പ്രതിഷേധം
അടിവാരത്തിലും മലനിരകളിലും ഇരുട്ടുവന്നു മൂടിത്തുടങ്ങിയെങ്കിലും പള്ളിമേടയില്‍നിന്നു നോക്കിയാല്‍ അങ്ങു ദുരെ, കുന്നിന്‍പുറങ്ങളില്‍ നിരനിരയായി വെട്ടിനിര്‍ത്തിയ തേയിലത്തോട്ടങ്ങള്‍ അവ്യക്തമായി കാണാമായിരുന്നു. മഴക്കാലമായതുകൊണ്ട്, മലമടക്കുകളില്‍നിന്നു വെള്ളച്ചാലുകള്‍ വെള്ളിരേഖകള്‍പോലെയിഴഞ്ഞ്, അഞ്ചുരുളിപ്പുഴയിലേക്കു വീണുകൊണ്ടിരുന്നു. പല രാഷ്ട്രീയക്കൊലപാതങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അഞ്ചുരുളിപ്പാലം, താഴ്‌വാരത്തുള്ള മുല്ലപ്പുഴ, രാഗിണി തിയേറ്റര്‍, മഞ്ഞില്‍ക്കൂടി ഒളിഞ്ഞും മറഞ്ഞും കാണുന്ന മലനിരകള്‍ എന്നിവയെല്ലാം കുന്നിന്‍മുകളിലെ പള്ളിയുടെ ജനാലയ്ക്കു പുറത്തുനിന്നു നോക്കിയാല്‍ ഫ്രെയിം ചെയ്ത ഒരു ചിത്രംപോലെയേ തോന്നൂ.
കുരിശുപള്ളിയില്‍ ആരൊക്കെയോ മെഴുകുതിരി കത്തിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടുപേര്‍ രൂപക്കൂടിന്റെ തൊട്ടുതാഴെ, തറയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു. അന്തരീക്ഷമാകെ മൂടിക്കെട്ടി, ഏതുനേരവും മഴമേഘങ്ങള്‍ നേര്‍ത്ത നൂലുകളായി ഭൂമിയില്‍പ്പതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.
ആ വൈകുന്നേരം, പുഴയോരം മറ്റൊരു സംഭവത്തിനുകൂടി സാക്ഷ്യം വഹിച്ചു. കൂനമ്പാറയില്‍ സാധാരണയായി നടക്കുന്ന സംഭവങ്ങളിലൊന്നുതന്നെ. എന്നാല്‍ ഇന്നു പതിവിലധികം ആള്‍ക്കൂട്ടമുണ്ട്. രൂപക്കൂടിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നവര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞ്, ഫാദര്‍ റോഷന്‍ കാടുകേറി, കൂനമ്പാറ പള്ളിമേടയിലെ ഡൈനിംഗ് റൂമില്‍ അത്താഴം കഴിക്കാനിരുന്നു. മേടയിലെ വാച്ചര്‍ കം കുക്ക്, പൊട്ടന്‍ ചെങ്ങാലി ഭക്ഷണമൊക്കെ നേരത്തേ വിളമ്പി വച്ചിരുന്നു. അപ്പോഴാണ്, കുരിശുപള്ളിക്കവലയില്‍ ബഹളം കേട്ടത്. അതുകൊണ്ടാവണം, കാവല്‍നായയായ ഹിറ്റ്‌ലര്‍ നിര്‍ത്താതെ കുരച്ചു. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട പട്ടിയാണ്, പള്ളിമേടയിലെ ഹിറ്റ്‌ലര്‍. അച്ചന്‍ ഭക്ഷണം മതിയാക്കി, പിറകുവശത്തെ ജനാല തള്ളിത്തുറന്നപ്പോള്‍, പെട്ടെന്ന് എന്തോ ശബ്ദംകേട്ട് ഒന്നു ഞെട്ടി. രാത്രി കഴിച്ചുകൂട്ടാന്‍ ജനാലയുടെ മുകളിലെ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന വവ്വാലുകള്‍ കൂട്ടത്തോടെ പറന്നതായിരുന്നു. 'ഈശ്വരാ, പള്ളിമേടയിലും പിശാചുക്കളാണല്ലോ' എന്നോര്‍ത്ത്, എത്തിനോക്കിയപ്പോള്‍ കവലയില്‍ എന്തോ ബഹളം നടക്കുന്നുണ്ടെന്നു മനസ്സിലായി. കുരിശുകവലയില്‍ നല്ല ആള്‍ക്കൂട്ടം. പുറത്തെ ലൈറ്റിട്ടിട്ടും, കോടമഞ്ഞും പുകയും കാരണം ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നില്ല. അപ്പോഴാണ്, വാതിലില്‍ ആരോ മുട്ടിയത്. കതകു തുറന്നപ്പോള്‍ കൈക്കാരന്‍ കുഞ്ചാക്കോയുടെ ചിരിക്കുന്ന മുഖം. ഹിറ്റ്‌ലര്‍ അവനെക്കണ്ടപ്പോള്‍ കുര നിര്‍ത്തി സ്‌നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി.
സാധാരണയായി കവലയില്‍ എന്തെങ്കിലും അടിപിടി നടക്കുമ്പോഴാണ് ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ചിരിക്കാറുള്ളത്. ആരാനെ തല്ലുന്നതുകണ്ടാല്‍ ആര്‍ക്കും രസിക്കുമല്ലോ! അച്ചന് ആകെ പരിഭ്രമമായി:
'എന്താടാ ചാക്കോച്ചാ ഇത്ര ചിരിക്കാന്‍... വല്ല അടിപിടിക്കേസുമാണോ?'
'അച്ചനറിഞ്ഞില്ലേ കുരിശുപള്ളിക്കവലയിലെ വിശേഷങ്ങള്‍? അവന്‍മാരിപ്പം കര്‍ത്താവിന്റെ തിരുമുമ്പിലല്ലേ കാവടിയാട്ടം!'
'നിന്റെ ഒടുക്കത്തെ ഒരാമുഖം! നീയൊന്നു പറഞ്ഞു തുലയ്‌ക്കെന്റെ ചാക്കോച്ചാ!'
ചാക്കോച്ചന്‍ തല ചൊറിഞ്ഞുകൊണ്ട്, അച്ചനെ പരിഹസിക്കുന്ന മട്ടില്‍ പറഞ്ഞു:
'അച്ചനിവിടെ ജപമാലേം ചൊല്ലിക്കൊണ്ടിരുന്നോ... പ്രതിപക്ഷം ആണ്ടവിടെ നീലക്കുറിഞ്ഞിയുടെ കോലം കത്തിക്കുന്നു. കന്തസ്വാമിയുടെ ആള്‍ക്കാരാ. അവരിപ്പം എതിര്‍ചേരിയിലാ.'
'അതുശരി! ചുമ്മാതല്ല കവലേന്നു കുമുകുമാന്നു പുക വന്നത്. ഞാനങ്ങു പേടിച്ചുപോയി.'
'എന്നാലും അച്ചനിനി അവിടെങ്ങും ചെന്നു തല കാണിക്കണ്ട. ഒറ്റയെണ്ണത്തിനു ബോധമില്ല. നല്ല പട്ടച്ചാരായത്തിന്റെ മണമാ. കൂനമ്പാറ ഇടവകയിലെ കുഞ്ഞാടുകളും കൂടെക്കൂടിയിട്ടുണ്ട്. കരുണാകര്‍ജി ആ ആള്‍ക്കൂട്ടത്തില്‍ത്തന്നെയുണ്ട്. പാര്‍ട്ടി അനുഭാവിയായതുകൊണ്ട് മുങ്ങാന്‍ പറ്റില്ലല്ലോ. ആ നാടകക്കാരന്‍ നാരദന്‍ അപ്പയും കരണ്ടുരാജപ്പനും ആന അമറാനും ഹോട്ടല്‍ കുട്ടാപ്പി ആന്‍ഡ് സണ്‍സിന്റെ മുറ്റത്തു നിന്നുകൊണ്ട് കണ്ടു രസിക്കുന്നു. നേരം വെളുത്താല്‍ സ്വന്തം ലേഖകന് പ്രാദേശികവാര്‍ത്തയ്ക്കുള്ള വകുപ്പായി! അച്ചന്‍ ഒന്നുകൊണ്ടും പേടിക്കണ്ട. ഇതൊക്കെ കൂനമ്പാറ സിറ്റിയില്‍ പതിവല്ലേ? പിന്നെ ഞങ്ങളൊക്കെയില്ലേ കൂടെ?'
'അതുതന്നെയാ എന്റെ പേടി... നീയുള്ളത്! അല്ലെങ്കിലും ഞാനെന്തിനാ പേടിക്കുന്നത്? എന്റെ പ്രേതത്തെയൊന്നുമല്ലല്ലോ കത്തിക്കുന്നത്?'
'പറയാന്‍ പറ്റത്തില്ല. കത്തിക്കാത്ത ഒരു കോലമുണ്ട്. അതു കറുത്ത തുണികൊണ്ടു പൊതിഞ്ഞു വച്ചേക്കുവാ. മിക്കവാറും അച്ചന്റെയായിരിക്കാനാ സാധ്യത. അച്ചന്‍ നീലിമയേയുംകൂട്ടി മുല്ലപ്പുഴ സമരവുമായി മുന്നോട്ടു പോകുന്നതില്‍ തമിഴന്‍മാര്‍ക്കും കന്തസ്വാമിക്കും ശക്തമായ പ്രതിഷേധമുണ്ട്.'
'എടാ മണ്ടാ... അതു നമ്മുടെ മുഖ്യമന്ത്രിയുടെ കോലമാ. അല്ലെങ്കിലെന്തിനാ കറുത്ത തുണികൊണ്ടു പൊതിയുന്നത്? പ്രേതം പൊതിയേണ്ടതു വെള്ളത്തുണികൊണ്ടല്ലേ?'
'അതൊക്കെയങ്ങു സെമിത്തേരിയില്‍. ഇതു പ്രേതമല്ല, കോലമാ. അതും കുരിശുകവലയില്‍. കറുത്ത തുണിയാകുമ്പോള്‍ പെട്ടെന്നൊന്നും ഇരുട്ടത്തു കണ്ണില്‍ പിടിക്കത്തില്ല. അതുപോരാത്തതിന് ഒന്നാന്തരം നാടന്‍വാറ്റു മോന്തിക്കൊണ്ടുള്ള കളിയാ.'
'എത്ര വാറ്റടിച്ചാലും നമ്മുടെ ഇടവകക്കാരല്ലേ... എന്റെ പ്രേതമൊന്നും കത്തിക്കാനുള്ള ധൈര്യം കാണില്ല. അവസാനം കുമ്പസാരിക്കാന്‍ എന്റെയടുത്തല്ലേ വരേണ്ടത്?'
അത്രയും പറഞ്ഞ്, അച്ചന്‍ തിരിച്ചുവന്ന്, വീണ്ടും ജനാലയിലൂടെ നോക്കി. മഞ്ഞിനു കട്ടി കൂടിയിരുന്നതുകൊണ്ട്, പുക കലര്‍ന്ന് ഒന്നും കാണാന്‍ പറ്റാതായിരുന്നു.
'ആ... പേടിയൊക്കെ പണ്ടായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങളൊക്കെ അച്ചനുമറിവുള്ളതല്ലേ... സത്യക്രിസ്ത്യാനികള്‍പോലും കുമ്പസാരം നിര്‍ത്തിയെന്നാ കേട്ടത്. വന്നുവന്നു ബിഷപ്പിനെപ്പോലും അവര്‍ക്കു പേടിയില്ല.'
കുഞ്ചാക്കോ, ഒറ്റ ശ്വാസത്തില്‍ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.
'ഈ കേക്കുന്നതൊക്കെ ശരിയാണോടാ ചാക്കോച്ചാ? എനിക്കതൊന്നുമങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല.
'അതൊക്കെ അച്ചന്റെ സല്‍സ്വഭാവത്തിനു തോന്നുന്നതാ. അച്ചനെപ്പോലെയൊന്നുമല്ല ഇപ്പഴത്തെ കൊച്ചച്ചന്‍മാര്‍. പെണ്ണുകേസുകളില്‍വരെ പ്രതികളാ. ഒന്നു നോക്കീം കണ്ടും നിന്നാല്‍ അച്ചനു കൊള്ളാം. ഞാന്‍ പറയാനുള്ളതു പറഞ്ഞു. അച്ചനെക്കണ്ടു വിവരമൊന്നറിയിക്കാന്‍ വന്നതാ. ഞാന്‍ പോവാ. നാളെക്കാണാം.'
ചാക്കോച്ചന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കാടുകേറിയച്ചന് ചെറിയൊരു ഉള്‍ഭയം. ഇനിയിപ്പോള്‍ എന്തെല്ലാമാണോ നടക്കാന്‍ പോകുന്നത്!
പഞ്ചായത്തു പ്രസിഡന്റ് നീലിമ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ് മുല്ലപ്പുഴ അണക്കെട്ടിന്റെ സംരക്ഷണസമിതിയില്‍ കയറിയത്. അവസാനം സെക്രട്ടറിയുമായി. ഒരു സാമൂഹ്യസേവനമല്ലേ എന്നു വിചാരിച്ചു തലവച്ചുകൊടുത്തതാണ്. ഇതിപ്പോള്‍ പുലിവാലു പിടിച്ചതുപോലെയായി. നാളെ നീലിമയെക്കണ്ടു കാര്യങ്ങളൊക്കെ ഒന്നു സംസാരിക്കണമെന്ന തീരുമാനത്തില്‍ ജനാലകള്‍ വലിച്ചടച്ചു. അപ്പോഴേക്കും ഇടിയും മഴയും കാറ്റും തുടങ്ങിയിരുന്നു. മഴയുടെ ശക്തി കൂടിയപ്പോഴാണ് അച്ചനൊരു സമാധാനമായത്. ഇനിയിപ്പോള്‍ സമരക്കാര്‍ മറ്റേ കോലം കത്തിക്കാനുള്ള സാധ്യതയില്ല.
അങ്ങനെ ഓരോന്നോര്‍ത്തുകിടന്ന് മയങ്ങിപ്പോയതറിഞ്ഞില്ല.
രാവിലത്തെ കുര്‍ബ്ബാന കഴിഞ്ഞ് പള്ളിമുറിയില്‍ വന്നപ്പോഴേ നീലിമ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്ന മട്ടിലാണ് അവരുടെ കാര്യമെന്നറിയാമായിരുന്നു. എന്നാലും അറിഞ്ഞ കാര്യങ്ങള്‍ പറയണമല്ലോ. അതു കേട്ടപാടേ ഒരു കൂസലുമില്ലാതെ അവര്‍ പറഞ്ഞു:
'അച്ചന്‍ പേടിക്കണ്ട. അതൊക്കെ ഞാന്‍ കൈകാര്യം ചെയ്‌തോളാം. അത് ആ ഇടതുപക്ഷത്തിന്റെ കളികളാ. സതീശന്റെ കൊലപാതകത്തോടെ ഞാനും കാലു മാറിയില്ലേ? അതിന്റെ പ്രതിഷേധമാ. പ്രതികരിക്കാതിരുന്നാല്‍ മതി. ഒക്കെ എന്റെ കോലം കത്തിത്തീര്‍ന്നതുപോലെ തീര്‍ന്നോളും. ഇനി കൂനമ്പാറ സീറ്റുകൂടി പോയാല്‍ അവനൊന്നും ഒരിക്കലും തല പൊക്കില്ല. അച്ചന്‍ നോക്കിക്കോ. സിനിമാനടി സസ്‌നേഹമല്ല, സിനിമാനടന്‍ വന്നാലും ഈ സീറ്റു ഞാന്‍ പിടിക്കും. ഒന്നുവല്ലേലും സഹതാപതരംഗം എനിക്കല്ലേ? പാര്‍ട്ടിക്കുവേണ്ടി കുറേ കഷ്ടപ്പെട്ടതാ എന്റെ അപ്പച്ചന്‍ വക്കച്ചനും. എന്നിട്ടെന്തായി? കുത്തിക്കൊന്നു പുഴയിലിട്ടില്ലേ? എല്ലാംകൊണ്ടും അവന്‍മാര്‍ക്കു സഹിക്കാന്‍ പറ്റുന്നില്ല. എന്തായാലും ഈ കൊലപാതകരാഷ്ട്രീയത്തിന് എന്നെക്കിട്ടില്ല. ഞാനീ മണ്ഡലത്തില്‍ത്തന്നെ നില്‍ക്കും. ജയിച്ചു നിയമസഭേലും പോകും, ചിലപ്പോള്‍ മന്ത്രിയുമായെന്നിരിക്കും. ഇവനെയൊക്കെ ഞാന്‍ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും. അച്ചന്‍ നോക്കിക്കോ.'
വേറേ വിവരവും വിദ്യാഭ്യാസവുമുള്ള വനിതാമെമ്പര്‍മാരൊന്നും ഇല്ലാത്ത സ്ഥിതിക്ക്, നീലിമ പറഞ്ഞതിലും കാര്യമുണ്ട്. ഇത്രയൊക്കെ സംഭവവികാസങ്ങളുണ്ടായിട്ടും നീലിമയുടെ വാക്ചാതുര്യം കേട്ടിട്ടു വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല. റോഷനച്ചന് അല്‍പ്പം സമാധാനമായി. നീലിമാ ഉണ്ണിത്താന്‍, ഭരിക്കുന്ന പാര്‍ട്ടിക്കു മുതല്‍ക്കൂട്ടായിരിക്കും. വക്കച്ചന്റെ മകളായി ജനിച്ചിട്ടും സഭയിലേക്കു ചേര്‍ന്നില്ലെന്നറിയാം. എന്നാലും നമ്മുടെ ഇടവകക്കാരിയല്ലേ! മാത്രമല്ല, ഇവിടെയുള്ള രാഷ്ട്രീയക്കാരെക്കാളും വിവരമുണ്ട്. എം ഏ, എല്‍ എല്‍ ബി വരെയൊക്കെ പഠിച്ച വേറെയാരുണ്ട് ഈ കൂനമ്പാറയില്‍?
എല്ലാംകൂടിയോര്‍ത്തപ്പോള്‍ അച്ചന്‍ മനസ്സിലൊന്നുറപ്പിച്ചു: ഇവളൊരു സംഭവംതന്നെ! സ്വന്തം അഭിപ്രായം തെറ്റാണെങ്കിലും ശരിയാണെങ്കിലും കാര്യങ്ങള്‍ക്കൊരു തീരുമാനമുണ്ട്. എന്നാലും എം എല്‍ ഏ ചക്കാലയ്ക്കല്‍ കുട്ടപ്പനെ തല്ലിയതു തെറ്റുതന്നെയാണെന്നാണ് അച്ചന് ഇപ്പോഴും തോന്നുന്നത്. അതും ഒന്നല്ല, രണ്ടു കരണത്തിനുമിട്ടാണ് അടി കൊടുത്തത്. ക്രിസ്തുവിന്റെ അനുയായിയായ ഗാന്ധിജി അങ്ങു സൗത്ത് ആഫ്രിക്കയില്‍വച്ച് ഒരു കരണത്ത് അടി കിട്ടിയപ്പോള്‍ മറ്റേ കരണം കാണിച്ചുകൊടുത്തെന്നു ചരിത്രത്തില്‍ പഠിച്ചിട്ടുണ്ട്. ഇതിപ്പോള്‍ കുട്ടപ്പന് അതിനുള്ള അവസരംപോലും നീലിമ കൊടുത്തില്ല. മിന്നല്‍പോലെ, പറഞ്ഞുതീരുന്നതിനുമുമ്പ് രണ്ടു കൈയും ഒന്നിച്ചാണ് ഇരുചെവിക്കുറ്റികളിലും വീണത്! രണ്ടു കരണത്തിനിട്ടും ഒന്നിച്ചടിച്ചാല്‍ എന്തു ചെയ്യണമെന്ന് ക്രിസ്തുവിനോടും ആരും ചോദിച്ചില്ല. ഗാന്ധിജിക്കു മറ്റേക്കരണം കാണിക്കാന്‍ അവസരം കിട്ടി. പക്ഷേ പാവം കുട്ടപ്പന്‍ അന്തംവിട്ടു. അവിടെനിന്ന് വിദഗ്ദ്ധമായി മുങ്ങി. എന്തായാലും അതില്‍പ്പിന്നെ അയാളുടെ പൊടിപോലും കണ്ടിട്ടില്ല. ആള്‍ക്കൂട്ടത്തില്‍നിന്ന് അവരുടെ ആള്‍ക്കാര്‍ അപ്പോഴേ ആളിനെ മുക്കിക്കളയുകയായിരുന്നത്രേ!
നേരം വെളുത്തുവന്നപ്പോള്‍, കരണ്ടുരാജപ്പന്റെ ബൈക്ക് അരോചകമായ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്, കൂനമ്പാറ സിറ്റിയിലൂടെ രണ്ടുമൂന്നുതവണ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോയി. ശബ്ദശല്യംകൊണ്ട്, നാട്ടുകാര്‍ പെട്ടെന്നു രാജപ്പന്റെ വരവു തിരിച്ചറിയും. ഇനിയിപ്പോള്‍ അതുതന്നെയാണോ അയാളുടെ ഉദ്ദേശ്യമെന്നുമറിയില്ല. എന്തായാലും ഇന്നലത്തെ പ്രകടനത്തിന്റെ വാര്‍ത്ത അഞ്ചുരുളിയിലും കുറത്തിമലയിലുംവരെ എത്തിയിട്ടുണ്ടാകും. രണ്ടാമതൊരു പ്രേതംകൂടി കറുത്ത തുണിയില്‍ പൊതിഞ്ഞുവച്ചിരിക്കുന്നത് കൈക്കാരന്‍ കുഞ്ചാക്കോ കണ്ടതാണ്. പിന്നീട് അതിനെപ്പറ്റി ഒന്നും കേട്ടില്ല. ഇടയ്ക്കു മഴ പെയ്തതുകൊണ്ട് അതു തലയില്‍ ചുമന്ന്, തിരിച്ചു കൊണ്ടുപോയിക്കാണും. എന്നാലും അതാരുടേതായിരിക്കുമെന്നതായിരുന്നു റോഷന്‍ കാടുകേറിയുടെ ആകാംക്ഷ മുഴുവന്‍. കുഞ്ചാക്കോ പറഞ്ഞതുപോലെ, അതിനി തന്റേതുതന്നെയായിരിക്കുമോ? അങ്ങനെയാകാന്‍ വഴിയില്ല. പെരുങ്കള്ളന്‍ കുഞ്ചാക്കോ നുണ പറഞ്ഞതായിരിക്കും. അച്ചന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഹിറ്റ്‌ലറിനും കാര്യങ്ങളൊക്കെ മനസ്സിലായെന്നു തോന്നുന്നു. അവന്‍ ഒച്ചയൊന്നുമുണ്ടാക്കാതെ കിടന്നുറങ്ങുകയായിരുന്നു.