മുഖ്യമന്ത്രിയുടെ ടൈംസ്ക്വയർ സമ്മേളനത്തെ എന്തിനാണു ന്യുയോർക്കിലെ പ്രവാസി മലയാളികൾ എതിർക്കുന്നത് ?
1. ഈ പരിപാടിയെ സംബന്ധിച്ച് സംഘാടന സമിതി പണപ്പിരിവിനായ് പുറത്തിറക്കിയ താരിഫ് ബ്രോഷറിൽ ഒരു ഡസനിലേറെ (“മോർ ദാൻ എ ഡസൺ മെമ്പേഴ്സ് ഓഫ് ഹിസ് ക്യാബിനറ്റ്“ ) മന്ത്രിമാർ പങ്കെടുക്കുന്നുണ്ട് എന്നാണു പറയുന്നത്. ഇത് വാസ്‌തവവിരുദ്ധമാണു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു ക്യാബിനറ്റിൽ നിന്ന് ഇവിടെ പങ്കെടുക്കുന്നത്. ഈ കളവ് പറഞ്ഞ് പണപ്പിരിവ് നടത്തിയത് വഞ്ചനയാണു. ഈ വഞ്ചനയ്ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കൂട്ടുനിന്നത് ഖേദകരമാണു.
2. ഇത് ഫോമയോ ഫൊക്കാനയോ പോലുള്ള ഒരു സംഘടന നടത്തുന്ന ഒരു പരിപാടിയല്ല. ലോകകേരള സഭ നോർക്ക വഴി നടത്തുന്ന ഒരു സർക്കാർ മീറ്റിംഗാണു. ഈ സർക്കാർ മീറ്റിംഗ് സംഘടിപ്പിക്കാൻ ഒരു സംഘാടകസമിതി എന്ത് അടിസ്ഥാനത്തിലാണൂ രൂപപ്പെടുത്തിയത് ? കുറെ സമ്പന്നരെ കണ്ടെത്തി അവർക്ക് സർക്കാർ പരിപാടിയുടെ നടത്തിപ്പിനുള്ള ചുമതല ഔട്ട്സോഴ്സ് ചെയ്തത് ശരിയായില്ല.
3. അമേരിക്കയിലെ പ്രവാസികളുമായ് സംവേദിക്കുവാൻ ടൈംസ്ക്വയർ വേദിയാക്കുന്നത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണൂ. മലയാളികൾ വളരെ കുറച്ച് പേരെ ടൈംസ്ക്വയർ പരിസരത്ത് താമസിക്കുന്നുള്ളു. ക്യൂൻസിലെ
കോൾഡൺ ആഡിറ്റോറിയമോ
,ലോംഗ് ഐലന്റിലെ നാസാ കൊളോസിയമോ പോലെ കാർ പാർക്കിംഗ് സൗകര്യമുള്ള ഏതെങ്കിലും വേദികളിലോ ഹോട്ടലുകളിലോ പൊതുസമ്മേളനവും മീറ്റിംഗുകളും
നടന്നിരുന്നെങ്കിൽ കൂടുതൽ പ്രവാസി മലയാളികളുമായ് മുഖ്യമന്ത്രിക്ക് സംവേദിക്കാമായിരുന്നു. ന്യുയോർക്കിൽ താമസിക്കുന്ന മലയാളികൾ
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഉല്ലാസയാത്രക്ക് പോകുന്ന സ്ഥലമാണു ടൈംസ്ക്വയർ. അവിടെ വന്നു പോകുന്ന ടൂറിസ്റ്റുകളുമായി മുഖ്യമന്ത്രി എന്തു സംവേദിക്കാനാണു ? ഏതു ഭാഷയിൽ ? അവിടെ മൈക്ക് കെട്ടി പ്രസംഗം നടത്താനാണോ ? ഇതിനാണോ ലോകകേരള സഭ പ്രവാസി സംഗമം നടത്തുന്നത് ?
അമേരിക്കയിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. ഇവരുടെ ഏത് പ്രശ്നമാണു ഈ സമ്മേളനം അഡ്രസ്സ് ചെയ്യുന്നത് ? പ്രവാസി സംഗമം എന്ന പേരിൽ ഒരു സമ്മേളനത്തിൽ താരിഫ് പ്രകാരം പണം മുടക്കുന്ന സമ്പന്നരായവർ മാത്രം പങ്കെടുത്താൻ മതി എന്ന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി കരുതുന്നത് വിചിത്രമാണു. ഇങ്ങനെ ഒരു വരേണ്യവർഗ്ഗം ഒരുക്കി കൊടുക്കുന്ന സുഖങ്ങൾ ഏറ്റു വാങ്ങി മടങ്ങേണ്ടുന്ന ആളല്ല പിണറായ് വിജയൻ. അതിനായ് ഖജനാവിലെ പണം മുടക്കി ഈ യാത്ര സംഘടിപ്പിക്കുന്നത് കേരള ജനതയോടും പ്രവാസികളോടും ഇടതുപക്ഷ രാഷ്ട്രിയത്തോടും കാട്ടുന്ന വഞ്ചനയാണു.
4. ടൈംസ്ക്വയറിൽ നാം പല കാഴ്ച്ചകളും കാണാറുണ്ട്. കഴുത്തിൽ പാമ്പിനെ ചുറ്റിയവരും പല തരം കാർട്ടൂൺ കാരക്റ്റേഴ്സിന്റെ വേഷം കെട്ടിയവരും, നൂൽബന്ധമില്ലാതെ ശരീരം പേന്റടിച്ചു മറച്ചവരും വളയത്തിൽ ചാടുന്ന മനുഷ്യരുമെല്ലാം. ഈ കാഴ്ച്ചവസ്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ പ്രത്യേക താരിഫുകളും ഉണ്ട്. ഞങ്ങളുടെ മുഖ്യമന്ത്രിയെ കാണാനും ഒരു ചിത്രം എടുക്കാനും പ്രവാസികൾ ഇതേ പൊതുവേദിയിൽ വരണം. ഇവിടെ,
ഇവരുടെ ഇടയിൽ മുഖ്യമന്ത്രിയെ ഒരു പ്രദർശ്ശന വസ്തുവാക്കാൻ
ശ്രമിക്കുന്നത് അപലപനീയമാണു.
5. ഈ പരിപാടിയുടെ താരിഫ് കാർഡിൽ പണം മുടക്കുന്ന സ്പോൺസർമാർക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ ശ്രദ്ധിക്കുക. മാരിയറ്റ് ഹോട്ടലിന്റെ ടൈംസ്ക്വയർ കവാടത്തിലെ വീഡിയോ ഡിസ്പ്ലേ ബോർഡിൽ പേരു എഴുതി കാട്ടുക, സ്റ്റേജ് റെക്കക്ക്നേഷൻ, സ്റ്റാന്റപ് ഡിസ്പ്ലേ,സ്റ്റാന്റപ്പ് ബാനർ, സുവനിയറിൽ പടം അച്ചടിച്ച് വരിക, കേരളത്തിൽ നിന്ന് വരുന്ന വി.ഐ.പി കളുമായ് ഡിന്നർ തുടങ്ങി പലതും. മറ്റു പലരും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നതാണു
സംഘാടനസമിതിയുടെ ന്യായീകരണം. ഇരുപതിനായിരം ഇരിപ്പിടമുള്ള മാഡിസൺ സ്വകയർ ഗാർഡനിൽ നടന്ന ചില നേതാക്കളുടെ പൊതു സമ്മേളനങ്ങൾക്ക് ഉണ്ടായതു
പോലെ ജനപങ്കാളിത്തമില്ലാതെ പത്ത് മുന്നൂറു മലയാളികൾ മാത്രം വരുന്ന ഒരു പൊതുസമ്മേളനം ആയി പോകും എന്ന് ഭയന്ന
സംഘാടക സമിതി ടൈംസ്വകയറിൽ വന്നു പോകുന്ന ആൾതിരക്കിന്റെ മറവിൽ ജനപങ്കാളിത്വവും പരിപാടിയുടെ വിജയവും അവകാശപ്പെടാനുള്ള തന്ത്രമാണു പൊതുസമ്മേളനം എന്ന പേരിൽ അരങ്ങേറ്റുന്നത്. മാന്യൻമാർക്ക് അകത്തും അണ്ടനും അഴകോടനും പുറത്തും മുഖ്യമന്ത്രിയെ കാണാൻ അവസരം ഉണ്ടത്രേ ! അങ്ങനെ
പ്ലാറ്റിനം, ഗോൾഡ്, സിൽവർ, വെങ്കലം തുടങ്ങി സുഖവിവരങ്ങളുടെ തരം തിരിച്ച് ടൈംസ്ക്വയറിൽ ഫ്ലാഷ് കാർഡ് വിതരണം ചെയ്ത് കച്ചവടം നടത്തുന്ന പലതുമുണ്ടാവാം. അത് പറഞ്ഞ് ന്യായീകരിക്കരുത്.
വിലവിവരപ്പട്ടിക പുറത്തിറക്കി പണപ്പിരിവ് നടത്തി ടൈംസ്ക്വയറിൽ പേരു പ്രദർശ്ശിപ്പിച്ച് പ്രാഞ്ചി സമ്മേളനം നടത്താൻ കേരള സർക്കാർ സംവിധാനവും കേരള മുഖ്യമന്ത്രിയുടെ ചിത്രവും ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണു. ഇത് ഞങ്ങൾ പ്രവാസികളുടെ പേരിൽ വേണ്ട. ഞങ്ങളെ മറയാക്കി നിങ്ങളുടെ കച്ചവടതാൽപര്യങ്ങൾക്കും പ്രൊഫൈൽ നന്നാക്കലിനും സർക്കാർ സംവിധാനങ്ങളേയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും ദുരുപയോഗിക്കുകയാണു.
മുഖ്യമന്ത്രിയായ് അധികാരമേൽക്കുമ്പോൾ തന്റെ പേരു ദുരുപയോഗ്ഗിക്കുന്ന 'അവതാരങ്ങളെ' ഒറ്റപ്പെടുത്തണം എന്ന് പിണറായ് വിജയൻ പറഞ്ഞിരുന്നു. ഈ പണം മുടക്കുന്നവർ എന്തു പ്രയോജനം
കണ്ടാണു ഇവ ചെലവാക്കുന്നത് ? അമേരിക്കൻ മലയാളികളിൽ നിന്ന് തന്നെ വന്ന ചില വിവാദ പദ്ധതികൾ പിന്നീട് ഈ സർക്കാരിനു റദ്ദാക്കേണ്ടിവന്നത് ഓർമ്മിക്കുമല്ലോ.
നമ്മൂടെ ചില സംഘടനാ സമ്മേളനങ്ങൾക്കിടെ നാട്ടിലും ഇവിടെയും വെച്ചുണ്ടായ സ്ത്രീപീഡന ആരോപണങ്ങളും നാം മറന്നിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പമുള്ള ഈ സമ്മേളനം ഇത്തരക്കാർക്ക് സമാനപ്രവർത്തനങ്ങൾക്ക് ലൈസൻസ് നേടുന്നതാകാതിരുന്നാൽ നന്ന് !
അസൂയ്യ മൂത്തവരാണു ഈ സമ്മേളനത്തെ എതിർക്കുന്നത് എന്ന് സംഘാടകസമിതിയിൽ ചിലരുടെ പത്രക്കുറിപ്പ് കണ്ടിരുന്നു. അസൂയ്യാവഹമായ എന്തോ ചിലതൊക്കെ സംഘാടകസമിതി പ്രതീക്ഷിക്കുന്നുണ്ട് എന്ന് സാരം !
സാധാരണക്കാരായ പ്രവാസി മലയാളികളാരും വരാൻ സാധ്യതയില്ലാത്ത, എന്നാൽ ഒരു എലൈറ്റ് ക്ലാസ് സമ്പന്നരായ മലയാളികൾക്ക് മാത്രം എത്തിപ്പെടാൻ സാഹചര്യമുള്ള ടൈംസ്ക്വയർ വേദിയാക്കുന്നത് പൊതുജനങ്ങളെ മുഖ്യമന്ത്രിയിൽ നിന്നും ബോധപൂർവ്വം മാറ്റി നിർത്തിയ ശേഷം മുഖ്യമന്ത്രിക്ക് ചുറ്റും വിളങ്ങി നിൽക്കുന്ന ഉപഗ്രഹങ്ങളായ് തങ്ങളെ തന്നെ പ്രവാസികളുടെ ഇടയിൽ പ്രതിഷ്ഠിക്കാനുള്ള
അവസരമാക്കാനാണു. ഇവിടെ വരുന്ന നേതാക്കൾക്ക് നമ്മുടെ സഹായം ആവശ്യമാണല്ലോ. ഈ അവസരം മുതലെടുത്ത് ഈ പ്രാഞ്ചികൾ നമ്മുടെ പാവം മുഖ്യമന്ത്രിയെ റാഞ്ചിക്കൊണ്ട് പോയി പാവക്കൂത്ത് നടത്തിക്കയാണു.
6. ലോകകേരള സഭയുടെ സംഭാവന എന്താണു ? കേരള നിയമസഭയിലെ ഒരു അപ്പർ ബോഡി എന്ന വ്യാജേന ഒരുക്കിയ ഈ സംവിധാനം ഇതുപോലെ ലോകയാത്രകൾ നടത്തുന്ന നേതാക്കൾക്കും അവരുടെ കുടൂംബാംഗങ്ങൾക്കും സുഖസൗകര്യങ്ങൾ ഒരുക്കാൻ വിലവിവരപട്ടിക വെച്ച് പിരിവ് നടത്തുന്നതിനാണോ ?
ഞങ്ങൾ പ്രവാസികൾക്ക് ലോകകേരള സഭ ആവശ്യമില്ല. ഞങ്ങളുടെ പേരിൽ ആരേയും നിയമസഭ സ്പീക്കർ അധ്യക്ഷനായ് ഒരു സമ്മേളനം നടത്തി അവിടെ കയറ്റി ഇരുത്തേണ്ടതില്ല.
7. അമേരിക്കയിൽ താമസിക്കുന്ന നാം റോഡിലുടെ നടന്നു പോയി ഭക്ഷണശാലയിൽ ലൈൻ നിന്ന് ബർഗ്ഗർ വാങ്ങി പോകുന്ന ജനപ്രതിനിധികളേയും റോഡ് വക്കിൽ വാഹനം കേടായ യാത്രക്കാരെ
സഹായിക്കാൻ ഇറങ്ങി വരുന്ന ഗവർണ്ണർമാരേയും ഒക്കെയാണൂ കാണൂകയും കേൾക്കുകയും ചെയ്യുന്നത്. റ്റൈംസ്ക്വയറിൽ എത്രയോ നേതാക്കൾ വന്നു പോകുന്നു. അവിടെ ആരും ആരവം ഉണ്ടാക്കാറില്ല. ഇത് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടുന്ന നാം ഇവിടെ എത്തുന്ന നേതാക്കൾക്കൊപ്പം ആരവം ഉണ്ടാക്കി ആളാവാൻ നോക്കുകയാണു. ആദ്യമാദ്യം പല സംഘടനകൾ ഉപയോഗിച്ചായിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ പ്രവാസികളുടെ ആകെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങൾ സൃഷ്ടിച്ച് കേരള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവാസി സംഗമ ടൂറിസം നടത്തുകയാണു. ദയവായി ഇത് ഞങ്ങൾ പ്രവാസികളുടെ പേരിൽ വേണ്ട.