Image

ഡിസാന്റെസും മനുഷ്യക്കടത്ത് ഏജന്റുമാരും(ഏബ്രാഹം തോമസ്)

ഏബ്രാഹം തോമസ് Published on 08 June, 2023
ഡിസാന്റെസും മനുഷ്യക്കടത്ത് ഏജന്റുമാരും(ഏബ്രാഹം തോമസ്)

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയും ഫ്‌ളോറിഡ ഗവര്‍ണ്ണറുമായ റോണ്‍ ഡിസാന്റെസും ഒരു നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. ബേയര്‍കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് ഡിസാന്റെസിനെതിരായ ക്രിമിനല്‍ കുറ്റാരോപണം തല്‍ക്കാലം ഉടനെ അന്വേഷിച്ചു നടപടി എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.

ഫ്‌ളോറിഡ ഗവര്‍ണ്ണറുടെ ഭരണകൂടം മൂന്ന് ഡസന്‍ കുടിയേറ്റക്കാരെ യു.എസിന്റെ ദക്ഷിണ അതിര്‍ത്തിയില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക് സ്വകാര്യ ഫ്‌ളൈറ്റുകളില്‍ എത്തിച്ചു എന്ന ആരോപണം നിഷേധിച്ചു. സാക്രമെന്റായില്‍ എത്തിയ രണ്ട് പ്ലെയിനുകളില്‍ കൊളംബിയയില്‍ നിന്നും വെനീസുവേലയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ എത്തിയ അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവരെ അല്‍പാസോയില്‍ നിന്ന് കയറ്റി ന്യൂ മെക്‌സിക്കോയിലേയ്ക്കും പിന്നീട് ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലേക്കും കൊണ്ടുപോയതായി കാലിഫോര്‍ണിയ അറ്റേണി ജനറല്‍ റോബ് ബോന്റ പറഞ്ഞു. ഏതെങ്കിലും ക്രിമിനല്‍, സിവില്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പറഞ്ഞു. ഈ ഫ്‌ളൈറ്റുകള്‍ തങ്ങളാണ് സംഘടിപ്പിച്ചതെന്ന് ഡിസാന്റെസ് ഭരണകൂടം ആദ്യമായാണ് അംഗീകരിച്ചത്.

എന്നാല്‍ മാര്‍ത്താസ് വൈന്‍യാര്‍ഡിലെ റിസോര്‍ട്ടില്‍ കുടിയേറ്റക്കാരെ എത്തിച്ചതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് മാസ്സച്യൂസറ്റ് സിലെ അധികാരികള്‍ പറഞ്ഞു. വൈന്‍യാര്‍ഡില്‍ അവരെ തൊഴിലും പാര്‍പ്പിടവും കാത്തിരിക്കുന്നു എന്ന് വ്യാജ വാഗ്ദാനം നല്‍കി എന്നും ഡിസാന്റെസിനെതിരെ ആരോപിക്കുന്നു. കുടിയേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ഈ കുറ്റങ്ങള്‍ ലഘുവായതല്ല, സാന്‍ അന്റോണിയോവില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിന്‍ കാസ്‌ട്രോ ഡിസാന്റെസിനെതിരെ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഫ്‌ളൈറ്റുകള്‍ തുടരുകയാണെന്ന് ആരോപണമുണ്ട്. ബേയര്‍ കൗണ്ടി ഷെരീഫ് ജേവിയര്‍ സലാസറുടെ ഓഫീസ് കഴിഞ്ഞ സെപ്റ്റംബറിലെ ഫ്‌ളൈറ്റുകളെക്കുറിച്ചു നടത്തിയ അന്വേഷണം പൂര്‍ത്തിയാക്കിയതായി പറഞ്ഞു.

നിയമാനുസൃതമല്ലാതെ(കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിച്ചതിന് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ട് ക്രിമിനല്‍ കംപ്ലെയിന്റ് ഫയല്‍ ചെയതതായും പറഞ്ഞു.

സംശയമുള്ള പ്രതികളെ തിരിച്ചറിഞ്ഞതായി ഷെരീഫ് പറഞ്ഞിട്ടില്ല. കുടിയേറ്റക്കാരുമായി നേരിട്ട് ബന്ധപ്പെട്ടവരിലേയ്ക്കാണ് അന്വേഷണം നീളുന്നതെന്ന് ഷെരീഫ് പറഞ്ഞു. ഇതിനര്‍ത്ഥം ഡിസാന്റെസിനെ പേരെടുത്ത് പറഞ്ഞ് ഒരു അന്വേഷണം ഉടനെ ഉണ്ടാവില്ലെന്ന് നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നു.

ഗവര്‍ണ്ണര്‍ ഔദ്യോഗികമായി തന്നെ മനുഷ്യക്കടത്ത് നടത്തിയതായി എതിരാളികള്‍ ആരോപിക്കുന്നു. മറുവശത്ത് ടൈറ്റില്‍ 42 അവസാനിച്ചതിന് ശേഷം ടെക്‌സസ്, ന്യൂമെക്‌സിക്കോ യു.എസ്. സംസ്ഥാനങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്ന കയോട്ടി(കയോട്ടിട്ടോ)കള്‍ക്ക് ചാകരയാണെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് തന്നെ സമ്മതിക്കുന്നു. പത്ത് വര്‍ഷത്തിലധികമായി പടര്‍ന്ന് പന്തലിച്ച ഈ 'തൊഴില്‍' ഇപ്പോള്‍ ചെയ്യുന്നത് പ്രധാനമായും കൗമാരപ്രായക്കാരായ കുട്ടികളാണ്. കൃശഗാത്രരായ ഈ കുട്ടികള്‍ക്ക് അതിവേഗം ഓടി അതിര്‍ത്തി കടക്കുന്ന നിയമപാലകരെ വെട്ടിച്ച്, ഓരോ കുടിയേറ്റക്കാരനില്‍ നിന്നും 2,000 മുതല്‍ 9,000 വരെ ഡോളര്‍ വാങ്ങി അതിര്‍ത്തി കടത്തിവിടാന്‍ കഴിയുന്നു.

അല്‍പാസോയ്ക്ക് പടിഞ്ഞാറുള്ള സണ്‍ലാന്‍ഡ് പാര്‍ക്കിനും അനാപ്രാ(മെക്‌സിക്കോ) ഭാഗത്തെ ബോര്‍ഡര്‍ വേലിയുടെ വിടവില്‍ സദാകണ്ണും നട്ടിരിക്കുന്ന സൗള്‍(മുഴുവന്‍ പേര്‍ പറയില്ല) ഒരു കയോട്ടിയാണ്. അപകടം നിറ്ഞ്ഞ മലയിടുക്കുകളിലൂടെ അവന്‍ ഒരു ശരം കണക്കെ പായുന്നു. കുടിയേറ്റക്കാരെ 30 അടി ഉയരമുള്ള വേലിക്കിടയിലൂടെയോ തീരെ ദുര്‍ബലമായ കോണികയറിയോ അപ്പുറത്തേയ്ക്ക് എത്തിക്കുവാന്‍ അവന് അസാധാരണ കഴിവുണ്ട്.
ഇവനും ഇവനെപ്പോലെയുള്ള മറ്റുള്ളവര്‍ക്കും ഇത് ചാകരക്കാലമാണ്. കോവിഡ് കാലത്തുണ്ടായിരുന്ന ടൈറ്റില്‍ 42 ്അവസാനിച്ചത് ഇവര്‍ക്ക് അനുഗ്രഹമായി. ടൈറ്റില്‍ 42 പ്രാബല്യത്തിലായിരുന്നപ്പോള്‍ രോഗം പകരുമെന്ന ഭീതിയില്‍ ്അതിര്‍ത്തിയില്‍ പിടികൂടുന്നവരെ ഉടനെ തന്നെ മെക്‌സിക്കോയ്ക്ക്  അയച്ചിരുന്നു. 42 ന്റെ അഭാവത്തില്‍ മനുഷ്യക്കടത്തിന്റെ കൂലി വര്‍ധിച്ചു. കടത്തും വര്‍ധിച്ചും. ഇപ്പോള്‍ ആളൊന്നിന് 2,0000 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെ. ചിലപ്പോള്‍ 9,000 ഡോളര്‍ വരെയും റിയോഗ്രാന്‍ഡിലോ ന്യൂമെക്‌സിക്കോ അതിര്‍ത്തിയിലോ വരെ എത്തിക്കുവാന്‍ വാങ്ങുന്നതായാണ് അറിവ്.
കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ യു.എസ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് അഭയാര്‍ത്ഥി അപേക്ഷയ്ക്ക് അപ്പോയിന്റ്‌മെന്റ് നേടാം. 2020 അവസാനത്തോടെ പുറത്തിറക്കിയ ആപ് സിബി പി വണ്‍ ആപ്പില്‍ സൗജന്യമാണ്. ഒരു ദിവസം ഈ ആപ്പില്‍ ഏതാണ്ട് 1,070 സ്ലോട്ടുകള്‍ ഉണ്ടാവും. ഈ വര്‍ഷം ജനവുരി പകുതി മുതല്‍ ഏപ്രില്‍ വരെ ഏതാണ്ട് 79, 000 പേര്‍ ഈ ആപ് പ്രയോജനപ്പെടുത്തിയതായി കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറഞ്ഞു. സിയു ഡാഡ് ഹുവാരസ് ഡൗണ്‍ ടൗണില്‍ കുടിയേറ്റക്കാര്‍ ധാരാളമായി വൈഫൈ സഹായത്തോടെ ഈ ആപ് ഉപയോഗിച്ചിരുന്ന കേന്ദ്രം മെയ് 22ന് മെക്‌സിക്കന്‍ പോലീസ് അടച്ചുപൂട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക