നൈറോബി കെനിയയിൽ എത്തിയ ഞങ്ങളെ, സഫാരി യാത്രയിൽ വഴികാട്ടിയും, ഡ്രൈവറുമായി വർത്തിച്ച ഒമാർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഒമാർ അയാളുടെ ടൊയോട്ട ലാൻഡ്‌റോവർ എന്ന വാഹനത്തിലേയ്ക് ആനയിച്ചു. ടൂർ ഏര്‍പ്പാടാക്കിയ സമയം എവിടെല്ലാം പോകും എത്ര ദിനങ്ങൾ ഓരോ സ്ഥലങ്ങളിൽ താമസിക്കും എന്നെല്ലാം ചിട്ടപ്പെടുത്തിയിരുന്നു.
പെട്ടികൾ വാഹനത്തിൽ കയറ്റി ഞങ്ങളും കയറി. അപ്പോൾ ഏതാണ്ട് ഉച്ചസമയം. ഒമാർ പറഞ്ഞു നാം ആദ്യമേ പോകുന്നത് മാസ്സയി മാര എന്ന ദേശീയ വന്യ മൃഗ പാർക്ക് ഇത് നെയ്‌റോബിയിൽ നിന്നും 260 കിലോമീറ്റർ അകലെ ഏകദേശം അഞ്ചു മണിക്കൂർ യാത്ര.
കൂടുതലും മാസായി ട്രൈബ് താമസിക്കുന്ന സ്ഥലം ആയതിനാൽ ഈ പാർക്കിനെ ആ പേരിൽ വിളിക്കുന്നു.ഏതാണ്ട് 580 സ്‌ക്വർ മൈൽ വിസ്താരമുണ്ട് ഈ പാർക്കിന് .
നൈറോബി പട്ടണം വിട്ടാൽ റോഡുകൾ പലേ രീതികളിൽ. നിരവധി ചെറിയ പട്ടണങ്ങളിൽ കൂടിയും ഗ്രാമങ്ങളിൽ കൂടിയും കടന്നുപോകുന്നു. വഴി അരുകിൽ കാണുവാൻ പറ്റും ആട്ടിടയർ, പശുക്കളെ മേയിക്കുന്നവർ അവരുടെ പറ്റം കാലികളുമായി നീങ്ങുന്നത് പലപ്പോഴും ഇവ വഴികൾ മുറിച്ചു കടക്കുo അപ്പോൾ വാഹനം നിറുത്തിക്കൊടുക്കണം.
കെനിയയിൽ പ്രധാനമായും സ്വാഹിലി ഭാഷ കൂടാതെ നിരവധി വംശീയ ഗ്രാമ്യഭാഷകളും . എന്നിരുന്നാൽ ത്തന്നെയും നിരവധി ആളുകൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കും ഒരു ദേശസഞ്ചാരിക്ക് ഇംഗ്ലീഷ് ഉപയോഗിച്ചു വേണ്ടിവരുന്ന എല്ലാ കാര്യങ്ങളും നടത്തുവാൻ പറ്റും..
കെനിയ പൊതുവെ ഒരു കൊടുംവനപ്രദേശമല്ല. മലകളും താഴ്വാരങ്ങളും വിസ്താരം നോക്കിയാൽ ടെക്സാസ് സംസ്ഥാനത്തേക്കാൾ അൽപ്പം കുറവ്. കുറ്റിക്കാടുകളും, പുൽപ്രദേശവും, ഇടക്കിടെ വൻ വൃക്ഷങ്ങളും കാണുവാൻ പറ്റും .തെക്കു വടക്കായി കെനിയ പര്‍വ്വതം ആയതിനാൽ പലപ്പോഴും മഴ കിട്ടാറുണ്ട്. ജനസംഖ്യ ഏതാണ്ട് 38 മില്യൺ. ഇതിൽ തൊണ്ണൂറ്റിഎട്ട് ശതമാനം ജനതയും ആഫ്രിക്കൻ ഉത്‌പത്തി.
ഒരു നിയുക്തമായ അതിർത്തി ആഫ്രിക്കയിൽ ഇല്ലായിരുന്ന സമയം, പലേ ഗോത്രങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഇവിടേക്ക് കുടിയേറി. ഒരു കാരണം പൊതുവെ നല്ല കാലാവസ്ഥ കൂടാതെ തുറന്ന മേച്ചിൽ സ്ഥലങ്ങൾ, വേട്ടയാടുന്നതിന് പലതരം മൃഗങ്ങൾ.
ഗ്രേറ്റ് റിഫ്റ്റ് വാലി തെക്കുവടക്കായി, വിക്ടോറിയ നദി അടിവാരം പടിഞ്ഞാറും. കെനിയ ഒരു ലാൻഡ് ലോക്ക്ഡ് രാജ്യമല്ല കിഴക്ക് ഇന്ത്യൻ സമുദ്ദ്രം. മൊബാസ്സ എന്ന രണ്ടാമത്തെ വൻനഗരം കടൽത്തീരത്ത് .ഇവിടുള്ള തുറമുഖം കെനിയയിലെ മാത്രമല്ല ആഫ്രിക്കയിലെ ഒന്നാമത്തെ വൻ തുറമുഖം.
ഏതാണ്ട് ആറു മണിയോടെ ഞങ്ങൾ മസായി മാര എന്ന വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ എത്തി. ഇത് കെനിയൻ ഭരണത്തിൻറ്റെ അധീനതയിൽ എങ്കിലും മസായ് വർഗ്ഗത്തിൻറ്റെ ഒരു സംവരണ സ്ഥലം. അമേരിക്കയിലെ ഇന്ത്യൻ ട്രൈബൽ പ്രദേശം മാതിരി.
ഈ സംവരണ സ്ഥലത്തു പ്രവേശിക്കുന്നതിന് മസായി ട്രൈബ് ഒരു പ്രവേശന ഫീസ് ഈടാക്കുന്നു. നിരവധി സഫാരി ലോഡ്‌ജുകൾ ക്യാമ്പുകൾ അതിലൊരു, മുത്തു കീക്കാറോക് എന്ന ലോഡ്‌ജിൽ ഞങ്ങളെത്തി.ഇതിൻറ്റെ ഉടമ ഒരു ഇഡ്യൻ . ഞങ്ങളെ ഒരു പാനീയം നൽകി ചെക്ക് ഇൻ കൗണ്ടറിൽ സ്വീകരിച്ചു.
അടുത്ത ദിനം രാവിലെ ഞങ്ങൾ വന്യമൃഗങ്ങളെ കാണുന്നതിനായി യാത്ര തുടങ്ങി. ഞങ്ങളുടെ ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു കഴിയാവുന്നതും രാവിലെ പുറപ്പെടണമെന്ന് കാരണം മൃഗങ്ങൾ അതിരാവിലെ ഭക്ഷണം തേടി പുറത്തു വരുന്നു.
ഈ വാനപ്രദേശത്തു നല്ല റോഡുകൾ പ്രധീക്ഷിക്കരുത്. കുണ്ടും കുഴികളും നാലു വീലുകളിലും ഡ്രൈവുള്ള വാഹനങ്ങൾ മാത്രമേ ഇവിടെ ഓടുക യുള്ളൂ .പലപ്പോഴും ഭയം തോന്നും
വാഹനത്തിൽ ഇരിക്കുമ്പോൾ. ഒമാർ ഞങ്ങളുടെ സാരഥി സഫാരിയിൽ ഒരുപാട് പരിജ്ഞാനമുള്ള വ്യക്തി.
ആദ്യമേ കാണുവാൻ തുടങ്ങിയത് പലേതരം മാനുകൾ. കുറച്ചു നീങ്ങിയപ്പോൾ ജിറാഫുകളുടെ നീണ്ട കഴുത്തുo ചെറിയ വായും പുക്കമുള്ള ഓലക്കുട പോലുള്ള ഒരു മരത്തിൽനിന്നും ഇലകൾ തിന്നുന്നു അടിയിൽ മാനുകൾ മേയുന്നു . അധികം താമസിയാതെ ആനകളെ കണ്ടുതുടങ്ങി. ഒറ്റയാൻ മുതൽ കൂട്ടങ്ങളും.
ഈ പ്രദേശത്തു ഏറ്റവും കൂടുതൽ കാണുന്നത് പലേ നിറങ്ങളിലും വലുപ്പത്തിലും രീതികളിലുമുള്ള മാനുകൾ ഇതിൽ അതിവേഗം കുതിക്കുന്ന ഇമ്പാല എന്ന ചെറിയ വർഗ്ഗo അവയുടെ പാച്ചിൽ കണ്ണുകൾക്ക് ഇമ്പം നൽകും.
ഓരോ ദിനവും രണ്ടു സമയങ്ങളിൽ സവാരിക്ക് പുറപ്പെടുന്നു രാവിലത്തേത് ഉച്ചയോടെ തീരുന്നു തിരികെ താവളത്തിൽ എത്തുന്നു ഉച്ച ഭക്ഷണം ശേഷം ഒരു മണിക്കൂർ വിശ്രമം. അതിനുശേഷം വാഹനത്തിൽ കയറുന്നു വനത്തിൻറ്റെ മറ്റൊരു ദിശയിലേയ്ക് പോകുന്നു.
ഒമർ പറഞ്ഞു അവിടെ സിംഹങ്ങളെ കാണുവാൻ സാധ്യത ഉണ്ടെന്ന്. വഴിയിൽ വാഹനം നിറുത്തിയാലും പുറത്തിറങ്ങുന്നതിന് നുവാദമില്ല.കാരണം വന്യ മൃഗങ്ങൾ കുറ്റിക്കാടുകളിൽ വിശ്രമിക്കുന്നുണ്ടാകും അഥവാ ഇരയെ ത്തേടി ഒളിച്ചിരിക്കും.എപ്പോൾ ഇവ ശീഘ്രഗതിയിൽ ചാടി വരും എന്നറിയില്ല.
ഈ സങ്കേതത്തിൽ ഞങ്ങളുടെ വാഹനം പോലെ മറ്റു നിരവധി, സന്നർശകരുമായി കറങ്ങുന്നു. വാഹനങ്ങളിൽ വാക്കി ടോക്കി റേഡിയോ സംവിധാനമുണ്ട് ഇതുവഴി ഡ്രൈവർമാർ പരസ്പരം അറിയിക്കുമെവിടെ മൃഗങ്ങൾ നീങ്ങുന്നു. ആ ദിശയിലേയ്ക്ക് വാഹനം നീങ്ങും.
ഒരു കുറ്റിക്കാട്ടിൽ അനക്കം കണ്ടു ഒമാർ പറഞ്ഞു അവിടെ സിംഹങ്ങൾ കാണും. ഇയാൾ വാഹനം അതിനരികത്തേക്ക് ഓടിച്ചു ഇവിടത്തെ പ്രത്യേകത റോഡുകൾ പലപ്പോഴും വാഹനങ്ങൾ നിർമ്മിക്കുന്നു.ഒമാർ നിരീക്ഷിച്ചത് ശെരിയായിരുന്നു ഒരു പറ്റം സിംഹങ്ങൾ കുറ്റിക്കാട്ടിൽ കിടക്കുന്നു.
രണ്ടാം ദിനം വൈകുന്നേര സവാരിയിൽ ഒരു മസായി വര്‍ഗ്ഗം താമസിക്കുന്ന ഒരിടം സന്നർശിക്കുന്നതിന് അവസരം ലഭിച്ചു. സാധാരണ ഇവർ നൂറിനടുത്തു അംഗങ്ങൾ ഉള്ള സമൂഗം ഇതിൽ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കും.
കാലത്തിൻെറ പോക്കിന് അനുപാതകമായി മാറ്റങ്ങൾ നിരവധി ഇവിടെ വന്നിട്ടില്ല. അതിൽ അവർക്ക് നിരാശയുമില്ല .സന്നർശിച്ച ട്രൈബ് മേധാവി സൈമണുമായി സംസാരിച്ചു അയാൾ ഞങ്ങൾക്ക് ഒരു ട്യുറും തന്നു. അത്ഭുതം തോന്നി ഇയാളുടെ ഇംഗ്ലീഷ് ഭാഷ കേട്ടപ്പോൾ.
ആധുനികത അത് എന്തുമാകട്ടെ ഇവരിൽ എത്തിയിട്ടില്ല അതിൽ ഇവർക്ക് പരിഭവവുമില്ല. സെൽ ഫോണില്ല,TV ഇല്ല,വൈദ്യുതിയില്ല ,വാഹനങ്ങൾ ഇല്ല . തീ വരെ ഉണ്ടാക്കുന്നത് മരക്കമ്പുരച്ചു. സ്ത്രീകളുടെ ജോലി രാവിലെ ഒരു കിലോമീറ്റർ അകലെ കുടoങ്ങളുമേന്തി പോയി വെള്ളം കൊണ്ടുവരുക, ഭക്ഷണം പാകപ്പെടുത്തുക, വീടുകളുടെ അറ്റകുറ്റപ്പണികൾ, പിന്നീടുള്ള സമയം കരകൗശല സാധനങ്ങൾ നിർമ്മിക്കുക.
പുരുഷന്മാർ, ഒരൊകൂട്ടം ആടുകളെയും, പശുക്കളെയും കൂട്ടി മേയ്‌ക്കുന്നതിനായി രാവിലെ പുറത്തു പോകുന്നു. കന്നുകാലികൾ ഇവരുടെ നിത്യജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പാല്, ചാണകം പുരകൾ നിർമ്മിക്കുവാൻ, മാംസം ഭക്ഷണo, തുകൽ നിരവധി കാര്യങ്ങൾക്ക്.
ഇവർ വളരെ നിറപ്പകുട്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നു കൂടുതലും ചുമപ്പ് കാരണം സിംഹം കരടി പോലുള്ള മൃഗങ്ങൾക്ക് ഈ നിറം ഭയം നൽകും. വളർത്തു മൃഗങ്ങൾ ആണ് ഇവരുടെ സ്വത്ത്. രാത്രിയിൽ അവ ഉറങ്ങുന്നത് ഇവരുടെ വീടുകളുടെ മുന്നിൽ. പൊതുവെ ഇവരുടെ താമസ സ്ഥലത്തിനു ചുറ്റും വേലി കെട്ടിയിട്ടുണ്ട് എങ്കിലും ആനക്കും മറ്റും നിസാരമായി കയറാം അതിനാൽ ഒരാൾ എപ്പോഴും രാത്രിയിൽ ഉറങ്ങാതെ കാവൽ നിൽക്കും.
ഇവരുടെ ഇപ്പോഴത്തെ മതം ക്രിസ്ത്യാനിറ്റി. ബ്രിട്ടീഷുകാർ ഈ രാജ്യം ഭരിച്ചിരുന്ന സമയം കൃസ്തുമതം പ്രചരിപ്പിച്ചു കൂടാതെ ഇംഗ്ലീഷ് ഭാഷയും. ഇവർക്ക് സ്കൂളുകൾ ഉണ്ട് കുട്ടികൾക്ക് സാമാന്യ വിദ്യാഭ്യാസം മാത്രമല്ല മുന്നോട്ടു കൂടുതൽ പഠിക്കണമെങ്കിൽ അതിനും അവസരം ലഭ്യം. ഇപ്പോഴത്തെ പ്രധാനി സൈമൻറ്റെ ആഗ്രഹം ഒരു ഡോക്ടർ ആകുവാൻ.
മസായി ജനത കെനിയ പൊതു നിയമങ്ങൾ പാലിക്കണമെന്ന് നിർബന്ധമില്ല . ഇവർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ആകാം. കൂടാതെ നികുതി ഒന്നുമില്ല, വേട്ടയാടുന്നതിന് വിലക്കില്ല. ട്രൈബുകളിൽ സ്വയ ഭരണം.നേരത്തെ സൂചിപ്പിച്ചല്ലോ ഓരോ കൂട്ടത്തിലും എല്ലാവരും പരസ്പരം രക്തബന്ധം ഉള്ളവർ അതിനാൽ ഇവർ വിവാഹം നടത്തുന്നത് മറ്റു ട്രൈബുകളിൽ നിന്നും.
കെനിയ ഭരണം ഇവർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട് കൂടാതെ യുനെസ്കോ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ പോലുള്ളവരുടെ സഹായം. അതിനാൽ നിരവധി, ട്രൈബ് വിട്ട് പട്ടണങ്ങളിൽ വിദ്യാഭ്യാസത്തിനും ജോലികൾക്കുമായും പോകുന്നു.
പട്ടണങ്ങളിൽ, കൂടാതെ ജോലിസ്ഥലങ്ങളിൽ നിരവധി, ഇവരുടെ ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കുന്നില്ല എങ്കിലും ഇവരുടെ മുഖം സൂഷ്മമാമി പരിശോധിച്ചാൽ ഒരു മസായിയുടെ ചിഹ്നങ്ങൾ കാണുവാൻ പറ്റും .രണ്ടു കവിളുകളിലും വട്ടത്തിൽ കരിഞ്ഞ പാട് കൂടാതെ താഴത്തെ നിര പല്ലുകളിൽ നടുക്കുനിന്ന് രണ്ടെണ്ണം നീക്കപ്പെട്ടിരിക്കുന്നു.ഇതിൻറ്റെ കാരണം ഇവർ പറയുന്നത് ഒരാൾ രോഗം വന്ന് കിടപ്പായി വായ് തുറക്കാൻ പറ്റാതെവന്നാൽ ഔഷധം നൽകുന്നതിനാണ് പല്ലുകൾ നീക്കം ചെയ്തിരിക്കുന്നത്.
കൂടാതെ മറ്റു രണ്ടു ചെറിയ വന്യ മൃഗ കേന്ദ്രങ്ങൾ കൂടി സന്നർശിച്ചു അവിടെയും കാണുന്നത് ഇതെല്ലാം.
ഞങ്ങളുടെ അടുത്ത ലക്ഷ്യം ആംബസോലി എന്ന മറ്റൊരു ദേശീയ വന്യമൃഗ സംരക്ഷണകേന്ദ്രo. ഇത് കെനിയ റ്റാൻസാനിയ തെക്കൻ അതിർത്തിയിൽ. ഈ പാർക്കിൻറ്റെ അതിർത്തി റ്റാൻസാനിയയിലെ പ്രസിന്ധ സാരംഗറ്റി. കിലമഞ്ചാരോ പർവ്വതം നന്നായി കാണുവാൻ പറ്റും .
ഈ പാർക്കിൽ ചതുപ്പു നിലങ്ങളും തടാകങ്ങളും കാണാം അതിനാൽ, നേരത്തെ കണ്ട മൃഗങ്ങൾ കൂടാതെ റെയ്‌നോ, പോത്ത്, സീബ്ര , വൈൽഡ് ബീസ്റ്റ് , ഡോൾഫിൻ പോലുള്ള പക്ഷികൾ. ഭക്ഷണം തേടി കാലാവസ്ഥ അനുസരിച്ചു മൃഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കുടിയേറുക സാധാരണ സംഭവം.
ഈ പാർക്കിൽ കണ്ട ആനകൾക്ക് കുറച്ചുകൂടി വലിപ്പം ഉള്ളവ കൂടാതെ ഇവിടെ നിരവധി കുട്ടിയാനകളെയും കണ്ടു. കരടികൾ റോഡിനരികെ വരെ വന്നിരുന്നു.
വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങൾ സന്നർശിച്ച ശേഷം കെനിയയിലെ രണ്ടാമത്തെ വലുതും തുറമുഖ പട്ടണവുമായ മോംബാസയിലേയ്ക് നീങ്ങി. ഈ പട്ടണം ഒരു ദീപിൽ എന്നുവേണമെങ്കിൽ പറയാം സമുദ്ര തീരം തെക്കുവടക്കായി നീണ്ടു കിടക്കുന്നു.സോമാലിയ കഴിഞ്ഞാൽ പിന്നെ അറേബിയൻ സമുദ്രമാകുന്നു.
മൊബാസ്സയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ ജീവിക്കുന്നത്. ശ്രദ്ധേയമായ ഒന്ന് ഇവിടെ നിരവധി വൻ വ്യവസായങ്ങൾ, സ്റ്റീൽ,സിമൻറ്റ് , ഷിപ്പിംഗ് ഇവ ഇന്ത്യക്കാരുടെ കൈവശം.വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന ഏതാനുംപേരെ പരിചയപ്പെടുന്നതിനു സാധിച്ചു.
കുറ്റ കൃത്യങ്ങൾ ഉൾനാടുകളിൽ ഇല്ല എന്നുപറയാം ഇവർ പ്രകർതിയെ സ്നേഹിക്കുന്നവർ. ഇവിടെ ഒന്നും പാഴാകുന്നില്ല ഭക്ഷണത്തിനായി ഒരു പശുവിനെ കൊന്നാൽ അതിൻറ്റെ ചോരപോലും ഇവർ കളയില്ല.കേരളത്തിൽ കാണുന്ന എല്ലാത്തരം പഴവർഗങ്ങളും വെജിറ്റബിളും ഇവിടെ കാണാം.തെങ്ങിൽ കയറി കരിക്കിടുന്നതും കണ്ടു. ഇവിടത്തെ ആദിമമായ ജനത പൊതുവെ സമാധാനത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ. എന്നാൽ മറ്റു ആഫ്രിക്കൻ ദേശങ്ങളിൽ നിന്നും ഇവിടേയ്ക്ക് കുടിയേറി വരുന്നവർ നെയ്‌റോബി പോലുള്ള വൻ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തുന്നു എന്നാണ് പൊതുധാരണ.
ആഫ്രിക്കയിൽ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ കെനിയ നമ്മെപ്പോലുള്ളവർക്ക് സന്നർശിക്കുന്നതിന് പറ്റിയ സ്ഥലം.