയാകും.പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവർ ചുമതലയേറ്റ ശേഷമുള്ള ആദ്യ കൺവൻഷനാണ് നടക്കാനിരിക്കുന്നത്.
ജൂൺ മൂന്നിന് ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗവും വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം സ്വാഗത പ്രസംഗവും നടത്തും.ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഫോമാ സ്റ്റുഡന്റ് സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യും.മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം.എൽ.എ ഫെലിസിറ്റേഷൻ നിർവ്വഹിക്കും.ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ നന്ദി അറിയിക്കും.ജൂൺ നാലിന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗത പ്രസംഗവും പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷപ്രസംഗവും നടത്തും. വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം,വിമൻസ് ഫോറം ചെയർപേഴ്സൺ സുജ ഔസോ എന്നിവർ ചേർന്ന് ഫെലിസിറ്റേഷൻ നിർവ്വഹിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തും.ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ 'ബെസ്റ്റ് മിനിസ്റ്റർ അവാർഡ്',ഡോ. ഗീവർഗീസ് യോഹന്നാൻ 'ഫോമാ ബിസിനസ് എക്സലൻസ് അവാർഡ്',സംഗീത സംവിധായകൻ റോണി റാഫേൽ ഫോമാ ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ്',കൊല്ലം ജില്ല ആശുപത്രി മുൻ ആർഎംഒ ഡോ.എ.എം.ഷാജഹാൻ 'ഡോ.വന്ദന ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ' എന്നിവ സ്വീകരിക്കും.ഫോമാ കേരള കൺവൻഷൻ ചെയർമാൻ തോമസ് ഒലിയാംകുന്നേൽ നന്ദി പ്രകാശിപ്പിക്കും.വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യാതിഥി.കേരള കൺവൻഷൻ കോഓർഡിനേറ്റർ ഡോ.ലൂക്കോസ് മണിയോട്ട് സ്വാഗത പ്രസംഗവും പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗവും നടത്തും.
ആന്റോ ആന്റണി എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി,കൊല്ലം മേയർ പ്രസന്ന ഏർണസ്റ്റ് എന്നിവർ ഫെലിസിറ്റേഷൻ നിർവ്വഹിക്കും.സംരംഭക രംഗത്തെ മികവിന് കൊല്ലം കിംസ് ഹോസ്പിറ്റൽ സിഒഒ ഡോ.പ്രിൻസ് വർഗീസ്,പൂവാർ റിസോർട് ചെയർമാൻ കബീർ ഖാദർ എന്നിവർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.ഗവർണറുടെ പ്രസംഗത്തിന് ശേഷം ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം നന്ദി പ്രകാശിപ്പിക്കും. കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം കൺവൻഷൻ വേദി 'ഡോ.വന്ദന ദാസ് നഗർ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
#fomaa_kerala_convention