Image

ചിതൽ (കവിത: മുർശിദ് ബത്തേരി)

Published on 04 June, 2023
ചിതൽ (കവിത: മുർശിദ് ബത്തേരി)

ബുൾഡൊസറുകൾ
സുനാമിയോ ഭൂകമ്പമോയല്ല.
വേരോടെ പിഴുതതിനും
കീഴ്മേൽ മറിച്ചതിനുമപ്പുറ
മവകൾ ശാന്തരാകില്ല.
നമ്മെ കാർന്നുതിന്നുകൊണ്ടേയിരിക്കും.

കാമുകൾ
കാറ്റിനോളം വിരഹവേദനയനുഭവിച്ച
മറ്റൊരു കാമുകനുമുണ്ടാവില്ല.
മരത്തെ പ്രണയിച്ചുതുടങ്ങുമ്പഴേക്ക്
മഴയതിനെ വാരിപ്പുണരും
മഴയകലുമ്പഴേക്ക് വെയിലതിന്റെ സൗന്ദര്യമൂറ്റിക്കുടിക്കും

സ്നേഹം
കൂട്ടിരിക്കുന്നവരുടെ സ്നേഹമാരും
കാണാറേയില്ല.
കരയെത്രകാലമായി
കടലിന് കാവലിരിക്കുന്നു
കടലിപ്പോഴും തിരമാലകളെ
പറഞ്ഞയക്കാറുണ്ട്
കരയല്ലാത്ത മാറ്റാരെങ്കിലുമുണ്ടോയെന്ന് നോക്കാൻ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക