Image

ഭരണകർത്താക്കളേ ഒരു നിമിഷം ശ്രദ്ധിക്കൂ, ഇന്ത്യയൊരു വികസിത രാജ്യമല്ല (ദുർഗ മനോജ്)

Published on 04 June, 2023
ഭരണകർത്താക്കളേ ഒരു നിമിഷം ശ്രദ്ധിക്കൂ, ഇന്ത്യയൊരു വികസിത രാജ്യമല്ല (ദുർഗ മനോജ്)

തീരാവേദനയുടെ ഒരു ദിനം പിന്നിട്ടിരിക്കുന്നു. ഒഡീഷ ദുരന്തത്തിൽ മരണമടഞ്ഞവർ മൂന്നൂറ് എന്ന് ഔദ്യോഗിക കണക്കുകൾ സംസാരിക്കുമ്പോൾ, ബോഗികളിൽ പെട്ടുപോയ, ഇനിയും കണ്ടെത്താനാകാത്തവരുടെ കണക്കുകൾ എന്നെങ്കിലും പുറത്തു വരുമായിരിക്കാം എന്ന പ്രതീക്ഷയിൽ ചിലതു കുറിക്കട്ടെ, 
കോറമാണ്ഡൽ എക്സ്പ്രസിലും യശ്വന്ത്പുർ ഹൗറ എക്സ്പ്രസിലുമായി 2200 മനുഷ്യർ റിസർവ് ചെയ്തു യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാലു വന്ദേ ഭാരത് തെക്കുവടക്ക് ഓടിയപ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമായിപ്പോയി എന്ന തെറ്റിദ്ധാരണയിൽ ട്രെയിനുകളിലെ ജനറൽ കോച്ചുകൾ ദിനംപ്രതിയെന്നോണം, മാലോകരറിയാതെ രായ്ക്കുരാമാനം വെട്ടിക്കുറയ്ക്കുന്നവരേ, നിങ്ങൾ ഒന്നറിയുക, ഇന്ത്യയിൽ ഇന്നും പട്ടിണിയുണ്ട്, വെള്ളമില്ലാതെ കൃഷി നശിച്ച് പട്ടണങ്ങളിലേക്കും വൻ നഗരങ്ങളിലെ ചേരികളിലേക്കും ഇന്നും മനുഷ്യർ പലായനം ചെയ്യുന്നുണ്ട്. അവർ, റിസർവ് ചെയ്തത് പ്രതാപത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നവരല്ല. അവരെപ്പോലെ, സാധാരണ മനുഷ്യർ ആശ്രയിക്കുന്നത് ജനറൽ കമ്പാർട്ട്മെൻ്റ് ആണ്. ആ അവകാശം ഇല്ലാതാക്കി, പണമുള്ളവർക്കു മാത്രം ജീവിതമെന്നു പറയുമ്പോൾ, ഉള്ള ജനറൽ കമ്പാർട്ട്മെൻറിൽ കയറാവുന്നതിൻ്റെ നാലും അഞ്ചും ഇരട്ടി ജനങ്ങൾ തിങ്ങിക്കയറും.അവരുടെ ഊരും പേരും ആരും അറിയില്ല. ഒഡീഷ ദുരന്തത്തിലെ 2200 പേരുടെ പേരുകൾ നിങ്ങൾക്കു പറയാനാകും എന്നാൽ ദുരന്തത്തിൽപ്പെട്ട ജനറൽ കമ്പാർട്ട്മെൻ്റിൽ എന്തു സംഭവിച്ചിരിക്കും എന്ന് ഊഹിക്കാനാകുമോ?
തെറിച്ചു പുറത്തു വീണവർ ഭാഗ്യവാന്മാർ, അവർക്കു ജീവൻ കിട്ടി. എന്നാൽ അകത്തു ഞെരിഞ്ഞു പോയവരോ?
എ സി യിൽ സഞ്ചരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്, ആഗ്രഹം മാത്രം ഉണ്ടായാൽ പോരല്ലോ, അവിടെ പണവും വേണ്ടേ?
നിലവിലെ അപകടം, സിഗ്നൽ തകറാരു കൊണ്ടാണു സംഭവിച്ചതെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തു വരുന്നു. സംഭവം നടക്കുമ്പോൾ കോറമാണ്ഡൽ എക്സ്പ്രസ് ചെന്നൈ ഭാഗത്തേക്കുള്ള അപ് മെയിൻ ട്രാക്കിലൂടെ പോകേണ്ടതിനു പകരം ലൂപ്പ് ട്രാക്കിലേക്കു പ്രവേശിച്ച് അവിടെ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിൽ ഇടിച്ചു. കോറമാണ്ഡൽ എങ്ങനെയാണ് ഉപലൈൻ ആയ ലൂപ്പ് ലൈനിലേക്കു പ്രവേശിച്ചത് എന്നതാണ് ആദ്യം കണ്ടെത്തേണ്ടത്. പാളം തെറ്റി മറിഞ്ഞ കോറമാണ്ഡ ലിലേക്ക് ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ആകെ 21 കോച്ചുകൾ പാളം തെറ്റി.
ഇനിയാണ് ചോദ്യങ്ങൾ,
ഇന്ത്യൻ റെയിൽവേയുടെ സിഗ്നലിങ്ങ് സിസ്റ്റത്തിൻ്റെ അപാകതകൾ പരിഹരിച്ച് സുരക്ഷിത യാത്രയ്ക്കായി വികസിപ്പിച്ച കവചം എന്ന സുരക്ഷാ സിഗ്നലിങ്ങ് സംവിധാനം 2012ൽ യു പി എ സർക്കാർ തുടക്കമിട്ടതിൻ്റെ ട്രയൽ റൺ ആരംഭിച്ചത് മോഡി സർക്കാർ വന്ന ശേഷമാണ്. എന്നാൽ റെയിൽവേയുടെ ശ്രദ്ധ പൂർണമായും വന്ദേ ഭാരത്, ഒപ്പം റെയിൽവേ സ്റ്റേഷൻ മോടിപിടിപ്പിക്കൽ എന്നിവയിലേക്കു മാറിയപ്പോൾ ഏതൊരു റെയിൽവേ സിസ്റ്റത്തിൻ്റേയും അടിസ്ഥാനമായ പരമപ്രധാനമായ സിഗ്നലിങ് സിസ്റ്റത്തിൻ്റെ കാര്യം റൺഓവറായി. കവച് നടപ്പാക്കാൻ ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപയോളം ചെലവു വരും. മാത്രവുമല്ല കവച് പോലൊരു സംഗതി പ്രവർത്തനക്ഷമമാക്കുമ്പോൾ ഒരു ഫോട്ടോ ഷൂട്ട് ഉത്ഘാടനത്തിന് സാധ്യതയും ഇല്ല. പബ്ലിസിറ്റിയാണല്ലോ പ്രധാനം.
ഇനി, ഒഡീഷയിലെ ഈ അപകടത്തിനു സമാനമായ അപകടം ഇന്ത്യൻ റെയിൽവേ പ്രതീക്ഷിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേ സോണുകളിൽ ഒറീസയിലെ ബാലസോർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അപകട സാധ്യത ഏറ്റവും കൂടുതലുള്ള മേഖലയായി കണക്കാക്കപ്പെടുന്നു. റെയിൽവേ ലാഭം കണ്ടെത്തിയത് സുരക്ഷാ ക്രമീകരണങ്ങളിൽ ചെലവുചുരുക്കിയാണ്. ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി, ബ്രേക്ക് പവർ സർട്ടിഫിക്കറ്റ് പോലുമില്ലാതെ ട്രെയിനുകൾ ഓടുന്ന കാലമായി മാറിക്കഴിഞ്ഞു ഇപ്പോൾ. കൂടാതെ വില കുറഞ്ഞ ചൈനീസ് സിഗ്നലിങ് ഉപകരണങ്ങളും.
 അപ്പോഴൊരു ചോദ്യം, പ്രധാന്യം എന്തിനാകണം നൽകേണ്ടത്, സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭംഗിക്കോ? യാത്ര ചെയ്യുന്ന മനുഷ്യരുടെ സുരക്ഷയുടെ ഭാഗമായ സിഗ്നലിങ് സംവിധാനത്തിനോ?
നമ്മുടെ ഭരണാധിപർക്ക് ഒരു സ്ഥലജലവിഭ്രമം സംഭവിക്കാറുണ്ട്. അധികാര കസേരയിൽ അമർന്നിരിക്കുമ്പോൾ സംഭവിക്കുന്ന വിഭ്രമമാണത്, പൊടുന്നനെ അവർക്കു തോന്നും അവർ ഭരിക്കുന്നത് ഒരു വികസിത രാജ്യത്തേയാണെന്ന്. ജനസംഖ്യ കുറഞ്ഞ, വരുമാനം കൂടിയ ചെറിയ രാജ്യങ്ങൾ പലതിലും യാത്ര ചെയ്യുമ്പോൾ ജനസംഖ്യയിൽ നമ്പർ വൺ ആയ, ദരിദ്ര നാരായണന്മാരും, കർഷകരും, കൈത്തൊഴിലുകാരും ഭൂരിപക്ഷമായ രാജ്യത്തെ പ്രധാന പ്രശ്നം ടൈലുവിരിക്കാത്ത പ്ലാറ്റ്ഫോം ഉള്ള റെയിൽവേ സ്റ്റേഷനുകളും റിസർവ് ചെയ്ത് സഞ്ചരിക്കാത്ത പുവർ കൺട്രി പീപ്പിളുകളുമാണെന്ന്. അവരെ ഉദ്ധരിക്കാനിറങ്ങുമ്പോൾ അടിസ്ഥാന പ്രശ്നങ്ങൾ ഒരു വിഷമായിത്തോന്നില്ല നേതാക്കൾക്ക്. അവർ ജനങ്ങളെ മറക്കും, എത്ര വലിയ ദുരന്തം സംഭവിച്ചാലും ഉദ്യോഗസ്ഥരെ പഴിചാരി അധികാരക്കസേരയിൽ അള്ളിപ്പിടിച്ചു കിടക്കും. മരിച്ച മനുഷ്യരുടെ തണുത്ത ശരീരം ഇറച്ചിക്കോഴികളെ കൊണ്ടു പോകുന്നതിനേക്കാൾ അശ്രദ്ധയോടെ അവഗണനയോടെ പിക്കപ്പുകളിലേക്കു തൂക്കിയെറിയും എന്നിട്ട് ഒരു ടാർപാളിനിട്ട് മൂടിയെന്നു വരുത്തും. മരിച്ചില്ലേ? ഒന്നിനു മീതേക്കു വലിച്ചെറിഞ്ഞാൽ ആര് പരാതിപ്പെടും? ഒന്നു പറയാം ഇത് ലോകം കാണുന്നുണ്ട്.

ഇനി മല്ലൂസ് അറിയാൻ ഒരു വാചകം, കഴിഞ്ഞ ആഴ്ച നമ്മുടെ സ്വന്തം വേണാട് എക്സ്പ്രസ്, അതിനു സ്റ്റോപ്പുള്ള മാവേലിക്കരയ്ക്ക് അടുത്തുള്ള ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയിരുന്നു. അതാരും അറിഞ്ഞിരുന്നുമില്ല. അതിൻ്റെ പിന്നിലും സിഗ്നലിങ് പിഴവായിരുന്നു വില്ലൻ. ഇതു വഴിയാണ് വന്ദേ ഭാരത് ഒക്കെ പറക്കുന്നത്. അല്ല, പറഞ്ഞുവെന്നേയുള്ളൂ. നമ്മൾ ഭയക്കണ്ട, ഒറീസയും കോറമാണ്ഡ ലുമൊന്നും നമ്മൾ ഭയക്കേണ്ട വിഷയങ്ങളല്ല തന്നെ.

Join WhatsApp News
Ninan Mathullah 2023-06-04 15:01:49
Railway minister said that the person responsible will be punished. I think, as Durga Manoj said, the railway minister and central government has more responsibility in it but will escape by punishing few employees. Our comment 'thozhilalikal' writing articles and comments praising central government will not see such news but act as if sleeping, and so didn't see it.
Jayan varghese 2023-06-04 16:47:17
പറയല്ലേ മാഡം. വിവസ്ത്രനായി രാജവീഥിയിലൂടെ ഉലാത്തു നടത്തുന്ന മഹാരാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവി സ്വന്തം തല തെറിപ്പിക്കല്ലേ മാഡം. അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി കടത്തിവെട്ടി കവച്ചു വച്ച് കവച്ചു വച്ച് ഞങ്ങളുടെ കുതിര ഈ മേധം ഒന്ന് പൂർത്തിയാക്കിയിട്ട് വേണം ഇന്ക്രീഡിബിൾ ഇന്ത്യയുടേ വീര ശൂര പരാക്രമങ്ങൾ സായിപ്പിനെ ഒന്നറിയിക്കാൻ. ജയൻ വർഗീസ്.
vayanakaran 2023-06-04 16:57:04
കൃസ്തുമത വിശ്വാസിയായ താങ്കൾക്ക് ഹിന്ദുക്കളോട് വിരോധം ഒരു പുതുമയല്ല. പക്ഷെ സ്നേഹസ്വരൂപനായ ഈശോ മിശിഹായിൽ വിശ്വസിക്കുന്നവർ ആരെയും വെറുക്കുന്നില്ല. ഇ മലയാളിയുടെ വായനക്കാരെ കമന്റ് തൊഴിലാളികൾ എന്ന് വിളിക്കാൻ ഒരു കൃസ്തുമത വിശ്വാസിക്ക് കഴിയുന്നത് എഴുതുന്നവർ ഹിന്ദുക്കളാണെന്ന വിദ്വേഷം ആയിരിക്കണം. സാർ ഞാൻ സ്ഥിരം വായനക്കാരനും ചിലപ്പോൾ കമന്റ് എഴുതുന്നവനുമാണ്. കമന്റ് എഴുതുന്ന വായനക്കാർ ആരും തന്നെ കേന്ദ്ര ഗവണ്മെന്റിനെ പുകഴ്ത്തുന്നത് കാണുന്നില്ല. ശ്രീമാൻ വിജയനെ പുകഴ്ത്തികൊണ്ട് ശ്രീമാൻ കാടപ്പുറം സാർ എഴുതാറുണ്ട്. അത് അദ്ദേഹത്തിന്റെ അവകാശം. അതിൽ തെറ്റുണ്ടെങ്കിൽ വിജോയിക്കുക അല്ലാതെ അദ്ദേഹത്തേ അധിക്ഷേപിക്കുന്നത് ശരിയല്ല. അതേപോലെ കേന്ദ്ര പുകഴ്തുലുകാർ എഴുതുന്നത് തെറ്റെങ്കിൽ ചൂണ്ടിക്കാണിക്കുക. കാടടച്ചു വെടി വച്ച് സന്തോഷിക്കുന്നത് എന്ത് തരാം മാനസിക പ്രവണതയാണ്. കർത്താവ് സാറിനു ശാന്തിയും സമാധാനവും നൽകട്ടെ. ആമേൻ !
Ninan Mathullah 2023-06-04 21:17:34
I didn't say anything about religion in my comment. Vaayanakkaran is putting words in my mouth. Based on a single sentence in my articles or comments show the readers that I hate any religion. To me any religion or no religion is not the basis for loving a person. In Houston Malayalam society there are several atheists there, and Hindu friends here in Houston. We differ on some of our opinions. Other than that I have very cordial relations with them. Personally attacking a person based on imagined faults is not right. I used the term comment 'thozhilalikal' for those who write comments anonymous and use this column for propaganda. Vaayanakkaran has no reason to take it personally if you are not one among them.
നിരീശ്വരൻ 2023-06-05 01:28:57
മോഡി ഭരിക്കുന്ന രാജ്യത്ത് ഒരു കണക്കും പുറത്തു വരില്ല . ഗുജറാത്തിൽ കത്തി ചാമ്പലായത് എത്രയെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. പിന്നാണ് ഇത്. സാധാരണക്കാരന്റെ വിധി ഇത് തന്നെ. അവൻ വോട്ടുകൊടുത്തു അധികാരത്തിൽ കൊണ്ടുവന്നരിൽ നിന്ന് പ്രതീക്ഷിതിക്കാവുന്നത് ഒരു ദുഃഖ പ്രകടനവും ഒരു ലക്ഷം രൂപയും. അതിനിടക്ക് ജാതിപിശാച്ചും . ഈ രാഷ്ട്രീയക്കാരും മതവും ഇല്ലാത്ത ഒരു കാലം വരുമോ ? അങ്ങേർക്ക് മാത്രം അറിയാം . കണ്ടു ചോദിക്കാം എന്ന് വിചാരിച്ചാൽ അങ്ങേര് ( സ്ത്രീകൾ ക്ഷമിക്കണം) എവിടെയാണെന്ന് ആർക്കും ഒട്ടു അറിയുകയുമില്ല. പോയവർ ആരും തിരിച്ചു വന്നിട്ടുമില്ല. ഇനി പണ്ഡിതഗണത്തിന്റെ വെളിപാടുകൾ എന്താണെന്നതിന് ചെവികൊടുക്കാം . ചെവി അല്പം ദൂരെ പിടിച്ചോ അല്ലെങ്കിൽ കടിച്ചുപറിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക