Image

കൊല്ലം ജില്ലയെ ആവേശത്തിലാഴ്ത്തി ഫോമാ കേരള കൺവൻഷൻ പുതുചരിത്രം രചിച്ചു 

-മീട്ടു റഹ്മത്ത് കലാം  Published on 04 June, 2023
കൊല്ലം ജില്ലയെ ആവേശത്തിലാഴ്ത്തി ഫോമാ കേരള കൺവൻഷൻ പുതുചരിത്രം രചിച്ചു 

കൊല്ലം :കേരളത്തിൽ ഒരു പരിപാടി നടത്താൻ ആലോചിക്കുമ്പോൾ അത് തിരുവനന്തപുരത്തുവേണോ എറണാകുളത്തുവേണോ എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. പ്രമുഖർക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത്.ഫോമായുടെ കേരള കൺവൻഷൻ കൊല്ലം ജില്ലയിൽ വച്ച് നടത്താം എന്ന് തീരുമാനിച്ചതിൽ അതുകൊണ്ടുതന്നെ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതിൽ വിശ്വസിക്കുന്ന ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിനെ സംബന്ധിച്ച് അത് ഒട്ടും ശ്രമകരമായിരുന്നില്ല. കൊല്ലംകാരൻ എന്നതിൽ അഭിമാനംകൊള്ളുന്ന അദ്ദേഹം, ഈ കേരളം കൺവൻഷനിലൂടെ വലിയ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ജന്മനാടിന്റെ കഴിവ് ലോകമലയാളികളെ പരിചയപ്പെടുത്തുക കൂടിയാണ്.

രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുക്കുന്നു എന്ന അപൂർവതയുടെ പേരിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഇത്തവണത്തെ  കൺവൻഷൻ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിലാണ് അരങ്ങേറിയത്.പ്രസിഡന്റ്‌ ഡോ. ജേക്കബ് തോമസ്,ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്  എന്നിവർ ചുമതലയേറ്റ ശേഷമുള്ള ആദ്യ കൺവൻഷന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമാ കേരളത്തിനായി ചെയ്ത പ്രവർത്തനങ്ങൾ ട്രഷറർ ബിജു തോണിക്കടവിൽ വിവരിച്ചു. മുൻ പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിൽ കടപ്രയിൽ ഫോമാ വില്ലേജിന്റെ ഭാഗമായി പണികഴിപ്പിച്ച 40 വീടുകളിൽ നിന്നുള്ളവരും പ്രത്യേക അതിഥികളായി കൺവൻഷനിൽ പങ്കെടുത്തു.

"ഫോമാ ഹെല്പിങ് ഹാൻഡിലൂടെ നാട്ടിലെ നിരവധി ആളുകൾക്ക് സാമ്പത്തിക സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോ.ജേക്കബ് തോമസിനെ പോലെ ശക്തമായൊരു നേതാവിനോടൊപ്പമുള്ള പ്രവർത്തനം ഫോമായെ മുന്നോട്ട് നയിക്കുകയാണ്.സമ്മർ ടു കേരള എന്നപേരിൽ ജൂലൈയിൽ തിരുവനന്തപുരത്തും മൂവാറ്റുപുഴയിലെ കൺവൻഷന്റെ തുടർച്ച ഉണ്ടാകും.ഇത്തവണത്തെ കൺവൻഷനോട് അനുബന്ധിച്ച് റാന്നിയിലും ഇടുക്കിയിലും രണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താൻ സാധിച്ചു.ഗാന്ധിഭവനിൽ സ്‌കൂൾ  വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി.34 പ്രൊഫഷണൽ  വിദ്യാർത്ഥികൾക്ക്  50,000 രൂപ വീതമുള്ള സ്‌കോളർഷിപ്പും ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.ഫോമായുടെ പോഷകസംഘടനകളിൽ ഒന്നായ വനിതാ ഫോറമാണ് കൺവൻഷന്റെ ഹൈലൈറ്റ്. സുജ ഔസോയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക്  അങ്ങേയറ്റം നന്ദി.' ട്രഷറർ പറഞ്ഞു.ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ,ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള,ഫോമാ 'ബെസ്റ്റ് മിനിസ്റ്റർ അവാർഡ്'' ജേതാവായ 
ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ,ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം,ഗാന്ധിഭവൻ സെക്രട്ടറി സോമരാജ്,കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഓലിയാംകുന്നേൽ,വിമൻസ് ഫോറം ചെയർപേഴ്സൺ സുജ ഔസോ തുടങ്ങിയവരെ ബിജു തോണിക്കടവിൽ സ്വാഗതം ചെയ്തു.വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ആശംസകൾ അർപ്പിച്ചു.
'സൂര്യൻ ഉദിച്ചുയരുന്നതുപോലെ ആയിരുന്നു ഫോമായുടെ വളർച്ച.അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും ഫോമായുടെ അംഗസംഘടനകളുണ്ട്.അതിന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളുടെ നെടുംതൂൺ അമേരിക്കയിലെ നല്ലവരായ മലയാളികളാണ്.നാടിനോടുള്ള കൂറും സ്നേഹവുമാണ് ഇതിന് കാരണം.വെറും എട്ടുമാസം കൊണ്ടാണ് വിദ്യാവാഹിനി പദ്ധതിയിലൂടെ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് തുക വനിതാ ഫോറം സമാഹരിച്ചത്.അതിന് അവരെ അഭിനന്ദിക്കുന്നു.' സണ്ണി വള്ളിക്കളം ചൂണ്ടിക്കാട്ടി.ഇടവിട്ട വർഷങ്ങളിൽ ഫോമാ പോലൊരു സംഘടന കേരളത്തിൽ കൺവൻഷൻ നടത്തുന്നത് എന്തിനാണെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
'പ്രവാസികൾ കൃത്യമായി നാടിന്റെ സ്പന്ദനം അറിയുന്നു. വിധിയാണ് ഞങ്ങളെ അമേരിക്കയിൽ എത്തിച്ചത്.ഉറുമ്പ് സ്വരുക്കൂട്ടുന്നതുപോലെ ഞങ്ങൾ ഓരോരുത്തരും മിച്ചം പിടിക്കുന്ന പണമാണ് സംഘടനയുടെ പേരിൽ സഹായമായി കേരളത്തിലെ സഹോദരങ്ങൾക്ക് എത്തുന്നത്.വിമൻസ് ഫോറം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. നാല് ടൈം സോൺ ഉള്ള അമേരിക്കയിൽ ഓരോരുത്തരെയും വിളിച്ച് സ്‌പോൺസർഷിപ്പ് അഭ്യർത്ഥിക്കാൻ ഉറക്കം പോലുമില്ലാതെ വനിതാ ഫോറത്തിലെ അംഗങ്ങൾ ഓരോരുത്തരും വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കേരള കൺവൻഷൻ സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ച സാജൻ വർഗീസിനും മിനി സാജനും നന്ദി.ജോൺ ടൈറ്റസ് സാറിന്റെ പത്നി കുസുമം ടൈറ്റസിനും നന്ദി' പ്രസിഡന്റ് പറഞ്ഞു.
ഫോമാ വനിതാഫോറത്തിന്റെ നാൾവഴികൾ ചെയർപേഴ്സൺ സുജ ഔസോ വിശദീകരിച്ചു.

' രേഷ്മ രഞ്ജൻ,സുനിത പിള്ള, മേഴ്സി സാമുവൽ,അമ്പിളി സജിമോൻ,ശുഭ അഗസ്റ്റിൻ, ടിന ആശിഷ്  എന്നീ മിടുക്കികളും സുന്ദരികളുമായി സ്ത്രീകളുടെ പിന്തുണയാണ് ഫോമാ വനിതാ ഫോറത്തിലൂടെ മഹത്തായ പ്രവർത്തനം കാഴ്ചവയ്ക്കാൻ എനിക്ക് സഹായകമായത്.45 കുട്ടികൾക്ക് വിദ്യാവാഹിനി പദ്ധതിയിലൂടെ സ്‌കോളർഷിപ്പ് നൽകി. കാർക്കിനോസ് ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് സ്വാസ്ഥ്യ എന്ന പദ്ധതിയിലൂടെ 35 വയസുകഴിഞ്ഞ കേരളത്തിലെ സ്ത്രീകൾക്കുവേണ്ടി സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ഞങ്ങൾ നടത്തി.2010 ൽ ജോൺ ടൈറ്റസ് പ്രസിഡന്റ് ആയിരിക്കെ, അദ്ദേഹത്തിന്റെ പത്നി കുസുമം ടൈറ്റസിന്റെ പിന്തുണയോടെയാണ് ഫോമാ വിമൻസ് ഫോറം രൂപം കൊണ്ടത്. അന്ന് ഗ്രേസി ഊരാളിൽ ആയിരുന്നു ചെയർപേഴ്സൺ.50 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ ആ കാലയളവിൽ തീരുമാനിച്ചിരുന്നു.ഇന്നും അത് തുടർന്നുപോകുന്നു.അതിന് ദൈവത്തോട് നന്ദി പറയുന്നു.' സുജ ഔസോ വ്യക്തമാക്കി.

കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ സ്മരണാർത്ഥം വന്ദന ദാസ് നഗർ എന്ന് പേരിട്ട വേദിയിൽ വിശിഷ്ടാതിഥിയായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഫോമാ പ്രസിഡന്റ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.


ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ 'ബെസ്റ്റ് മിനിസ്റ്റർ അവാർഡ്',ഡോ. ഗീവർഗീസ് യോഹന്നാൻ 'ഫോമാ ബിസിനസ് എക്സലൻസ് അവാർഡ്',സംഗീത സംവിധായകൻ റോണി റാഫേൽ ഫോമാ ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ്',കൊല്ലം ജില്ല ആശുപത്രി മുൻ ആർഎംഒ ഡോ.എ.എം.ഷാജഹാൻ 'ഡോ.വന്ദന ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ' എന്നിവ ഗോവ  ഗവർണറിൽ  നിന്ന് ഏറ്റുവാങ്ങി.മെമന്റോയ്‌ക്കൊപ്പം  അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.


കോവിഡ് സമയത്തും പ്രളയനാളുകളിലും ഫോമാ നടത്തിയ നന്മനിറഞ്ഞ പ്രവർത്തനങ്ങളെ മന്ത്രി ജി.ആർ.അനിൽ പ്രകീർത്തിച്ചു.പ്രവാസികളുടെ പ്രശ്നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കാൻ ഇപ്പോഴത്തെ സർക്കാർ നിരവധി ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പൊതുവിതരണരംഗത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങൾ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.'വോട്ടർ ഐഡികാർഡിൽ പേരുപോലുമില്ലാത്ത ദരിദ്രരെ കണ്ടെത്തി അവർക്ക് റേഷൻ വിതരണവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കിയതിലും അഭിമാനമുണ്ട്.അവർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡും അനുവദിച്ചു.അവരുടെ ക്ലേശങ്ങൾ മാറ്റി.89 ലക്ഷം കുടുംബങ്ങൾ കേരളത്തിലെ റേഷൻ വാങ്ങുന്നു.ആധാർ പൂർണമായും റേഷൻ കാർഡുമായി ലിങ്ക് ചെയ്ത സംസ്ഥാനമാണ് നമ്മുടേത്.ഒപ്പം എന്ന പദ്ധതിയിലൂടെ കിടപ്പുരോഗികളുടെ വീട്ടിൽ റേഷൻ എത്തിച്ചുനല്കും.റേഷൻ കടകൾ കെ-സ്റ്റാറാക്കി എല്ലാ സാധനങ്ങളും ലഭ്യമാക്കും.കേരളത്തിലെ ദാരിദ്ര്യം മാറ്റുകയാണ് ലക്‌ഷ്യം.ഇതിൽ പ്രവാസികളുടെ അനുഭവപരിജ്ഞാനം മുതൽക്കൂട്ടാകും. രണ്ടുവർഷത്തെ തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഫോമായുടെ അവാർഡ് ' അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളത്ത് അഭിഭാഷകനായിരിക്കെ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചുകൊണ്ടാണ് പി.എസ്.ശ്രീധരൻപിള്ള പ്രസംഗിച്ചത്.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചിരുന്ന അധികം വരുമാനം ഇല്ലാത്തകാലം.കേരള മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവൻനായരും പെരുമ്പാവൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതാണ് ഞാൻ കണ്ടത്. ജനമനസിലേക്ക് നന്മ പ്രസരിപ്പിക്കുന്ന മന്ത്രി അനിലിന് അവാർഡ് നൽകിയത് ബഹുമതിയായി കാണുന്നു.അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


പ്രവാസികളുടെ പ്രയത്നം ഏറ്റവുംകൂടുതൽ പ്രയോജനപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം.വിദേശ പ്രവാസികളുടേത് വലിയൊരു സമർപ്പണമാണ്.അതിന് മുന്നിൽ മലയാളിയായ ഞാൻ നമ്രശിരസ്കനാകുന്നു.അമേരിക്കയിൽ ഞാൻ പോയിട്ടില്ല.വായിച്ചുള്ള അറിവുവച്ച് അമേരിക്ക കാണിക്കുന്ന ഉദാരത മറ്റെത്ര രാജ്യങ്ങൾ കാണിക്കുന്നു എന്ന് ചോദിച്ചുപോവുകയാണ്.രാജ്യത്തെ വിമർശിക്കാൻപോലും അവിടെ സ്വാതന്ത്ര്യമുണ്ട്.ജനാധിപത്യത്തിന്റെ നേട്ടമാണത്.നിങ്ങൾക്ക് യഥേഷ്ടം ജീവിക്കാനും വോട്ടവകാശം ലഭിക്കുന്നതും അമേരിക്കയുടെ വിശാലമനസ്കതകൊണ്ടാണ്.ഉപരാഷ്ട്രപതി ഉൾപ്പെടെ ഏത് സ്ഥാനത്തേക്കും എത്തിപ്പെടാനുള്ള അവിടെ അന്തരീക്ഷമുണ്ട്. ചൈന വികസിച്ചെങ്കിലും അവിടൊരു ഇൻഡിപെൻഡന്റ് ജുഡിഷ്യറിയില്ല.ആവശ്യം വരുമ്പോൾ കറവപ്പശുവായും അല്ലാത്തപ്പോൾ കറിവേപ്പിലയായും പ്രവാസികളെ കാണുന്ന പ്രവണതയോട് എനിക്ക് യോജിപ്പില്ല.അതും ചിന്തിക്കേണ്ട വിഷയമാണ്.ഗവർണർമാർ വിദേശ പര്യടനം നടത്തുന്നതിന്റെ ചിലവ് സർക്കാരാണ് വഹിക്കുന്നത്.ഓരോവർഷവും ഒരു നിശ്ചിത തുക അതിനായി അനുവദിക്കുകയും ചെയ്യും.കഴിഞ്ഞ നാലുവർഷവും ആ പണം ഞാൻ ഉപയോഗിച്ചിട്ടില്ല.ഗാന്ധിഭവൻ പോലുള്ള സ്ഥാപനങ്ങളിലേക്ക് അത് അയച്ചുകൊടുക്കും.


അമേരിക്കയിലെ ഡോക്ടർമാരെ നിരത്തി നിർത്തി ഒന്ന് രണ്ട് എന്ന് എണ്ണിയാൽ അതിൽ അഞ്ചാമൻ ഇന്ത്യനോ ഇന്ത്യൻ വംശജനോ ആയിരിക്കും എന്നൊരു ലേഖനത്തിൽ വായിച്ചു. അത് അഭിമാനകരമാണ്.


എത്ര സമ്പന്നരായാലും,ഗൃഹാതുരത്വം വേട്ടയാടുന്നവരാണ് നിങ്ങൾ.സുഖലോലുപതയുടെ ദന്തഗോപുരങ്ങളിലിരുന്നാലും ജനിച്ചുവീണ മണ്ണും നാട്ടുകാരും ബാല്യവും ആയിരിക്കും നിങ്ങളുടെ മനസ്സിൽ. തൊട്ടടുത്തായിട്ടും ഗോവയിലിരിക്കെ കേരളത്തെയും ജനിച്ചുവളർന്ന ഗ്രാമത്തെയും കുറിച്ച് ഞാനും ഓർക്കാറുണ്ട്. മാതൃരാജ്യത്തോട് പ്രതിബദ്ധത പുലർത്തുന്ന സംഘടനാ എന്നതാണ് ഫോമായിൽ ഞാൻ കാണുന്ന ഏറ്റവും വലിയ മേന്മ.ഗോവയിലെ ആളുകൾ പോർചുഗലിലേക്കും ക്യാനഡയിലേക്കും പോയി സ്ഥിരതാമസമാക്കുന്നതുകൊണ്ട്, അവിടെ ജനസംഖ്യ കുറയുകയാണ്.കേരളത്തിലെ മധ്യതിരുവിതാംകൂറിൽ ആ ട്രെൻഡുണ്ട്.അത് അപകടകരമാണ്.സര്വധര്മ സമഭാവമാണ് ഇന്ത്യ പിന്തുടരുന്നത്.എല്ലാ മതങ്ങളും ഒരുപോലെ ഇവിടെ ജീവിക്കുന്നു.രാജാവ് ശിക്ഷയ്ക്ക് അതീതനല്ല എന്ന ഇന്ത്യയിലെ നിയമവും ഞാൻ ഓർമ്മിപ്പിക്കുന്നു.എല്ലാവർക്കും നീതി ലഭിക്കണം.മാനവികതയിൽ ഊന്നിക്കൊണ്ട് മുന്നേറണം.  'ശ്രീധരൻപിള്ള പറഞ്ഞു.
ഫോമാ കേരള കൺവൻഷൻ ചെയർമാൻ തോമസ് ഓലിയാംകുന്നേൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയധികം ടിക്കറ്റ് ഫെയർ ഉണ്ടായിട്ടില്ലെന്നും, പലർക്കും ഇതിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം അതാണെന്നും തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

#Fomaakeralaconvention

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക