Image

ഒരു മരത്തിൻ്റെ ആത്മഗതം ( കവിത : താഹ ജമാൽ )

Published on 05 June, 2023
ഒരു മരത്തിൻ്റെ ആത്മഗതം ( കവിത : താഹ ജമാൽ )

മരം നടീൽ കഴിഞ്ഞ്
സാംസ്കാരിക നായകർ മടങ്ങി
മരം
ദാഹനീരിനായ് നാവു നീട്ടി
നട്ട മരത്തിന് മുന്നിലൂടെ
ശീതീകരിച്ച വാഹനത്തിലിരുന്ന്
യജമാനന്മാർ മരത്തെ നോക്കി
മരത്തിന് ചില്ലകൾ ഉയർത്തണമെന്നുണ്ട്
വേരുകൾ എഴുന്നേൽക്കാതെ
ചില്ലകളെങ്ങനെ ഉയർത്തും
മഴക്കാലം കാത്തിരുന്ന മരം
മഴയ്ക്ക് മുമ്പേ മരിച്ചു.
തൊടിയിൽ നിന്നും
കരിഞ്ഞുണങ്ങി
കുടിയിറക്കപ്പെട്ട മരം
തൻ്റെ ആത്മകഥയോർത്തു.

"ഏതോ തൊടിയിൽ
വേരോടിക്കളിയ്ക്കവേ പിഴുതെറിഞ്ഞ്
മറ്റൊരു തൊടിയിൽ നട്ട്
പ്രസംഗിച്ച് ഫോട്ടോ പിടിച്ചവരെ....
ഫെയ്സ് ബുക്കിലും, വാഡ്‌സാപ്പിലും
മരിയ്ക്കാതെ ഞാനിന്നും
ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു "

എനിക്കറിയാം
ഇനിയും അവർ വരും
ഞാൻ മരിച്ച അതേ കുഴിയിൽ
മറ്റൊരു മരം നട്ട് അതിനെയും
ചാപിള്ളയാക്കാൻ.

മരം ഒരു വരമെന്നെഴുതവേ
മഴുവുമായൊരാൾ
മുറ്റത്ത്,
പാഴ്മരം വല്ലതും വില്ക്കാനുണ്ടോ...?

.............. താഹാ ജമാൽ

* മരം നട്ടവരാരെങ്കിലും അവരെക്കുറിച്ചാണിതെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അവർ മാത്രമല്ല, ഇന്നെലെ മരം നട്ടതെന്ന്, കവി, മരത്തോടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക