നമുക്ക് അതിരാവിലെ
എഴുന്നേറ്റ്
വയൽപ്പൂവുകളിൽ
മഞ്ഞു പെയ്യുന്നത് കാണാം
വെട്ടത്തിന്റെ വെൺവിരിപ്പ്
മൂടിക്കഴിയും മുൻപേ കുന്ന് കയറാം
നക്ഷത്രത്തിരികൾ കത്തിക്കുന്നതും വെളുക്കുന്നേരം
താഴ്ത്തിക്കെടുത്തുന്നതും
ആരെന്ന് തിരയാം
സൂര്യനുണരുന്ന മലഞ്ചെരുവിൽ ചെന്ന്,
പാറയിടുക്കുകളിൽ മേയുന്ന ആട്ടിൻ കൂട്ടങ്ങൾക്കിടയിൽ ഒളിച്ചു കളിക്കാം..
വെയിൽ നാളങ്ങൾക്ക്
ചൂടേറുമ്പോൾ
വള്ളിക്കാടുകൾക്കിടയിൽ
ഊഞ്ഞാലാടാം..
എനിക്ക് നീയെന്നും
നിനക്ക് ഞാനെന്നും,
നമുക്കീ നിഴലും നിലാവും
കാടും സൂര്യനുമെന്നങ്ങനെ
കളം വരച്ചു പകുത്തു വെക്കാം
ഉറക്കം വരാത്ത രാത്രികളിൽ
നീയോർമ്മകളിൽ ഞാനും
ഞാനോർമ്മകളിൽ നീയും
കണ്ട ദിവാസ്വപ്നങ്ങളുടെ
കെട്ടുകളഴിച്ച് കൗതുകം കൊള്ളാം...!