Image

സത്യമായിരിക്കണം 'ലൈവ്‌'

ആശാ പണിക്കർ Published on 05 June, 2023
സത്യമായിരിക്കണം 'ലൈവ്‌'



വ്യാജ വാര്‍ത്തകള്‍ കാരണം ജീവിതം ദുസ്സഹമാവുകയോ തകര്‍ന്നു പോവുകയോ ചെയ്‌തിട്ടുള്ള അനേകം
മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. സ്‌ത്രീയും പുരുഷനും അതില്‍ ഉള്‍പ്പെടും. സെന്‍സേഷനു വേണ്ടി വ്യാജമായി
സൃഷ്‌ടിക്കുന്ന വാര്‍ത്തകള്‍, അസത്യമാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും എത്തിച്ചു നല്‍കുന്ന വാര്‍ത്തകള്‍ ഇവയെല്ലാം
കാരണം സമൂഹത്തിന്റെ മുന്നിലും നിയമത്തിന്റെ മുന്നിലും ചെയ്യാത്ത കുറ്റത്തിന്‌ കുറ്റവാളിയെ പോലെ തല
കുനിച്ച്‌ നില്‍ക്കേണ്ടി വരുന്നവരെയും നാം കണ്ടിട്ടുണ്ട്‌. കൈയ്യിലെ സ്‌മാര്‍ട്ട്‌ ഫോണ്‍ കൊണ്ട്‌ സ്ഥലകാല ബോധമോ
കേവല മര്യാദയോ ഇല്ലാതെ ഓരോന്നും ഷൂട്ട്‌ ചെയ്‌ത്‌ സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അത്‌
പലരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വ്യാജ വാര്‍ത്തകളില്‍ പെടുകയും സത്യാവസ്ഥ വെളിപ്പെടുത്താന്‍
കഴിയാതെ വരികയും ചെയ്യുന്ന മനുഷ്യരുടെ അന്ത:സംഘര്‍ഷങ്ങളിലേക്കാണ്‌ ലൈവ്‌ എന്ന ചിത്രം ക്യാമറ സൂം
ചെയ്യുന്നത്‌.


ഡോക്‌ടറാകാന്‍ ഒരുപാട്‌ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ്‌ അന്ന. മുത്തച്ഛന്റെ സംരക്ഷണയിലാണ്‌ അവള്‍
കഴിയുന്നത്‌. ജീവിതത്തെ കുറിച്ച്‌ ഒരുപാട്‌ പ്രതീക്ഷകള്‍ അവള്‍ക്കുണ്ട്‌. സാധാരണ രീതിയില്‍ ജീവിതംമുന്നോട്ടു പോകുമ്പോഴാണ്‌ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവത്തില്‍ പെട്ട്‌ അവളുടെ ജീവിതംകീഴ്‌മേല്‍ മറിയുന്നത്‌. സെക്‌സ്‌ റാക്കറ്റില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ്‌ ചെയ്യാനുള്ള പോലീസിന്റെ സംഘര്‍ഷത്തിനിടയില്‍
അറിയാതെ പെട്ടു പോകുന്ന അന്നയെ തെറ്റിദ്ധാരണയുടെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നു. അതേ തുടര്‍ന്ന്‌
അന്ന അനുഭവിക്കുന്ന പ്രതിസന്ധികളും നിസ്സഹായതയും വേദനകളും ആത്മസംഘര്‍ഷങ്ങളുമാണ്‌ ചിത്രത്തിന്റെ
ഇതിവൃത്തം.


ഒരു സംഭവത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ വസ്‌തുത എന്താണെന്ന്‌ മനസ്സിലാക്കാതെ വ്യാജ വാര്‍ത്ത നല്‍കിയതു
വഴി പകച്ചു പോകുന്ന ഒരു പെണ്‍കുട്ടിയും സമൂഹത്തിന്റെ മുന്നില്‍ തെറ്റുകാരെ പോലെ നില്‍ക്കേണ്ടി വരുന്ന അവളുടെ
പ്രിയപ്പെട്ടവരുടെ സങ്കടങ്ങളും ചിത്രം നമുക്ക്‌ കാട്ടിത്തരുന്നു.
ജോ.അമല എന്ന വ്യക്തിയുടെ ജീവിതത്തിലും സമാനമായ അനുഭവങ്ങളുണ്ട്‌. അതിന്റെ തീച്ചൂളയ്‌ക്ക്‌ മേലാണ്‌
അമലയും കടന്നു പോകുന്നത്‌. ഇതു വരെ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടില്ലാത്ത ഒരജ്ഞാതനില്‍ നിന്നു
പതിവായി ലഭിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍, പിന്തുടര്‍ന്ന്‌ ചിത്രങ്ങളെടുത്ത്‌ അയക്കുകയും ചെയ്യുമ്പോള്‍ അമലയും
ഒരു പാട്‌ ആത്മ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്‌.


വര്‍ത്തമാനകാലത്ത്‌ ഏറെ പ്രസക്തമായ ഒരു വിഷയമാണ്‌ സംവിധായകന്‍ വി.കെ പ്രകാശ്‌ ലൈവില്‍
അവതരിപ്പിച്ചിരിക്കുന്നത്‌. പ്രമേയത്തിന്റെ പ്രാധാന്യത്തിനൊപ്പിച്ച തിരക്കഥയാണ്‌ സുരേഷ്‌ ബാബുവിന്റേത്‌. ഉള്ളില്‍
സംഘര്‍ഷങ്ങള്‍ അനുഭവിച്ചു കൊണ്ട്‌ ജീവിക്കുന്ന ഡോ.അമലയായി മംമ്‌ത മോഹന്‍ദാസ്‌ വളരെ പക്വതയുള്ളതും
ശക്തമായ അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌. സമൂഹത്തിന്റെ മുന്നില്‍ പരിഹസിക്കപ്പെട്ടും അപമാനിക്കപ്പെട്ടും നില്‍ക്കേണ്ടി വരുന്ന
പെണ്‍കുട്ടിയുടെ നിസ്സഹായത പ്രിയാ വാര്യര്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അന്നയുടെ
മുത്തച്ഛനായി എത്തിയ ജയരാജ്‌ കോഴിക്കോട്‌, തെറ്റായ വാര്‍ത്തയാണ്‌ നല്‍കിയതെന്ന്‌ തിരിച്ചറിഞ്ഞിട്ടും
അത്‌ അംഗീകരിക്കാന്‍ തയ്യാറാകാതെ സെന്‍സേഷനു വേണ്ടി വീണ്ടം അതേ വ്യാജ വാര്‍ത്ത തന്നെ സംപ്രേഷണം ചെയ്യുന്ന
സ്വകാര്യ ചാനല്‍ മേധാവിയായി എത്തിയ ഷൈന്‍ ടോം ചാക്കോ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ
മികച്ചതാക്കി. അന്നയുടെ കൂട്ടുകാരായി എത്തിയ ലക്ഷ്‌മി പ്രഭയും രശ്‌മി സോമനും ശ്രദ്ധേയമായ പ്രടകനം നടത്തി.
സിനിമയുടെ പ്രമേയത്തോട്‌ നൂരു ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ്‌ എല്ലാ താരങ്ങളും കാഴ്‌ച
വച്ചത്‌.


മലയാളിയുടെ കപട സദാചാര ബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രമാണ്‌ ലൈവ്‌. കാലിക പ്രസക്തിയുള്ള
വിഷയങ്ങള്‍ പ്രമേയമാക്കുമ്പോള്‍ അതിന്റെ മൂല്യം ഒട്ടും ചോര്‍ന്നു പോകാതെ പ്രേക്ഷകനിലേക്ക്‌ എത്തിക്കാന്‍
സംവിധായകനായിട്ടുണ്ട്‌. സിനിമയുടെ മൂഡിന്‌ ചേരുന്ന വിധം അല്‍ഫോന്‍സ്‌ ജോണ്‍സ്‌ ഒരുക്കിയ
സംഗീതവും നിഖില്‍.എസ്‌.പ്രവീണിന്റെ ഛായാഗ്രഹണവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. നല്ല സിനിമകളെ
സ്‌നേഹിക്കുന്നവര്‍ക്ക്‌ ലൈവിന്‌ ടിക്കറ്റെടുക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക