Image

മലയാളിയുടെ വായാനലോകത്തിന് ഗ്രാമീണവിശുദ്ധി പകര്‍ന്ന് നല്കിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി : ജോയിഷ് ജോസ്

Published on 04 June, 2023
 മലയാളിയുടെ വായാനലോകത്തിന് ഗ്രാമീണവിശുദ്ധി പകര്‍ന്ന് നല്കിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി : ജോയിഷ് ജോസ്

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടിച്ചവിട്ടി ഞാന്‍ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കെ ഒരു കാല്‍ പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്കു തോന്നി. വഴിയിലെ പൊടിമണലില്‍ ചെരുപ്പ്‌ ഉരസുന്നതുപോലെ, ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്നതുപോലെ. പിന്നോട്ട്‌ നോക്കി ഇരുട്ടിനോട്‌ ഞാന്‍ ചോദിച്ചു. ആരാ അത്‌? മറുപടിയൊന്നും കേട്ടില്ല. എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്ന്‌ തോന്നി...
(മൂന്നാമതൊരാള്‍ -മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി)

പാലക്കാടന്‍ ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ്‌ മലയാളിയുടെ വായാനലോകത്തിന് ഗ്രാമീണവിശുദ്ധി പകര്‍ന്ന് നല്കിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മൂന്നാമതൊരാളെത്തേടി യാത്രയായിട്ട് ഇന്നേയ്ക്ക് പതിനെട്ട് വര്‍ഷം.

അനുപുരത്ത്‌ പിഷാരത്ത്‌ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും മാധവി പിഷാരസ്യാരുടെയും മകനായി 1937 ജൂലൈ 17 നാണ് മുണ്ടൂരിന്‍റെ ജനനം. മുണ്ടൂരിലെ എലിമെന്ററി, ഹയര്‍ എലിമെന്ററി, പറളി ഹൈസ്കൂള്‍, വിക്ടോറിയ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിഎയും ഇംഗ്ലീഷില്‍ എംഎയും ബിഎഡും എടുത്തു. വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ചിറ്റൂര്‍ ഗവണ്‍മെന്റ്‌ ടി.ടി.ഐയില്‍ അധ്യാപകനായിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു. 1957ല്‍ പ്രസിദ്ധീകരിച്ച 'അമ്പലവാസികള്‍' എന്ന കഥയിലൂടെയാണ്‌ സാഹിത്യ രംഗത്തേക്ക്‌ പ്രവേശിച്ചത്‌. 

ഒരെഴുത്തുകാരന്‍ സ്മരിക്കപ്പെടുമ്പോള്‍ ഒരു നാട് സ്മരിക്കപ്പെടുന്നു എന്നത് മുണ്ടൂരിനെ സംബ്ന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് .മുണ്ടൂരെന്ന പാലക്കാടന്‍ ഗ്രാമത്തെ കൃഷ്ണന്‍കുട്ടിയുടെ പേരിലാവും നാം എക്കാലവും ഓര്‍മ്മിക്കുക.
എല്ലാവരും ഉറങ്ങുകയോ ഉറക്കം നടിച്ചു കിടക്കുകയോ ചെയ്യുമ്പോള്‍ ഉണര്‍ന്നിരുന്ന് എഴുതി മനസ്സിന്റെ ഭാരം ഇറക്കി വെച്ചിരിക്കുന്ന കൃഷ്ണന്‍കുട്ടി-
സാഹിത്യ പ്രവര്‍ത്തനത്തിന് പുറമെ സിനിമ - സീരിയല്‍അഭിനയരംഗത്തും സജീവമായിരുന്നു. 
ജീവിച്ചിരുന്ന കാലത്ത് അദേഹത്തിന് വേണ്ടത്ര അംഗീകരം കൊടുത്തിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

ഏകാകി, മനസ്‌ എന്ന ഭാരം, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തപ്പുകള്‍, മാതുവിന്റെ കൃഷ്ണതണുപ്പ്‌   എന്നീനോവലുകളും 
ആശ്വാസത്തിന്റെ മന്ത്രച്ചരട്,
മൂന്നാമതൊരാൾ,
നിലാപ്പിശുക്കുള്ള രാത്രിയിൽ,
എന്നെ വെറുതെ വിട്ടാലും,
മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ,
അവശേഷിപ്പിന്റെ പക്ഷി,
അമ്മക്കുവേണ്ടി എന്നീ  കഥാസമാഹാരങ്ങളും മുണ്ടൂരിന്‍റെതായുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായി കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍ എന്ന കൃതിയെ പ്രശസ്ത കഥാകൃത്ത്‌ ടി.പദ്മനാഭന്‍ പ്രകീര്‍ത്തിച്ചിരുന്നു.

നിലാപ്പിശുക്കുളള രാത്രിക്ക് 1996ലെ ചെറുകാട്‌ അവാര്‍ഡും ആശ്വാസത്തിന്റെ മന്ത്രച്ചരടിന്  1997ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക്  2003ലെ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.2005 ജൂണ്‍ 4 ന് മുണ്ടൂരിന്‍റെ പ്രിയ കഥാകാരന്‍ തന്‍റേ എഴുപതാം വയസ്സില്‍  എഴുത്തിന്‍റെയും വെളിച്ചത്തിന്‍റെയും ലോകത്തോട്  വിടപറഞ്ഞു.

ജോയിഷ് ജോസ്
9656935433

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക