Image

എ.ഐ ക്യാമറ (അല്ല പിന്നെ-4 : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 06 June, 2023
എ.ഐ ക്യാമറ (അല്ല പിന്നെ-4 : രാജന്‍ കിണറ്റിങ്കര)

ശശി.. ഇത് കണ്ടോ? ആദ്യ ദിവസം തന്നെ എ ഐ ക്യാമറയില്‍ 38520 പേര്‍ കുടുങ്ങിയത്രെ.

സുഹാസിനി.  ഓ, ആറ്റിക്കുറുക്കിയാല്‍ അതില്‍ പിഴ അടക്കാനുളളത് ഒരു പത്തോ പതിനഞ്ചോ വരും

ശശി:  എന്താറ്റിക്കുറുക്കല്‍ ?

സുഹാസിനി..  മനുഷ്യാ, ഇതില്‍ എംഎല്‍എ. എം പി,  പഞ്ചായത്ത് മെംബര്‍ , സിനിമാക്കാര്‍ , വ്യവസായ പ്രമുഖര്‍ തുടങ്ങി സകല വി.ഐ.പി കളെയും ഒഴിവാക്കിയാല്‍ പിഴയടക്കേണ്ടവര്‍ പത്തിന് താഴെയേ വരൂ.

ശശി:  കേരളത്തില്‍ എ യും ഐ യും ഒന്നിച്ച് നിര്‍ത്താന്‍ ഹൈക്കമാന്റിന് പറ്റിയില്ല. അതിന് ഇടത് മുന്നണി തന്നെ വേണ്ടി വന്നു. 

സുഹാസിനി :  അവരുടെ പേരില്‍ തന്നെ ഗ്രൂപ്പുണ്ടല്ലോ. എ. ഐ. സി സി.

ശശി.. :  എ.ഐ ക്യാമറയില്‍ കുടുങ്ങുന്നവര്‍ ഇനിയും കൂടാനാണത്രെ സാധ്യത.

സുഹാസിനി :  ട്രാഫിക് പോലീസ് വിചാരിച്ചാല്‍ വേണമെങ്കില്‍ എണ്ണം കൂട്ടാം.

ശശി:  അതെങ്ങനെ?

സുഹാസിനി.  ക്യാമറക്ക് ചുവട്ടില്‍ വച്ച് ബൈക്കില്‍  പോകുന്നവനെ തടഞ്ഞു നിര്‍ത്തുക, അപ്പോള്‍ അയാള്‍ പോലീസിനോട് സംസാരിക്കാന്‍ ഹെല്‍മറ്റ് ഊരും.   ക്യാമറയില്‍ ഹെല്‍മറ്റില്ലാത്ത യാത്രക്ക് ആദ്യത്തെ പിഴ വീണു.  

ശശി.  അതൊന്നും നടക്കില്ല.

സുഹാസിനി :  ആര് പറഞ്ഞു ? പിന്നെ അയാള്‍ ട്രാഫിക് പോലീസ് പിടിച്ച കാര്യം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറയുന്നു.  യാത്ര ചെയ്യുമ്പോള്‍ മോബൈല്‍ ഉപയോഗിച്ചതിന് രണ്ടാമത്തെ പിഴ.

ശശി:  ഇതൊക്കെ നിന്റെ ഭാവനാ സൃഷ്ടികളാണ്. യാഥാര്‍ത്ഥ്യമല്ല.

സുഹാസിനി :  എന്റെ ചേട്ടാ, ഇവിടെ ഒരാളെ കുറ്റവാളിയാക്കാന്‍  ഏത് പോലീസുകാരനും കഴിയും. നിരപരാധിത്വം തെളിയിക്കാനാണ് പാട് .. അല്ല പിന്നെ 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക