Image

പ്രണയം (കവിത: സജ്‌ന മുസ്തഫ ,വെള്ളറക്കാട്)

Published on 05 June, 2023
പ്രണയം (കവിത: സജ്‌ന മുസ്തഫ ,വെള്ളറക്കാട്)

അവഗണനയുടെ 
അമ്പേറ്റ്‌ 
മനസ്സ് പിടയുമ്പോഴും 
നീ എന്ന സ്വപ്നം ഉള്ളിൽ 
ചിറകനക്കുന്നതെന്താണ് ...?

എന്റെ കവിതയുടെ ചില്ലയിൽ 
നീ എന്നൊരില മാത്രം 
പിന്നെയും പിന്നെയും 
തളിർക്കുന്നതെന്താണ് ..?

നീയോർമ്മകളുടെ 
ഉൾക്കാടിനുള്ളിൽ 
ഞാൻ ഇന്നും 
വഴിതെറ്റിയലയുന്നതെന്താണ് ...?

സ്നേഹശൂന്യതയുടെ 
തുഞ്ചത്തു നിന്നും 
നിന്റെ മിഴിയാഴങ്ങളിലേക്ക് 
ഞാൻ പിന്നെയും  
വീണു മരിക്കുന്നതെന്താണ് ..?

നീയില്ലായ്മയെ 
ഞാനില്ലായ്മയെന്ന
മടുപ്പിന്റെ ഭാഷയിലേക്ക് 
മനസ്സ് പിന്നെയും വിവർത്തനം 
ചെയ്യുന്നതെന്താണ് ..?

എന്റെ മഴയേ ...
എന്ന് ഞാനീ 
വെയിലിനെ 
വാരിപ്പുണരുന്നതെന്താണ് ..?

അസഹ്യമായി 
നീറിപ്പുകയുമ്പോഴും 
നീയെന്ന മുറിവിൽ 
വന്നു കിനിയുന്ന കവിതകൾക്ക് 
ഞാൻ പ്രണയമെന്ന 
പേര് നല്കുന്നതെന്താണ് ..?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക