അമേരിക്കയില്‍ നിന്ന് മേയ് ആറിന് കേരളത്തില്‍ കാലുകുത്തിയത് മുതല്‍ ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് എല്ലാം മറന്നൊന്ന് വിശ്രമിച്ചിട്ടില്ല. ഊണിലും ഉറക്കത്തിലും കേരള കണ്‍വന്‍ഷന്‍ എങ്ങനെ വിജയിപ്പിക്കാമെന്നും വ്യത്യസ്തമാക്കാമെന്നുമായിരുന്നു ചിന്ത. ആ പ്രയത്‌നങ്ങളുടെ ഫലമാണ് കൊല്ലം ജില്ലയെ അമ്പരപ്പിക്കുന്ന പുതുചരിത്രം രചിച്ചത്. കേരള കണ്‍വന്‍ഷനില്‍ ഓരോ ദിവസവും മുന്നൂറിലേറെ പേര്‍ പങ്കെടുത്തത് ഇതാദ്യമായാണ്. ഗവര്‍ണര്‍, മന്ത്രിമാര്‍, എംഎല്‍എ എന്നിങ്ങനെ വിവിഐപികളെക്കൊണ്ട് നിറഞ്ഞ സദസ്സില്‍, സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്കും പ്രാധാന്യം കല്പിച്ചതും അവരെ ചേര്‍ത്തുനിര്‍ത്തിയതും ഹൃദ്യമായി. ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ഇമലയാളി വായനക്കാരോട് സംസാരിക്കുന്നു...
ഫോമായുടെ കേരള കണ്‍വന്‍ഷന്‍ വന്‍വിജയമായിരുന്നല്ലോ, സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ എന്ത് തോന്നുന്നു?
ഒരുപാട് പേരുടെ കൈമെയ് മറന്നുള്ള അധ്വാനമാണ് 2022-24 ലെ ഫോമാ കേരള കണ്‍വന്‍ഷന്‍ വന്‍വിജയമാക്കി തീര്‍ത്തത്. ഒരു പരിപാടി നടത്തുമ്പോള്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കാം. അതൊക്കെ മുന്നില്‍കണ്ട് ചങ്കൂറ്റത്തോടെയാണ് പ്രസിഡന്റ് എന്ന നിലയില്‍ നിന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചിലവ് വന്നപ്പോഴൊക്കെ, സ്വന്തം കയ്യില്‍ നിന്ന് മുടക്കി.മുന്‍ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ മുതല്‍ക്കൂട്ടായി.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള,മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, എൻ.കെ.പ്രേമചന്ദ്രൻ എം.പി ,ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, മോന്‍സ് ജോസഫ് എം.എല്‍.എ, ദലീമ ജോജോ എം.എല്‍.എ,മുന്‍ എം എല്‍ എ രാജു എബ്രഹാം എന്നിങ്ങനെ രാഷ്ട്രീയ - സാംസ്‌കാരികരംഗത്തു നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുത്ത് വേദി ധന്യമാക്കി.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഏറെ ആഗ്രഹിച്ച വ്യക്തിയാണ്. ഒഡീഷയിലെ ട്രെയിന്‍ അപകടത്തെ തുടര്‍ന്നുള്ള ദുഃഖാചരണം കൊണ്ടാണ് വേദിയില്‍ എത്താതിരുന്നത്. എന്നാല്‍, വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹവും സ്‌നേഹവും അറിയിച്ചു. കടപ്ര ഗ്രാമത്തില്‍ നിന്നുള്ള കുടുംബങ്ങളെയും കണ്‍വന്‍ഷന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു. പ്രത്യേകം വണ്ടി അയച്ചാണ് അവരെ കൂട്ടിക്കൊണ്ടുവന്നത്. ഫോമായുടെ പഠന സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കുടുംബസമേതം എത്തിയതും സന്തോഷം നല്‍കി.ടിക്കറ്റ് ഫെയര്‍ കൂടുതല്‍ ആയിരുന്നിട്ടും, നിരവധി കുടുംബങ്ങള്‍ ഫോമാ കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തി. സിനിമാപിന്നണി ഗായികയും സ്റ്റേറ്റ് അവാര്‍ഡ് വിന്നറുമായ രാജലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള ഏവരും നന്നായി ആസ്വദിച്ചു. മൂന്ന് ദിവസവും മുന്നൂറോളം പേര്‍ കണ്‍വന്‍ഷന്റെ ഭാഗമായി എന്നതും വലിയവിജയമാണ്.
ഈ കണ്‍വന്‍ഷന്റെ നേട്ടങ്ങള്‍?
ഫോമയുടെ കേരള കണ്‍വന്‍ഷന്‍ എപ്പോഴും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.റാന്നിയിലും ഇടുക്കിയിലും രണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ സാധിച്ചു.ഗാന്ധിഭവനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കി.34 പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പും ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തു.ഫോമാ ഹൗസിങ് പ്രോജക്ടിലൂടെ രണ്ടുപേര്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാനുള്ള ധനസഹായവും കൈമാറി.
വിദ്യാവാഹിനി എന്ന സ്‌കോളര്‍ഷിപ്പിന്റെ ഡമ്മി ചെക്ക് കൈമാറിയത് ഫോമാ വിമന്‍സ് ഫോറത്തിന്റെ പേരിലാണല്ലോ?
ഫോമായുടെ സബ് കമ്മിറ്റികളില്‍ ഒന്നുമാത്രമാണ് വനിതാ ഫോറം. 2010 ല്‍ ഈ ഫോറം രൂപീകൃതമായതുമുതല്‍ ഇത്തരത്തില്‍ പഠന സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അപ്പോഴൊക്കെയും ഫോമാ എന്ന സംഘടനയുടെ പേരിലാണ് ഡമ്മി ചെക്ക് നല്‍കിയിട്ടുള്ളത്.വനിതാ ഫോറത്തിന്റെ പേരില്‍ ചെക്ക് അച്ചടിച്ചത് ആരാണെന്ന് അറിയില്ല. സംഘടനയുടെ ബൈ-ലോ അനുസരിച്ച് അത് തെറ്റാണ്. അതിനെതിരെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നടപടി സ്വീകരിക്കാത്തത് അവരുടെ അറിവില്ലായ്മ കൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടാണ്. ഇതുവരെയുള്ള എല്ലാ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയും വനിതകളെ നന്നായി തന്നെയാണ് പരിഗണിച്ചിട്ടുള്ളത്. ഇത്തവണത്തെ വിമന്‍സ് ഫോറത്തില്‍ ഏറെയും പുതുമുഖങ്ങളാണ്. പരിചയക്കുറവുകൊണ്ടാകാം ഇത്തരം ബാലിശമായ കാര്യങ്ങള്‍ ചെയ്യുന്നത്. എല്ലാ സബ് കമ്മിറ്റികളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളും മികച്ചതാണ്. എന്നാല്‍,ഫോമാ എന്ന സംഘടനയാണ് ഏത് സബ്കമ്മിറ്റിയേക്കാളും വലുത്.ഫോമാ യൂണിവേഴ്സ് ആണെങ്കില്‍ അതിലെ ഒരു എന്റിറ്റി മാത്രമാണ് വനിതാ ഫോറം.ആളുകള്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നതുപോലും ഫോമാ എന്നുള്ള ബ്രാന്‍ഡ് നെയിം കൊണ്ടാണ്.കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍, പിതാവ് മരണപ്പെട്ട ഒരു ആണ്‍കുട്ടി ബി.എസ്.സി നഴ്‌സിങ്ങിന് അഡ്മിഷന്‍ കിട്ടിയെന്നും സ്‌കോളര്‍ഷിപ്പ് നല്‍കാമോ എന്നും അപേക്ഷിച്ചു. വനിതാ ഫോറം പെണ്‍കുട്ടികളെ മാത്രമേ സ്‌പോണ്‍സര്‍ ചെയ്യൂ. ആ കുട്ടിക്ക് ഞാന്‍ തന്നെ 50,000 ന്റെ ചെക്ക് കൈമാറി. ആണോ പെണ്ണോ എന്ന് നോക്കാതെ സഹായം ആവശ്യമുള്ളവരെ കഴിവിനൊത്ത് സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
കൊല്ലം ജില്ലക്കാരനായ താങ്കള്‍ കൊല്ലം സുധി എന്ന മിമിക്രി കലാകാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് ശ്രദ്ധിച്ചിരിക്കുമല്ലോ?
വാര്‍ത്ത കണ്ട് ദുഃഖം തോന്നി.ഒരുപാടുപേരെ ചിരിപ്പിച്ച കലാകാരനെയാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടത്.സുധിയുടെ ഭാര്യയും രണ്ടുമക്കളും വാടക വീട്ടിലാണ് കഴിയുന്നതെന്ന് അറിഞ്ഞു. സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാതെയാണ് ആ കലാകാരന്‍ മണ്മറഞ്ഞത്. ഫോമായുടെ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയില്‍ ആ കുടുംബത്തെ സഹായിക്കാന്‍ എന്തുചെയ്യാം എന്ന കാര്യം അവതരിപ്പിക്കും.ഫോമാ മുന്‍ ആര്‍വിപി ബിനോയ് തോമസ്, ന്യൂയോര്‍ക്ക് റീജിയന്‍ നാഷണല്‍ കമ്മിറ്റി അംഗമായ വിജി എബ്രഹാം, ഷിബു (തോമസ്)ഉമ്മന്‍ എന്നിവരോടും ഇക്കാര്യം സൂചിപ്പിക്കും.കേരളത്തിലെ കലാകാരന്മാര്‍ക്കുവേണ്ടി ഫോമായുടെ ചേര്‍ന്ന് സഹായങ്ങള്‍ ചെയ്യാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് മൂവരും.
ലോകകേരളസഭയില്‍ പങ്കെടുക്കുന്ന വ്യക്തി എന്ന നിലയില്‍ എന്താണ് പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത്?
ഫോമാ അംഗങ്ങള്‍ക്ക് മാത്രമായി 15 മിനിറ്റ് സെഷന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അമേരിക്ക,കാനഡ,മെക്‌സിക്കോ എന്നിവിടങ്ങളിലെ എണ്‍പതിലധികം സംഘടനകളെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന ഫോമായ്ക്ക് അത് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ട്.ലോക കേരളസഭയുടെ നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ.അനിരുദ്ധന്റെ കരാളഹസ്തങ്ങളാണ് പ്രധാന സ്ഥാനത്തേക്ക് ഫോമായില്‍ നിന്ന് നിര്‍ദ്ദേശിച്ച അഞ്ച് പേരെയും നിരസിച്ചതിന് പിന്നില്‍ എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ സ്തുതിപാഠകരെയാണ് തിരുകി കയറ്റിയത്. ഫോമായ്ക്ക് നേരിടേണ്ടി വന്ന ഈ വിവേചനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
ലോകപരിചയം ഇല്ലാത്തവരാണ് ഇങ്ങനെ വിവാദം അഴിച്ചുവിടുന്നത്.മനോരമ പോലുള്ള പത്രങ്ങള്‍ പോലും വസ്തുത മനസ്സിലാക്കുന്നില്ല.ഓരോ രാജ്യത്തും ആ രാജ്യത്തെ കറന്‍സി ചിലവാക്കുമ്പോള്‍ നാട്ടില്‍ എത്രയാകും എന്ന് ചിന്തിച്ചാല്‍ ജീവിക്കാന്‍ പറ്റില്ല.അമേരിക്കയില്‍ ഒരു നേരം ഭക്ഷണത്തിന് ചിലവാക്കുന്ന പണംകൊണ്ട് നാട്ടില്‍ ഒരു കുടുംബം ഒരുമാസം കഴിഞ്ഞുകൂടുമായിരിക്കും.ലോകകേരളസഭയുടെ മേഖലാ സമ്മേളനം ഏറ്റവും നല്ല രീതിയില്‍ നടക്കണമെന്ന് സത്യത്തില്‍ ആഗ്രഹിക്കേണ്ടത് നാട്ടില്‍ ഉള്ളവരാണ്.നമ്മുടെ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നതും പ്രാർത്ഥിക്കുന്നതും.
.