Image

ഭവനരഹിതര്‍ക്ക് അത്താണിയായി അമേരിക്കന്‍ മലയാളി കുടുംബത്തിന്റെ 'ഓര്‍മ്മ വില്ലേജ്'

എ.എസ് ശ്രീകുമാര്‍ Published on 08 June, 2023
 ഭവനരഹിതര്‍ക്ക് അത്താണിയായി അമേരിക്കന്‍ മലയാളി കുടുംബത്തിന്റെ 'ഓര്‍മ്മ വില്ലേജ്'

പത്തനാപുരം: അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ കേണല്‍ ആലീസും മക്കളായ ജെസ്‌ലിന്‍ ജോസും ഡോ. ജിഷ ജോസും ഒരു നാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഉദാത്ത മാതൃകയായി. ഈ അനുഗ്രഹീത കുടുംബം വിധവകള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന ഭവന പദ്ധതിയായ ഓര്‍മ വില്ലേജിലെ അഞ്ചു വീടുകളുടെ താക്കോല്‍ദാന ചടങ്ങ് കേരളത്തിന്റെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക-കലാ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ മഹനീയ സാന്നിധ്യമറിയിച്ചു.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം തലവൂര്‍ പാണ്ടിത്തിട്ടയിലെ കൊക്കാട്ട്‌വിളയില്‍ ജോസ് പുന്നൂസിന്റെ ഒരേക്കര്‍ സ്ഥലത്ത് വിഭാവനം ചെയ്യുന്ന 15 വീടുകളുടെ ആദ്യ ഘട്ടമായ അഞ്ചു വീടുകളാണ് യാഥാര്‍ത്ഥ്യമായത്. ജോസ് പുന്നൂസിന്റെയും ആലീസ് ജോസിന്റെയും മാതാപിതാക്കളോടുള്ള സ്‌നേഹ സ്മരണയുടെ പ്രതീകമായ ഓര്‍മ വില്ലേജിലെ ആദ്യ വീട് ഒരു കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ പേരിലാണ് സമര്‍പ്പിച്ചത്. തദവസരത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യമുണ്ടായിരുന്നു.

സ്വന്തമായി കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന അനേകം പേര്‍ ജീവിക്കുന്ന നാട്ടില്‍ ഇത്തരം മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഡോ. വന്ദന ദാസിന്റെ നൊമ്പര സ്മരണക്ക് മുന്നില്‍ വേദിയുലും സദസിലും സ്‌നേഹ ദീപം തെളിയിച്ച് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിനാണ് മഹത്തായ ജീവകാരുണ്യത്തിന്റെ സന്ദേശം പകര്‍ന്ന് താക്കോല്‍ ദാന കര്‍മം നിര്‍വഹിച്ചത്.

ജീവസന്ധാരണാര്‍ത്ഥം അമേരിക്കയില്‍ കഴിയുമ്പോഴും ജോസ് പുന്നൂസും കുടുംബവും നാടിനെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നതിന്റെ സാക്ഷ്യമാണ് ഓര്‍മ വില്ലേജ് എന്നും ഈ പദ്ധതി പൂര്‍ണ തോതിലെത്തിക്കുവാന്‍ അവരെ സര്‍വേശ്വര്‍ അകംനിറഞ്ഞ് കടാക്ഷിക്കട്ടെയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആശംസിച്ചു. യോഗത്തില്‍ റവ. ഫാ. ജേക്കബ് ഡാനിയേല്‍ ഏവരെയും സ്വാഗതം ചെയ്തു.

''നമ്മള്‍ ശുഷ്‌ക്കമായ ഈ ജീവിതത്തില്‍ നേടിയതെല്ലാം ഉപേക്ഷിച്ച് ഈ ലോകത്തു നിന്നും വിട പറയേണ്ടവരാണ്. പക്ഷേ, പലതും നമുക്കു ചുറ്റും ഉള്ളവര്‍ക്കായി വച്ചിട്ട് പോകാനും സാധിക്കും. ഡോ. ചിറമേല്‍ അച്ചന്റെ തത്വങ്ങളോട് യോജിക്കുന്ന വ്യക്തിയാണ് ഞാന്‍. കൊടുക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സന്തോഷം കിട്ടുന്നതെന്നാണ് അച്ചന്‍ പറയുന്നത്. ആ വിശാലമായ നന്മയില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞാനും എന്റെ കുടുംബവും...'' ഓര്‍മ വില്ലേജിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജോസ് പുന്നൂസ് പറഞ്ഞു. 

കൊടിക്കുന്നില്‍ സുരേഷ് എം.പി, പാലാ എം.എല്‍.എ മാണി സി കാപ്പന്‍, പ്രമുഖ നര്‍ത്തകിയും ചലചിത്ര നടിയും അവതാരികയുമായ കൃഷ്ണപ്രഭ തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു. സ്‌നേഹവീടുകളുടെ സമര്‍പ്പണത്തിന് ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ഫ്‌ളവേഴ്‌സ് ചാനല്‍ ചെയര്‍മാന്‍ ആര്‍ ശ്രീകണ്ഠന്‍ നായരും വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേര്‍ന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സാരഥി ജോയ് ആലുക്കാസും ഭാര്യ ജോളി ജോയിയും ഓര്‍മ വില്ലേജ് സന്ദര്‍ശിക്കുകയുണ്ടായി.

''ഒരുപാട് സഹോദരങ്ങള്‍ ടെന്റ് കെട്ടിയും തകരപ്പാട്ടകള്‍കൊണ്ട് മറച്ചും കഷ്ടപ്പെടുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ എന്റെ പ്രിയ സുഹൃത്തായ ജോസ് പുന്നൂസും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായി വീടുകള്‍ നല്‍കുന്നത് അഭിനന്ദനാര്‍ഹമാണ്. ദൈവം നമ്മെ സമ്പത്ത് നല്‍കിയും ആരോഗ്യം നല്‍കിയും പരീക്ഷിക്കാറുണ്ട്. അപ്പോള്‍ സമ്പത്തു കൊണ്ടും ശരീരം കൊണ്ടും അശരണരെയും ആലംബഹീനരെയും ആവും വിധം സഹായിക്കുക. ജോസ് പുന്നൂസിന്റെ മാതൃക എല്ലാവരും പിന്തുടരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...'' യൂസഫലി പറഞ്ഞു.

ഓര്‍മ്മ വില്ലേജ് കാണുവാനായി ഹെലികോപ്റ്ററിലാണ് ജോയ് ആലുക്കാസ് ഭാര്യ ജോളി ജോയ്‌ക്കൊപ്പം എത്തിയത്. ''ജോസ് പുന്നൂസും കുടുംബവും സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇത്തരം ജീവകാരുണ്യ സംരംഭങ്ങള്‍ വീടില്ലാത്തവര്‍ക്ക് താങ്ങും തണലുമാവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ജോസ് പുന്നൂസിന്റെ മാതൃക കൂടുതല്‍ അമേരിക്കന്‍ മലയാളികള്‍ പിന്തുടര്‍ന്നാല്‍ ഭവന രഹിതര്‍ക്ക് വലിയ ആശ്വാസമാകും...'' ജോയ് ആലുക്കാസ് പറഞ്ഞു. 

ജോസ് ചേട്ടന്റെയും ഭാര്യയുടെയും അവരുടെ മക്കളുടെയും ഈ വലിയ മനസ്സിന് താന്‍ നന്ദി പറയുന്നുവെന്ന് ജോയ് ആലുക്കാസിന്റെ ഭാര്യ ജോളി ജോയ് പറഞ്ഞു. ''മനുഷ്യന്റെ ആഗ്രവും പ്രയത്‌നവുമല്ല, മറിച്ച് ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അര്‍ഹതപ്പെട്ടവര്‍ക്ക് കിടക്കാനൊരിടം നല്‍കിയ ജോസു ചേട്ടനെയും കുടുംബത്തെയും ദൈവമ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇവിടെ വരുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ജോളി ജോയ് പറഞ്ഞു.''

ഓര്‍മ വില്ലേജ് യാഥാര്‍ത്ഥ്യമാവുമ്പോള്‍ സന്തമായി വീടുകളില്ലാത്തവരുടെ മനസില്‍ പ്രതീക്ഷയുടെ തിരിതെളിയുകയാണെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററും ഫോമാ മുന്‍ പ്രസിഡന്റും അമേരിക്കന്‍ മലയാളി സമൂഹത്തിലെ തലയെടുപ്പുള്ള നേതാവുമായ അനിയന്‍ ജോര്‍ജ് പറഞ്ഞു. 

അനിയന്‍ ജോര്‍ജ് പങ്കുവച്ച ഫെയ്‌സ് ബുക്ക് സന്ദേശമിങ്ങനെ...

ജോസ് പൊന്നൂസ് ആലിസ് ദമ്പതികള്‍ ലോക മലയാളി സമൂഹത്തിന് ഉത്തമ മാതൃകയെന്ന് ഡി.ജി.പി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സ്വപ്രയത്‌നത്തിലൂടെ സംബാധിച്ച ഒരേക്കര്‍ സ്ഥലം വീടില്ലാത്ത രോഗികളായ വിധവകള്‍ക്ക് നല്‍കി, അതില്‍ മനോഹരമായ അഞ്ചു വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ ജോസ് പുന്നൂസിനെ ടോമിന്‍ തച്ചങ്കരി ഐ.പി.എസ് ആദരിച്ചു. ജോസിന്റെയും ആലീസിന്റെയും മാതൃക പിന്തുടരുവാന്‍ ലോക മലയാളികളോട് ടോമിന്‍ തച്ചങ്കരി അപേക്ഷിച്ചു. ഇനിയും പണിയുവാനുള്ള പത്ത് വീടുകളില്‍ മൂന്നെണ്ണം സാജ് ഗ്രൂപ്പിന്റെ ഉടമകളായ സാജനും മിനിയും, ലോവ്‌സണ്‍ ട്രാവല്‍സ് ഉടമകളായ ബിജുവും റാണിയും. ഫോമ മുന്‍ പ്രസിഡന്റ് ആയ അനിയന്‍ ജോര്‍ജും ഭാര്യ സിസിയും, പണിത് നല്കമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് തച്ചങ്ങരി വ്യക്തമാക്കി. ജോസ് പുന്നൂസിനെ ടോമിന്‍ തച്ചങ്കരി തന്റെ വീട്ടിലേക്ക് ക്ഷണിച്ച് അവിടെവച്ചാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.
***
സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന വീടില്ലാത്ത വിധവകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പദ്ധതിയാണ് ഓര്‍മ വില്ലേജ് എന്നും ഇതിന്റെ താക്കോല്‍ ദാന ചടങ്ങിന് സാക്ഷികളായ ഏവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ജോസ് പുന്നൂസും, ഭാര്യ കേണല്‍ ആലീസും മക്കളായ ജെസ്‌ലിന്‍ ജോസും ഡോ. ജിഷ ജോസും പറഞ്ഞു. കള്‍ച്ചറല്‍ പറിപാടികളോടും സ്‌നേഹ വിരുന്നോടും കൂടിയാണ് ഓര്‍മ വില്ലേജിലെ താക്കോല്‍ ദാന ചടഭ്ഭുകള്‍ പര്യവസാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക